*വിഷു: മാഹിയിൽ താൽക്കാലിക പടക്കവിൽപ്പന ലൈസൻസിന് അപേക്ഷ ക്ഷണിച്ചു*
മാഹി:
2026 വർഷത്തെ വിഷു ഉത്സവത്തോടനുബന്ധിച്ച് മാഹി മേഖലയിൽ താൽക്കാലികമായി പടക്കങ്ങൾ വിൽക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷ ക്ഷണിച്ചതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം പൂരിപ്പിച്ച അപേക്ഷകൾ 2026 ജനുവരി 2 മുതൽ ജനുവരി 20 വരെ വൈകുന്നേരം 5 മണിക്ക് മുൻപായി മാഹി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷകർ മാഹിയിൽ സ്ഥിരതാമസക്കാരായിരിക്കണം. ലൈസൻസിന് അപേക്ഷിക്കുന്ന കടയുടെ 15 മീറ്റർ ചുറ്റളവിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വിൽക്കുന്ന കടകളോ മറ്റ് സമാന കെട്ടിടങ്ങളോ ഉണ്ടാകരുത് എന്ന നിബന്ധനയും നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
2026 ഏപ്രിൽ–മെയ് മാസങ്ങളിൽ പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ, ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് അനുവദിച്ച ലൈസൻസ് ഏത് ഘട്ടത്തിലും റദ്ദ് ചെയ്യാനുള്ള അധികാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിനുണ്ടായിരിക്കും എന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
നിർദ്ദിഷ്ട തീയതിക്ക് ശേഷം സമർപ്പിക്കുന്നതോ ആവശ്യമായ രേഖകൾ ഇല്ലാത്തതോ ആയ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല എന്നും മാഹി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഡി മോഹൻ കുമാർ അറിയിച്ചു.

Post a Comment