വിഷുക്കണി സമയവും ,കണി ഒരുക്കേണ്ട രീതിയും,
മേടമാസം ഒന്നാം തീയതിയായ 2026 ഏപ്രിൽ 14 ന് ചൊവ്വാഴ്ച രാവിലെ 9 മണി 32 മിനിറ്റിന്/ ഉദയാല്പരം 8 നാഴിക 8 വിനാഴികയിലാണ് ചതയം നക്ഷത്രത്തിൽ ഇക്കൊല്ലത്തെ മേടസംക്രമം നടക്കുന്നത്. അതായത് സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിൽ പ്രവേശിക്കുന്നത്.
സൂര്യോദയത്തിന് ശേഷം ആദിതൃസംക്രമം വന്നതിനാൽ വിഷുക്കണിയും വിഷു ആഘോഷവും തൊട്ടടുത്ത ദിവസമായ ഏപ്രിൽ 15 ന് ബുധനാഴ്ചയാണ് ആഘോഷിക്കേണ്ടത്. പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് അവസാനിക്കും. ആ സമയത്താണ് കണി കാണേണ്ടത്
മിക്കപ്പോയും ഗുരുവായൂർ കണി നോക്കി കണി കാണുന്നവരുണ്ട്
എന്നാൽ ഗുരുവായൂരിൽ വാകചാർത്ത് സമയത്താണ് കണി കാണുക
ആയതിനാൽ ഗുരുവായൂർ സമയം നോക്കി കണി കാണേണ്ടതില്ല
കണിയൊരുക്കാം
തേച്ചുവൃത്തിയാക്കിയ നിലവിളക്ക്, ഓട്ടുരുളി, ഓട്ടുകിണ്ടി എന്നിവയാണ് കണിയൊരുക്കാൻ പ്രധാനമായും വേണ്ടത്.
ഉണക്കലരി, നെല്ല്, നാളികേരം, കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, വാൽക്കണ്ണാടി, ശ്രീകൃഷ്ണവിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഗ്രന്ഥം, സ്വർണം, നാണയങ്ങൾ, കുങ്കുമം, കൺമഷി, വെറ്റില, അടക്ക എന്നിവയെല്ലാം കണിവെക്കാറുണ്ട്.
കണി ഒരുക്കേണ്ട രീതി
സാധാരണനിലയിൽ വിഷുവിൻ്റെ തലേദിവസം രാത്രി വീട്ടിലെ മുതിർന്ന സ്ത്രീയുടെയോ കുടുംബനാഥയുടെയോ നേതൃത്വത്തിലാണ് പൂജാമുറിയിലോ പ്രധാന മുറിയിലോ കണിയൊരുക്കുക.
ഓട്ടുരുളിയിൽ ഉണക്കലരിയും നെല്ലും പകുതിയോളം നിറയ്ക്കണം.
അതിൽ ഒരു നാളികേരമുറി വെക്കണം.
തുടർന്ന് കണിവെള്ളരി വെക്കുക.
പിന്നീട് ചക്കയും നാളികേരവും മാങ്ങയും കദളിപ്പഴവും വെക്കണം. നാരങ്ങയും നെല്ലിക്കയും അങ്ങനെ സമൃദ്ധിയുടെ പ്രതീകമായി നിങ്ങൾ കാണുന്ന ഫലവർഗങ്ങൾ വെക്കാം.
ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വെക്കാം.
കണിക്കൊപ്പം സ്വന്തം മുഖവും കാണുന്നതിനു വേണ്ടിയാണിത്.
ഇതിനെല്ലാം മുകളിലായി കണിക്കൊന്നപ്പൂക്കൾ വെക്കുക.
ഇതിനടുത്തുതന്നെ ശ്രീകൃഷ്‌ണവിഗ്രഹവും വെക്കണം.
അടുത്ത് നിലവിളക്കും വെക്കാം.
തൊട്ടടുത്ത് ഒരു താലത്തിൽ കോടിമുണ്ട്, ഗ്രന്ഥം (രാമായണമോ, ഭഗവത്ഗീതയോവെക്കാം) കുങ്കുമച്ചെപ്പ്, കൺമഷി എന്നിവ വെക്കുക. ഒപ്പം വെറ്റിലയിൽ നാണയത്തുട്ടും പാക്കും സ്വർണവും വെക്കണം.
ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ചുവെക്കണം.
ഓരോ നാട്ടിലും ഇതിൽ ചില മാറ്റങ്ങളുണ്ടാവാം.
ചക്കയും നാളികേരവും ഗണപതിയുടെ ഇഷ്ടഭക്ഷണമാണ്. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയങ്കരമാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്‌മീ ദേവി സങ്കൽപ്പത്തിൽ വയ്ക്കുന്നതാണ്
ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വയ്ക്കുക. അതിൽ സ്വർണ്ണമാല ചാർത്തുക. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻ കൂടിയാണിത്.
കണി കാണലും കൈനീട്ടവും
പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷുക്കണി കാണേണ്ടത്. ഉറക്കമെഴുന്നേറ്റ് കണ്ണുതുറക്കുമ്പോൾ ആദ്യം കണിയാണ് കാണേണ്ടത് എന്നതിനാൽ കണി കാണുന്നതിനായി കുളിക്കേണ്ടതില്ല. എന്നാൽ നിലവിളക്ക് കത്തിക്കുന്നയാൾ കുളിച്ച് ശുദ്ധിയായിരിക്കാൻ ശ്രദ്ധിക്കണം. കണി കണ്ടുകഴിഞ്ഞാൽ മുതിർന്നവർ ഇളമുറക്കാർക്ക് വിഷുക്കൈനീട്ടം നൽകും. സമ്പൽസമൃദ്ധി വരുംതലമുറയ്ക്കു കൂടി പങ്കുവെക്കുകയാണ് ഇതുവഴി.

Post a Comment