o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾ പാലക്കാട് ചിറ്റൂരിലെ ആറ് വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്നും അല്പം മാറിയുള്ള കുളത്തില്‍ കണ്ടെത്തി.  സുഹാന്റേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ലെന്ന് കണ്ടെത്തി. സുഹാനെ കാണാതായി 21 മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷമാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാനെ കാണാതായത്.


2025  ഡിസംബർ 29  തിങ്കൾ 

1201  ധനു 14  രേവതി , അശ്വതി 

1447  റജബ് 08


◾ ശബരിമല സ്വര്‍ണക്കൊള്ളയും പിഎം ശ്രീയില്‍ ഒപ്പുവെച്ചതും തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന്  സംസ്ഥാന സമിതിയില്‍  സിപിഎം. ജയിലിലായ എ. പത്മകുമാറിനെതിരെ നടപടി വൈകിയതും പാര്‍ട്ടിക്കെതിരായുള്ള പ്രചരണായുധമായി മാറിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തല്‍. ഈ വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിരുന്നില്ല എന്നായിരുന്നു പിണറായി വിജയനും എം.വി.ഗോവിന്ദനടക്കമുള്ള സിപിഎം നേതാക്കളുടെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സംഘടനാ വീഴ്ചയുണ്ടായതായും സംസ്ഥാന സമിതി വിലയിരുത്തി.


◾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങള്‍ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് എല്‍ഡിഎഫ് നേതൃത്വം നല്‍കും. ആദ്യഘട്ടമായി 12 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രക്ഷോഭത്തില്‍ മന്ത്രിമാരും എംഎല്‍എമാരും അണിനിരക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും സംഘടിപ്പിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് സംസ്ഥാന സമിതിയില്‍ ഈ നിര്‍ദേശം ഉയര്‍ന്നത്.


◾ തൃശൂരിലെ മറ്റത്തൂരില്‍ ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപിയായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുന്നിന് പോലും ഒരാളെ ബാക്കിയാക്കാതെ എല്ലാവരെയും ബിജെപി എടുത്തു. സംഘപരിവാറിന് നിലം ഒരുക്കുന്നത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ലിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


◾ മറ്റത്തൂരിലെ ഒരു കോണ്‍ഗ്രസ് അംഗംപോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങള്‍.തങ്ങള്‍ ബിജെപിയുമായി മുന്നണി ഉണ്ടാക്കിയിട്ടില്ലെന്നും പാര്‍ട്ടി നേതൃത്വവുമായുള്ള വിയോജിപ്പിനെത്തുടര്‍ന്നാണ് രാജിക്കത്ത് എഴുതിയതെന്നും അംഗങ്ങള്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് നടപടിയെടുത്ത കെ.ആര്‍. ഔസേഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, അദ്ദേഹത്തിനെതിരെയുള്ള നടപടികള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമായാണ് എട്ട് മെമ്പര്‍മാര്‍ ചേര്‍ന്ന് ഒരു കത്ത് തയ്യാറാക്കിയതെന്നും എന്നാല്‍ ഈ കത്ത് വെച്ച് ഔസേഫ് തങ്ങളെ ചതിക്കുകയായിരുന്നുവെന്നും രാജിവെച്ച മെമ്പര്‍മാര്‍ പറയുന്നു.


◾ തൃശൂര്‍ മറ്റത്തൂരിലെ കോണ്‍ഗ്രസുകാര്‍ ആരും ബി.ജെ.പിയില്‍ പോയിട്ടില്ലെന്നും പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പിന്തുണ സ്വീകരിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴും പരിഹാസം പറയുന്നതിലാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും തോറ്റിട്ടില്ല എന്ന് വിചാരിച്ചാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഇരിക്കുന്നതെന്നും തോല്‍വിയെ കുറിച്ചാണ് എല്‍ഡിഎഫ് പഠിക്കേണ്ടതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂര്‍ പഞ്ചായത്തിലുണ്ടായ കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായും മോദിയും എവിടെ ഒപ്പിട്ടു നല്‍കാന്‍ പറഞ്ഞാലും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രിയെന്നും എന്നിട്ടാണ് ഒരു പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


◾ കേരളത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഇപ്പോഴുള്ളത് എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ബിജെപി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് തെളിയിക്കുന്നതാണ് മറ്റത്തൂരും കുമരകത്തും സംഭവിച്ചതെന്ന് എം സ്വരാജ് പറയുന്നു. പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

◾ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ഥാനാര്‍ത്ഥികളില്‍ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% ടിക്കറ്റുകള്‍ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വിഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്.


◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിംലീഗിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. യു ഡി എഫില്‍ മുന്നണി വിപുലീകരണം ആവശ്യമാണെന്നും എല്‍ ഡി എഫിലെ അസംതൃപ്തര്‍ യു ഡി എഫിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും സീറ്റുകള്‍ വെച്ചു മാറുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നും സാദിഖലി തങ്ങള്‍ വിവരിച്ചു.


◾ ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ട് നാടകീയ നീക്കവുമായി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും ചെറിയ പ്രശ്നം നിങ്ങള്‍ വിവാദമാക്കരുതെന്നും എന്റെ അനിയന്‍ തന്നെയാണ് പ്രശാന്തെന്നും പ്രശാന്തിന് മൂന്ന് മാസം തുടരണമെങ്കില്‍ തുടരട്ടെയെന്നും തനിക്കതില്‍ വിരോധമില്ലെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം ഏഴ് വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതു കൊണ്ട് തനിക്കില്ലെന്നായിരുന്നു വി കെ പ്രശാന്ത് എംഎല്‍എയുടെ പ്രതികരണം.


◾ ജനകീയനായ എം.എല്‍.എയുടെ ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ജനാധിപത്യ മര്യാദകളുടെ പരസ്യമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏഴ് വര്‍ഷമായി വട്ടിയൂര്‍ക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായ ഒരു ഓഫീസിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്, മറിച്ച് വ്യക്തിവിരോധം തീര്‍ക്കാന്‍ കൗണ്‍സിലര്‍ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്വഴക്കമെന്നും മന്ത്രി പ്രതികരിച്ചു. സഖാവ് വി.കെ പ്രശാന്തിന്റെ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.


◾ വികെ പ്രശാന്തുമായുള്ള സൗഹൃദം വെച്ചാണ് ആര്‍ ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച വന്ന സ്ഥിതിക്ക് ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ കെട്ടിടം വാടകക്ക് കൊടുക്കുന്നതിലെ രേഖകള്‍ പരിശോധിക്കുമെന്നും, രേഖകള്‍ പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും മേയര്‍ പറഞ്ഞു.


◾ തിരുവനന്തപുരം മേയര്‍ വിവാദത്തില്‍ അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ആ ശ്രീലേഖ. മേയര്‍ പദവി കിട്ടാത്തതില്‍ പ്രതിഷേധം ഇല്ലെന്നും നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണെന്നും മരുന്ന് കഴിക്കാന്‍ ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയതെന്നും ശ്രീലേഖ പറഞ്ഞു. കൗണ്‍സിലറായി 5 വര്‍ഷവും വാര്‍ഡില്‍ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി.

◾ എറണാകുളത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തര്‍ക്കവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഉണ്ടായത് ചെറിയ ചെറിയ പരാതികള്‍ മാത്രമാണെന്ന് ഷിയാസ് അവകാശപ്പെട്ടു. നൂറു ശതമാനം എല്ലാവരെയും തൃപ്തിപ്പെടുത്തുക പ്രായോഗികമല്ല. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷിയാസ് ആവശ്യപ്പെട്ടു.


◾ തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളില്‍ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്റെ ഫോട്ടോ എടുത്തു മാറ്റിയതിനെ ചൊല്ലി വിവാദം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണ സമിതിയാണ് പുതിയ ഹാള്‍ നിര്‍മ്മിച്ച് വിഎസിന്റെ പേരും നല്‍കിയത്. സ്പീക്കറാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഇന്നലെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ ഫോട്ടോ മാറ്റിയെന്നാണ് സിപിഎം ആരോപണം. ഫോട്ടോ മാറ്റിയതിന്റെ ചിത്രങ്ങളും സിപിഎം പുറത്തുവിട്ടു.


◾ എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ച ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വീണ്ടും നടപടി. വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെ കോണ്‍ഗ്രസ് പുറത്താക്കി. ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെതാണ് നടപടി. കുന്നംകുളത്തെ പൊലീസ് മര്‍ദ്ദനത്തിന് ഇരയായ സുജിത്തിനെ സംരക്ഷിച്ച കോണ്‍ഗ്രസ് നേതാവ് വര്‍ഗീസിന്റെ ഭാര്യയാണ് സബേറ്റ. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു.


◾ കുമരകത്ത് ബിജെപിയില്‍ നടപടി. വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ട് ചെയ്ത മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി കെ സേതു, സുനിത് വി കെ, നീതു റെജി എന്നീ അംഗങ്ങളെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ യുഡിഎഫ് സ്വതന്ത്രന്‍ പ്രസിഡന്റായിരുന്നു.


◾ വടകര ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത എല്‍ഡിഎഫ് അംഗത്തിന്റെ വീടിനുനേരെ ആക്രമണം. ആര്‍ജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് അരികെ സ്റ്റീല്‍ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി.


◾ മാലിന്യം വിറ്റ് കാശ് സമ്പാദിച്ചതിന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പ്രശംസ പിടിച്ചു പറ്റിയ ഇടുക്കിയിലെ ഇരട്ടയാര്‍ പഞ്ചായത്തില്‍, ഹരിത കര്‍മ സേനാംഗം പ്രസിഡന്റായി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ എ രജനിയെയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.പതിനഞ്ചില്‍ ഒന്‍പത് വാര്‍ഡിലും ജയിച്ച് ഭരണം എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ രജനിയെ പ്രസിഡന്റാക്കാന്‍ യുഡിഎഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.  


◾ നാവായിക്കുളം പഞ്ചായത്തിലെ അട്ടിമറിയില്‍ നാല് വിമതര്‍ക്കെതിരെ നടപടിക്ക് കോണ്‍ഗ്രസ്. എല്‍ഡിഎഫിനൊപ്പം നിന്ന് നേടിയ പ്രസിഡന്റ് സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെടും. രാജിയില്ലെങ്കില്‍ അയോഗ്യതാ നടപടിയിലേക്ക് കടക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.


◾ പീഡിയാട്രിക് എൻഡോക്രിനോളജി എന്നത് കുട്ടികളിലും കൗമാരപ്രായക്കാരിലും കാണുന്ന **ഹോർമോൺ സംബന്ധമായ രോഗങ്ങൾ** തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്ന മെഡിക്കൽ ശാഖയാണ്. ശരീരത്തിലെ വളർച്ച, ഭാരം, ലൈംഗിക വികസനം, ഊർജ്ജ നില, അസ്ഥികളുടെ ശക്തി എന്നിവയെല്ലാം ഹോർമോണുകളുടെ നിയന്ത്രണത്തിലാണ്. ഈ ഹോർമോണുകളിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ഗുരുതരമായി ബാധിക്കാം.ഈ വിഭാഗത്തിൽ പ്രധാനമായും **വളർച്ചക്കുറവ് അല്ലെങ്കിൽ അമിത വളർച്ച**, **ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം**, **തൈറോയിഡ് രോഗങ്ങൾ**, *കാലത്തേക്കാൾ മുമ്പ് അല്ലെങ്കിൽ വൈകിയ പുബർട്ടി*, *മോട്ടപ്പും മെറ്റബോളിക് പ്രശ്നങ്ങളും*, *വിറ്റാമിൻ D, കാൽസ്യം കുറവ്*, *അസ്ഥി രോഗങ്ങൾ**, കൂടാതെ **ജനിതക ഹോർമോൺ തകരാറുകൾ** എന്നിവയാണ് പരിഗണിക്കുന്നത്. കുട്ടികളിലെ പ്രമേഹം പോലുള്ള അവസ്ഥകൾ ജീവിതകാലം മുഴുവൻ നിരീക്ഷണവും ചികിത്സയും ആവശ്യപ്പെടുന്നതിനാൽ വിദഗ്ധ പരിചരണം അനിവാര്യമാണ്.പീഡിയാട്രിക് എൻഡോക്രിനോളജിയിലെ ചികിത്സയുടെ പ്രധാന ലക്ഷ്യം കുട്ടിയുടെ **സാധാരണ വളർച്ചയും വികസനവും ഉറപ്പാക്കുക**, രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കുക, കൂടാതെ കുടുംബത്തെ രോഗത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണ്. രക്തപരിശോധനകൾ, ഹോർമോൺ ടെസ്റ്റുകൾ, വളർച്ചാ ചാർട്ടുകളുടെ നിരീക്ഷണം, ഇമേജിംഗ് പരിശോധനകൾ എന്നിവയിലൂടെ കൃത്യമായ രോഗനിർണ്ണയം നടത്തുന്നു.*നേരത്തെ തിരിച്ചറിയലും ശരിയായ ചികിത്സയും* ലഭിച്ചാൽ, ഹോർമോൺ സംബന്ധമായ രോഗങ്ങൾ ഉള്ള കുട്ടികൾക്കും ആരോഗ്യമുള്ള, സജീവമായ ഒരു ഭാവി സാധ്യമാകുന്നു. അതിനാൽ കുട്ടികളുടെ വളർച്ചയിലും വികസനത്തിലും ഏതെങ്കിലും അസാധാരണതകൾ ശ്രദ്ധയിൽപ്പെട്ടാൽ പീഡിയാട്രിക് എൻഡോക്രിനോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് അത്യന്താപേക്ഷിതമാണ്. അമല ആശുപത്രിയിൽ പീഡിയാട്രിക് എന്ടോക്രോണോളജി വിഭാഗത്തിന്റെ സേവനം ലഭ്യമാണ് 0487 - 2304000.


◾ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് പ്രഖ്യാപിച്ച് വീട് നിര്‍മാണത്തില്‍ ചോദ്യവുമായി സിപിഎം. കോണ്‍ഗ്രസിനെയും ടി സിദ്ദിഖിനെയും വിമര്‍ശിച്ച് വയനാട് സിപിഎം സെക്രട്ടറി രംഗത്തെത്തി. ഡിസംബര്‍ 28ന് വീട് നിര്‍മ്മാണം തുടങ്ങും എന്നായിരുന്നു പ്രഖ്യാപനമെന്നും എവിടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതെന്ന് വെളിപ്പെടുത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് വ്യക്തമായി എന്നും അദ്ദേഹം പറഞ്ഞു.


◾ പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയില്‍ സംവിധായകനെ രക്ഷിക്കാന്‍ തനിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് അതിജീവിത. കുഞ്ഞുമുഹമ്മദിന്റെ പ്രായം പരിഗണിച്ച് കേസില്‍ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാര്‍ ആവശ്യപ്പെടുന്നത്. ഈ സമ്മര്‍ദ്ദം തനിക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവര്‍ത്തക പറയുന്നു.


◾ എറണാകുളം കണ്ണമാലിയില്‍ വാഹന പരിശോധനയ്ക്കിടെ ഉണ്ടായ അപകടത്തില്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി യുവാക്കള്‍. പൊലീസ് കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അപകടത്തില്‍ പരിക്കേറ്റ അനിലിന്റെ സുഹൃത്ത് രാഹുല്‍ പറഞ്ഞു.അതേസമയം, കണ്ണമാലിയിലെ പൊലീസിനെതിരായ ആരോപണം തള്ളുകയാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. യുവാക്കള്‍ മദ്യപിച്ചിരുന്നു എന്നാണ് പരിശോധനയില്‍ മനസ്സിലാക്കുന്നതെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല എന്ന വാദം ശരിയല്ലെന്നും പുട്ട വിമലാദിത്യ പറഞ്ഞു.


◾ കാട്ടുപന്നി, മയില്‍ എന്നീ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരില്‍ നൂറുകണക്കിന് വാഴകളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. ഓണമടക്കമുള്ള വിപണിയില്‍ പേരെടുത്ത ചെങ്ങഴിക്കോടന്‍ എന്ന നേന്ത്രവാഴയുടെ ഉത്ഭവ കേന്ദ്രമാണ് കരിയന്നൂര്‍ ഗ്രാമം. ഇവിടെ വാഴകൃഷി ഇറക്കിയ കര്‍ഷകരുടെ നേന്ത്രവാഴകളും, നാടന്‍ വാഴകളുമാണ് ഇന്നലെ രാവിലെ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ചത്.



◾ പാലക്കാട് ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ സുഹാന്‍ എന്ന ആറ് വയസുകാരന്റെ മരണത്തില്‍ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അമ്പാട്ടുപാളയം മുഹമ്മദ് അനസ് - തൗഹീദ ദമ്പതികളുടെ ഇളയമകന്‍, ആറു വയസ്സുകാരന്‍ സുഹാന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത അത്യന്തം വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.


◾ ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ. ഹോട്ടലുകളില്‍ കോഴിവിഭവങ്ങള്‍ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി.  


◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ആയിരുന്ന ഡോക്ടര്‍ എ ജെ ഷഹനയുടെ ആത്മഹത്യ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. എം സലാഹുദ്ദീനെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. മുന്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമാണ് എം സലാഹുദ്ദീന്‍.


◾ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് 7 ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ് കോംപൗണ്ടില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ലോക്ഭവനില്‍ താമസിക്കുന്ന ഉപരാഷ്ട്രപതി 30ന് രാവിലെ 10ന് വര്‍ക്കല ശിവഗിരിയില്‍ 93 മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യും


◾ ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 63 പേര്‍ അറസ്റ്റില്‍. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1441 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


◾ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് കലാപാഹ്വാനത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ ഇന്ന് സ്റ്റേഷനില്‍ വീണ്ടും ഹാജരാകും. എന്നാല്‍, വീണ്ടും കസ്റ്റഡിയിലെടുക്കയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ തടയുമെന്നും സ്റ്റേഷന്‍ ഉപരോധത്തിലേക്ക് പോകുമെന്നുമാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.


◾ ബെംഗളൂരു യെലഹങ്കയില്‍ കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി നിര്‍ണായക യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകുന്നേരമാണ് യോഗം നടക്കുക


◾ കര്‍ണാടകയില്‍ സംഭവിച്ച ബുള്‍ഡോസര്‍ കുടിയൊഴിപ്പിക്കല്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സര്‍ക്കാര്‍ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. വിവാദത്തിന് പിന്നാലെ ആളുകളെ പുനരധിവസിപ്പിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ  ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


◾ മന്‍ കീ ബാത്തില്‍ 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2025ല്‍ ഒരുപാട് നേട്ടങ്ങള്‍ രാജ്യത്ത് ഉണ്ടായെങ്കിലും പല നഷ്ടങ്ങളും രാജ്യം നേരിടേണ്ടിവന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2026 പ്രതീക്ഷകളുടെ വര്‍ഷം ആണെന്നും രാജ്യം കൂടുതല്‍ ഊര്‍ജ്ജത്തോടെ മുന്നേറുമെന്നും മോദി മുന്‍ കീ ബാത്തില്‍ പറഞ്ഞു.


◾ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ട്ടിയില്‍ വാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സംഘടന ശക്തിപ്പെടുത്തണമെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.


◾ നോയിഡയിലെ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ തിരിച്ചറിയാതിരിക്കാന്‍ മുഖം കരിച്ചു കളയാനുള്ള ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു.


◾ ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  പ്രാദേശിക സമയം പുലര്‍ച്ചെ 4:44-നാണ് ഭൂചലനം ഉണ്ടായത്.


◾ രണ്ട് വര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് വന്‍തോതില്‍ പ്രൊഫഷണലുകള്‍ വിദേശത്തേക്ക് കുടിയേറുന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് പ്രൊഫഷണലുകളുടെ ഈ കൂട്ടപ്പലായനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ 24 മാസത്തിനിടെ പാകിസ്താനില്‍ നിന്ന് 5,000 ഡോക്ടര്‍മാരും 11,000 എഞ്ചിനീയര്‍മാരും 13,000 അക്കൗണ്ടന്റുമാരും രാജ്യം വിട്ടു എന്നാണ് റിപ്പോര്‍ട്ട്.


◾ മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവ് യുവതിയെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. റാംപുര്‍ ബാഗേലന്‍ നഗര്‍ പരിഷത്തിലെ ബിജെപി കൗണ്‍സിലറുടെ ഭര്‍ത്താവായ അശോക് സിങ്ങിനെതിരെയാണ് യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്.


◾ ബെംഗളൂരു കൊഗിലു ലേഔട്ടില്‍ അനധികൃത കൈയേറ്റമെന്നാരോപിച്ച് മുസ്ലിം താമസക്കാരുടെ വീടുകള്‍ തകര്‍ത്ത സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് എ എ റഹീം എം പി. അനധികൃത കുടിയേറ്റം ഒഴിപ്പിച്ചു' എന്നാണ് ഔദ്യോഗിക വിശദീകരണം. അത് ശുദ്ധ അസംബന്ധമാണ്. എല്ലാവര്‍ക്കും ഈ ഭൂമിയില്‍ അവകാശ രേഖയുണ്ട് എന്ന് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിക്കുന്നുവെന്നും എം പി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ എന്തിനാണ് ബുള്‍ഡോസറുകള്‍ അയച്ചതെന്നും എ എ റഹീം ചോദിച്ചു.


◾ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലില്‍. ജമ്മുകശ്മീരിലെ നിലവിലുള്ള സംവരണ നയത്തിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. മകള്‍ ഇല്‍തിജ മുഫ്തി, ശ്രീനഗര്‍ എംപി റുഹുള്ള മെഹ്ദി, പിഡിപി നേതാവ് വഹീദ് പര എന്നിവരെയും വീട്ടുതടങ്കലിലാക്കി. ഒമര്‍ അബ്ദുള്ള സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയത്.


◾ ഉന്നാവ് കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ കുല്‍ദീപ് സെന്‍ഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നല്‍കി. ഇതിനിടെ, ദില്ലിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളര്‍ന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.


◾ ഡെറാഡൂണില്‍ വംശീയ ആക്രമണത്തിന് ഇരയായ ത്രിപുര യുവാവ് മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. തനിക്കും ഇളയ സഹോദരനും നേരെ വംശീയ അധിക്ഷേപം നടത്തിയ ഒരു കൂട്ടം ആളുകളെ നേരിട്ട 24 കാരനായ എംബിഎ വിദ്യാര്‍ഥി ആഞ്ചല്‍ ചക്മയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഞങ്ങള്‍ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്. അത് തെളിയിക്കാന്‍ എന്ത് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആഞ്ചല്‍ ചക്മ പറഞ്ഞതിനെ തുടര്‍ന്നാണ് കുത്തേറ്റത്.


◾ ബഹ്റൈനില്‍ സ്വകാര്യ കബഡി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ചതിന് പാകിസ്ഥാന്‍ ഉബൈദുള്ള രജ്പുതിന് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ കബഡി ഫെഡറേഷനാണ് (പികെഎഫ്) തീരുമാനമെടുത്തത്. നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) പ്രോട്ടോക്കോളുകള്‍ ലംഘിച്ചതായി ശനിയാഴ്ച നടന്ന അടിയന്തര യോഗത്തിലാണ് ഫെഡറേഷന്‍ വിലയിരുത്തി. പിന്നാലെയായിരുന്നു നടപടി.


◾ ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പരസ്യമായി സമ്മതിച്ച് പാക് ഉപ പ്രധാനമന്ത്രി. 2025 മെയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തങ്ങളുടെ തന്ത്രപ്രധാനമായ നൂറ് ഖാന്‍ വ്യോമതാവളത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍ ഡിസംബര്‍ 27-ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.


◾ ബംഗ്ലാദേശിലെ യുവരാഷ്ട്രീയ പ്രവര്‍ത്തകനും ഇന്‍ക്വിലാബ് മോഞ്ചോ നേതാവുമായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ അവകാശവാദം തള്ളി ബിഎസ്എഫും മേഘാലയ പോലീസും. അക്രമികള്‍ സംസ്ഥാനത്തേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പോലീസിന്റെ അവകാശവാദം മേഘാലയയിലെ സുരക്ഷാ ഏജന്‍സികള്‍ ഞായറാഴ്ച തള്ളി.


◾ ഇറാനെതിരായ അമേരിക്കന്‍ - ഇസ്രായേല്‍ ആക്രമണ സാധ്യതകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇസ്രായേലുമായുണ്ടായ യുദ്ധസമയത്തേക്കാള്‍ ശക്തമായ നിലയിലാണ് ആയുധങ്ങളും സേനയും എന്നാണ് ഇറാന്‍ പ്രസിഡന്റ് അവകാശപ്പെടുന്നത്. ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു.


◾ ശ്രീലങ്കയ്ക്കെതിരായ നാലാം  വനിതാ ടി20 മത്സരത്തിലും ലങ്കയെ തകര്‍ത്ത് ഇന്ത്യ. 30 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 48 പന്തില്‍ 80 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേയും 46 പന്തില്‍ 79 റണ്‍സെടുത്ത ഷെഫാലി വര്‍മയുടേയും മികവില്‍ ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ ആയുള്ളൂ. ആദ്യ മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യ നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.


◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ നഷ്ടം. ക്രിസ്മസ് അവധിയെ തുടര്‍ന്ന് ഒരു ദിവസം കുറവായിരുന്ന കഴിഞ്ഞയാഴ്ചയിലെ വ്യാപാര വാരത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം വിപണി മൂല്യത്തില്‍ 35,439 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എസ്ബിഐയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 112 പോയിന്റ് ആണ് മുന്നേറിയത്. എസ്ബിഐയ്ക്ക് വിപണി മൂല്യത്തില്‍ 12,692 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 8,92,046 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്. റിലയന്‍സിന് 8,254 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബജാജ് ഫിനാന്‍സ് 5,102 കോടി, എല്‍ ആന്റ് ടി 4,002 കോടി, ഐസിഐസിഐ ബാങ്ക് 2,571 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന് വിപണി മൂല്യത്തില്‍ 10,126 കോടിയുടെ വര്‍ധന ഉണ്ടായി. ഇന്‍ഫോസിസ് 6,626 കോടി, ഭാരതി എയര്‍ടെല്‍ 5,359 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം. എങ്കിലും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.


◾ ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവന ആദ്യമായി നിര്‍മാണ പങ്കാളിയാകുന്ന ചിത്രം 'അനോമി' ജനുവരി 30ന് പ്രദര്‍ശനത്തിനെത്തും. സാറാ ഫിലിപ്പ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഭാവന അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ റഹ്‌മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീല്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. അഴിച്ചിട്ട മുടി വാരിക്കെട്ടി നിശ്ചയദാര്‍ഢ്യത്തോടെ നടന്നുവരുന്ന ഭാവനയെ റീലില്‍ കാണാം. ഭാവനയുടെ കരിയറിലെ 23 വര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ഭാവനയുടെ പുതിയ ചിത്രത്തിന്റെ റീല്‍ നിമിഷങ്ങള്‍ക്കകം വൈറലായി. നവാഗതനായ റിയാസ് മാരാത്താണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.


◾ ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക - നിരൂപക പ്രശംസ നേടി വന്‍ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം 'എക്കോ' ലോകവ്യാപമാകയുള്ള തിയേറ്റര്‍ ഗ്രോസ് കളക്ഷന്‍ അന്‍പതു കോടി കടന്നു. തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബര്‍ 31മുതല്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുല്‍ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലര്‍ എക്കോ തിയേറ്ററുകളില്‍ സിനിമാറ്റിക് എക്സ്പീരിയന്‍സിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. എക്കോയില്‍ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ്, വിനീത്, നരേന്‍, അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍, സീ ഫൈ, രഞ്ജിത് ശങ്കര്‍, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. സന്ദീപ് പ്രദീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നല്‍കുന്ന എക്കോയില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങള്‍ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.


◾ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും വില 2026 ജനുവരി ഒന്നുമുതല്‍ പരിഷ്‌കരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജനപ്രിയ 400 സിസി മോഡലുകളെ ഈ വര്‍ദ്ധനവ് ബാധിക്കും. കമ്പനി പറയുന്നതനുസരിച്ച്, നിലവിലെ എക്സ്-ഷോറൂം വിലകള്‍ 2025 ഡിസംബര്‍ 31 വരെ മാത്രമേ സാധുതയുള്ളൂ. പുതുക്കിയ വിലകള്‍ പുതുവര്‍ഷം മുതല്‍ രാജ്യവ്യാപകമായി നടപ്പിലാക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളുടെയും വില 2026 ജനുവരി മുതല്‍ പരിഷ്‌കരിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. മോഡല്‍ തിരിച്ചുള്ള വിലവര്‍ദ്ധനവ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറ്റങ്ങള്‍ എല്ലാ മോഡലുകള്‍ക്കും ഒരുപോലെ ബാധകമാകും. ട്രയംഫിന്റെ സ്പീഡ് 400, ത്രക്സ്റ്റണ്‍ 400, സ്‌ക്രാംബ്ലര്‍ 400 എക്സ്, സ്പീഡ് ടി4 എന്നിവയെയാണ് വില വര്‍ധനവ് ബാധിക്കുക. ട്രയംഫും ബജാജും ഇന്ത്യയില്‍ സംയുക്തമായി നിര്‍മ്മിക്കുന്ന 400 സിസി ബൈക്കുകളാണ് ഇവയെല്ലാം. 2026 ജനുവരി 1 മുതല്‍ എല്ലാ ഡെലിവറികള്‍ക്കും പുതിയ വിലകള്‍ ബാധകമാകുമെന്ന് ട്രയംഫ് വ്യക്തമാക്കിയിട്ടുണ്ട്, അതിനാല്‍ ഇപ്പോള്‍ ബുക്ക് ചെയ്യുന്നത് ഗുണം ചെയ്യും.


◾ ജീവിതം എന്ന മഹാത്ഭുതത്തിലെ സംഭവബഹുലമായ ഒരു അധ്യായം എന്ന് പറയാവുന്ന ആഖ്യാനമാണ് പാന്ഥന്‍. ഔസേപ്പിന്റെ സഞ്ചാരപഥങ്ങളിലൂടെയും, ജീവിതാനുഭവങ്ങളി ലൂടെയും കഥ പറയുന്ന പാന്ഥന്‍ വേറിട്ട ഒരു വായനാനുഭവം തന്നെയാണ്. കേരളത്തിന്റെ ഭൂതകാല-വര്‍ത്തമാനകാല സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ സര്‍ഗ്ഗാത്മകമായി പുനരാവിഷ്‌കരിക്കുന്ന പ്രസക്തവും സാര്‍ത്ഥകവുമായ ഒരു ആഖ്യായികയാണിത്. ഈ നോവലിന്റെ മൗലികത, അതാവിഷ്‌കരിക്കുന്ന നമ്മുടെ കാലത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. മലയാള നോവലിലെ ഒരു അപൂര്‍വതയാണിത്. 'പാന്ഥന്‍'. നാലാം പതിപ്പ്. മാത്യൂസ് ജോര്‍ജ്. കാരളി ബുക്സ്. വില 380 രൂപ.


◾ ആസ്വദിച്ച് നൃത്തം ചെയ്യുന്നത് ശാരീരികമായും മാനസികമായും ഏറെ ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. താളത്തിനൊത്ത് ഓരോ ചുവടുകളും ഓര്‍ത്തെടുത്ത് ചെയ്യുകയും അത് ആസ്വദിക്കുകയും ചെയ്യുന്നത് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത 76 ശതമാനം വരെ കുറയ്ക്കുമെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ ഡോ. ത്രിഷ പാസ്രിച്ച പറയുന്നു. 1980 മുതല്‍ നടക്കുന്ന ഗവേഷണങ്ങളില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വൈജ്ഞാനിക ശക്തി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് നൃത്തം പോലുള്ള ശാരീരിക പ്രവര്‍ത്തനം. ആഴ്ചയില്‍ ഒരിക്കല്‍ നൃത്തം ചെയ്യുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത 76 ശതമാനം കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നൃത്തം നിങ്ങളുടെ തലച്ചോറിനെ പല രീതിയില്‍ വെല്ലുവിളിക്കുന്നു. നിങ്ങള്‍ താളത്തിനൊത്ത് കളിക്കുന്നു, ചുവടുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്നു, പുതിയതു പഠിക്കുന്നു, ഒപ്പമുള്ളവരുടെ ചുവടുകള്‍ക്കനുസരിച്ച് പ്രതികരിക്കുന്നു. ഈയൊരു ഹോബിയിലൂടെ ശരീരം സജീവമാവുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുമെന്നും വിദ്ഗധര്‍ പറയുന്നു. 2026 ആരോഗ്യകരമാക്കാന്‍ ഒരു ഡാന്‍സ് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. നടത്തത്തെക്കാള്‍ നൃത്തം ചെയ്യുന്നത് ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

കപ്പലപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാവികന്‍ ഉള്‍ക്കടലിലെ ഒരു ദ്വീപില്‍ എത്തി. ദ്വീപ് നിവാസികള്‍ അയാളെ ആദരപൂര്‍വം സ്വീകരിച്ചു. അടുത്ത ദിവസം തന്നെ അയാളെ അവര്‍ അവരുടെ രാജാവായി വാഴിക്കുകയും ചെയ്തു.  ഇത് ദ്വീപ് നിവാസികളുടെ ഒരു ചടങ്ങാണെന്ന് നാവികന്‍ മനസ്സിലാക്കി. എന്നാല്‍ ഇതിന്റെ മറ്റൊരു വശം എന്തെന്നാല്‍ ഇതുപോലെ വിദേശികള്‍ ആരെങ്കിലും ദ്വീപിലെത്തിപ്പെടുമ്പോള്‍ അയാളെ ഉടന്‍ തന്നെ രാജാവായി വാഴിക്കും. നേരത്തെ രാജാവായിരുന്ന ആളെ ദ്വീപുനിവാസികള്‍ അടുത്ത വിജനമായ ദ്വീപിലേക്ക് നാടുകടത്തും. അങ്ങനെ നാടുകടത്തപ്പെടുന്നയാള്‍ അവിടെ പട്ടിണികിടന്ന് നരകയാതന അനുഭവിച്ചു മരിക്കും. കാരണം അവിടെ പാഴ്ച്ചെടികളും വഴുവഴുപ്പുള്ള പാറക്കെട്ടുകളുമല്ലാതെ വേറൊന്നും തന്നെയില്ല.  രാജാവായ ഉടനെ നാവികന്‍ തന്റെ അധികാരമുപയോഗിച്ച് ദ്വീപുനിവാസികളെക്കൊണ്ട് കുറേ വള്ളങ്ങള്‍ നിര്‍മിപ്പിച്ചു. സമീപമുള്ള ജനവാസമില്ലാത്ത ദ്വീപില്‍ നിറയെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു. താമസയോഗ്യമായ കുറേ കെട്ടിടങ്ങളും മറ്റ് ജീവിത സൗകര്യങ്ങളും ഒരുക്കി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ വേറൊരു വിദേശി ദ്വീപില്‍ അകപ്പെട്ടു. അയാള്‍ രാജാവായപ്പോള്‍ നാവികനെ ദ്വീപുനിവാസികള്‍ സമീപ ദ്വീപിലേക്ക് നാടുകടത്തി. എന്നാല്‍ നാവികന് അവിടെ നരകയാതന അനുഭവിക്കേണ്ടി വന്നില്ല. കാരണം അവിടെ ജീവിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും അയാള്‍ ഒരുക്കിയിരുന്നല്ലോ.  ബുദ്ധിയും കഠിനാദ്ധ്വാനവുമില്ലാതെ ഒരു ജോലിയിലും നമുക്ക് തിളങ്ങാനാവില്ല. അധികാരം കൈവരുമ്പോള്‍ ബുദ്ധിപൂര്‍വം അത് ഉപയോഗിക്കണം.  ജീവിതത്തിലും ജോലിയിലും അധികാരത്തിലുമൊക്കെ ദീര്‍ഘ വീക്ഷണമില്ലാത്തവര്‍ പരാജയപ്പെട്ടുപോകാം. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും അലക്ഷ്യമായി ചിലവഴിക്കേണ്ടതല്ല. മുന്‍പോട്ടുള്ള ജീവിതത്തിനുവേണ്ടി നാം ഒരുങ്ങുക തന്നെ വേണം. ഇന്നത്തെ നമ്മുടെ ജീവിതം നാളത്തെ ജീവിതത്തിന്റെ തയ്യാറെടുപ്പാവണം. നാളത്തെ ജീവിതം അടുത്ത ദിവസത്തെ ജീവിതത്തിന്റെയും -ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post