*കരിയാട് കൃഷിഭവൻ അറിയിപ്പ്*
മണ്ണ് പരിശോധിക്കാൻ ആഗ്രഹിക്കുന്ന കർഷകർക്ക് ഒരു സുവർണ്ണാവസരം. കരിയാട് കൃഷിഭവൻ മണ്ണ് സാമ്പിൾ ശേഖരിക്കുന്നു.
2026-27 വർഷത്തെ മണ്ണ് പരിശോധനക്കായി മണ്ണ് സാമ്പിളുകൾ കർഷകർ കൃഷി ഭവനിൽ എത്തിക്കേണ്ടതാണ്
മണ്ണ് സാമ്പിൾ ശേഖരിക്കുന്ന വിധം (Steps for Soil Sample Collection)
1. സ്ഥലം തിരഞ്ഞെടുക്കൽ: കൃഷിയിടത്തെ പ്രതിനിധീകരിക്കുന്ന രീതിയിൽ 5-15 സ്ഥലങ്ങളിൽ നിന്നും സാമ്പിൾ എടുക്കുക.
2. മുകളിലെ ഭാഗം വൃത്തിയാക്കൽ: മണ്ണെടുക്കേണ്ട സ്ഥലത്തെ മുകളിലുള്ള പുല്ല്, കരിയിലകൾ, എന്നിവ നീക്കം ചെയ്യുക.
3. മണ്ണെടുക്കുന്ന രീതി (V-Shape Method):
സ്പേഡ് അല്ലെങ്കിൽ മണ്ണെടുക്കുന്ന ഉപകരണം ഉപയോഗിച്ച് 'V' ആകൃതിയിൽ 15-20 സെ.മീ (ഏകദേശം ഒരു അടി) താഴ്ചയിൽ മണ്ണ് കുഴിക്കുക.
ഈ കുഴിയുടെ വശങ്ങളിൽ നിന്നും ഏകദേശം 2-3 സെ.മീ കനത്തിൽ മണ്ണ് മേൽമണ്ണ് മുതൽ അടിമണ്ണ് വരെ ഒരുമിച്ച് ശേഖരിക്കുക.
4. സാമ്പിളുകൾ കലർത്തൽ: ശേഖരിച്ച മണ്ണ് ഒരു വൃത്തിയുള്ള പാത്രത്തിലോ പ്ലാസ്റ്റിക് ഷീറ്റിലോ ഇട്ട് നന്നായി യോജിപ്പിക്കുക.
5. സാമ്പിൾ കുറയ്ക്കൽ (Quartering Method): യോജിപ്പിച്ച മണ്ണ് സമചതുരത്തിൽ നിരത്തി, അതിനെ നാല് ഭാഗങ്ങളാക്കി വിഭജിക്കുക. ഇതിൽ എതിർവശങ്ങളിലുള്ള രണ്ട് ഭാഗങ്ങൾ മാറ്റി, ബാക്കി രണ്ട് ഭാഗങ്ങൾ വീണ്ടും യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഈ പ്രക്രിയ ആവർത്തിച്ച് അര കിലോഗ്രാം മണ്ണ് മാത്രം സാമ്പിളായി എടുക്കുക.
6. പാക്കിംഗും ലേബലിംഗും: ഈ മണ്ണ് വൃത്തിയുള്ള പ്ലാസ്റ്റിക് ബാഗിലാക്കി, കർഷകന്റെ പേര്, സ്ഥലത്തിന്റെ പേര്, സർവ്വേ നമ്പർ, കൃഷി, കൃഷിരീതി, മണ്ണെടുത്ത തീയതി എന്നിവ രേഖപ്പെടുത്തി പാക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വളം ചേർത്ത സ്ഥലങ്ങളിൽ നിന്ന് മണ്ണെടുക്കരുത്.
ചാണകക്കുഴി, കമ്പോസ്റ്റ് കുഴി, മരച്ചുവട് എന്നിവയുടെ സമീപത്തുനിന്നും മണ്ണെടുക്കരുത്.
തണലിൽ ഉണക്കിയ മണ്ണാണ് പരിശോധനയ്ക്ക് അയക്കേണ്ടത്.

Post a Comment