o ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം തുടങ്ങി; ശമ്പള വർധനവും ഉടൻ
Latest News


 

ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം തുടങ്ങി; ശമ്പള വർധനവും ഉടൻ

 *ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം തുടങ്ങി; ശമ്പള വർധനവും ഉടൻ*



മാഹി: ആരോഗ്യ വകുപ്പിലെ എൻ.എച്ച്.എം. ജീവനക്കാരുടെയും ആശാ വർക്കർമാരുടെയും ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിർണായക പുരോഗതി. രണ്ട് മാസമായി മുടങ്ങിക്കിടന്ന ശമ്പളവും നേരത്തെ ലഭിക്കാനുണ്ടായിരുന്ന കുടിശ്ശികയും വിതരണം ചെയ്തതായി പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ്  കൺവീനർ വിജിൻ അച്ചമ്പത്ത് അറിയിച്ചു.

സംഘടനയുടെ നേതൃത്വത്തിൽ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനുമായി നടത്തിയ ചർച്ചയിലാണ് വിഷയങ്ങൾക്ക് പരിഹാരമായത്. മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പിലെ ജീവനക്കാരും ആശാ വർക്കർമാരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

മൂന്ന് വർഷം മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും എൻ.എച്ച്.എം. ഓഫീസ് ജീവനക്കാർക്ക് ലഭിക്കാതിരുന്ന ശമ്പള വർധനവ് ഉടൻ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഗവർണർ നിർദേശം നൽകിയതായും സംഘടന അറിയിച്ചു.

കൂടാതെ, 2025-ൽ പ്രഖ്യാപിച്ച ശമ്പള വർധനവ് മുഴുവൻ അർഹരായ ജീവനക്കാർക്കും നടപ്പാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച ബില്ലുകൾ പുതുച്ചേരി ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ആൻഡ് ട്രഷറീസ് (DAT) ൽ സമർപ്പിച്ചിട്ടുണ്ടെന്നും അനുവദനീയമായ തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇന്നും നാളെയുമായി ലഭ്യമാകുമെന്നും സംഘടന വ്യക്തമാക്കി.

ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസാമിക്കും പുതുച്ചേരി സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് സംഘ് നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post