o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾ നടി ആക്രമിക്കപ്പെട്ട കേസിലെ 1711 പേജുള്ള വിധിപകര്‍പ്പ് പുറത്ത്. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാല്‍ ദിലീപ് പള്‍സര്‍ സുനിക്ക് പണം നല്‍കി, ഒരു ക്വട്ടേഷന്‍ ആയി ഈ കൃത്യം നിര്‍വഹിച്ചു തുടങ്ങിയ പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം കോടതി പൂര്‍ണമായും നിരാകരിച്ചു. ഇതുസംബന്ധിച്ച് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ തെളിവുകളെല്ലാം കോടതി തള്ളിക്കളഞ്ഞു



2025 | ഡിസംബർ 13 | ശനി 

1201 | വൃശ്ചികം 27 |  അത്തം 

📰😍📰☹️📰🤔📰😳📰🤭📰

.


◾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും. ആദ്യഫലം രാവിലെ 8.30നും പൂര്‍ണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.


◾ നടി ആക്രമിക്കപ്പെട്ട കേസിലെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. എന്നാല്‍ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാല്‍ മതി. അത് പ്രകാരം ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ എന്നിവര്‍ 13 വര്‍ഷവും മൂന്നാംപ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് എന്നിവര്‍ക്ക് 16 വര്‍ഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവര്‍ക്ക് 18 വര്‍ഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസില്‍ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആര്‍ക്കുമില്ല. ആറ് പ്രതികളെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. 


◾ നടിയെ ആക്രമിച്ച കേസില്‍ കൂട്ടബലാത്സംഗ കുറ്റം തെളിഞ്ഞതിന് പിന്നാലെ ശിക്ഷിക്കപ്പെട്ട ആറ് പേരില്‍ ആദ്യം ജയിലില്‍ നിന്ന് പുറത്തിറങ്ങുക ഒന്നാം പ്രതി പള്‍സര്‍ സുനി. ആറാം പ്രതി പ്രദീപ് അവസാനമാണ് പുറത്തിറങ്ങുക. വിചാരണ തടവുകാരായി എല്ലാ പ്രതികളും ജയിലില്‍ കഴിഞ്ഞതിനാല്‍, ഈ തടവുകാലം ശിക്ഷാ വിധിയില്‍ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.


◾ നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാര്‍. പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ശിക്ഷാവിധിയെന്നും അഡ്വ. അജകുമാര്‍ പറഞ്ഞു. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ലെന്നും അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ശിക്ഷയില്‍ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ലെന്നും പ്രോസിക്യൂഷന്റെ അവകാശമാണെന്നും വിചാരണയ്ക്കിടയില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പറയേണ്ട സ്ഥലങ്ങളില്‍ പറയുമെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.


◾ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും കേസിന്റെ തുടക്കം മുതല്‍ മഞ്ജുവാര്യര്‍ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തിയതും അതാണെന്നും ഒന്നാംപ്രതിയും അതാണ് പറഞ്ഞതെന്നും പ്രേംകുമാര്‍ പറഞ്ഞു. അതിജീവിതയും ക്വട്ടേഷന്‍ നടന്നു എന്നാണ് പറഞ്ഞതെന്നും ക്വട്ടേഷന്‍ എങ്കില്‍ അതില്‍ ഗൂഢാലോചന ഉണ്ടാകുമല്ലോയെന്നും ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാര്‍ പ്രതികരിച്ചു.


◾ നടി ആക്രമിക്കപ്പെട്ട കേസില്‍ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇത്രയും വലിയ പ്രമാദമായ കേസില്‍ നല്‍കിയ ശിക്ഷയില്‍ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.


◾ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.


◾ നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍, പാസ്‌പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നത്.


◾ നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് നിയമമന്ത്രി പി രാജീവ്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വിധിയുടെ പൂര്‍ണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധി. വിധി പകര്‍പ്പ് കിട്ടിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേര്‍ത്തു.


◾ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരായെന്നും അപ്പീല്‍ പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അമ്മയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.


◾ നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. നിയമത്തിന് മുന്നില്‍ ഇത് ചെയ്തവരെല്ലാവരും നിഷ്‌കളങ്കരും അവള്‍ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാഗ്യലക്ഷ്മി   പ്രതികരിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.


◾ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ല. നീതി നടപ്പായിട്ടില്ലെന്നും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും കമല്‍ പറഞ്ഞു.


◾ 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19-ന് സമാപിക്കും. 


◾ 2027 ലെ സെന്‍സസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവില്‍ സെന്‍സസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്.  2027 മാര്‍ച്ച് ഒന്ന് ആയിരിക്കും സെന്‍സസിനുള്ള റഫറന്‍സ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലില്‍ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാര്‍ച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്റെ പരിശോധന നടക്കും. ജാതി സെന്‍സസും 2027 സെന്‍സസിനൊപ്പം നടത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


◾ ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.


◾ ശബരിമല സ്വര്‍ണകൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നല്‍കിയില്ല. ഇന്ന് നാലു മണിക്കാണ് എസ്ഐടിയുടെ ഈഞ്ചക്കല്‍ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരാകുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഹരിപ്പാട് മണ്ഡലത്തില്‍ വൈകുന്നേരത്തോടെ എത്താനുള്ളതിനാല്‍ മൊഴി നല്‍കാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാല്‍ അന്നും മാറിയിരുന്നു.


◾ കണ്ണൂര്‍ വേങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്റിനെയും ക്രൂരമായി മര്‍ദിച്ച് മുഖംമൂടി സംഘം. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി പുറത്തുവന്നിരുന്നു.


◾ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വേങ്ങാട് പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയേയും പ്രവര്‍ത്തകരെയും ആക്രമിച്ച സി.പി.എമ്മുകാരെഅടിയന്തരമായി അറസ്റ്റ്‌ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും നാട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരേ അക്രമം തുടരാനാണ് തീരുമാനമെങ്കില്‍ അതേനാണയത്തില്‍ തിരിച്ചടിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടും അക്രമവും നടത്തി ജാനധിപത്യത്തെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും  സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് ഒരുപറ്റം പോലീസ് ഉദ്യോഗസ്ഥരും ചില സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനില്‍ക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്പറഞ്ഞു.


◾ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാല്‍സംഗം കേസുകള്‍ അന്വേഷിക്കാന്‍ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചിരുന്ന ആദ്യ കേസും എസ്പി പൂങ്കുഴലിക്ക് കൈമാറി. തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയെന്നാണ് ആദ്യ കേസ്. ഈ കേസാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറിയത്.  


◾ നടന്‍ വിജയിയുടെ റാലില്‍ ഉണ്ടായ ആള്‍ക്കൂട്ടദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി നടപടികളില്‍ സംശയം ഉന്നയിച്ച് സുപ്രീം കോടതി. കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിലും വാദംകേള്‍ക്കുന്നതിലും മദ്രാസ് ഹൈക്കോടതിയില്‍ 'തെറ്റായി എന്തോ സംഭവിക്കുന്നെ'ന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.


◾ 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടി അധ്യക്ഷന്‍ വിജയിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം പ്രമേയം പാസാക്കി. വിജയിയുടെ നേതൃത്വത്തെ പിന്തുണയ്ക്കാന്‍ തയ്യാറുള്ള പാര്‍ട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കാനും തമിഴക വെട്രി കഴകം തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ടി.വി.കെ.യുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.


◾ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് വര്‍ഷം മുഴുവനും പരിധി ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹന്‍ നായിഡു. സീസണ്‍ അനുസരിച്ച് ടിക്കറ്റ് ഡിമാന്‍ഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രധാനപ്പെട്ട ഉത്സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.


◾ ഗോവയിലെ നിശാ ക്ലബില്‍ തീപിടുത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്നും ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട്. ബെല്ലി ഡാന്‍സ് നടത്തിയവരാണ് പ്രതികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു. അതേസമയം ഗോവ പൊലീസ് ഉടന്‍ സിബിഐയുടെ സഹായത്തോടെ തായിലന്റിലെത്തി പ്രതികളായ ഉടമകളെ കസ്റ്റഡിയിലെടുക്കും.


◾ കേന്ദ്രമന്ത്രിമാര്‍ ആരും സഭയിലെത്താത്തതിനാല്‍ ഇന്നലെ രാജ്യസഭ രാവിലെ തടസപ്പെട്ടു. പാര്‍ലമെന്റി ആക്രമണത്തിന്റെ ഓര്‍മ്മ പുതുക്കി, ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് പിന്നാലെ സഭ ചട്ടപ്രകാരമുള്ള നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ ആരും സഭയില്‍ എത്തിയില്ലെന്ന് വ്യക്തമായത്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഉപരാഷ്ട്രപതി ഒരു സഹമന്ത്രിയോട് കാബിനറ്റ് പദവിയുള്ള മന്ത്രിയോട് സഭയിലെത്താന്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം കാബിനറ്റ് മന്ത്രിയില്ലാതെ സഭാ നടപടി ചേരാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ടതോടെ സഭ നിര്‍ത്തിവച്ചു.


◾ പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുബീന്റെ സിംഗപ്പൂരിലെ പരിപാടി സംഘാടകന്‍ ശ്യാംകാനു മഹന്ത, മാനേജര്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ, ബാന്‍ഡ് അംഗങ്ങളായ ശേഖര്‍ ജ്യോതി ഗോസാമി, അമൃത് പ്രഭ മഹന്ത എന്നിവര്‍ക്കതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


◾ കാനഡയിലെ മിസ്സിസാഗയിലെ വിവിധ മെഡിക്കല്‍ ക്ലിനിക്കുകളിലെ വനിതാ ഡോക്ടര്‍മാര്‍ക്കും വനിതാ ജീവനക്കാര്‍ക്കും മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച് 25 വയസ്സുള്ള ഇന്ത്യന്‍ വംശജനായ വൈഭവ് എന്ന യുവാവിനെ പീല്‍ റീജിയണല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇത്തരത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതായി പൊലീസിന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയായ വൈഭവ്, വ്യാജമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് നടിച്ചാണ് ക്ലിനിക്കുകളില്‍ എത്തിയിരുന്നത്.


◾ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഡൊണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, നടന്‍ വൂഡി അലന്‍ തുടങ്ങിയരുടെ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്ത് വന്നത്. ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് 19 ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പുറത്ത് വന്ന ചിത്രങ്ങളില്‍ മൂന്നെണ്ണത്തിലാണ് ട്രംപിനെ കാണാന്‍ സാധിക്കുന്നത്. ഏതാനും സ്ത്രീകള്‍ക്കൊപ്പമുള്ള ട്രംപിന്റെ ചിത്രവും എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്ത് വന്നവയിലുണ്ട്. ബില്‍ ഗേറ്റ്സിന്റെ രണ്ട് ചിത്രമാണ് പുറത്ത് വന്നത്.


◾ ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചു. 2025 നവംബര്‍ 11 നും ഡിസംബര്‍ 10 നും ഇടയിലുള്ള ഒരു മാസത്തിനിടെ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി എല്‍ഐസി 3.89 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഇത് കമ്പനിയിലെ മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 2.007% വരും. ഈ വില്‍പ്പനയ്ക്ക് ശേഷം, അദാനി പോര്‍ട്ട്‌സിലെ എല്‍ഐസിയുടെ ഓഹരി 9.35 ശതമാനം എന്നതില്‍ നിന്ന് 7.34 ശതമാനം ആയി കുറഞ്ഞു. നിലവില്‍ അദാനി പോര്‍ട്ട്‌സിലെ 15.86 കോടി ഓഹരികളാണ് എല്‍ഐസിയുടെ കൈവശമുള്ളത്. അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളില്‍ ഏഴെണ്ണത്തിലും എല്‍ഐസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ എസിസി (9.95%), അംബുജ സിമന്റ്സ് (7.31%) എന്നിവയിലാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ് (4.16%), അദാനി എനര്‍ജി സൊല്യൂഷന്‍സ് (3.42%), അദാനി ഗ്രീന്‍ എനര്‍ജി (1.30%), അദാനി ടോട്ടല്‍ ഗ്യാസ് (6.02%) എന്നിവയാണ് എല്‍.ഐ.സി ക്ക് ഓഹരി പങ്കാളിത്തമുളള മറ്റ് അദാനി കമ്പനികള്‍.


◾ നടന്‍ വിദ്യുത് ജംവാല്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. കിറ്റാകോ സകുരായ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ഫൈറ്ററിലൂടെയാണ് വിദ്യുതിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ടീസര്‍ എത്തി. കാപ്കോമിന്റെ വിഡിയോ ഗെയിം സീരീസായ സ്ട്രീറ്റ് ഫൈറ്ററിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമ 2026 ഒക്ടോബര്‍ പതിനാറിന് പുറത്തിറങ്ങും. വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേസണ്‍ മൊമൊവ, നോഹ സെന്റിനിയോ, കലിന ലിയാങ്, ആന്‍ഡ്രൂ കോജി, റോമന്‍ റെയിന്‍സ്, ഡേവിഡ് ഡാസ്റ്റ്മാല്‍ചിയന്‍, കോഡി റോഡ്സ്,ആന്‍ഡ്രൂ ഷൂള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ധല്‍സിം എന്ന കഥാപാത്രത്തെയാണ് വിദ്യുത് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് താരമെത്തുന്നത്. ടീസറിനൊപ്പം വിദ്യുത് ജംവാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. പെട്ടെന്ന് മനസിലാകാത്ത വിധത്തിലാണ് സ്ട്രീറ്റ് ഫൈറ്ററില്‍ വിദ്യുത് ജംവാലുള്ളത്. തല മൊട്ടയടിച്ച് കഴുത്തിലും കയ്യിലും കാലിലും ആഭരണങ്ങളുമായാണ് വിദ്യുത് ചിത്രത്തിലെത്തുന്നത്.


◾ ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷെയ്ന്‍ നിഗം നായകനായ 'ഹാല്‍' പ്രേക്ഷകരിലേക്ക്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഒടുവില്‍ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി എത്തുന്ന ചിത്രം ജെ വി ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഹാലിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. തിങ്ക് മ്യൂസിക്കാണ് മ്യൂസിക് പാര്‍ട്നര്‍.


◾ ഇയര്‍എന്‍ഡ് ഓഫറുകള്‍ പ്രഖ്യാപിച്ച് കിയയുടെ കേരളത്തിലെ ഏറ്റവും വലിയ ഡീലറായ ഇഞ്ചിയോണ്‍ കിയ. ഈ ഓഫര്‍ കാലയളവില്‍, നിലവിലുള്ള ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമെ, കിയ സെല്‍റ്റോസ് 1.46 ലക്ഷം രൂപ വരെയും സിറോസ് 1.18 ലക്ഷം രൂപ വരെയും അധിക ആനുകൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. കൂടാതെ, ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും അധിക ആനുകൂല്യങ്ങള്‍ ലഭ്യമാണ്. കിയ സോണറ്റിന് ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമെ 58,750 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഈ കാലയളവില്‍ ലഭിക്കുന്നതാണ്. ഈ ഓഫറുകള്‍ 2025 ഡിസംബര്‍ 31 വരെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാകും.


◾ ബിംബു എന്ന രാക്ഷസന്‍ മനുഷ്യലോകത്തുനിന്നും മോഷ്ടിച്ചെടുത്ത അനേകം സ്‌നേഹവാക്കുകളെ ആ രാക്ഷസന്റെ താവളത്തില്‍ ചെന്ന് മോചിപ്പിച്ചുകൊണ്ടുവരുന്ന ബുദ്ധിമതികളായ പെണ്‍കുട്ടികള്‍, അത്യാര്‍ത്തിയാല്‍ തന്റെ കപ്പലിലെ അളവറ്റ സമ്പത്തിനൊപ്പം കടലിന്റെ അടിത്തട്ടിലേക്കു താണുപോയ കടല്‍ക്കൊള്ളക്കാരന്‍ ജാക്ക്, കണക്കു ക്ലാസിലെ കുട്ടികളെ മിടുക്കരാക്കാന്‍ ടീച്ചറുടെ തന്ത്രപ്രകാരം മണ്ടനായി അഭിനയിക്കുന്ന അതിബുദ്ധിമാനായ ജിനു, ആയിരക്കണക്കിനു വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചത്തിനും ഭൂമിക്കും ഉണ്ടായ മാറ്റങ്ങള്‍ക്കൊപ്പം കുഞ്ഞന്‍ ജീവികളായി മാറിപ്പോയ ദിനോസറുകള്‍, എല്ലാ കലഹങ്ങള്‍ക്കും കാരണം കോപമാണെന്ന് രാം സേഠ് എന്ന കച്ചവടക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന സന്ന്യാസി... തുടങ്ങി നിരവധി കഥാപാത്രങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍. അറിവും ഭാവനയും നന്മയും സ്‌നേഹവും കൗതുകവുമെല്ലാം വെളിച്ചംനല്‍കുന്ന വഴിയിലൂടെ കുട്ടികളെ കൈപിടിച്ചു നടത്തുന്ന മുപ്പത്തിയാറു കഥകള്‍. സന്തോഷ് വള്ളിക്കോടിന്റെ ഏറ്റവും പുതിയ കുട്ടിക്കഥാപുസ്തകം. 'പുസ്തകരാക്ഷസനും മറ്റു കഥകളും'. മാതൃഭൂമി ബുക്സ്. വില 123 രൂപ.


◾ ചര്‍മത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളര്‍ച്ചയാണ് അക്രോകോര്‍ഡോണ്‍സ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അര്‍ബുദത്തിന് കാരണമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. കഴുത്ത്, കക്ഷം, നാഭീപ്രദേശം, കണ്‍പോളകള്‍ തുടങ്ങിയ ചര്‍മത്തിന്റെ മടക്കുകള്‍ വരുന്ന ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചര്‍മത്തിന്റെ നിറമോ അല്‍പം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന്, ജനിതകം ഒരു ഘടകമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്. പാലുണ്ണി പലപ്പോഴും അര്‍ബുദ വളര്‍ച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാല്‍ പാലുണ്ണിയില്‍ പുതിയ വളര്‍ച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയില്‍ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാല്‍ ശ്രദ്ധിക്കണം.


*ശുഭദിനം*


നെപോളിയന്‍ ബോണാപാര്‍ട്ട് കുട്ടിയായിരുന്നപ്പോള്‍ അവന്റെ ആയ അവനെ വീടിന്റെ മുന്‍വശത്തുള്ള പൂന്തോട്ടത്തില്‍ ഒരു ഇരിപ്പിടത്തില്‍ ഇരുത്തി വീടിനകത്തേക്ക് പോയി. പെട്ടെന്ന് ഒരു കാട്ടുപൂച്ച തോട്ടത്തിലേക്ക് ചാടിക്കയറിവന്നു. അത് കുട്ടിയെ ഉപദ്രവിച്ചില്ലെങ്കിലും കുട്ടി പേടിച്ച് നിലവിളിച്ചു. വളര്‍ന്നുവന്നപ്പോള്‍ ഈ സംഭവം അദ്ദേഹം മറന്നുപോയെങ്കിലും അദ്ദേഹത്തിന്റെ ഉപബോധ മനസ്സില്‍ പൂച്ചകളെ കുറിച്ചുള്ള ഭയം പതിച്ചുവെച്ചിരുന്നു. പൂച്ചകളെ കാണുമ്പോള്‍ അറിയാതെ അദ്ദേഹം അസ്വസ്ഥനാകുമായിരുന്നുവത്രേ. അനേക യുദ്ധങ്ങള്‍ അനായാസമായി ജയിച്ചു പോന്നിരുന്ന നെപോളിയന്‍ വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെടാന്‍ കാരണം പൂച്ചകളാണെന്ന് പറയപ്പെടുന്നു. നെപോളിയന്‍ മുന്‍വശത്തുതന്നെ നിന്ന് തന്റെ പടയെ നയിക്കുകയായിരുന്നു. നെപോളിയന്റെ 'പൂച്ചപ്പേടി' അറിയാമായിരുന്ന ശത്രുസൈന്യത്തിന്റെ നേതാവ് വെല്ലിങ്ടണ്‍പ്രഭു 70ഓളം പൂച്ചകളെ തന്റെ സൈന്യത്തിന് മുന്നില്‍ നിരത്തി നിര്‍ത്തി. ഇതു കണ്ട നെപോളിയന്‍ പരിഭ്രാന്തനായി. അദ്ദേഹത്തിന് യുദ്ധം നയിക്കാന്‍ പറ്റാതെയായി. അദ്ദേഹം തന്റെ ജനറല്‍മാരോട് യുദ്ധം ചെയ്യാനാവശ്യപ്പെട്ട് യുദ്ധക്കളം വിട്ടുപോയി. നായകനില്ലാതെ, അനുയോജ്യമായ യുദ്ധതന്ത്രം മെനയാന്‍ പ്രാപ്തിയില്ലാതിരുന്ന, നെപോളിയന്റെ ഫ്രഞ്ച് സൈന്യം വാട്ടര്‍ലൂ യുദ്ധത്തില്‍ പരാജയപ്പെട്ടു. ഇത് പ്രചാരത്തിലുള്ള ഒരു കഥ മാത്രമാണ്.  ഉപബോധ മനസ്സില്‍ പതിഞ്ഞിരിക്കുന്ന ഒരു വികാരത്തെ എളുപ്പത്തില്‍ നമുക്ക് മായ്ച്ചുകളയാനാകില്ല. ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ അവ പുറത്തുവരും. അത്തരം വികാരങ്ങളെ ഒഴിവാക്കാന്‍  നാം നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഒരു സംഭവത്തെയോ വസ്തുവിനെയോ അവസ്ഥയെയോ നമ്മള്‍ എത്രകണ്ടു ഭയപ്പെടുന്നുവോ, അത്രകണ്ട് ഭയം നമ്മില്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഭാവിയില്‍ എന്ത് സംഭവിക്കും എന്ന ഭയം മൂലം ജീവിതത്തില്‍ തോറ്റു പോകുന്നവരേറെയാണ്. ഭയം ഒരു മാനസിക പ്രതിസന്ധി മാത്രമാണ്. നമ്മള്‍ അരുതാത്തതൊന്നും ചെയ്തിട്ടില്ലെങ്കില്‍ ഒന്നിനേയും ഭയപ്പെടേണ്ട കാര്യമില്ല.  മനസ്സില്‍ നിശ്ചയ ദാര്‍ഢ്യമുണ്ടായാല്‍ അനാവശ്യമായ ഭയം നമ്മെ ബാധിക്കുകയില്ല. - *ശുഭദിനം.* 🙏🏼❣️


Post a Comment

Previous Post Next Post