നിയന്ത്രണങ്ങൾ നീക്കി : പാചക വാതകം ഇനി പഴയത് പോലെ ലഭിക്കും
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (Commercial LPG) വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പൂർണ്ണമായും നീക്കി. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ വിതരണ തടസ്സങ്ങൾ കാരണമായിരുന്നു മുൻപ് വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നടപടി. എന്നാൽ നിലവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതിനെ തുടർന്ന്, യുദ്ധത്തിന് മുൻപുള്ള വിതരണ സ്ഥിതി രാജ്യത്ത് പുനഃസ്ഥാപിക്കാൻ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നിർദേശം നൽകി.
ഇതുസംബന്ധിച്ച് മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഔദ്യോഗികമായി കത്തയച്ചു.
പുതിയ ഉത്തരവ് പ്രകാരം വാണിജ്യ പാക്ക്ഡ് എൽപിജി വിതരണത്തിൽ വരുത്തിയിരുന്ന വെട്ടിക്കുറയ്ക്കലുകൾ പൂർണ്ണമായും പിൻവലിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ ബൾക്ക് എൽപിജി (Bulk LPG) വിതരണത്തിന്മേൽ നിലനിന്നിരുന്ന നിയന്ത്രണങ്ങളിലും 50% ഇളവ് അനുവദിച്ചു.
കൂടാതെ, എണ്ണക്കമ്പനികളുടെ (OMCs) ഡാറ്റാബേസിൽ എല്ലാ വാണിജ്യ-വ്യവസായ ഉപഭോക്താക്കളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് തുടരുമെന്നും, ഇതിനായി മൂന്ന് പ്രധാന ഒഎംസികൾക്കുമായി ഒരു ഏകീകൃത ഡാറ്റാബേസ് സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിൽ പിഎൻജി (PNG) ശൃംഖലയിലേക്ക് മാറിയ വാണിജ്യ ഉപഭോക്താക്കൾ അതിൽ തന്നെ തുടരേണ്ടതാണ്. മറ്റുള്ളവർക്ക് പിഎൻജി ലഭ്യമാണെങ്കിൽ അവരെ സ്ഥിരമായി അതിലേക്ക് മാറ്റാനുള്ള നടപടികൾ ഒഎംസികൾ ഉറപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട-വൻകിട വ്യവസായ മേഖലകൾ എന്നിവയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ തീരുമാനം.

Post a Comment