🔘 കണ്ണൂര്‍ പാനൂരില്‍ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. ഒളിവിലായിരുന്ന ശരണിനെ കണ്ണൂരിലെ വീടിനു സമീപത്തുനിന്നാണ് പിടികൂടിയത്. ബസ് സ്റ്റാന്റില്‍ വെച്ച് പ്രതി മര്‍ദിച്ചതിനു പിറകേയാണ് അധ്യാപിക ജീവനൊടുക്കിയത്.
2026 | ജൂണ്‍ 20 ,ശനി
1201 | മിഥുനം 6, മകം
🔘 പുതിയ നികുതികളില്ലാതെ വികസന ബജറ്റ്. 'മിഷന്‍ സമുദ്ര' പദ്ധതി, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്. സാമൂഹ്യ പെന്‍ഷന്‍ വര്‍ധന, സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക തുടങ്ങിയ വിഷയങ്ങളില്‍ പരാമര്‍ശമില്ല.
🔘 ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍: 17 തുറമുഖങ്ങളെ കോര്‍ത്തിണക്കി മിഷന്‍ സമുദ്രയ്ക്ക് 400 കോടി രൂപ. ലോജിസ്റ്റിക്, ടൂറിസം വികസനത്തിനു വഴിയൊരുക്കുന്ന വിമാനത്താവളങ്ങളെ പ്രയോജനപ്പെടുത്തിയുള്ള ഏവിയേഷന്‍ ഹബ്ബിന് 200 കോടി. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ. ഭൂപരിഷ്‌കരണവും ഭൂമിയുടെ ന്യായവില പരിഷ്‌കാരവും ഉണ്ടാകും.
🔘 ഇലക്ട്രിക് വാഹനങ്ങളുടെ മൂന്നു സ്ലാബുകളില്‍ നികുതി കുറച്ചു. സ്വകാര്യ ബസുകള്‍ക്ക് 50 ശതമാനം നികുതിയിളവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുടിശികയില്ലാതെ ഡിഎ, പങ്കാളിത്ത പെന്‍ഷനും മെഡിസെപും പരിഷ്‌കരിക്കും. റബറിന്റെ താങ്ങുവില 200 ല്‍നിന്ന് 250 രൂപയാക്കി. തീരദേശവാസികള്‍ക്കു പട്ടയം. മല്‍സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി. സിനിമയ്ക്കു വ്യവസായ പദവി.
🔘 എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിലെ വരവ് 13,325.73 കോടി രൂപ കുറച്ച് 1,69,646.37 കോടി രൂപയാക്കിയും ചെലവ് 12,557.09 കോടി രൂപ കുറച്ച് 2,05,001.67 കോടി രൂപയാക്കിയുള്ള ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ചത്. 35,355.30 കോടി രൂപയുടെ കമ്മിയും 52,364.13 കോടി രൂപയുടെ കടബാധ്യതയും പ്രതീക്ഷിക്കുന്നതാണു ബജറ്റ്. വാര്‍ഷിക അടങ്കല്‍ 35,750 കോടി രൂപയില്‍നിന്ന് 30,370 കോടി രൂപയായി കുറച്ചിട്ടുണ്ട്. (ബജറ്റിന്റെ വിശദാംശങ്ങള്‍ക്കായി ഡെയ്ലി ന്യൂസിന്റെ ഇന്നലത്തെ സായാഹ്ന വാര്‍ത്തകള്‍ കാണുക.)
🔘 കേന്ദ്ര സര്‍ക്കാരിനെതിരേ ബജറ്റില്‍ ഒരു വാക്കുപോലുമില്ലെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഒന്നും ബജറ്റില്‍ ഇല്ല. റവന്യൂ കമ്മി കഴിഞ്ഞ വര്‍ഷം കുറവില്ലായിരുന്നു. മദ്യത്തിനു നികുതി കുറയ്ക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
🔘 മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് സാമൂഹ്യനീതിയും വികസനവും കൈകോര്‍ക്കുന്ന ജനകീയ ബജറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി. സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. അദ്ദേഹം പറഞ്ഞു.
🔘 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്കു ബജറ്റില്‍ പത്തു കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂവെന്ന് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ച തുകയേക്കാള്‍ ഇരുന്നൂറു കോടി രൂപ കുറവാണ് ഇപ്പോഴത്തെ ബജറ്റിലുള്ളത്. വീണ ജോര്‍ജ് പറഞ്ഞു.
🔘 സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും. സിനിമയ്ക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങള്‍ക്കും നന്ദി പറഞ്ഞ മമ്മൂട്ടി അവ എത്രയും വേഗം നടപ്പാക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
🔘 കടക്കെണിക്കുമേല്‍ പടുത്തുയര്‍ത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. വലിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് ഒരു വ്യക്തതയും ബജറ്റിലില്ല. 5.07 ലക്ഷം കോടി രൂപയുടെ കടത്തിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു
🔘 യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ തൊഴിലാളി എന്ന വാക്കില്ലെന്ന പരാതിയുമായി സിഐടിയു. ജനപക്ഷ ബദലിനെ തകര്‍ക്കുന്നതും സ്വകാര്യവല്‍ക്കരണത്തിലേക്കു നുഴഞ്ഞു കയറുന്നതുമായ ബജറ്റാണെന്നും സിഐടിയു വിമര്‍ശിച്ചു.
🔘 ആരോഗ്യ ഡയറക്ടര്‍ കെ.ജെ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കാലാവധി കഴിഞ്ഞതിനാലാണു സ്ഥലംമാറ്റിയത്. എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലാബോറട്ടറി ചുമതലയിലേക്ക് കെ.ജെ റീനയെ മാറ്റിയത് സ്ഥാനക്കയറ്റം നല്‍കിയാണെന്നും സര്‍ക്കാര്‍.
🔘 വിരമിച്ച ഉദ്യോഗസ്ഥരുടെ പുനര്‍ നിയമനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി തുടങ്ങി. ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്തുനിന്ന് നീക്കി.
🔘 സംസ്ഥാനത്ത് 10 ഷിഗെല്ല രോഗബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മാസം 120 രോഗബാധയും 5 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തിനായി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു.
🔘 കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതിയായ അധ്യാപകന്‍ ഡോ എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഡോ. റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും നിതിന്‍ രാജിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് സഹപാഠികളുടെ മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
🔘 സിപിഐ കമ്മിറ്റികളിലെ ചര്‍ച്ചകളെക്കുറിച്ചു മാധ്യമങ്ങള്‍ ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളുമാണ് പടച്ചുവിടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യോഗങ്ങള്‍ ചേരുന്നത് നേതാക്കന്മാര്‍ക്കു ജയ് വിളിക്കാനല്ലെന്നും വിമര്‍ശിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
🔘 മാസപ്പടി കേസില്‍ വീണ വിജയന്റെ ബാങ്ക് ലോക്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചത് വീണയുടെ സാന്നിധ്യത്തില്‍. തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണു തുറന്നത്. മാസപ്പടി ഇടപാടിലെ രേഖകള്‍ ലോക്കറില്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാനായിരുന്നു പരിശോധന. അതേസമയം, കോടതി കൈമാറാന്‍ നിര്‍ദ്ദേശിച്ച 134 രേഖകള്‍ ഇതുവരെ എസ്എഫ്ഐഒ എന്‍ഫോഴ്സ്മെന്റിനു കൈമാറിയില്ല.
🔘 റബറിന് രാജ്യാന്തര വിപണിയില്‍ 300 രൂപയോളം വിലയുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചതെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ഹരി. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഹരി ആരോപിച്ചു.
🔘 കേരള എന്‍ട്രന്‍സ് എക്സാമിനേഷന്‍ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 50 ശതമാനം പ്രവേശന പരീക്ഷയുടെയും 50 ശതമാനം യോഗ്യത പരീക്ഷയുടെയും മാര്‍ക്കു കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സി ബി എസ് ഇ, ഐസിഎസ്ഇ, കേരള സിലബസ് എന്നിവയുടെ ആവറേജ് മാര്‍ക്ക് കണക്കാക്കാനായി മാറ്റം വരുത്തിയ ഈ ഫോര്‍മുല വിവേചനപരമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
🔘 ദി വോള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സിഇഒ കൗണ്‍സിലിലേക്ക് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിന്റെ മാനേജിംഗ് ഡയറക്ടറായ അദീബ് അഹമ്മദ് നിയമിതനായി.
🔘 മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കുമെന്നുമുള്ള തമിഴ്നാടിന്റെ നിലപാടിനെതിരേ മുല്ലപ്പെരിയാര്‍ സമര സമിതി. സംസ്ഥാന ബജറ്റില്‍ പുതിയ ഡാമിനെക്കുറിച്ച് പരാമര്‍ശമില്ലാത്തതില്‍ നിരാശയുണ്ടെന്നു സമിതി.
🔘 പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു. 84 വയസായിരുന്നു. കേരള കൗമുദിയിലും കലാകൗമുദിയിലും ഡെപ്യൂട്ടി എഡിറ്ററായിരുന്നു.
🔘 യുഎപിഎ കേസുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കു നിവേദനം നല്‍കി.
🔘 കാറില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ച് 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്നു കേസ്. തൃശൂരിലെ തൃപ്രയാറിലെ പൈന്നൂര്‍ ആമലത്ത്കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. കാറിന്റെ ചില്ല് തകര്‍ത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പണം തട്ടിയെന്നാണു പരാതി. ദുരൂഹതയുണ്ടെന്നു പോലീസ്.
🔘 കടയ്ക്കലില്‍ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് പോക്സോ കേസെടുത്തു. കോവൂര്‍ സ്വദേശി 21 കാരനായ സച്ചുവിനെ അറസ്റ്റു ചെയ്തു. കുട്ടിയ്ക്കു മിഠയിയും മറ്റും നല്‍കി പ്രതിയുടെ വീട്ടില്‍ കൂട്ടികൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്നാണു കേസ്.
🔘 പിണറായി വിജയന്റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
🔘 രാജസ്ഥാനിലെ ഭില്‍വാരയില്‍ നീറ്റ് യുജി പുനപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പര്‍ ടെലഗ്രാം വഴി നാലായിരം രൂപയ്ക്കു വിറ്റ വിദ്യാര്‍ത്ഥി അറസ്റ്റിലായി. പട്ടേല്‍ നഗര്‍ സ്വദേശിയായ ആകാശ് ചൗധരി (19) ആണ് രാജസ്ഥാന്‍ പൊലീസിന്റെ പിടിയിലായത്.
🔘 നീറ്റ് യുജി പുനപരീക്ഷ നാളെ. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമൂലം മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് നാളെ പുനപരീക്ഷ നടക്കുന്നത്. രാജ്യത്തെ 5000 ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തെ 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇന്നു രാജ്യവ്യാപക മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം വരെ നീളുന്ന മോക്ക് ഡ്രില്ലില്‍ രണ്ടര ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭാഗമാകും.
🔘 അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ടിബറ്റിലെ യാര്‍ലങ് സാങ്പോ നദിയില്‍ ചൈന ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത ഡാം നിര്‍മിക്കുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈനയുടെ ഈ ഭീമന്‍ പദ്ധതി. അതേസമയം അരുണാചല്‍ പ്രദേശിലെ സിയാങ് നദിയില്‍ 11,000 മെഗാവാട്ട് ശേഷിയുള്ള 'സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രൊജക്റ്റ്' അതിവേഗം മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യയും ഒരുങ്ങുകയാണ്.
🔘 ബെംഗളൂരുവിലെ മടിവാളയില്‍ പോലീസ് ജീപ്പിലെത്തി മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവര്‍ന്ന രണ്ടംഗ സംഘത്തെ പോലീസ് തെരയുന്നു. ബെംഗളൂരു ക്രൈം ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക വിവരം.
🔘 അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസമിതിയില്‍ അഴിച്ചുപണി വേണമെന്ന് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര. ഏഴുകോടി രൂപയുടെ ക്രമക്കേട് നടന്നെന്നും സംഭാവനകള്‍ വകമാറ്റിയെന്നും ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മാറ്റങ്ങള്‍ക്കു നീക്കം ആരംഭിച്ചത്.
🔘 അയോധ്യ രാമക്ഷേത്രത്തിലെ ധനാപഹരണ ആരോപണം അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തെളിവുള്ളവര്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്തവരാണ് ഇപ്പോള്‍ ആരോപണവുമായി പ്രസംഗിക്കുന്നതെന്നും അഖിലേഷിന് മറുപടിയായി യോഗി പറഞ്ഞു.
🔘 ഡിഎംകെയുടെ നവ ഉദാര നയങ്ങള്‍ക്കും അഴിമതിക്കുമെതിരേയാണ് വിജയിന്റെ ടിവികെ സര്‍ക്കാര്‍ വിജയം നേടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം. കോണ്‍ഗ്രസ് ഡിഎംകെയെ കൈവിട്ടതിനെ പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ വിമര്‍ശിക്കുമ്പോഴാണ് പാര്‍ട്ടിയുടെ തമിഴ്നാട് ഘടകം ഡിഎംകെയെ വിമര്‍ശിക്കുന്നത്.
🔘 രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകളുമായി എം കെ സ്റ്റാലിന്‍. കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം തെറ്റിപ്പിരിഞ്ഞതിനിടെ ആണ് സ്റ്റാലിന്റെ ജന്മദിനാശംസ എന്നത് ശ്രദ്ധേയമാണ്. രാഹുലിന് നല്ല ആരോഗ്യവും സന്തോഷവും നേരുന്നുവെന്ന് സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.
🔘 രാഹുല്‍ ഗാന്ധിയെ പരശുരാമനാക്കി ചിത്രീകരിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതിനെതിരെ ബിജെപി. കോണ്‍ഗ്രസ് പരശുരാമനെ അപമാനിച്ചുവെന്ന് വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പിറന്നാള്‍ ആഘോഷത്തിനെതിരെ ആണ് വിമര്‍ശനം.
🔘 അഗര്‍ത്തലയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിനാണ് മിന്നലേറ്റത്. യാത്രക്കാര്‍ക്കു പരിക്കുകളില്ല.
🔘 ലബനനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇസ്രായേല്‍- ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ധാരണ. അമേരിക്കയും ഖത്തറും ഇടപെട്ടാണ് വെടിനിര്‍ത്തല്‍ നടപ്പാക്കിയത്. അതേസമയം, ഹോര്‍മുസില്‍ കപ്പലുകള്‍ കടന്നു പോകാന്‍ 48 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണമെന്ന് ഇറാന്റെ ഹോര്‍മുസ് അതോറിറ്റിട്ടി അറിയിച്ചു. റൂട്ട് ഉള്‍പ്പടെ വിവരങ്ങള്‍ നല്‍കണം. മൈനുകളും, കൂട്ടിയിടി സാധ്യതയും കാരണമാണ് നിയന്ത്രണമെന്നും ഇറാന്‍ വ്യക്തമാക്കി.
🔘 ജി 7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കെഞ്ചിയെന്നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ട്രംപ് പൊങ്ങച്ചം പറയുകയാണെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്നും മെലോണി തിരിച്ചടിച്ചു. ട്രംപിന്റെ പ്രസ്താവനയെ അപലപിച്ച ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, യുഎസ് സന്ദര്‍ശനം റദ്ദാക്കി.
🔘 പ്രശസ്ത ബ്രിട്ടീഷ് നടി എമ ഹുസൈന്‍ 296 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (2,500 കോടിയിലധികം രൂപ) വിലവരുന്ന മയക്കുമരുന്നുമായി ഓസ്ട്രേലിയയില്‍ അറസ്റ്റിലായി. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍നിന്നും കരി നിറച്ച ചാക്കുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 320 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ ലഹരിമരുന്നാണ് സിഡ്‌നിയില്‍ പോലീസ് പിടികൂടിയത്.
🔘 ഇറാനും അമേരിക്കയും ജനീവയില്‍ നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ചര്‍ച്ചയില്‍നിന്ന് പിന്മാറുകയായിരുന്നു. ലബനനില്‍ ഇസ്രയേല്‍ തുടരുന്ന കനത്ത ആക്രമണം ആശങ്കാജനകമായിരിക്കേയാണ് പിന്മാറ്റം.
🔘 നൈജീരിയയിലെ ഏറ്റവും വലിയ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ നിയാമേയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിനും അതിനോട് ചേര്‍ന്നുള്ള സൈനിക താവളത്തിനും നേരെയാണ് സായുധ ആക്രമണമുണ്ടായത്. 11 സൈനികരും രണ്ട് സാധാരണക്കാരും പ്രത്യാക്രമണത്തില്‍ 22 അക്രമികളുമാണ് കൊല്ലപ്പെട്ടത്.
🔘 ആഗോള സാമ്പത്തിക മാന്ദ്യം തടയാനാണ് ഇറാനുമായി കരാറുണ്ടാക്കിയതെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറന്നെങ്കിലും, ഇറാനോട് മൃദുസമീപനം സ്വീകരിച്ചുവെന്നും യുദ്ധലക്ഷ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച് ട്രംപിനെതിരെ യുഎസ്സില്‍ കടുത്ത വിമര്‍ശനം.
🔘 ഇറാന്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും സമീപകാലത്തെ യുദ്ധം അവരുടെ സൈനിക ശേഷിയെ ഇല്ലാതാക്കിയെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് അവരാണെന്നും എന്നാല്‍ ഒരു തരത്തിലുമുള്ള സാമ്പത്തിക ഇളവുകള്‍ നല്‍കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
🔘 അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആഗോള യാത്രകള്‍ക്ക് 35 വര്‍ഷത്തിലേറെയായി ഉപയോഗിച്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ ഒഴിവാക്കുന്നു. പകരം അത്യാധുനിക സൗകര്യങ്ങളുള്ള മൂന്ന് ബോയിംഗ് 747 വിമാനങ്ങളാണ് എയര്‍ഫോഴ്‌സ് വണ്‍ ആയി മാറുക. ഇതില്‍ ആദ്യത്തേത് ഖത്തര്‍ ഗവണ്‍മെന്റ് സമ്മാനമായി നല്‍കിയതാണ്. വിമാനം അമേരിക്കന്‍ ചാരസംഘടന, സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 40 കോടി ഡോളര്‍ മുടക്കിയാണ് അഴിച്ചുപണിയുന്നത്.
🔘 ഫിഫ ലോകകപ്പിനിടെ അമേരിക്കയില്‍ കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടെന്ന് ഫിഫയ്ക്ക് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരാതി. ടീമിന്റെ ഒരുക്കങ്ങളെ ബാധിക്കുന്ന തരത്തില്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തണമെന്ന അഭ്യര്‍ത്ഥനകള്‍ അധികൃതര്‍ നിരസിച്ചതാണ് പരാതിക്കു കാരണം.
🔘 ബിഹാറില്‍ നിന്നുള്ള പതിനഞ്ചുകാരിയായ അക്ഷര ഗുപ്ത വനിതാ അണ്ടര്‍-19 ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടി ചരിത്രം കുറിച്ചു. രക്‌സോളിനായി 126 പന്തില്‍ 306 റണ്‍സ് നേടിയ ഈ താരത്തിന്റെ അസാധാരണ പ്രകടനം ആഭ്യന്തര ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി.
🔘 ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ആതിഥേയരായ യുഎസ്എ. ഓസീസ് ഡിഫന്‍ഡര്‍ കാമറൂണ്‍ ബോര്‍ജസിന്റെ സെല്‍ഫ് ഗോളും 43ാം മിനിറ്റില്‍ അലക്സ് ഫ്രീമാന്‍ ഹെഡ്ഡറിലൂടെ രണ്ടാം ഗോളും നേടിയാണ് യുഎസ് വിജയിച്ചത്. ആദ്യം ഓഫ് സൈഡ് വിളിച്ചെങ്കിലും പിന്നീട് വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിക്കുകയായിരുന്നു.
🔘 ശതകോടീശ്വര വ്യവസായി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ് പ്രാരംഭ പൊതു ഓഹരി വില്‍പ്പന നടത്തുന്നതിനായുള്ള അനുമതി തേടി സെബിക്ക് മുമ്പാകെ ഡി.ആര്‍.എച്ച്.പി രേഖകള്‍ സമര്‍പ്പിച്ചു. വിപണിയില്‍ നിന്നും 400 കോടി ഡോളര്‍ (ഏകദേശം 37,500 കോടി രൂപ) വരെ സമാഹരിക്കാനാണ് ശ്രമം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയി ഇത് മാറുമെന്നാണ് കരുതുന്നത്. ജിയോ പ്ലാറ്റ്‌ഫോംസിന് 180 ബില്യണ്‍ ഡോളര്‍ (ഏകദേശം 17 ലക്ഷം കോടി രൂപ) വരെ വിപണി മൂല്യം ലഭിച്ചേക്കാം. അതേസമയം ഐ.പി.ഒയില്‍ 27 കോടി പുതിയ ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കും. നിലവില്‍ 52.44 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് റിലയന്‍സ് ജിയോ. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ റിലയന്‍സ് ജിയോ നേടിയ വരുമാനം വാര്‍ഷികമായ 13 ശതമാനം വളര്‍ച്ചയോടെ 44,928 കോടി രൂപയാണ്. ത്രൈമാസ കാലയളവിലെ അറ്റാദായം 7,935 കോടി രൂപയാണ്.
🔘 ആക്ടീവ് അല്ലാത്ത വാലറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍പേ. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദത്തിലും 'വാലറ്റ് ഇനാക്ടിവിറ്റി മെയിന്റനന്‍സ് ഫീസ്' എന്ന പേരില്‍ 100 രൂപയാണ് പിഴ ഈടാക്കുക. ഒരു വര്‍ഷത്തില്‍ വാലറ്റ് ഉപയോഗിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍ 100 രൂപ പിഴയീടാക്കും. വാലറ്റില്‍ പിഴയീടാക്കുന്ന സമയത്ത് 100 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ നിന്ന് നേരിട്ട് പണം പിഴയിനത്തിലേക്ക് വരവുവെക്കും. അത്രയും തുക വാലറ്റിലില്ലെങ്കില്‍ ഉള്ള തുക പിഴയായി ഈടാക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ വാലറ്റ് ബാലന്‍സും ഡെബിറ്റ് ചെയ്യപ്പെടുകയും വാലറ്റ് ബാലന്‍സ് പൂജ്യമായി മാറുകയും ചെയ്യും. ബാലന്‍സ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും ഫോണ്‍ പേ അറിയിച്ചു. പണമീടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോണ്‍പേ മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് നല്‍കി 15 ദിവസമായിട്ടും അവഗണിച്ചാല്‍ 15 ആം ദിവസമാണ് ഉപയോക്താവിന്റെ വാലറ്റ് ബാലന്‍സില്‍ നിന്ന് ഫീസ് കുറയ്ക്കുക.
🔘 എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ഉയിര്‍' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തുന്നു. കണ്ണൂര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ആരംഭിക്കുന്ന ടീസറില്‍ ദുരൂഹമായ ഒരു മരണവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. നിഖില്‍ കെ മേനോനും ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാള നടീനടന്മാര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
🔘 അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' 25 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ കാണാം. ഫാമിലി എന്റര്‍ടൈനറായി എത്തിയ ചിത്രത്തില്‍ പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തില്‍ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകള്‍ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 71 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 57 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വെറും 18 കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങിയത്. അര്‍ജുന്‍ ചിദംബരം, ദിലീപന്‍, ബാല ഹസന്‍, ജോണ്‍ കോക്കന്‍, രമേശ് നാരായണന്‍, പവന്‍, വിവേക് പ്രസന്ന, വിനോദ് സാഗര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
🔘 പുതിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷനും എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷനും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡാണ് അപ്രീലിയ. മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനിലാണ് ഈ രണ്ടു സ്‌കൂട്ടറുകളും വിപണിയില്‍ ലഭ്യമാക്കിയത്. 175 സിസി എന്‍ജിനാണ് അപ്രീലിയ എസ്ആര്‍ 175 മോഡലിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ പരമാവധി 9.78 ബിഎച്പി പവറും 14.14 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എസ്ആര്‍ 125 പതിപ്പില്‍ 124.45 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്ട്രോക്ക്, 3-വാല്‍വ് എസ്ഓഎച്ച്സി എന്‍ജിനാണ്. പരമാവധി 7.8 ബിഎച്പി പവറും 10.4 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് എന്‍ജിന്‍. 1.21 ലക്ഷം രൂപ മുതലാണ് പുതിയ അപ്രീലിയ എസ്ആര്‍ 175 ട്രിബ്യൂട്ട് എഡിഷന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം ചെറിയ അപ്രീലിയ എസ്ആര്‍ 125 ട്രിബ്യൂട്ട് എഡിഷന്‍ പതിപ്പ് സ്വന്തമാക്കാന്‍ 1.11 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയായി നല്‍കേണ്ടത്.
🔘 ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വരകളില്‍ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദന്‍ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തില്‍, സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ പ്രഭാത കുര്‍ബാനയുടെ മണി മുഴങ്ങുമ്പോള്‍, വികാരി ഫാദര്‍ വിന്‍സെ ന്റിന്റെ ഉള്ളില്‍ ഭയത്തിന്റെ കറുത്ത നിഴലുകള്‍ പടരുകയാണ്. ആന്‍ഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സമാധാനപൂര്‍ണ്ണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതന്‍, നരകത്തിന്റെ കാവല്‍ക്കാരന്‍, അവന്‍ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുകുന്നിന്റെ രാത്രികള്‍ വന്യവും നിഗൂഢവുമാണ്. 'കറുത്ത കുര്‍ബാന'. അജിത് ജേക്കബ്. ഇന്‍സൈറ്റ് പബ്ളിക്ക്. വില 342 രൂപ.
🔘 ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ കിട്ടാന്‍ മിക്കവാറും ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് കോഴിമുട്ട. എന്നാല്‍ കോഴി മുട്ടയെക്കാള്‍ പ്രോട്ടീന്‍ റിച്ച് ആണ് താറാവു മുട്ട. താറാവു മുട്ടയെക്കാള്‍ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാന്‍ കാരണം. സാധാരണ കോഴിമുട്ടയെക്കാള്‍ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകള്‍ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂര്‍വമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോള്‍ഡന്‍ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോള്‍ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേര്‍ത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. കൂടാതെ താറാവു മുട്ടയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും. എന്നാല്‍ കോഴിമുട്ടയില്‍ ഉള്ളതിനെക്കാള്‍ മൂന്ന് മടങ്ങ് കോളസ്ട്രോളും കൊഴുപ്പും താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അമിതമായാല്‍ ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കാം. ഒരു താറാവു മുട്ടയെന്നാല്‍ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോള്‍ കോഴിമുട്ടയെക്കാള്‍ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റില്‍ ചേര്‍ക്കാം.
🙏🏼*ശുഭദിനം*🪷
കുറെ നാളായി കൊതുക്, കാളയെ പോരിന് വിളിക്കുന്നു. ആദ്യമൊക്കെ അവഗണിച്ചെങ്കിലും അവസാനം കാള സമ്മതം മൂളി. നിശ്ചയിച്ച സമയത്ത് ആള്‍ക്കൂട്ടത്തിന് മുമ്പില്‍ അവര്‍ രണ്ടുപേരുമെത്തി. മൈതാനം നിറഞ്ഞപ്പോള്‍ കൊതുക് വിളിച്ചുപറഞ്ഞു: യുദ്ധത്തിനുളള ക്ഷണം ഈ കാളക്കൂറ്റന്‍ സ്വീകരിക്കണമെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവനൊപ്പം ശക്തിയുളളവനാണ് എന്നതാണ്. ഞാന്‍ യുദ്ധം ജയിച്ചിരിക്കുന്നു എന്നും പറഞ്ഞ് കൊതുക് പറന്നുപോയി. വെല്ലുവിളികള്‍ പലതരമുണ്ട്. തന്നേക്കാള്‍ മുകളിലുളളവരെ തകര്‍ക്കണമെന്ന ചിന്തയുളളവര്‍ നടത്തുന്ന വെല്ലുവിളികളാണ് ആദ്യത്തേത്. പകയുടേും ചതിയുടേയും കെണികളൊരിക്കിയായിരിക്കും അവര്‍ പോര്‍വിളി നടത്തുക. അത്തരം ആഹ്വാനങ്ങള്‍ ഏറ്റെടുക്കുന്നത് അപകടകരമാണ്. ഇടിച്ചുതാഴ്ത്താനും പരിഹസിക്കാനും യുദ്ധാഹ്വാനം നടത്തുന്നവരുണ്ട്. തങ്ങള്‍ ജയിക്കണമെന്നതിനേക്കാള്‍ എതിരാളിയുടെ വില നശിപ്പിക്കണമെന്നേ അവര്‍ക്കുള്ളൂ.. അവരോട് മത്സരിച്ചാല്‍ ചെളിപറ്റുകയും ദേഹത്ത് ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പോരാളികളും അവര്‍ നടത്തുന്ന ധീരമായ വെല്ലുവിളികളുമുണ്ട്. അത്തരം പന്തയങ്ങള്‍ മത്സരക്ഷമമാകും. അതില്‍ ക്രിയാത്മകതയും ഉണ്ടാകും. അവയില്‍ പങ്കെടുത്താല്‍ ജയിച്ചില്ലെങ്കിലും ആത്മസംതൃപ്തിയുണ്ടാകും. ഓരോ മത്സരപ്രക്രിയകളും പുതിയ പാഠങ്ങളും അനുഭവങ്ങളും പകരുന്നവയാണ്. ഏത് വെല്ലുവിളികളാണ് അവഗണിക്കേണ്ടതെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്നുമുളള തിരിച്ചറിവാണ് ആരോഗ്യകരമായ പോര്‍മുഖങ്ങള്‍ തുറക്കുന്നത് - *ശുഭദിനം.* ❣️🙏🏼
🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

Post a Comment