◾ കര്‍ണാടകത്തിലെ ശിവമൊഗ്ഗയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ വനിതാ എഎസ്ഐയുടെ മാല കവര്‍ന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് എഎസ്ഐ അമൃതയുടെ 5 പവന്‍ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സമരം സംഘടിപ്പിച്ചിരുന്നു
**
2025 | ഡിസംബർ 19 | വെള്ളി
1201 | ധനു 4 | തൃക്കേട്ട | ജ:ആഖിർ 28
➖➖➖➖➖➖➖➖
◾ പത്തുവര്‍ഷം എന്‍ ഡി എയ്ക്കൊപ്പം നടന്നിട്ട് എന്തുകിട്ടിയെന്ന് ബി ഡി ജെ എസ് ആലോചിക്കണമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ഡി ജെ എസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാനായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വമ്പന്‍ തിരിച്ചടിക്ക് പിന്നാലെ മുന്നണി മാറ്റ ചര്‍ച്ചകള്‍ ബി ഡി ജെ എസില്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.
◾ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്‍ രാജ്യസഭയും പാസാക്കി. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. നേരത്തെ ബില്ലിനെതിരെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതേസമയം മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാന്‍ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാന്‍ വ്യക്തമാക്കി.
◾ സാധാരണക്കാരുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന വിഷയമാണിതെന്നും ഇവരെ ജനം വഴിയിലൂടെ നടക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങളെ പിച്ചക്കാരാക്കാനാണ് വിബി ജി റാം ജി ബില്‍ എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശില്‍നിന്നും ദില്ലിയിലേക്ക് വന്നതോടെ ശിവരാജ് സിംഗ് ചൗഹാന്‍ പാവങ്ങളെ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. എ പത്മകുമാറിനെതിരെ സംഘടനാ നടപടി സ്വീകരിക്കേണ്ടിയിരുന്നു. നടപടി എടുക്കാതിരുന്നത് എതിരാളികള്‍ക്ക് ആയുധമായെന്നും നടപടിക്ക് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുണ്ടായി. മുന്‍ എംഎല്‍എ - കെസി രാജഗോപാലന്‍ പഞ്ചായത്തില്‍ മല്‍സരിച്ചതിനെതിരെയും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. മത്സരം പ്രാദേശിക വിഭാഗീയതയ്ക്ക് കാരണമായെന്നാണ് വിമര്‍ശനം.
◾
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വഴി വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നവര്‍ 24.81 ലക്ഷം പേര്‍. പൂരിപ്പിച്ച് കിട്ടിയ മുഴുവന്‍ എന്യൂമറേഷന്‍ ഫോമുകളുടെയും ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായി. ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സൈബര്‍ പൊലീസിനെ സമീപിക്കും.
◾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ എല്‍ ഡി എഫിന് നിയമസഭയില്‍ 64 സീറ്റ് വരെ ലഭിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെയും മലപ്പട്ടം പഞ്ചായത്തിലെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ വോട്ട് കൂടി കണക്കാക്കിയാണ് എം വി ഗോവിന്ദന്റെ 64 സീറ്റ് പരാമര്‍ശം. ഇത് സൂചിപ്പിക്കുന്നത് എല്‍ ഡി എഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
◾ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്. എറണാകുളം നോര്‍ത്ത് എസ് എച്ച് ഒ ആയിരുന്ന പ്രതാപചന്ദ്രന്‍ ഗര്‍ഭിണിയായ ഷൈമോള്‍ എന്ന സ്ത്രീയുടെ മുഖത്തടിക്കുന്നതും നെഞ്ചത്ത് പിടിച്ച് തള്ളുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 2024 ല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
◾ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ നിലവില്‍ അരൂര്‍ എസ്എച്ച്ഒ ആയ സിഐ പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് നടപടിയെടുത്തത്. 2024ല്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പ്രതാപചന്ദ്രനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. 2024 ജൂണില്‍ നടന്ന സംഭത്തില്‍ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പരാതിക്കാരിക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്. എറണാകുളം നോര്‍ത്തില്‍ ബെന്‍ ടൂറിസ്റ്റ് ഹോം നടത്തുകയായിരുന്ന ഭര്‍ത്താവ് ബെന്‍ജോ ബേബിയെ അകാരണമായി പോലിസ് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിനാണ് ഗര്‍ഭിണിയായിരുന്ന ഷൈമോളെ എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ മര്‍ദ്ദിച്ചത്.
◾ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷനെന്നും ചോദിച്ച സതീശന്‍ എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്നും ആക്ഷേപിച്ചു. ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ്ടെന്നു വേണം കരുതാനെന്നും എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്നും സതീശന്‍ ആശങ്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസിനെ നിയന്ത്രിക്കാനുള്ള അധികാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിനും സി.പി.എമ്മിലെ ക്രിമിനല്‍- മാഫിയ കൂട്ടുകെട്ടിനും അടിയറവ് വച്ചതിന്റെ ദുരന്തഫലങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന മോഹം പരസ്യമാക്കി മുന്‍ അധ്യക്ഷന്‍ വി മുരളീധരനും രംഗത്ത്. കഴക്കൂട്ടം കേന്ദ്രീകരിച്ചാണ് തന്റെ പ്രവര്‍ത്തനമെന്നും വി മുരളീധരന്‍ പറഞ്ഞു.
◾ മുനമ്പം നിവാസികള്‍ക്ക് പോക്കുവരവ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അനുവദിക്കാനുളള എറണാകുളം ജില്ലാ കല്കടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുനമ്പത്തെ കൈവശക്കാരില്‍ നിന്ന് വസ്തു നികുതി ഇടാക്കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നിലെയാണ് പോക്കുവരവ് നടത്താമെന്നും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതിനെതിരായ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
◾ നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെ അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമം തുടരുന്നതിനെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഇത്തരം സാഹചര്യങ്ങളില്‍ സൈബര്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും സതീദേവി വ്യക്തമാക്കി.
◾ ആലപ്പുഴയില്‍ ഇരട്ടവോട്ടെന്ന് പരാതി. ആലപ്പുഴ നഗരസഭയിലെ വലിയമരം വാര്‍ഡില്‍ ജയിച്ച യുഡിഎഫിലെ ഷംന മന്‍സൂറിന് തൊട്ടടുത്തുള്ള വലിയ കുളം വാര്‍ഡിലും വോട്ടുണ്ടെന്നാണ് പരാതി. വിജയം റദ്ദാക്കണമെന്നും സത്യപ്രതിജ്ഞ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് വലിയമരം വാര്‍ഡില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പരാതി നല്‍കിയത്.
◾ പി ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ച് കെ സുധാകരന്‍. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നത് പരിഗണിച്ചുവെന്നും കോര്‍ കമ്മിറ്റിയില്‍ ഒരു പേര് മാത്രമാണ് പരിഗണിച്ചത് എന്നും സുധാകരനും പറഞ്ഞു. ജീവിതത്തില്‍ പാര്‍ട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയര്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി തലസ്ഥാന ഭരണം ബി ജെ പി പിടിച്ചെടുത്തതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സാമ്പത്തികപ്രതിസന്ധി ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഡ ശ്രമമെന്ന് ബി ജെ പി ജില്ലാ നേതൃത്വം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഫണ്ടില്‍ നിന്ന് 200 കോടി ട്രഷറിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതെന്നും തിരുവനന്തപുരം സിറ്റി ബി ജെ പി അധ്യക്ഷന്‍ കരമന ജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
◾ പോറ്റി പാരഡി ഗാനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി സിപിഎം. ഇന്നലത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വര്‍മയാണ് പരാതി നല്‍കുക. പാരഡി ഗാനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.
◾ തെരഞ്ഞെടുപ്പിന് സൂപ്പര്‍ ഹിറ്റായ പോറ്റി പാരഡി ഗാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പൂര്‍ണ പിന്തുണയറിയിച്ച് കോണ്‍ഗ്രസ്. കേരള പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് പാരഡി ഗാനശില്‍പ്പി ജിപി കുഞ്ഞബ്ദുള്ളയെ നേരിട്ട് വിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പിന്തുണറയറിയിച്ചത്. നിയമ പോരാട്ടത്തില്‍ എല്ലാ വിധ സഹായങ്ങളും ഉറപ്പുനല്‍കിയ അദ്ദേഹം പാട്ടെഴുതിയതിനെ അഭിനന്ദിക്കുകയും ചെയ്തു.
◾ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ വാര്‍ത്താ വിലക്ക് ഹര്‍ജി പിന്‍വലിക്കാന്‍ ബെംഗളൂരു കോടതിയില്‍ അപേക്ഷ നല്‍കി റിപ്പോര്‍ട്ടര്‍ ടി വി. ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗിള്‍, മെറ്റ എന്നിവ ഉള്‍പ്പെടെ 18 മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരെ ഒക്ടോബറില്‍ നലകിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
◾ ദൈവദാസന്‍ മോണ്‍സിഞ്ഞോര്‍ ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറ്റലിയില്‍ നേപ്പിള്‍സല്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസ വൈദികന്‍ ബെരാര്‍ദോ അത്തൊണ്ണയെയും, ഡൊമെനിക്ക കാതറീനയെയും ഇദ്ദേഹത്തോടൊപ്പം സഭ ധന്യരായി ഉയര്‍ത്തിയിട്ടുണ്ട്. സിറോ മലബാര്‍ സഭയിലെ പ്രധാന വ്യക്തിത്വമായിരുന്നു മോണ്‍സിഞ്ഞോര്‍ ജോസഫ് പഞ്ഞിക്കാരന്‍.
◾ പാലക്കാട് വാളയാറില്‍ മര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളന്‍ എന്ന് ആരോപിച്ചാണ് ഇയാളെ ചിലര്‍ മര്‍ദിച്ചതെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ബുധനാഴ്ച വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ കാസര്‍കോട്ടെ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികളുടെ മൊഴി. ഇതോടെ കാസര്‍കോട് സ്വദേശികള്‍ അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ ടി.പി. വധക്കേസ് പ്രതികളായ കൊടിസുനിക്കും, അണ്ണന്‍ സിജിത്തിനും വഴിവിട്ട പരോള്‍ ഉള്‍പ്പെടെയുള്ള സഹായംനല്‍കി കൈക്കൂലിവാങ്ങിയ ജയില്‍ ഡിഐജി എം.കെ. വിനോദ്കുമാറിനെ ഉടന്‍ സസ്പെന്‍ഡുചെയ്യും. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ നടപടി. അനധികൃത സ്വത്തുസമ്പാദനത്തിനുപുറമേ കൈക്കൂലിവാങ്ങിയതിനും ഇയാളുടെപേരില്‍ വിജിലന്‍സ് കേസെടുക്കും. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ജയില്‍ ഡിഐജിക്ക് ഗൂഗിള്‍പേവഴി കൈമാറിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
◾ കൊല്ലം തിരുമുല്ലവാരത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. മനയില്‍കുളങ്ങരയിലെ ആള്‍ത്താമസമില്ലാത്ത വീടിന് പുറകിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. മധ്യവയസിലുളള പുരുഷന്റെ അസ്ഥികൂടമാണെന്ന് പ്രാഥമിക നിഗമനം. വീടിരിക്കുന്ന സ്ഥലത്ത് തേങ്ങയിടാന്‍ വന്ന തൊഴിലാളിയാണ് അസ്ഥികൂടം കണ്ടത്. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
◾ സ്‌കൂളിലെ പെറ്റ് ഷോയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി വനം വകുപ്പ്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് റിപ്പോര്‍ട്ട് തേടിയത്. ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്‌കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായേക്കും. കലൂര്‍ ഗ്രീറ്റസ് പബ്ലിക് സ്‌കൂളിളിലാണ് പെറ്റ് ഷോ സംഘടിപ്പിച്ചത്.
◾ കലാപമുണ്ടാക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയതിന് കേസെടുത്ത് പൊലീസ്. കാസര്‍കോട് ചെറുവത്തൂരിലെ മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്തിനെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. വോട്ടെണ്ണലിന് പിന്നാലെ ചെറുവത്തൂര്‍ മടക്കരയില്‍ മുസ്ലിം ലീഗ് - സിപിഎം സംഘര്‍ഷം നടന്നിരുന്നു. ഇതിനിടയില്‍ തുരുത്തിയിലെ പള്ളി ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നഫീസത്ത് വാട്സ്ആപ്പ് വഴി നടത്തുകയായിരുന്നു.
◾ കേരളത്തിലെ എസ്ഐആറില്‍ തീയതി നീട്ടാന്‍ കമ്മീഷന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനം എടുക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. നിലവില്‍ 25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി എന്ന് കോടതിയെ അറിയിച്ചിരുന്നു.
◾ യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മനക്കൊടിയില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പില്‍ വീട്ടില്‍ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഭര്‍ത്താവായ മലപ്പുറം എടപ്പാള്‍ സ്വദേശി കളരിപറമ്പില്‍ ജിതിന്‍ പ്രകാശിനെ (24) തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിന്‍ പ്രകാശ് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഒരു കാല്‍ അറ്റ നിലയിലാണ്.
◾ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം പത്തുലക്ഷത്തോളമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 മുതല്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തില്‍പ്പരം ആളുകള്‍ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കി. സമ്പന്നരും ഉയര്‍ന്ന വൈദഗ്ധ്യമുള്ളവരുമായ ഇന്ത്യക്കാര്‍ക്കിടയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം.
◾ കരൂര്‍ ദുരന്തത്തിന് ശേഷമുള്ള തമിഴ്നാട്ടിലെ ആദ്യ ടിവികെ പൊതുയോഗത്തില്‍ ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്. പെരിയാറിന്റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികള്‍ ആണ് ഡിഎംകെ എന്ന് ഈറോഡിലെ പൊതുയോഗത്തില്‍ വിജയ് വിമര്‍ശിച്ചു. ബിജെപിക്ക് തമിഴ്നാട്ടില്‍ പ്രസക്തി ഇല്ലെന്നും വിജയ് തുറന്നടിച്ചു. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ക്കിടെയായിരുന്നു ടിവികെ പൊതുയോഗം. അണ്ണാദുരൈയും എംജിആറും ആരുടേയും സ്വകാര്യ സ്വത്ത് അല്ലെന്ന് പറഞ്ഞ വിജയ് പെരിയാറിന്റെ പേരു പറഞ്ഞ് നാടിനെ കൊള്ളയടിക്കുന്ന ഡിഎംകെ ടിവികെയുടെ രാഷ്ട്രീയ എതിരാളികള്‍ ആണെന്നും വ്യക്തമാക്കി.
◾ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ന് പ്രഖ്യാപിക്കാനിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം മാറ്റിവെച്ചത്. കാരണം വ്യക്തമാക്കാതെയാണ് പുരസ്‌കാര പ്രഖ്യാപനം നീട്ടിവെച്ചത്.
.
◾ വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചര്‍ച്ചയ്ക്കിടെയുള്ള പ്രതിപക്ഷത്തിന്റെ പെരുമാറ്റം അപകീര്‍ത്തികരമെന്ന് വിമര്‍ശിച്ച് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. കോണ്‍ഗ്രസ് എംപിമാരുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും നടപടികളെ അദ്ദേഹം ഗുണ്ടാരാജുമായി താരതമ്യം ചെയ്യുകയും ചെയ്തു.
◾ മുസ്ലീം വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുനീക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡോക്ടറോട് നിരുപാധികം മാപ്പ് പറയണമെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. പര്‍ദ്ദ എന്ന ആശയത്തോട് താന്‍ ശക്തമായി വിയോജിക്കുന്ന ആളാണെങ്കിലും നിതീഷ് കുമാറിന്റെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' സമ്മാനിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. എലിസബത്ത് രാജ്ഞി, നെതര്‍ലാന്‍ഡ്സിലെ മാക്‌സിമ രാജ്ഞി, ജപ്പാന്‍ ചക്രവര്‍ത്തി അക്കിഹിതോ, നെല്‍സണ്‍ മണ്ടേല, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖര്‍.
◾ ജനസംഖ്യാ വര്‍ധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയില്‍ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതല്‍ കോണ്ടം, ഗര്‍ഭനിരോധന ഗുളികകള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് 13% വില്‍പ്പന നികുതി ഏര്‍പ്പെടുത്താന്‍ ചൈന ഒരുങ്ങുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് തടയുന്നതിനും പ്രായമാകുന്നവരുടെ ജനസംഖ്യ വര്‍ധനവിന്റെയും തൊഴില്‍ ശക്തി കുറയുന്നതിന്റെയും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതാണ് നടപടി.
◾ ചൈന ജനസംഖ്യ കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ ജനസംഖ്യ കുറയ്ക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. 60 ലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും ജനിക്കുന്ന പാക്കിസ്ഥാനില്‍ പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വര്‍ധിക്കുന്നത് വലിയ തിരിച്ചടിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാന്‍ അനുവദിക്കണമെന്നും പാക്കിസ്ഥാന്‍ ഐഎംഎഫിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് ഐഎംഎഫ്.
◾ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ ലോകത്തെ അമ്പരപ്പിക്കുന്ന നീക്കം. തായ്വാനുമായി ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 11.1 ബില്യന്‍ ഡോളര്‍ അഥവാ ഒരു ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ആയുധ ഇടപാടാണ് അമേരിക്ക പ്രഖ്യാപിച്ചത്.
◾ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാമത്തേയും അവസാനത്തേയും ട്വന്റി20 മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍. കഴിഞ്ഞ മത്സരം കനത്ത മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിച്ചിരുന്നു. നിലവില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.
◾ ഇന്ത്യന്‍ ലഘുഭക്ഷണ വിപണിയിലെ മുന്‍നിരക്കാരായ ഹാല്‍ദിറാംസുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് ആഗോള നിക്ഷേപ സ്ഥാപനമായ എല്‍ കാറ്റര്‍ട്ടണ്‍. ഈ പുതിയ നിക്ഷേപത്തിലൂടെ ഹാല്‍ദിറാംസിന്റെ ആഗോള സാന്നിധ്യം ശക്തമാക്കാനും ഉല്‍പ്പന്ന നിര വിപുലീകരിക്കാനുമാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. ഉപഭോക്തൃ കേന്ദ്രീകൃത നിക്ഷേപങ്ങളില്‍ ലോകപ്രശസ്തരായ എല്‍ കാറ്റര്‍ട്ടണ്‍ ഹാല്‍ദിറാംസിന്റെ ബ്രാന്‍ഡ് നിര്‍മ്മാണം, വിതരണ ശൃംഖല മെച്ചപ്പെടുത്തല്‍ എന്നിവയില്‍ വലിയ പങ്കുവഹിക്കും. എല്‍ കാറ്റര്‍ട്ടണ്‍ എത്ര തുകയാണെന്ന് നിക്ഷേപിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മെഹ്ത എല്‍ കാറ്റര്‍ട്ടണിന്റെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ 1,000 കോടി ഡോളറിലധികം വിപണി മൂല്യമുള്ള ഹാല്‍ദിറാംസ് ഇതിനകം തന്നെ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടെമാസെക്, ആല്‍ഫ വേവ് ഗ്ലോബല്‍ തുടങ്ങിയ പ്രമുഖ നിക്ഷേപകരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ട്.
◾ പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ 'രാജാസാബി'ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. 'സഹാന..സഹാന' എന്ന പ്രണയഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസും നിധി അഗര്‍വാളുമാണ് ഗാനരംഗത്തിലുള്ളത്. സംഗീതസംവിധായകന്‍ തമന്‍ ഒരുക്കിയ ഗാനം വിശാല്‍ മിശ്രയും തമന്‍ എസും ശ്രുതി രഞ്ജനിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. നിര്‍മ്മല്‍ എം.ആര്‍ ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിലെ 'റിബല്‍ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് പ്രണയഗാനം പുറത്തുവിട്ടത്. മാരുതി സംവിധാനം ചെയ്യുന്ന ദ രാജാസാബ് ഹൊറര്‍ കോമഡി ഫാന്റസി ചിത്രമാണ്. നിധി അഗര്‍വാള്‍ നായികയാകുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, മാളവിക മോഹന്‍, റിദ്ധി കുമാര്‍ എന്നിവരുമെത്തും. ജനുവരി ഒമ്പതിനാണ് റിലീസ്. പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെലുങ്കിന് പുറമേ മലയാളം ,തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്യും.
◾ ഹാഫ് ലൈറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നന്ദു പാലക്കാട് നിര്‍മ്മിച്ച് സുനില്‍ പുള്ളോട് തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന 'കരിമി' എന്ന ഫാന്റസി ചിത്രത്തില്‍ പുതുമുഖം ആര്‍ദ്ര സതീഷ് നായികയാവുന്നു. ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി കഴിവുറ്റ അഭിനേതാക്കളും മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നു. കുട്ടികളുടെ ലോകത്തെയും അവരുടെ സ്വപ്നങ്ങളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ ഒരുക്കുന്ന ഈ സിനിമ, ബാല്യം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. അത്ഭുതവും സാഹസികതയും സൗഹൃദവും ചേര്‍ത്തൊരുക്കുന്ന കരിമി എന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment