ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിട്ടു
കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച മൂല്യങ്ങളും പകർന്നു നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തം
: മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
ഡെറാഡൂൺ:സംസ്ഥാനത്തെ മദ്രസ ബോർഡ് പിരിച്ചുവിട്ട് ഉത്തരാഖണ്ഡ് സർക്കാർ. ഇനി മുതൽ സംസ്ഥാനത്തെ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ‘ഉത്തരാഖണ്ഡ് സ്റ്റേറ്റ് മൈനോറിറ്റി എജ്യുക്കേഷൻ അതോറിറ്റി’ (USMEA) നിലവിൽ വന്നു. ഇന്നലെ മുതൽ പുതിയ സംവിധാനം ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു:
ഡെറാഡൂണിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പുതിയ അതോറിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒരു നാട് എന്ന നിലയിൽ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച മൂല്യങ്ങളും പകർന്നു നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് UCC നടപ്പിലാക്കിയത് പോലെ, വിദ്യാഭ്യാസ രംഗത്ത് 'ഒരു രാജ്യം, ഒരു വിദ്യാഭ്യാസം' എന്ന ആശയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന്റെ മതപരമായ അവകാശങ്ങളെ ബാധിക്കാനല്ല, മറിച്ച് എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും മികച്ച വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്," മുഖ്യമന്ത്രി വ്യക്തമാക്കി. മതം, ശാസ്ത്രം, സാങ്കേതികവിദ്യ, ഭാഷകൾ തുടങ്ങിയ ആധുനിക വിഷയങ്ങളെ കൂട്ടിയിണക്കി വിദ്യാർത്ഥികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഗൈർസൈനിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ഉത്തരാഖണ്ഡ് മൈനോറിറ്റി എജ്യുക്കേഷൻ ആക്ട്, 2025-ന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം രൂപീകരിച്ചത്. മുൻപ് മുസ്ലിം സമുദായത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ന്യൂനപക്ഷ പദവി, ഇനി മുതൽ മുസ്ലിംകൾക്ക് പുറമെ സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി എന്നീ ആറ് വിഭാഗങ്ങൾക്കും ലഭ്യമാകും.
വിദ്യാഭ്യാസ നിലവാരം ഉയർത്തുക, അധ്യാപകർക്ക് പരിശീലനം നൽകുക, ദേശീയ വിദ്യാഭ്യാസ നയം (NEP) ഫലപ്രദമായി നടപ്പിലാക്കുക എന്നിവയാണ് പുതിയ അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആദ്യം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അഫിലിയേഷൻ നേടുകയും, തുടർന്ന് അതോറിറ്റി വഴി ഓൺലൈനായി അംഗീകാരത്തിന് അപേക്ഷിക്കുകയും വേണം.
ചടങ്ങിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാര പത്രങ്ങൾ വിതരണം ചെയ്തു. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവിതത്തിൽ മാറ്റം വലിയ ഗുണപരമായ സ്വാധീനം ചെലുത്തുമെന്നാണ് സർക്കാർ പറയുന്നത്.

Post a Comment