◾ കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രമുഖ ഏജന്‍സിയായ പോള്‍ ട്രാക്കര്‍ സര്‍വ്വേ. യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചനം. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷത്താകും. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
പ്രീ-പോൾ സർവേ എൻഡിഎ 14 മുതൽ 17 സീറ്റുകൾ വരെ നേടുമെന്നും, സെക്കുലർ പ്രോഗ്രസീവ് അലയൻസ് (എസ്‌പിഎ) 9 മുതൽ 11 സീറ്റുകൾ വരെ നേടുമെന്നും, നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) 2 മുതൽ 4 വരെ സീറ്റുകൾ നേടുമെന്നും, മറ്റുള്ളവർ 1 മുതൽ 2 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ, എൻഡിഎ 34-36 ശതമാനം, എസ്‌പിഎ 30-32 ശതമാനം, ടിവികെയും സഖ്യകക്ഷിയായ എൻഎംകെയും 16-18 ശതമാനം, എൻടികെ 4-6 ശതമാനം, വിസികെ 1-3 ശതമാനം, ചെറിയ പാർട്ടികൾ മൊത്തത്തിൽ 2-5 ശതമാനം എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. എൻഡിഎയിൽ, ഓൾ ഇന്ത്യ എൻആർ കോൺഗ്രസ് (എഐഎൻആർസി) 9-11 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവരും, തൊട്ടുപിന്നാലെ ബിജെപി 5-7 സീറ്റുകൾ നേടും. എസ്‌പിഎയുടെ കോൺഗ്രസ് 3-5 സീറ്റുകൾ നേടാനും ഡിഎംകെ 6-8 സീറ്റുകൾ നേടാനും സാധ്യതയുണ്ട്.
2026 ഏപ്രില്‍ 7 ചൊവ്വ
1201 മീനം 24 തൃക്കേട്ട
1447 ശവ്വാൽ 19
◾ ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കുമെന്നും ചിലപ്പോള്‍ ആ രാത്രി നാളെയായേക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇറാന്‍ തള്ളിയതിനു പിറകേയാണു ഭീഷണി. ഹോര്‍മുസ് ഇന്നു പൂര്‍ണമായും തുറക്കണം. അന്ത്യശാസന സമയം ഇനി നീട്ടില്ല. അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് ഭീഷണി മുഴക്കിയത്.
◾ സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്‌നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിന് 2020 ജൂണ്‍ 19 നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. സിബിഐ അന്വേഷിച്ച കേസില്‍ ഒരു ഇന്‍സ്പെക്ടര്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം പത്തു പേര്‍ക്കെതിരേയാണു കേസെടുത്തത്.
◾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു വൈകുന്നേരം കൊട്ടിക്കലാശം. ഓരോ നിയമസഭാ മണ്ഡലത്തിലേയും പ്രധാന കേന്ദ്രത്തിലാണ് മൂന്നു മുന്നണികളും പ്രചാരണത്തിന്റെ ആവേശകരമായ കൊട്ടിക്കലാശത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെ നടക്കുന്ന കൊട്ടിക്കലാശം സംഘര്‍ഷാവസ്ഥയില്‍ കലാശിക്കാതിരിക്കാന്‍ കരുതലോടെ പോലീസ്.
◾ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ 76,203 പൊലീസ് ഉദ്യോഗസ്ഥര്‍. 2,500 ക്രിട്ടിക്കല്‍ പോളിംഗ് ബൂത്തുകളടക്കം സംസ്ഥാനത്തെ ആകെ 30,471 പോളിംഗ് ബൂത്തിലേക്കാണ് ഇത്രയും പോലീസുകാരെ നിയോഗിച്ചത്. 28,209 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും സുരക്ഷാ സംഘത്തിലുണ്ട്. 140 കമ്പനി കേന്ദ്രസേനാ വിഭാഗങ്ങളും 20 കമ്പനി തമിഴ്‌നാട് പൊലീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലുണ്ട്.
◾ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെ, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് കേരളത്തെ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിര്‍ക്കുന്നവരുടെ വിഭാഗത്തിലാണ് നേരത്തെ സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയിരുന്നത്.
◾ സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തില്‍ കേരള പൊലീസിന്റെ വെബ് സൈറ്റിലുള്ള പരാമര്‍ശം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. പൊലീസ് സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
◾ കേരളം ഭരിക്കാന്‍ തനിക്കു മാത്രമേ കഴിയൂവെന്നു ധാരണയുള്ള ദൈവമല്ല, ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമാണു പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തൃശ്ശൂര്‍ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരേ മല്‍സരിക്കുന്നത് ബിജെപി - എല്‍ഡിഎഫ് സഖ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
◾ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ഡീല്‍ എന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.
◾ സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനു പിറകേ, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണന്‍. സഹകരണ ജീവനക്കാര്‍ നല്‍കിയ 70 ലക്ഷം രേഖകളില്‍ ഇല്ല. വരവിനേക്കാള്‍ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42,337 രൂപ പാര്‍ട്ടിക്കു കടമെന്ന് വരുത്തി. മിനുട്സ് ബുക്ക് ടിഐ മധുസൂദനന്‍ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടില്‍ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു.
◾ ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രചാരണവുമായി ആശാ സമരസമിതി പ്രവര്‍ത്തകര്‍. ആശാ സമരസമിതി പ്രവര്‍ത്തകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാഞ്ഞതില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ എത്തിയത്.
◾ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഓണ്‍ലൈന്‍ കണ്‍വന്‍ഷനിടെ സ്ഥാനാര്‍ത്ഥി ശ്രീലേഖ ഇറങ്ങിപ്പോയി. ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ജയശങ്കര്‍ തന്റെ പേരു പറയാത്തതിലെ അസ്വാരസ്യം പ്രകടമാക്കിയാണ് ശ്രീലേഖ വേദി വിട്ടത്. പിന്നീട് നേതാക്കളും പ്രവര്‍ത്തകരും അനുനനയിപ്പിച്ചാണ് ശ്രീലേഖ തിരികെ എത്തിയത്.
◾ കണ്ണൂരില്‍ കെ. സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് എഐസിസി അധ്യക്ഷനു കത്തു നല്‍കിയെന്ന പ്രചാരണം നുണബോംബാണെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കെ പി സി സിയുടെ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ഡി ജി പിക്കും പരാതി നല്‍കി.
◾ യു ഡി എഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ഭരണം ലഭിച്ചില്ലെങ്കില്‍ നടപ്പാക്കേണ്ടിവരുമെന്നും അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നും മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
◾ നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ അറസ്റ്റു ചെയ്തു.
◾ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശത്തിരുന്ന് സൈബര്‍ ആക്രമണം നടത്തുന്നവരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും എന്‍ ഡി എ സ്ഥാനാര്‍ഥി കൂട്ടിച്ചേര്‍ത്തു.
◾ പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവച്ച സംഭവത്തില്‍ പ്രതികരിച്ച് ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീല്‍ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു. താന്‍ ട്വന്റി20യില്‍ നിന്നോളാമെന്നും ബിജെപി പരിപാടിക്ക് പോകില്ലെന്നും പൂജ നേരത്തെ പറഞ്ഞിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.
◾ പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന്റെ വിവാദ ജീപ്പ് അനൗണ്‍സ്മെന്റില്‍ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. എന്നാല്‍, വിഷയത്തില്‍ നിയമപോരാട്ടം നടത്താന്‍ ആലോചിക്കുകയാണ് യുഡിഎഫ് നേതൃത്വം.
◾ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാന്‍ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പി.കെ. ഫിറോസിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപന്‍ വക്കീല്‍ നോട്ടീസ് അയച്ചു.
◾ സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടര്‍ച്ച സെല്‍ഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ്. കഴിവില്ലാത്തവരെ മാത്രം തെരഞ്ഞെടുപ്പ് മന്ത്രിമാരാക്കിയതാണ് രണ്ടാം പിണറായി സര്‍ക്കാറിനുണ്ടായിരുന്ന പ്രശ്നം. ഇനി കോണ്‍ഗ്രസിനൊപ്പം സജീവമാകുമെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി.
◾ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കൊച്ചിയില്‍ ബാലഗോകുലത്തിന്റെ സുവര്‍ണ ജയന്തി ആഘോഷ സമാപന പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം എളമക്കരയിലെ ഭാസ്‌കരീയത്തില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജീവ് അര്‍ലേക്കറും പങ്കെടുത്തു.
◾ ഓസ്‌ട്രേലിയയില്‍ ജോലിയും സിറ്റിസണ്‍ഷിപ്പും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികള്‍ അഞ്ചുമാസത്തെ ഒളിവു ജീവിതത്തിന് ശേഷം പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലന്‍ (52), ഭാര്യ രശ്മി (44) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.
◾ കോഴിക്കോട് എലത്തൂരില്‍ അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി്. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◾ കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാന്‍ കോളേജില്‍ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു.
◾ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പട്ടാമ്പി കൊണ്ടൂര്‍ക്കര നെരയാന്‍കുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്.
◾ ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തില്‍ പൂജാരി ജീവനൊടുക്കി. ആനയറ മുല്ലൂര്‍ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തി അമ്പലമുക്ക് ഇരപ്പകുഴി ദേശം കവിതാ വിഹാറില്‍ വിഷ്ണു (39) ആണു മരിച്ചത്.
◾ പാക് ഭീകര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്ഫോടനത്തിന് പദ്ധതിയിട്ട ഏഴു പേരെ അറസ്റ്റ് ചെയ്തു. അഞ്ച് പേരെ ഡല്‍ഹി പൊലീസും മൂന്നു പേരെ പഞ്ചാബ് പൊലീസുമാണ് പിടികൂടിയത്. ഡല്‍ഹിയില്‍ ഇവര്‍ ടോയ് കാര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു.
◾ ഡല്‍ഹി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയയാള്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയായ സരബ്ജിത്ത് സിങ് ആണ് കസ്റ്റഡിയിലായത്. മുഖംമൂടി ധരിച്ചെത്തിയ ഇയാള്‍ തന്റെ വെളുത്ത സിയാസ് കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു.
◾ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി മറ്റൊരു പഹല്‍ഗാം ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടോയെന്ന വിവാദ ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ പക്കല്‍ ഇതിനായി വല്ല ബ്ലൂപ്രിന്റും തയ്യാറാണോയെന്നും അവര്‍ ചോദിച്ചു.
◾ കൊല്‍ക്കത്തയെ ആക്രമിക്കുമെന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്കു മറുപടി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. മമതാ ബാനര്‍ജിയും ഇന്ത്യ സഖ്യവും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ഭീഷണി മുഴക്കിയവരുടെ വീട്ടില്‍ കയറി വധിക്കുമെന്ന് അഭിഷേക് ബാനര്‍ജി പ്രഖ്യാപിച്ചു.
◾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടിസ് രാജ്യസഭ അധ്യക്ഷന്‍ സി.പി.രാധാകൃഷ്ണനും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും തള്ളി.
◾ തമിഴ് നടി സുഭാഷിണിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. ഭര്‍ത്താവ് ബെംഗളൂരു നിവാസിയായ ബിപിന്‍ ചന്ദ്രനുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ്.
◾ ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്ന സമയപരിധി ഇന്നത്തേക്കു കൂടി നീട്ടി. ഇതേസമയം, സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ നിലപാടിന്റെ കരട് തയാറെന്ന് ഇറാന്‍. സമയം ആകുമ്പോള്‍ ഇത് അമേരിക്കയ്ക്ക് മുന്നില്‍ പ്രഖ്യാപിക്കുമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അറിയിച്ചെന്ന് ഇറാന്‍ മാധ്യമങ്ങള്‍. അതിനിടെ, ഇന്ത്യയുമായി വീണ്ടും ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. സമാധാനത്തിനായി സംയുക്തമായി ശ്രമിക്കുമെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി.
◾ എല്‍പിജി നിറച്ച ഒരു ഇന്ത്യന്‍ കപ്പല്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. 15,400 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശ എന്ന കപ്പലാണ് ഇന്നലെ സുരക്ഷിതമായി കടലിടുക്ക് കടന്നത്. യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം എട്ടായി.
◾ ഹോര്‍മുസ് കടലിടുക്കിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് യുഎഇയും ബഹറിനും. ഈ വിഷയത്തില്‍ ബഹറിന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് യുഎഇ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വിഷയം ആഗോള സ്ഥിരത, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ, അന്താരാഷ്ട്ര നിയമങ്ങള്‍ എന്നിവയ്ക്ക് നേരെയുള്ള ഭീഷണിയാണെന്നും ബഹറിന്‍.
◾ കുവൈറ്റില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തിനു സാധ്യതയുള്ള നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 29 പേര്‍ അറസ്റ്റില്‍. ആറ് കുവൈറ്റ് സ്വദേശികളും 23 പ്രവാസികളും ഉള്‍പ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികള്‍ക്കു കൈമാറി.
◾ കുവൈറ്റിന്റെ വടക്കന്‍ താമസ മേഖലയില്‍ മിസൈല്‍-ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആറുപേര്‍ക്ക് പരിക്ക്. തലയിലും കൈകാലുകള്‍ക്കും ചെറിയ മുറിവുകളും താല്‍ക്കാലിക കേള്‍വി പ്രശ്നങ്ങളുമാണ് പരിക്കേറ്റവര്‍ക്ക് ഉണ്ടായത്.
◾ സൗദി അറേബ്യയില്‍ 69 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ 100 ശതമാനം സ്വദേശിവത്കരണം. ഇത് ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.
◾ വ്യോമപ്രകടനവുമായി ചൈന. തായ്വാന് സമീപമുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം പെട്ടെന്ന് കുറഞ്ഞതിനു പിന്നാലെയാണ് വിമാനങ്ങളുടെ പ്രകടനം നടത്തിയത്.
◾ ചാന്ദ്ര ദൗത്യവുമായി ചന്ദ്രനരികില്‍ എത്തിയ ആര്‍ട്ടെമിസ് പേടകം ചന്ദ്രന്റെ മറുവശത്തെത്തി. പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം ഇന്നു പുലര്‍ച്ചെ നാലേകാല്‍ മുതല്‍ നാല്‍പതു മിനിറ്റു വിച്ഛേദിക്കപ്പെട്ടു. ഈ സമയം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും ഉദിക്കുന്നതും യാത്രികര്‍ക്കു കാണാനായി. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ചെന്ന റെക്കോര്‍ഡ് ആര്‍ട്ടെമിസ് 2 സംഘത്തിനു ലഭിച്ചിരിക്കുകയാണ്. 1970 ഏപ്രില്‍ 14 ലെ അപ്പോളോ 13 സംഘത്തിന്റെ റെക്കോര്‍ഡാണ് ആര്‍ട്ടെമിസ് സംഘം മറികടന്നത്. ചന്ദ്രനില്‍ നിന്ന് 20,000 കിലോമീറ്ററില്‍ താഴെ മാത്രം അകലെയാണ് ഒറയണ്‍ പേടകമുള്ളത്.
◾ ഇന്തോനേഷ്യയിലെ ലാംപുംഗ്, ബാന്റന്‍ പ്രവിശ്യകളില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളങ്ങള്‍ ബഹിരാകാശ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചു. ചൈനയുടെ സിഇസഡ്-3ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിയമര്‍ന്നതെന്ന് നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഏജന്‍സി വെളിപ്പെടുത്തി.
◾ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്സ്-പഞ്ചാബ് കിംഗ്സ് മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തിരുന്നു. 3.4 ഓവര്‍ ബാറ്റ് ചെയ്ത കൊല്‍ക്കത്ത 25-2 എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്.
◾ പാല്‍ സംഭരണത്തിലും വിപണനത്തിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനത്തിലും നേട്ടമുണ്ടാക്കി മില്‍മ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 4,624.21 കോടി രൂപ വിറ്റുവരവ് നേടി. 2024-25ല്‍ ഇത് 4,344.60 കോടി രൂപയായിരുന്നു. 6.44 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പാല്‍ സംഭരണത്തില്‍ 12.89 ശതമാനത്തിന്റെയും പാല്‍ വിപണനത്തില്‍ 4.30 ശതമാനത്തിന്റെയും വര്‍ധന രേഖപ്പൈടുത്തി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിദിനം 12,56,892 ലിറ്റര്‍ പാലാണ് മില്‍മ സംഭരിച്ചത്. 2024-25ല്‍ ഇത് 11,13,413 ലിറ്റര്‍ ആയിരുന്നു. 1,43,479 ലിറ്ററിന്റെ വര്‍ധനവാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം 17,06,350 ലിറ്റര്‍ പാലാണ് മില്‍മ വിറ്റത്. 2024-25ല്‍ 16,36,047 ലിറ്റര്‍ ആയിരുന്നു വിപണനം. 70,303 ലിറ്റര്‍ പാലാണ് അധികമായി വില്‍ക്കാനായത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും മികച്ച വിറ്റുവരവ് നേടാന്‍ മില്‍മയ്ക്കായി. 1,097.36 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വിറ്റുവരവ്. 2024-25ല്‍ ഇത് 946.47 കോടിയായിരുന്നു. 15.94 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്.
◾ വാട്‌സ്ആപ്പില്‍ വോയ്സ്, വീഡിയോ കോളുകള്‍ക്കായി നോയ്സ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സംഭാഷണങ്ങള്‍ക്കിടയിലുള്ള പശ്ചാത്തല ശബ്ദങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫീച്ചര്‍ കൊണ്ടുവരുന്നത്. സംസാരിക്കുന്ന ആളുടെ ശബ്ദത്തെ ബാധിക്കാതെ ആംബിയന്റ് ശബ്ദങ്ങള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതാണ് ഫീച്ചര്‍. വാഹനങ്ങുടെ ശബ്ദം, കാറ്റ് അല്ലെങ്കില്‍ തിരക്കേറിയ സ്ഥലങ്ങളിലെ മറ്റുള്ളവരുടെ സംസാരം എന്നിവ ഇല്ലാതാക്കും. സെറ്റിങ്‌സ് സ്വമേധയാ ക്രമീകരിക്കുകയോ ബാഹ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാതെ, സംഭാഷണങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ എളുപ്പമാക്കുകയാണ് ചെയ്യുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ചില ബീറ്റ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോളിങ് ഇന്റര്‍ഫേസില്‍ നോയ്സ് ക്യാന്‍സലേഷന്‍ പ്രവര്‍ത്തനക്ഷമമാക്കാനോ നിയന്ത്രിക്കാനോ അനുവദിക്കുന്ന ഒരു പുതിയ ഓപ്ഷന്‍ കാണാന്‍ കഴിയും. കോള്‍ തുടങ്ങുമ്പോള്‍ ഓട്ടോമാറ്റിക്കായി ഫീച്ചര്‍ ആക്ടീവാകും.
◾ നീണ്ടൊരു ഇടവേളക്കുശേഷം സുഹാസിനി മണിരത്നം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രമാണ് 'അഞ്ചാം പ്രമാണം'. ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിനടുത്ത് പൊയ്യയില്‍ ആരംഭിച്ചു. ജയ് ദേവ് സംവിധാനം ചെയ്യുന്ന ഇ ചിത്രം റൂബി എന്‍ഡവര്‍ നിര്‍മ്മിക്കുന്നു. സൈക്കോളജി ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രം എണ്‍പതു കാലഘട്ടങ്ങളിലെ പുരാതനവും, സമ്പത്തും പ്രതാപം നിറഞ്ഞ തുമായ ഒരു സുറിയാനി ക്രിസ്റ്റ്യന്‍ കുടുംബത്തിന്റെ കഥ പറയുന്നു. ഈ തറവാട്ടിലെ കേന്ദ്ര കഥാപാത്രമായ ഗ്രേസിയെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായ ആനിയെ കനി കുസൃതിയും അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, നിമിഷ എലിസബത്ത് ഡീന്‍, ഷെബിന്‍ ബെന്‍സണ്‍, വിനയ് മേനോന്‍, അഖില നാഥ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷൈനി ആന്റണിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
◾ പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷയ്കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്ന 'ഭൂത് ബംഗ്ല' ട്രെയിലര്‍ എത്തി. ചിത്രം ഹൊറര്‍ കോമഡി ഗണത്തില്‍പെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദര്‍ശനും ഒന്നിച്ചെത്തുന്നത്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിച്ച 'ഭൂല്‍ ഭുലയ്യ' ചിത്രീകരിച്ച അതേ ലൊക്കേഷനിലാണ് പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യും ചിത്രീകരിച്ചിരിക്കുന്നത്. ജയ്പൂരിലെ ചോമു പാലസ് ആണ് പ്രസ്തുത ലൊക്കേഷന്‍. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് ഇത്. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, അസ്രാണി, രാജ്പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ 16ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ്, സ്‌ക്രാംബ്ലര്‍ 400 എക്സ് സി, ത്രക്സ്റ്റണ്‍ 400, സ്പീഡ് ടി4 എന്നിവയുടെ 350 സിസി പതിപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. എന്‍ജിന്‍ ശേഷി കുറഞ്ഞെങ്കിലും ഈ ബൈക്കുകള്‍ ഇപ്പോഴും '400' എന്ന പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. 1,95,000 രൂപ മുതല്‍ 2,65,538 രൂപ വരെയാണ് വില. പഴയ മോഡലുകളെ അപേക്ഷിച്ച് 10,845 രൂപ വരെ കുറവുണ്ട്. എല്ലാ മോഡലുകള്‍ക്കും ഇപ്പോള്‍ 349സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 എക്സ്, സ്‌ക്രാംബ്ലര്‍ 400 എക്സ് സി എന്നി ബൈക്കുകള്‍ 37 പിഎസ് കരുത്തും 32 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് പഴയ പതിപ്പിനേക്കാള്‍ 3 പിഎസ് കരുത്തും 5.5 എന്‍എം ടോര്‍ക്കും കുറവാണ്. ത്രക്സ്റ്റണ്‍ 400 40പിഎസ് കരുത്തും 32എന്‍എം ടോര്‍ക്കും നല്‍കുന്നു. എല്ലാ മോഡലുകളിലും ആറ് സ്പീഡ് ഗിയര്‍ബോക്‌സ് ആണ് വരുന്നത്.
◾ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ സ്വീകരിക്കാത്ത ഒരു നമ്പൂതിരികുടുംബത്തിലെ കുട്ടിയാണ് നന്ദിനി. സ്വതന്ത്രചിന്താഗതിക്കാരിയാണവള്‍. അവള്‍ക്ക് പാരമ്പര്യങ്ങളില്‍ വിശ്വാസമില്ല; പുരോഗമനവാദിയാണ്. സാമൂഹികസേവനത്തിന് ഉചിതമായ വേഷം വക്കീലിന്റേതാണെന്ന് ഉറപ്പിച്ച്, അവള്‍ വക്കീലാവാന്‍ ലോ കോളേജില്‍ ചേര്‍ന്നു പഠിച്ചു. എന്നാല്‍, വക്കീല്‍പ്പണിയുടെ ഉള്ളുകള്ളികള്‍ അവള്‍ മനസ്സിലാക്കാന്‍ വൈകി. ഒടുവില്‍ മത്സരബുദ്ധിയും കാപട്യവും കുറഞ്ഞ കര്‍മ്മരംഗത്തേക്ക് ഇറങ്ങാന്‍ അവള്‍ തീരുമാനിച്ചു. കോടതിയും അഭിഭാഷകവൃത്തിയും പശ്ചാത്തലമായ ലഘുനോവല്‍. 'ഉള്ളറകള്‍ തുറക്കുമ്പോള്‍'. അഡ്വ. കെ.രാംകുമാര്‍. മാതൃഭൂമി. വില 102 രൂപ.
◾ വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെങ്കിലും അമിതമായി വെള്ളം കുടിക്കുന്നത് അപകടമാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് ഹൈപ്പോനാട്രീമിയ അഥവാ വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അപകടകരമായ അവസ്ഥയിലേക്ക് നയിക്കാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറയുന്ന അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. സോഡിയം കുറയുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ ഉള്ളിലേക്ക് വെള്ളം വലിച്ച് വീര്‍ക്കാന്‍ തുടങ്ങുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ ബാധിക്കുമ്പോള്‍ കഠിനമായ തലവേദന, ആശയക്കുഴപ്പം, ഛര്‍ദ്ദി എന്നിവയുണ്ടാകുകയും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യാം. ഒരാള്‍ എത്ര വെള്ളം കുടിക്കണം എന്നത് അയാളുടെ ശരീരഭാരം, പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ചിരിക്കും. സാധാരണഗതിയില്‍ ഒരു മുതിര്‍ന്ന വ്യക്തി പ്രതിദിനം രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുന്നതാണ് ഉചിതം. ശാസ്ത്രീയമായി പറഞ്ഞാല്‍, വൃക്കകള്‍ക്ക് ഒരു മണിക്കൂറില്‍ ഏകദേശം 800 മില്ലി മുതല്‍ 1 ലിറ്റര്‍ വരെ വെള്ളം മാത്രമേ പുറന്തള്ളാന്‍ കഴിയൂ. ഇതില്‍ കൂടുതല്‍ വെള്ളം ചുരുങ്ങിയ സമയത്തിനുള്ളില്‍ കുടിക്കുന്നത് വൃക്കകള്‍ക്ക് അമിതഭാരമുണ്ടാക്കും. മൂത്രത്തിന് ഇളം മഞ്ഞ നിറമാണെങ്കില്‍ ജലാംശം കൃത്യമാണെന്നാണ് അര്‍ത്ഥം. എന്നാല്‍ മൂത്രം തെളിഞ്ഞ വെള്ളം പോലെയാണെങ്കില്‍ നിങ്ങള്‍ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം.

Post a Comment