*കാഞ്ഞിരമുള്ളപ്പറമ്പ് ക്ഷേത്ര വായനശാലയിൽ ഉത്തര മേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ധീരജവാൻ പടിക്കലക്കണ്ടി ഷാജി സ്മാരക സ്വർണ്ണമെഡലിനായി ഉത്തര മേഖല ചിത്രരചന മത്സരം സംഘടിപ്പിച്ചു.
ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന മത്സരം പ്രശസ്ത ചിത്രകല അധ്യാപകൻ രാഗേഷ് പുന്നോൽ ഉദ്ഘാടനം ചെയ്തു. “നിറങ്ങൾ ഉപയോഗിച്ച് മനസ്സിലുള്ളത് സ്വതന്ത്രമായി വരയ്ക്കുക. ശരിയോ തെറ്റോ എന്നില്ല. ജയവും തോൽവിയുംക്കാൾ പ്രധാനപ്പെട്ടത് നിങ്ങളുടെ ശ്രമവും ആത്മവിശ്വാസവുമാണ്” എന്ന സന്ദേശമാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പങ്കുവച്ചത്.
വായനശാല പ്രസിഡന്റ് സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്ര സെക്രട്ടറി പി.കെ. സതീഷ് കുമാർ ഉദ്ഘാടകനായ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്ര ജോയിന്റ് സെക്രട്ടറി സന്തോഷ് തുണിയിൽ, വായനശാല വൈസ് പ്രസിഡന്റ് എൻ.കെ. പത്മനാഭൻ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ഹരീഷ് ബാബു സ്വാഗതവും ഖജാൻജി കെ. രൂപേഷ് നന്ദിയും പറഞ്ഞു.
മത്സരം ജൂനിയർ എൽ.പി, സീനിയർ എൽ.പി, യു.പി വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. ഇതോടൊപ്പം LKG – UKG കുട്ടികൾക്കായി പ്രത്യേക കളറിംഗ് മത്സരവും നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 9ന് വൈകിട്ട് നടക്കുന്ന വായനശാല വാർഷികാഘോഷങ്ങളുടെ സാംസ്‌കാരിക സായാഹ്നത്തിൽ വിതരണം ചെയ്യും.
ചിന്തകളും സ്വപ്നങ്ങളും നിറങ്ങളിലൂടെ അവതരിപ്പിക്കാനുള്ള മനോഹര അവസരമാണ് ക്ഷേത്ര വായനശാല കുട്ടികൾക്ക് ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.

Post a Comment