o ന്യൂമാഹി പോലീസ് എയ്ഡ് പോസ്റ്റ് പുനസ്ഥാപിക്കണം
Latest News


 

ന്യൂമാഹി പോലീസ് എയ്ഡ് പോസ്റ്റ് പുനസ്ഥാപിക്കണം

 ന്യൂമാഹി പോലീസ് എയ്ഡ് പോസ്റ്റ്  പുനസ്ഥാപിക്കണം



കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രവർത്തനരഹിതമായ ന്യൂമാഹി ടൌണിലെ  പോലീസ് എയ്ഡ് പോസ്റ്റ്    പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേരള അഭ്യന്തര മന്ത്രിക്ക് നിവേദനം നല്കി

കേന്ദ്ര ഭരണ പ്രദേശമായ മാഹിയോട് ചേർന്ന് കിടക്കുന്ന ന്യൂമാഹി ടൗൺ കണ്ണൂർ ജില്ലാ അതിർത്തി പ്രദേശമാണ്. മാഹി പാലത്തോട് ചേർന്ന് കിടക്കുന്ന ഈ ടൌൺ ഏറെ തിരക്കേറിയ സ്ഥലമാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും ഈ ദേശീയപാത വഴി കടന്നുപോകുന്നുണ്ട്. ചൊക്ലി, പള്ളൂർ ഭാഗത്തേക്കുള്ള കല്ലായി റോഡും ഈ ടൌണിൽ നിന്നും തുടങ്ങുന്നു. 30 ലേറെ മദ്യശാലകളുള്ള മാഹിയിൽ നിന്നെത്തുന്ന മദ്യപരുടെ ശല്യം ന്യൂ മാഹി ടൌണിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് നിത്യേനയുള്ള ദുരിതമാണ്

 പോലീസ് എയ്ഡ് പോസ്റ്റിന്റെ അഭാവം കാരണം സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുകയും പൊതുസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയായ സാഹചര്യം രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം, നിയമലംഘനങ്ങൾ. അനിഷ്ട സംഭവങ്ങൾ എന്നിവ വർധിച്ചുവരുന്നതായി പൊതുജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.


ന്യൂമാഹി പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് തലശ്ശേരി മുനിസിപ്പാലിറ്റിയിലെ പാറാൽ പ്രദേശത്താണ്. കിലോ മീറ്ററുകൾക്കപ്പുറത്തു നിന്നും സംഭവസ്ഥലത്തേക്ക് പോലീസ് എത്താൻ സമയതാമസം നേരിടുന്നത് പലപ്പോഴും നിയമ-സമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ ന്യൂമാഹി ടൌണിൽ സ്ഥിരമായി പ്രവർത്തിക്കുന്ന പോലീസ് എയ്‌ഡ്‌ പോസ്റ്റ് അനിവാര്യമാണ്.


ഈ സാഹചര്യത്തിൽ, ഒരു അസിസ്റ്റന്റ്റ് സബ് ഇൻസ്പെക്‌ടറുടെയും (ASI) നാലോ അഞ്ചോ പോലീസ് ഉദ്യോഗസ്ഥരുടെയും സേവനത്തോടെ മാഹി പോലീസ് എയ്‌ഡ് പോസ്റ്റ് അടിയന്തരമായി പുനഃസ്ഥാപിച്ച് 24 മണിക്കൂറും പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post