o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾ ശബരിമല കട്ടിളപ്പാളിയില്‍ സ്വര്‍ണമില്ലെന്ന് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍. വാസു ഹൈക്കോടതിയില്‍. ദേവസ്വം രേഖകളില്‍ സ്വര്‍ണം പൂശിയതായോ പൊതിഞ്ഞതായോ ഇല്ലെന്ന് ഹൈക്കോടതിയില്‍ വാസുവിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്‍. വാസുവിന്റെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദങ്ങള്‍ നടക്കവേയാണ് അഭിഭാഷകന്‍ ഇത്തരമൊരു വാദവുമായി എത്തിയത്.

2025 | ഡിസംബർ 16 | ചൊവ്വ 

1201 | ധനു 1  |  ചോതി |ജ:ആഖിർ 25


◾ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര്. പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം. ബില്ലിനെ ദി വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്നാണ് വിളിക്കുന്നത്. ചുരുക്കി വിബി ജി റാം ജി എന്ന് വിളിക്കുന്നു. വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച ദേശീയ തൊഴിലുറപ്പ് പദ്ധതി 2009ലാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി മാറ്റിയത്. നിലവില്‍ 100 ദിവസം ഉറപ്പ് നല്‍കുന്ന ജോലി 125 ആയി ഉയര്‍ത്താനാണ് പുതിയ ബില്ലിലെ നിര്‍ദേശം.


◾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധി. പദ്ധതിയുടെ ഭാഗമായ എല്ലാ സൗകര്യങ്ങളും മെച്ചപ്പെടുത്തുമ്പോഴും സര്‍ക്കാര്‍ പേരുമാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു.


◾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റാനുള്ള യൂണിയന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിര്‍വീര്യമാക്കാനാണ് യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമം.സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണെന്നും തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.


◾ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ ജി-റാം-ജി ബില്ലിലൂടെ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെച്ചൊല്ലിയുള്ള വിവാദം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ലെന്നും മറിച്ച്, ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നു അവയെന്നും ഇല്ലാത്ത ഒരു ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ നമുക്ക് അനാദരിക്കാതിരിക്കാമെന്നും തരൂര്‍ കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


◾ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് തിരിച്ചടി അല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ കമ്മിറ്റികള്‍ ഈ മാസം തന്നെ ചേരുമെന്നും തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


◾ തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ തോല്‍വി സംബന്ധിച്ചുള്ള അവലോകനത്തില്‍ തോല്‍വി അംഗീകരിച്ച് തിരുത്തി മുന്നോട്ടുപോകുമെന്ന് ചില നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ സിപിഎം രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് പറയുന്നത് തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ വോട്ട് കൂടി എന്നാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താണ് ബ്രിട്ടാസ് ഈ കണക്ക് മുന്നോട്ടുവയ്ക്കുന്നത്.


◾ സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം അലയടിച്ചിട്ടുണ്ടെന്നും അതുകാണാതെ മുന്നോട്ടുപോകാനാകില്ലെന്നും സിപിഐ. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിലാണ് പാര്‍ട്ടി പാര്‍ട്ടി സംസ്ഥാന നിര്‍വാഹകസമിതിയുടെ ഈ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎമ്മിന്റേതിന് വിരുദ്ധമായ നിലപാടിലാണ് സിപിഐ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മുഖ്യമന്ത്രി കാണിച്ച മനോഭാവം കാരണം ന്യൂനപക്ഷവോട്ടുകളില്‍ വലിയ ചോര്‍ച്ചയാണ് സംഭവിച്ചതെന്നും വര്‍ഗീയപരാമര്‍ശം നടത്തിയ ആളെ കൂടെക്കൊണ്ടുനടന്നത് മുസ്ലിം ന്യൂനപക്ഷത്തെ ഇടതുപക്ഷത്തുനിന്ന് അകറ്റാന്‍ കാരണമായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ഏകപക്ഷീയമാണെന്നും ഇത് മുന്നണിയെ ബാധിക്കുന്നതാണെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.


◾ പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭൂരിപക്ഷ സമുദായക്കാര്‍ പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷക്കാര്‍ പറയുന്നത് മതേതരത്വവുമാണെന്ന മട്ടില്‍ പ്രചാരണം നടത്തുന്നതാണ് അപകടമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 24 മണിക്കൂറും വര്‍ഗീയത പ്രസംഗിക്കുന്ന ലീഗിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് അവരുടെ വ്യക്തിത്വം നശിപ്പിക്കുകയാണെന്നും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന വലിയ പാരമ്പര്യത്തിനുടമകളാണ് കോണ്‍ഗ്രസെന്ന് ഇപ്പോഴത്തെ നേതാക്കള്‍ തിരിച്ചറിയുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.


◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്തത് യുഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു. എറണാകുളത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾ തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിക്കില്ല. ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ ഉണ്ടാക്കുന്ന സഖ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് തീരുമാനം. ചെയര്‍മാന്‍ പദവിയിലേയ്ക്ക് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു.


◾ ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും.


◾ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനഞ്ചാം ധനകാര്യകമ്മിഷന്‍ ഗ്രാന്റിന്റെ ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 260.20 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങള്‍ക്ക് കീഴില്‍ പ്രത്യേക പ്രാദേശിക ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാവുന്ന തുകയാണിത്.


◾ മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്.


◾ നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരായ എതിരായ സൈബര്‍ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടല്‍ ആവശ്യപ്പെട്ട് നിവേദനം. കേരള ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ച് നിവേദനം നല്‍കിയത്. ജഡ്ജിയെ പരസ്യമായി അപമാനിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.


◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ പിശക് ഉണ്ടെന്ന പരാതിയുമായി രാഷ്ട്രീയ കക്ഷികള്‍. തിരികെ ലഭിക്കാത്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ന്നത് എങ്ങനെ എന്ന് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളില്‍ 6,44,547 ഫോമുകള്‍ മരണപ്പെട്ടവരുടേത് ആണെന്ന കണക്കില്‍ സിപിഐ സംശയം പ്രകടിപ്പിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് മുസ്ലിം ലീഗും ആവശ്യപ്പെട്ടു.


◾ മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


◾ പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ എത്തി. പൊല്‍പുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് ബാലഗംഗാധരനാണ് ബിജെപിയില്‍ ചേര്‍ന്ന്. 20 വര്‍ഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതല്‍ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ സ്വീകരിച്ചു.


◾ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രതിസന്ധി. ചില സിനിമകളുടെ പ്രദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. 19 സിനിമകളുടെ പ്രദര്‍ശനത്തിനാണ് അനുമതിയില്ലാത്തത്. ഇതോടെ ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ 8 ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് മുടങ്ങിയേക്കും. അതേസമയം പ്രദര്‍ശന അനുമതി നല്‍കാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമം ആണെന്നും രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരോപിച്ചു. 


◾ സംവിധായകനും മുന്‍ എംഎല്‍എയുമായ പി ടി  കുഞ്ഞുമുഹമ്മദിനെതിരായ ലൈഗിംക അതിക്രമ പരാതിയില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി . ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ചോദ്യം ചെയ്ത് നല്‍കിയ റിപ്പോര്‍ട്ടിലാണ്  പരാതിക്കാധാരമായ തെളിവുണ്ടെന്ന് കോടതിയെ അറിയിച്ചത്.


◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.


◾ 16 ദിവസം ജയിലില്‍ കിടന്നപ്പോള്‍ മെന്‍സ് കമ്മീഷന്‍ വേണം എന്ന ബോധ്യം കൂടിയെന്ന് രാഹുല്‍ ഈശ്വര്‍. കൂടുതല്‍ ശക്തമായി പോരാടുമെന്ന് ജയില്‍ മോചിതനായ ശേഷമുള്ള ആദ്യം ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ കുറിച്ചു. 2018 ല്‍ ജയിലില്‍ ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോള്‍ മറുഭാഗത്ത് ഉണ്ടായിരുന്ന അതേ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ള കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കാതെ, കോടതി വിധി മാനിച്ചു കൊണ്ട് ഉള്ള സത്യങ്ങള്‍ നാളെ പറയുമെന്നും അഭിഭാഷകന്റെ അനുമതിക്ക് വേണ്ടി കാക്കുകയാണെന്നും രാഹുല്‍ പറയുന്നു.


◾ പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നാല് പഞ്ചായത്തുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു കിലോമീറ്ററോളം രോഗബാധിത പ്രദേശമാണ്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്, നാഗലശ്ശേരി, തൃത്താല, ചാലിശ്ശേരി എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായാണ് നിയന്ത്രണം.


◾ കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. നിലമേല്‍ വാഴോടാണ് സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്. ദര്‍ശനം കഴിഞ്ഞ് തിരികെ പോവുകയായിരുന്നു. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രന്‍, സതീഷ് എന്നിവരാണ് മരിച്ചത്. കാറില്‍ ഇവരോടൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ നില ഗുരുതരമാണ്.


◾ വര്‍ക്കലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോര്‍ട്ട് ജീവനക്കാര്‍ അറസ്റ്റില്‍. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വര്‍ക്കല സ്വദേശി ബിജിത്ത്, നെയ്യാര്‍ ഡാം സ്വദേശി പ്രവീണ്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കലയിലെ സ്‌കൈ ലാര്‍ക്ക് റിസോര്‍ട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവര്‍. ഇന്നലെ പുലര്‍ച്ചെ മേല്‍വെട്ടൂര്‍ ജംഗ്ഷനില്‍ എത്തിയ യാത്രക്കാരെ പ്രതികള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്നത് അറിഞ്ഞ് തടയാനെത്തിയ കണ്‍ട്രോള്‍ റൂം സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്.


◾ പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ചമല്‍ കേളാംകുന്ന് താമസിക്കുന്ന കണ്ണന്‍കുന്ന് സെലീനയുടെ മകന്‍ മുഹമ്മദ് സെഫാനെ(13)യാണ് കാണാതായത്. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ് സെഫാന്‍


◾ പാലക്കാട് പട്ടാമ്പിയില്‍ എട്ടാം ക്ലാസുകാരന്‍ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിന്‍ കൃഷ്ണയാണ് (13) മരിച്ചത്. കുന്നക്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. വല്ലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രാവിലെയാണ് അപകടം. ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് വിദ്യാര്‍ത്ഥി മരിച്ചത്.


◾ കണ്ണൂര്‍ പഴയങ്ങാടിയില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.


◾ കേരളത്തിലെ ഹോട്ടലുകളില്‍ നിന്നും റെസ്റ്റോറന്റുകളില്‍ നിന്നും മറ്റുമായി ശേഖരിച്ച മാലിന്യം തമിഴ്നാട്ടില്‍ തള്ളാന്‍ ശ്രമിച്ച ട്രക്ക് പൊലീസ് പിടികൂടി. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുല്ലപ്പെരിയാര്‍ നദിക്ക് സമീപം തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ മാലിന്യം തള്ളാന്‍ ശ്രമിക്കവെയാണ് തമിഴ്നാട് പൊലീസിന്റെ നടപടി. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ശനിയാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ ഊര്‍ജിത വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.


◾ ദില്ലിയില്‍ ജനജീവിതം ദുസ്സഹമാക്കി കനത്ത പുകമഞ്ഞ്. കാഴ്ചപരിധി പൂജ്യം ആയതോടെ റോഡ് വ്യോമ ഗതാഗതം താറുമാറായി. ദില്ലിയില്‍ നിലവിലെ വായു ഗുണനിലവാരതോത് ഗുരുതര അവസ്ഥയിലാണ്. ദില്ലി വിമാനത്താവളത്തില്‍ മാത്രം എയര്‍ ഇന്ത്യയുടെ 40 സര്‍വീസുകളാണ് കനത്ത പുകമഞ്ഞു മൂലം റദ്ദാക്കിയത്. 150ലധികം വിമാന സര്‍വീസുകള്‍ വൈകി. 4 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.ദില്ലിയിലെ എല്ലാ സ്‌കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ടു.


◾ ക്ലാസ്സ് മുറിയില്‍ മദ്യപിച്ച് 9ാം ക്ലാസ്സുകാരായ പെണ്‍കുട്ടികള്‍. തമിഴ്നാട് തിരുനെല്‍വേലിയിലാണ് ഞെട്ടിക്കുന്ന സംഭവം. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ 6 വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു.


◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്ന് എന്‍ഐഎ കുറ്റപ്പത്രം. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കമുള്ള സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു. 1597 പേജുള്ള കുറ്റപ്പത്രത്തില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.


◾ ബിഹാറിലെ മന്ത്രി നിതിന്‍ നബീന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ദില്ലിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിന്‍ ചുമതലയേറ്റത്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.


◾ അമേരിക്കയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകളില്‍ ശേഷിക്കുന്ന മൂന്നെണ്ണവും ഈ ആഴ്ച്ച ഇന്ത്യയിലെത്തും. അപ്പാച്ചെ എ എച്ച് - 64 ഇ യുദ്ധ വിമാനമാണ് എത്തുന്നത്. 2020 ല്‍ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യണ്‍ ഡോളറിന്റെ അതായത് 5100 കോടിയിലധികം ഇന്ത്യന്‍ രൂപയുടെ കരാര്‍ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് - 64 ഇ ആക്രമണ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്.


◾ ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ ഒരു ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മജാല്‍ട്ട പ്രദേശത്തെ സോന്‍ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്.



◾ പാക് അധീന കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഷ്‌കറെ തൊയ്ബ വര്‍ധിപ്പിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നീലം താഴ്വരയോട് ചേര്‍ന്ന പ്രദേശത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.


◾ വോട്ടുചോരി വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി ഇന്ത്യാ സഖ്യത്തിലെ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്. വോട്ടുചോരിയുമായി ഇന്ത്യാ മുന്നണിക്ക് യാതൊരു ബന്ധവുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.


◾ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോട്ട് ടൂറിന് പര്യവസാനം. ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്നലെ അവസാനപരിപാടികള്‍ സംഘടിപ്പിച്ചത്. ഐസിസി ചെയര്‍മാന്‍ ജയ് ഷാ, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെസ്സിക്കൊപ്പം സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരുണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് ജയ് ഷാ ഇന്ത്യയുടെ ജേഴ്‌സിയും ഒപ്പിട്ട ബാറ്റും മെസ്സിക്ക് സമ്മാനിച്ചു. അതേസമയം പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായതിനാല്‍ നരേന്ദ്ര മോദിയുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി.


◾ പ്രാദേശിക കമ്പനികളെ ഏറ്റെടുത്ത് എഫ്എംസിജി രംഗത്ത് മത്സരം കടുപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ ഉപവിഭാഗമായ ന്യൂ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് വഴി തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉദയംസ് അഗ്രോ ഫുഡ്‌സിനെ ഏറ്റെടുക്കാനാണ് റിലയന്‍സിന്റെ നീക്കം. പുതിയ കമ്പനി ആരംഭിച്ച് വിപണിയിലേക്ക് പതിയെ പ്രവേശിക്കുന്നതിന് പകരം നിലവിലുള്ള കമ്പനികളെ ഏറ്റെടുത്ത് മത്സരത്തിന്റെ ഭാഗമാകുന്ന പുതിയ കോര്‍പറേറ്റ് രീതികളാണ് റിലയന്‍സും സ്വീകരിക്കുന്നത്. ഉദയംസ് ആഗ്രോ ഫുഡ്‌സില്‍ 668 കോടി രൂപയ്ക്ക് ഓഹരി പങ്കാളിത്തം നേടാനാണ് റിലയന്‍സ് നീക്കം. ദക്ഷിണേന്ത്യന്‍ വിപണിയാണ് ഇതുവഴി അവര്‍ ലക്ഷ്യമിടുന്നത്. 2002ല്‍ സ്ഥാപിതമായ ശ്രീലക്ഷ്മി അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപനമാണ് ഉദയംസ്. സെല്‍വരാജ് സുധാകര്‍, സെല്‍വരാജ് ദിനകര്‍ എന്നിവരാണ് സ്ഥാപകര്‍. മാര്‍ച്ച് 31 അവസാനിച്ച സാമ്പത്തികവര്‍ഷം കമ്പനിയുടെ വരുമാനം 668 കോടി രൂപയാണ്. റിലയന്‍സ് ഏറ്റെടുത്താലും സെല്‍വരാജ് സഹോദരന്മാര്‍ക്ക് ചെറിയൊരു ഓഹരിപങ്കാളിത്തം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾ സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍ 'ഡോസി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകന്‍ ബ്ലെസ്സിയും പദ്മകുമാറും ചേര്‍ന്ന് പുറത്തിറക്കി. നവാഗതനായ അഭിലാഷ് ആര്‍. നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ വണ്ടര്‍ മൂഡ് പ്രൊഡക്ഷന്സിനൊപ്പം ചേര്‍ന്ന് ഷാന്റോ തോമസ് ആണ് നിര്‍മിക്കുന്നത്. ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റോണി ഡേവിഡ്, കൃഷ്ണ ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്.


◾ സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. സായ് പല്ലവിയായിരിക്കും ചിത്രത്തില്‍ സുബ്ബലക്ഷ്മിയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗീത ആര്‍ട്സാണ് കര്‍ണാടിക് സംഗീതജ്ഞയുടെ ജീവിതം സിനിമയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രംഗത്ത് പകരം വെക്കാനില്ലാത്ത ഏടായ സുബ്ബലക്ഷ്മിയുടെ ജീവിതം അധികം വൈകാതെ സ്‌ക്രീനില്‍ കാണാമെന്നാണ് കരുതപ്പെടുന്നത്. സിനിമയുടെ എഴുത്തും ചര്‍ച്ചകളും പുരോഗമിച്ചു വരികയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജഴ്‌സിയും മല്ലി രാവയും സംവിധാനം ചെയ്ത ഗൗതം തിന്നനുരിയായിരിക്കും സിനിമ സംവിധാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. രാജ്യം ഭാരത് രത്‌ന നല്‍കി ആദരിച്ച ആദ്യ സംഗീജ്ഞയാണ് എംഎസ് സുബ്ബലക്ഷ്മി. 1974 ല്‍ രമോണ്‍ മഗ്‌സസായി പുരസ്‌കാരം നേടിയിട്ടുള്ള സുബ്ബലക്ഷ്മിയ്ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. 2004 ല്‍ തന്റെ 88-ാം വയസിലാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

രാജാവ് ഒരിക്കല്‍ മനോഹരമായ ഒരു കൊട്ടാരം പണിയാന്‍ തീരുമാനിച്ചു. ലോകോത്തര ശില്പികളെയൊക്കെ വിളിച്ച് രൂപകല്പന ചെയ്തു. തറയിലാകെ തിളങ്ങുന്ന മാര്‍ബിള്‍ ഫലകങ്ങള്‍.... ചുവരുകളിലാകട്ടെ അതിമനോഹരങ്ങളായ ചിത്രങ്ങള്‍.... രത്നങ്ങള്‍ പതിപ്പിച്ച തൂണുകള്‍.... മുറികളില്‍ പകിട്ടാര്‍ന്ന പരവതാനികള്‍.... കൊട്ടാരം പണി പൂര്‍ത്തിയായപ്പോള്‍ രാജാവ്  സംതൃപ്തനായി. പ്രശസ്തനായ ഒരു ചിത്രകാരനെ വരുത്തി തന്റെ മനോഹരമായ കൊട്ടാരത്തിന്റെ ചിത്രം വരക്കാനാവശ്യപ്പെട്ടു. ചിത്രകാരന്‍ വൈമനസ്യത്തോടെയാണെങ്കിലും രാജകല്പനയായതുകൊണ്ട് ചിത്രം വരച്ചുതുടങ്ങി.  ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവ് വന്ന് ചിത്രം നോക്കിയപ്പോള്‍ കണ്ടത് പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ്. നീലിമയാര്‍ന്ന അനന്ത ചക്രവാളം. പച്ചവിരിച്ച മലനിരകളും താഴ്വാരങ്ങളും. ശാന്തമായി ഒഴുകുന്ന പുഴ.  ആ പുഴയുടെ തീരത്ത് ഒരു പൊട്ടു പോലെ മനോഹരമായ തന്റെ കൊട്ടാരം.  രാജാവിന് കോപം വന്നു.  ചിത്രകാരന്‍ പറഞ്ഞു,:, 'അങ്ങയുടെ കൊട്ടാരം അതിന്റെ യഥാര്‍ത്ഥമായ അവസ്ഥയില്‍ വരച്ചുകാണാനല്ലേ അങ്ങ് ആഗ്രഹിച്ചത്?  അനന്തമായ ഈ പ്രപഞ്ചത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ അങ്ങയുടെ കൊട്ടാരത്തിന് ഒരു കടുകുമണിയുടെ പ്രധാന്യമല്ലേയുള്ളൂ.'രാജാവിന് തന്റെ അഹന്ത യെക്കുറിച്ചു ബോധ്യം വന്നു.  ചിത്രകാരന് അദ്ദേഹം ധാരാളം സമ്മാനങ്ങള്‍ നല്‍കി. നമ്മുടെ വീക്ഷണം നമ്മെ മാത്രം ചുറ്റിപ്പറ്റിയാകുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുതന്നെ നമ്മളാണെന്ന തോന്നലുണ്ടാകും. അത് നമ്മെ അഹങ്കാരികളാക്കി മാറ്റും. അപ്പോള്‍നാം മറ്റുള്ളവരിലുള്ള നന്മയും  കണ്ടെന്നുവരില്ല. നമ്മുടെ ജീവിത വീക്ഷണം വിശാലമാവണം. അത് നമ്മുടെ ജീവിത വിജയത്തിന് ആവശ്യമാണ്. ഈ പ്രപഞ്ചത്തിന്റെ അനന്ത വിശാലതയില്‍ നമ്മുടെ വലുപ്പം ഒരു കടുകുമണിയേക്കാളും ചെറുതാണ്. ആ സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ അഹന്ത അപ്രധാനമാകും. നമ്മള്‍ നന്മയുള്ളവരായിത്തീരും. ശുഭദിനം.

Post a Comment

Previous Post Next Post