◾ പാട്ടിനെ പേടിക്കുന്ന പാര്‍ട്ടിയായി മാറിയോ സിപിഎം എന്ന ചോദ്യവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ. പരാതിയുമായി പോകുന്നത് പാരഡിയെക്കാള്‍ വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. െ
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ദ്വാരാപാലക ശില്‍പ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് ദ്വാരപാലക പാളികള്‍ കൈമാറുമ്പോള്‍ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തല്‍.
2025 | ഡിസംബർ 18 | വ്യാഴം
1201 | ധനു 3 | അനിഴം
1447 ജ : ആഖിർ 27
◾ വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചപ്പോഴാണ് വിമര്‍ശനം ഉയര്‍ന്നത്. ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതില്‍നിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞാണ് ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ആവശ്യത്തെ എതിര്‍ത്തത്. പിഎംശ്രീയില്‍ ഒപ്പിട്ട അനുഭവവും ചിലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഒത്തുതീര്‍പ്പിലെത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ വിസി നിയമനത്തിലെ ഒത്തുതീര്‍പ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാറിനെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനില്‍കുമാറിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മാറ്റം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനില്‍കുമാറിനെ വിസി സസ്പെന്‍ഡ് ചെയ്തിരുന്നു.
◾ വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാന്‍സിലറായ ഗവര്‍ണര്‍. സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവര്‍ണര്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ധാരണയായെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
◾ കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷന് അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഹൈക്കോടതിയെ സമീപിച്ചു. ഇഡി നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹര്‍ജിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹര്‍ജിയിലെ വാദം.
◾ മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയുടെ അപ്പീല്‍. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന് ബെഞ്ചിനാണ് ഇഡി അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലില്‍ ഇഡി ചൂണ്ടിക്കാട്ടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങള്‍ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുന്‍ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.
◾ ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിതെന്നും ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
◾ ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാന്‍ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവര്‍ത്തിക്കരുത് എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററാണ് ഭണ്ഡാരം കാണാന്‍ കയറിയത്. ഐജിയുടെ സന്ദര്‍ശനത്തിനെതിരെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ഇടപെടല്‍.
◾ ശബരിമല സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ തന്റെ അനുജനാണെന്നുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍. ശബരിമല സ്വര്‍ണ കൊള്ളയിലെ നാണക്കേട് മറയ്ക്കാന്‍ അറസ്റ്റിലാകുന്ന ഓരോരുത്തരെയും തന്റെ സഹോദരനാക്കി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി എസ് ശിവകുമാര്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയില്‍ നിന്ന് കാര്യമായസഹായം ആര്‍ജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാര്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ അടക്കം ആര്‍ജെഡി സ്ഥാനാര്‍ഥികളെ കാലുവാരിയതായി പരാതികളുണ്ടെന്നും എംവി ശ്രേയാംസ്കുമാര്‍ ആരോപിച്ചു. അതേസമയം എല്‍ഡിഎഫില്‍ തന്നെ ആര്‍ജെഡി തുടരുമെന്നും യുഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. വിചാരണ കോടതി വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചശേഷമായിരിക്കും അപ്പീല്‍ ഫയല്‍ ചെയ്യുക. അതിനുള്ളില്‍ അപ്പീല്‍ ചെയ്യാനുള്ള മറ്റു നടപടികള്‍ അതിനുള്ളില്‍ പൂര്‍ത്തീയാക്കും. വിചാരണ കോടതിവിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം
◾ സമൂഹമാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്കിയ പരാതിയില്‍ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാര്‍ട്ടിന്റെ വീഡിയോ സന്ദേശത്തില്‍ നല്കിയ പരാതിയിലാണ് കേസെടുക്കുക. തൃശൂര്‍ റെയിഞ്ച് ഡിഐജി പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ദേശ്മുഖ് അറിയിച്ചു.
◾ വധശ്രമക്കേസില്‍ ബിജെപി നിയുക്ത വാര്‍ഡ് കൗണ്‍സിലര്‍ക്ക് 36 വര്‍ഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉള്‍പ്പെടെ പത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബര്‍ 15 നായിരുന്നു സിപിഎം കൗണ്‍സിലര്‍ പി രാജേഷിനെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചത്.
◾ പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പന്റെ പേരുപയോഗിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്ഐആര്‍
◾ പോറ്റിയേ കേറ്റിയെ' പാരഡി ഗാനത്തിനെതിരെ സിപിഎമ്മിനും പരാതി. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു.
◾ പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു. ശബരിമല സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാഡ് നിര്‍മിച്ചതെന്ന വിവരാകാശ രേഖ ഈയിടെ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്.
◾ സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മില്‍ ചേര്‍ന്ന തേനീച്ച കര്‍ഷകന്റെ കൃഷിനശിപ്പിച്ച് പ്രതികാരമെന്ന് പരാതി. കൊല്ലത്തെ കടയ്ക്കല്‍ അണപ്പാട് കുന്നുംപുറത്ത് പുത്തന്‍വീട്ടില്‍ ഗോപകുമാറിന്റെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നു.
◾ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആധാര്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്ര ഡാറ്റാബേസില്‍ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം വ്യക്തമാക്കിയത്.യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
◾ പുതുവര്‍ഷത്തില്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സിഎന്‍ജി, ഗാര്‍ഹിക ആവശ്യത്തിനുള്ള പിഎന്‍ജി എന്നിവയുടെ വിലയില്‍ കുറവ് വരുത്തുമെന്ന് പ്രഖ്യാപനം. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് പ്രഖ്യാപിച്ച താരിഫ് ഏകീകരണ നടപടികള്‍ 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് രണ്ട് മുതല്‍ മൂന്ന് രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് പിഎന്‍ജിആര്‍ബി അംഗം എ കെ തിവാരി പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
◾ 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്പ ഷെട്ടിക്കും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തി. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ബെസ്റ്റ് ഡീല്‍ ടിവി' എന്ന കമ്പനിയില്‍ നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വ്യവസായിയായ ദീപക് കോത്താരി നല്കിയ പരാതിയില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ഇരുവരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന.
◾ ഓപ്പറേഷന് സിന്ദൂരിനെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് പൃഥിരാജ് ചവാന്. താന്‍ എന്തിന് മാപ്പ് പറയണമെന്നും ഭരണഘടന തനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷന് സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന് വെടിവച്ചിട്ടെന്നും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാന് പറഞ്ഞിരുന്നു.
◾ ട്രെയിന്‍ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ആദ്യ റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്തില്‍ ഇന്ത്യന്‍ റെയില്‍വേ മാറ്റം വരുത്തി. നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് മാത്രം ചാര്‍ട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതല്‍ 10 മണിക്കൂര്‍ മുന്‍പേ യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ആയോ എന്ന് അറിയാന്‍ സാധിക്കും.
◾ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. ജവഹര്‍ലാല്‍ നെഹ്റുവിനെ കാലങ്ങളോളം വിമര്‍ശിച്ചശേഷം ഇപ്പോള്‍ അവര്‍ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും എന്‍ഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
◾ ശക്തമായ സമ്പദ്വ്യവസ്ഥകളുടെ നട്ടെല്ലാണ് ഉല്‍പ്പാദനമെന്നും ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്നും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന്, നമ്മള് കൂടുതല്‍ ഉല്‍പ്പാദനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജര്‍മ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യുവിന്റെ പ്ലാന്റ് സന്ദര്‍ശിച്ച ശേഷം പോസ്റ്റ് ചെയ്ത ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ത്ഥവത്തായ ഉല്‍പ്പാദന ആവാസവ്യവസ്ഥകള്‍ കെട്ടിപ്പടുക്കുകയും ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ വലിയ തോതില്‍ സൃഷ്ടിക്കുകയും വേണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
◾ ബോണ്ടി ബീച്ചില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിഡ്നിയിലും പരിസരങ്ങളിലും നാട്ടുകാര്‍ തോക്ക് വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട് പലരും ഒരേ ലൈസന്‍സില്‍ ഒന്നിലധികം തോക്കുകള്‍ വാങ്ങുന്നതായാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
◾ പലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാല്‍ക്കം ടേണ്‍ബുള്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
◾ റഷ്യന്‍ മുങ്ങിക്കപ്പലിനെ കടല്‍ ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തെന്ന് യുക്രെയ്ന്. കരിങ്കടല്‍ തീരത്തെ റഷ്യന്‍ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാല്‍, മുങ്ങിക്കപ്പല്‍ തകര്‍ന്നില്ലെന്നാണു വാദം.
◾ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മലയാളി താരം സഞ്ജു സാംസണ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
◾ നവംബറില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ 73 ശതമാനം കുറവ്. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ 14.7 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ് ഒക്ടോബറില്‍ ഇന്ത്യയിലെത്തിയത്. നവംബറില്‍ ഇത് 4 ബില്യന്‍ ഡോളറായി (ഏകദേശം 36,000 കോടി രൂപ) കുറഞ്ഞു. 2025ല്‍ ഏപ്രില്‍, നവംബര്‍ മാസങ്ങളിലാണ് മുന്‍വര്‍ഷത്തേക്കാള്‍ ഇറക്കുമതി വര്‍ധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതി 60 ശതമാനം ഇടിഞ്ഞ് 1.1 ബില്യന്‍ ഡോളറിലെത്തി. രാജ്യത്തിന്റെ ആകെ ഇറക്കുമതിയില്‍ 62.7 ബില്യന്‍ ഡോളറിന്റെ കുറവാണ് സ്വര്‍ണവും വെള്ളിയും സൃഷ്ടിച്ചത്. ഒക്ടോബറിനേക്കാള്‍ 18 ശതമാനവും മുന്‍വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനവും കുറവ്. അതേസമയം, നവംബറിലെ കണക്കുകളില്‍ കുറവുണ്ടായെങ്കിലും ഇക്കൊല്ലത്തെ സ്വര്‍ണ ഇറക്കുമതി റെക്കോഡാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയിലെത്തിയത് 47.6 ബില്യന്‍ ഡോളറിന്റെ (4.3 ലക്ഷം കോടി രൂപ) സ്വര്‍ണമാണ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ ഇറക്കുമതിയാണ് ഇതെന്നും വിദഗ്ധര്‍ പറയുന്നു.
◾ നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ്, വി യു ടാക്കീസ് എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളില്‍ മുകേഷ് ആര് മേത്ത, ഉമേശ് കെ ആര്, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണന്, ഫെബിന് സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ എഴുതുന്നു.
◾ വിഖ്യാത സംവിധായകന് സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ 'ഡിസ്ക്ലോഷര്‍ ഡേ'യുടെ ട്രെയിലര്‍ പുറത്ത്. സ്പില്‍ബര്‍ഗിന്റെ കഥയെ അടിസ്ഥാനമാക്കി ഡേവിഡ് കോപ്പെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം 2026 ജൂണ്‍ പതിനാറിന് തിയറ്ററുകളിലെത്തും. നിഗൂഢതകളേറെയുള്ള ഒരു ലോകത്തിലേക്കാണ് സ്പില്‍ബര്‍ഗ് യൂണിവേഴ്സ് 'ഡിസ്ക്ലോഷര്‍ ഡേ'യിലൂടെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ജനങ്ങള്‍ക്ക് സത്യമറിയാനുള്ള അവകാശമുണ്ടെന്ന് ട്രെയിലറില്‍ പറയുന്നു. എമിലി ബ്ലന്റ്, ജോഷ് ഒ കോണര്‍, കോലിന് ഫിര്‍ത്ത്, കോള്മാന് ഡൊമിന്‍ഗോ, ഈവ് ഹ്യൂസണ്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. വെറും സയന്‍സ് ഫിക്ഷന്‍ എന്നതിലുപരിയായി വൈകാരികമായ പല തലങ്ങളിലേക്കും ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്ന സൂചനയും ട്രെയിലര്‍ നല്കുന്നു. 'വാര് ഓഫ് ദ വേള്‍ഡിലും' ,'എക്സ്ട്രാ ടെറസ്ട്രിയലിലും' 'ക്ലോസ് എന്‍കൗണ്ടേഴ്സ് ഓഫ് ദ തേര്‍ഡ് കൈന്‍ഡി'ലുമെല്ലാമുള്ള അന്യഗ്രഹ ജീവിതങ്ങളിലേക്ക് സ്പില്‍ബെര്‍ഗ് തിരിച്ചെത്തിയെന്നതും ട്രെയിലറില്‍ വ്യക്തമാണ്.
◾ ഇന്ത്യന്‍ വാഹന വിപണിയില്‍ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടാറ്റ സിയറ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളില്‍ 70,000-ത്തിലധികം ഓര്‍ഡറുകള്‍ നേടി ഈ എസ്യുവി പുതിയ ചരിത്രം കുറിച്ചു. ഓരോ മണിക്കൂറിലും ശരാശരി 3,000 ബുക്കിംഗുകള്‍ എന്ന നിലയിലുള്ള അഭൂതപൂര്‍വമായ പ്രതികരണമാണ് വാഹനപ്രേമികളില്‍ നിന്നും സിയറയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് തുകയായ 21,000 രൂപ നല്കി 70,000 പേര് വാഹനം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ഏകദേശം 1.35 ലക്ഷം ഉപഭോക്താക്കള്‍ തങ്ങള്‍ക്കാവശ്യമായ വേരിയന്റുകളും സവിശേഷതകളും തിരഞ്ഞെടുത്ത് ബുക്കിംഗ് നടപടികളുമായി മുന്നോട്ട് പോകുന്നു. 11.49 ലക്ഷം രൂപ മുതല്‍ 21.29 ലക്ഷം രൂപ വരെയാണ് സിയറയുടെ എക്സ്-ഷോറൂം വില. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, അഡ്വഞ്ചര്‍, അക്കംപ്ലിഷ്ഡ് തുടങ്ങിയ ഏഴ് വ്യത്യസ്ത വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകള്‍ ഇതിനുണ്ട്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ സിയറ ലിറ്ററിന് 29.9 കിലോമീറ്റര്‍ മൈലേജ് കൈവരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്.
◾ ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിന്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങള്‍. വായിച്ചുകഴിഞ്ഞാലും ഉള്ളില്‍ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവര്‍. നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളില്‍ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണില്‍പ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരന് നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിര്ത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളില്‍ ഇഴചേര്‍ന്നുനില്‍ക്കുന്നു.
'വള്ളിമുല്ല'. മജീദ് സയീദ്. ഡിസി ബുക്സ്. വില 209 രൂപ.
◾ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഇലവര്‍ഗമാണ് മുരിങ്ങയില. മുരിങ്ങയില പൊടിച്ചോ വെള്ളമായിട്ടോ എല്ലാം കഴിക്കാവുന്നതാണ്. മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ദൈനംദിന ഊര്‍ജ്ജ നില എന്നിവയ്ക്ക് സഹായിക്കുന്നു. ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ഇന്‍സുലിന്‍ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ക്ലോറോജെനിക് ആസിഡ് പോലുള്ള സംയുക്തങ്ങള്‍ മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജ നില സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്ന ബി-വിറ്റാമിനുകള്‍, മഗ്നീഷ്യം, പോളിഫെനോളുകള്‍ എന്നിവ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച തലച്ചോറിന്റെ പ്രവര്‍ത്തനം, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയ്ക്ക് സഹായിക്കുന്നു. ക്വെര്‍സെറ്റിന്‍, കെംഫെറോള്‍ തുടങ്ങിയ പോഷകങ്ങള്‍ വീക്കം കുറയ്ക്കാനും സ്വാഭാവിക വിഷവിസര്‍ജ്ജന പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനും ദഹനത്തിനും ഉപാപചയ ആരോഗ്യത്തിനും ഗുണം ചെയ്യും. മുരിങ്ങ ഗ്ലൈക്കേഷനെ ചെറുക്കുകയും കൊളാജനെ സംരക്ഷിക്കാന്‍ സഹായിക്കുകയും ഉള്ളില്‍ നിന്ന് സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്*
സന്യാസി പതിവുപോലെ തന്റെ പൂജാമുറിയില്‍ കയറിയപ്പോള്‍ അവിടെ ഇരുന്ന തന്റെ സ്വര്‍ണ്ണത്തളിക കാണാനില്ല. തന്റെ ശിഷ്യരില്‍ ആരെങ്കിലും ആയിരിക്കും അതു എടുത്തതെന്ന് അദ്ദേഹത്തിനു ഉറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും അതു തന്നോടു രഹസ്യമായി പറയുവാന്‍ ഗുരു ശിഷ്യരോടു നിര്‍ദ്ദേശിച്ചു. എന്നാല്‍, അന്നു രാത്രി, എല്ലാവരുടെയും മുമ്പില്‍ വെച്ച്, ഒരു ശിഷ്യന് ഗുരുവിന്റെ കാല്ക്കല് വീണു ക്ഷമ ചോദിച്ചു. ഗുരു അവനോടു ചോദിച്ചു: 'നീ എന്തിനാണ് പരസ്യമായി ക്ഷമ ചോദിച്ചത്?'. 'ഇതു ഞാന്‍ പരസ്യമായി ചെയ്തില്ലെങ്കില്‍, എല്ലാവരും പരസ്പരം സംശയിക്കും. അത് ആശ്രമത്തിന്റെ കെട്ടുറപ്പിനെ ബാധിക്കും'' എന്നായിരുന്നു ശിഷ്യന്റെ മറുപടി. ഗുരു ആ ശിഷ്യനെ മുക്തകണ്ഠം പ്രശംസിച്ചു; അനുഗ്രഹിച്ചു. അയാള്‍ പിന്നീട് ഒരു ഗുരുവായി മാറി. തെറ്റു പറ്റുകയും തിരുത്തുകയും ചെയ്യുന്നവര്‍ക്കു മാത്രമേ, പില്ക്കാലത്തു ഗുരു ആകാനുള്ള യഥാര്‍ത്ഥ യോഗ്യത സിദ്ധിക്കൂ. അവര്‍ക്കു മാത്രമേ വീണവന്റെ മനസ്സറിയാന്‍ പറ്റൂ. വീണിടത്തു നിന്ന് എഴുന്നേല്‍ക്കേണ്ടത് എങ്ങനെ എന്നും, തിരിച്ചു നടക്കേണ്ടത് എ്ങ്ങനെയെന്നും പറഞ്ഞു കൊടുക്കാനും കഴിയൂ. കുറ്റപ്പെടുത്തുന്നവരല്ല, കുറ്റമറ്റവരാകുവാന് മറ്റുളവര്‍ക്കു വഴികാട്ടിയായി തീരുന്നവര്‍ക്ക് മാത്രമേ, ഗുരു ആകാനാകൂ. ചെയ്യുന്ന തെറ്റുകള്‍ ഏറ്റു പറയാന്‍ ആകണമെങ്കില്‍, ധാര്‍മ്മിക ധൈര്യം വേണം. അവ പരിഹരിക്കാന്‍ ആകണമെങ്കില്‍ അതിനുള്ള ചങ്കൂറ്റവും. തെറ്റു ചെയ്യുന്നതിനേക്കാള്‍ ഏറെ മുന്നൊരുക്കവും മനോബലവും വേണം, ചെയ്ത തെറ്റ് ഏറ്റുപറയാനും തിരുത്തുവാനും. ഏറെ ആര്ജ്ജവമുള്ളവര്ക്കു മാത്രമേ അത് സാധ്യമാകൂ- ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment