*മയ്യഴിയിൽ തിരഞ്ഞെടുപ്പ് നടപടികൾ അന്തിമഘട്ടത്തിൽ*
മാഹി: പുതുച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ മയ്യഴി നിയോജകമണ്ഡലത്തിൽ അന്തിമഘട്ടത്തിലേക്ക് കടന്നതായി അധികൃതർ അറിയിച്ചു. മണ്ഡലത്തിൽ 31 പോളിങ് ബൂത്തുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും മാഹി മദർ തെരേസ നഴ്സിംഗ് കോളേജിൽ മാതൃകാ പോളിങ് ബൂത്ത് സജ്ജീകരിച്ചതായും അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും തിരഞ്ഞെടുപ്പ് നിരീക്ഷകനായി ലോകേഷ് മിശ്ര IAS മയ്യഴിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥാനാർത്ഥികളുടെ ചിലവും മറ്റ് കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ചിലവ് നിരീക്ഷകൻ ജിതിൻ ബെൻസാളും രംഗത്തുണ്ട്.
മദ്യക്കടത്ത് തടയാൻ മയ്യഴിയുടെ വിവിധ ഭാഗങ്ങളിൽ അതിർത്തി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഫ്ലയിംഗ് സ്ക്വാഡുകളും ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 822 ലിറ്ററിലധികം വിദേശമദ്യം പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പിടിച്ചെടുത്തത് 48 ലിറ്റർ മാത്രമായിരുന്നു.
വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീപ് പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ മയ്യഴി പൂർണ്ണ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് വരണാധികാരി അങ്കിത് കുമാർ IAS അറിയിച്ചു.

Post a Comment