നാട്ടുകാരുടെ ശ്രമദാനത്തിൽ കമ്പിപ്പാലത്തിന് അറ്റകുറ്റപ്പണി
പന്തക്കൽ: പൊന്ന്യം പുഴയ്ക്ക് കുറുകെയുള്ള കമ്പിപ്പാലത്തിന് നടത്താറുള്ള അറ്റകുറ്റപ്പണി മുടങ്ങാതെ നടത്തി നാട്ടുകാർ.കതിരൂർ പഞ്ചായത്തിലെ പൊന്ന്യം, മാഹിയുടെ ഭാഗമായ പന്തക്കലിനേയും ബന്ധിപ്പിക്കുന്നതാണ് കമ്പിപ്പാലം.40 ൽ പരം യുവാക്കളാണ് കടുത്ത ചൂട് വകവെക്കാതെ ഞായറാഴ്ച്ച നടന്ന ശ്രമദാനത്തിൽ
പങ്കാളികളായത്.
പാലത്തിൻ്റെ അടിഭാഗം തുരുമ്പ് നീക്കം ചെയ്ത് പെയിൻ്റടിക്കൽ അപകടകരമായ പ്രവൃത്തിയാണ്. കയറിൽ മരപ്പലക ഉറപ്പിച്ച് ഇരുന്നാണ് ആ പ്രവൃത്തി പൂർത്തീകരിച്ചത്. വിദ്യാർഥികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന പാലമാണിത്.1980 ലാണ് ഈ പാലം പണിതത്. കാലവർഷത്തിന് മുൻപ് എല്ലാ വർഷവും നവീകരണ പ്രവൃത്തി നടത്തുന്നു. മൂലക്കടവ് കമ്പിപ്പാലം സ്റ്റോപ്പിൽ ബസിറങ്ങിയാൽ മൂന്ന് കിലോമീറ്റർ ചുറ്റാതെ പൊന്ന്യം പ്രദേശത്ത് എത്തിച്ചേരാം എന്നതിനാൽ നാട്ടുകാരുടെ കമ്പിപ്പാലം പ്രദേശത്തുകാർ തന്നെ ബലപ്പെടുത്തുകയാണ്.ഞായറാഴ്ച്ച രാവിലെ 6 ന് ആരംഭിച്ച പ്രവൃത്തി വൈകിട്ടോടെ പൂർത്തിയാക്കി യാത്രയ്ക്കായി തുറന്നു കൊടുത്തു. പാലം കമ്മിറ്റി പ്രസിഡൻറ് എം.വിനോദ് ,സെക്രട്ടറി സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment