o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  ചെന്നൈയില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഇടിയോട് കൂടിയ മഴയാണ് പെയ്യുന്നത്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്നലേയും വിദ്യാലയങ്ങള്‍ക്ക് അവധിയായിരുന്നു. ഏഴ് ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകളും കോളേജുകളും ഇന്നലെ പ്രവര്‍ത്തിച്ചില്ല.

2025 | ഡിസംബർ 4 | വ്യാഴം 

1201 | വൃശ്ചികം 18 |  കാർത്തിക l 1447 l ജമാ: ആഖിർ13

   ➖➖➖➖➖➖➖➖


◾  അമേരിക്കയുടെ തീരുവയുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും. നാളെ ഹൈദരാബാദ് ഹൗസില്‍ നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും.  ഇരു രാജ്യങ്ങളും തമ്മിലുള്ള 'തന്ത്രപരമായ പങ്കാളിത്തം' ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നല്‍കാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രാഷ്ട്രപതി ദ്രൗപദി മുര്‍മു റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കുകയും രാഷ്ട്രപതി ഭവനില്‍ വിരുന്ന് നല്‍കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദിയുമായും പുടിന്‍ ചര്‍ച്ച നടത്തും.


◾  വ്യാജവാര്‍ത്തകളും എഐ ഡീപ് ഫേക്ക് വീഡിയോകളും നിയന്ത്രിക്കാന്‍ പുതിയ ചട്ടം തയ്യാറാക്കിവരികയാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. എഐ നിര്‍മിത ഡീപ്‌ഫേക്കുകളെ കണ്ടെത്തി നടപടിയെടുക്കാന്‍ കരട് ചട്ടങ്ങളില്‍ അഭിപ്രായരൂപവത്കരണം നടത്തുകയാണെന്നും ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കി.


◾  പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഎം മറുപടി പറയണമെന്നും സിപിഐ നിലപാട് വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ എംപി. പിഎം ശ്രീയിലും ലേബര്‍കോഡിലും ഒത്തുകളിയാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത്ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയും ഇതാണ് വ്യക്തമാക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.  


◾  കാണികള്‍ക്ക് ആവേശകരമായ വിരുന്നൊരുക്കി തിരുവനന്തപുരത്ത് നാവിക സേനയുടെ ശക്തി പ്രകടനം. നാവിക സേന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മുഖ്യാതിഥിയായി. നാവിക സേന സൂപ്പര്‍ പവറായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു. കടല്‍ക്കൊള്ളക്കാര്‍ക്ക് നേരെ കടുത്ത നടപടികള്‍ സേന സ്വീകരിച്ചെന്നും ഐ എന്‍ എസ് വിക്രാന്ത് അടക്കം രാജ്യത്തിന്റെ അഭിമാനമാണെന്നും ദ്രൗപതി മുര്‍മു കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി പറഞ്ഞു.


◾  ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്. വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടു.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല.  ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലാണ് ഇന്നലെ യുവതിയുടെ പരാതിയെത്തിയത്. കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


◾  ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം നീട്ടി കെപിസിസി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാന്‍ കാരണം. നടപടിക്ക് നിര്‍ദേശിച്ച ഹൈക്കമാന്റിന് തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ട്.


◾  ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും വിഎം സുധീരനും. രാഹുല്‍, എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതി മോശമായിയെന്നും പാര്‍ട്ടിയില്‍ രാഹുലിന് തുടരാന്‍ കഴിയാത്ത അവസ്ഥയായിയെന്നും ഇനിയും സാങ്കേതികത്വം നോക്കരുതെന്നും എംഎല്‍എ സ്ഥാനം രാജിവെച്ചു ഒഴിവായിപ്പോകുന്നതാണ് ഉചിതമെന്നും വിഎം സുധീരന്‍ പറഞ്ഞു.


◾  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്ഷ്വല്‍ പ്രെഡേറ്ററാണെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പരാതി പോലും ഇല്ലാതിരുന്നിട്ടും പാര്‍ട്ടി രാഹുലിനെ സസ്പെന്‍ഡ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നുവെന്നും വിഷയത്തില്‍ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമായിരുന്നെന്നും ഷമ പറഞ്ഞു.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എംഎ ഷഹനാസ്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയ കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നുവെന്നും കര്‍ഷക സമരത്ത് ദില്ലിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ദില്ലിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞതെന്നും ഷഹനാസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത്, ഇവനെ പോലെയുള്ള ആളുകള്‍ വരുമ്പോള്‍ നമ്മുടെയൊക്കെ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പലിനോട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഷഹനാസ് വെളിപ്പെടുത്തി.


◾  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ നേതാവ് ലസിത നായര്‍. രാഹുലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണെന്നും മുകേഷിന്റേത് പീഡനമാണെന്ന് സിപിഎം അംഗീകരിച്ചിട്ടില്ലെന്നും ലസിത പറഞ്ഞു. സിപിഎമ്മിന് കിട്ടിയ പരാതികളെല്ലാം പോലീസിന് കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടി ശിക്ഷ വിധിക്കാറില്ലെന്നും ലസിത കൂട്ടിച്ചേര്‍ത്തു.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടുമൊരു പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന ബി സാജന്‍. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്നും സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവര്‍ പറഞ്ഞു.


◾  ശബരിമല മോഷണത്തിന് ജയിലിലായ സിപിഎം നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദന് തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ചൊവ്വാഴ്ച വൈകീട്ട് മല്ലപ്പള്ളിയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


◾  സമഗ്ര ശിക്ഷ പദ്ധതിയില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ തുകയുടെ കണക്ക് പുറത്ത്. 2022 മുതല്‍ ഇതുവരെ 1572.75 കോടി രൂപ കേരളത്തിന് നല്‍കാമെന്ന് അറിയിച്ചെങ്കിലും 412.23 കോടി രൂപ മാത്രമാണ് കേന്ദ്രം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷം അനുവദിച്ചത് 92.41 കോടി രൂപയാണ്. പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഈ തുക നല്‍കിയത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പണം അനുവദിക്കാതിരുന്നത്.


◾  ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്.


◾  വടക്കന്‍ തമിഴ്നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഇന്നു മുതല്‍ അഞ്ച് ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട് മുതല്‍ കര്‍ണാടക, തമിഴ്നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ 1.5 കിലോമീറ്റര്‍ മുകളില്‍ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്.


◾  ഇടുക്കി തോക്കുപാറായില്‍ പത്ത് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കല്‍ അനൂപ് - ജോല്‍സി ദമ്പതികളുടെ മകന്‍ ആഡ്ബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം. അടിമാലി വിശ്വ ദീപ്തി പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഡ്ബിന്‍. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


◾  നെടുമ്പാശേരിയില്‍ അമ്മയെ മകന്‍ അടിച്ചു കൊന്നതായി കേസ്. നെടുമ്പാശേരിയില്‍ താമസിക്കുന്ന അനിതയാണ് (75) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ചയാണ് അനിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്.


◾  മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ കല്‍പ്പറ്റയില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ കോണ്‍ഗ്രസിനും പങ്കുണ്ടെന്ന് എംഎല്‍എ ടി. സിദ്ദിഖ്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ പറഞ്ഞിട്ടാണ് കര്‍ണാടക സര്‍ക്കാര്‍ 20 കോടി രൂപ നല്‍കിയത്. താനുള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളും ഒരുമാസത്തെ ശമ്പളം ഇതിലേക്കായി സര്‍ക്കാറിന് നല്‍കിയിട്ടുണ്ടെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന ടൗണ്‍ഷിപ്പ് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും എന്ന വിവക്ഷ വേണ്ടെന്നും സര്‍ക്കാര്‍ എല്ലാവരുടേതുമാണെന്നും അതില്‍ ഞങ്ങള്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് ചായ വില്‍ക്കുന്നതായി കാണിക്കുന്ന എഐ വീഡിയോ കോണ്‍ഗ്രസ് നേതാവ് പങ്കുവെച്ചത് വിവാദത്തില്‍. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി ഈ വീഡിയോയെ ശക്തമായി അപലപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഗിണി നായക് ആണ് 'ഇതാര് ചെയ്തതാ?' എന്ന അടിക്കുറിപ്പോടെ വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്.


◾  സഞ്ചാര്‍ സാഥി ആപ്പ് നിബന്ധനയില്‍ യു ടേണ്‍ എടുത്ത് കേന്ദ്ര സര്‍ക്കാര്‍. ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ച് ഉത്തരവ് പിന്‍വലിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍, മൊബൈല്‍ കമ്പനികളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം.


◾  ഛത്തീസ്ഗഡിലെ ബസ്തര്‍ ഡിവിഷനിലെ ബിജാപ്പൂര്‍ വനമേഖലയില്‍  സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഇന്നലെ രാവിലെ മുതലുണ്ടായ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു.


◾  സംസ്ഥാനത്തുടനീളമുള്ള റോഹിംഗ്യന്‍, ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വലിയ രീതിയില്‍ നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 17 നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ അധികാരപരിധിയിലുള്ള അനധികൃത കുടിയേറ്റക്കാരുടെ വിശദമായ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


◾  രണ്ടു ദിവസത്തിനുള്ളില്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാന കമ്പനികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡി ജി സി എ. 150 സര്‍വ്വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.


◾  തന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍ ഉണ്ടെന്നുള്ള തോന്നലില്‍ തന്റെ മകനടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാന സ്വദേശിയായ പൂനം എന്ന യുവതിയെ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ആറു വയസുള്ള വിധി എന്ന പെണ്‍കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിച്ചത്. 2023 മുതല്‍ പൂനം സമാനമായി തന്റെ മകനെയടക്കം നാല് കുട്ടികളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍.


◾  ബംഗ്ലാദേശിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തിയ ഗര്‍ഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. സുനാലി ഖാത്തൂണിനെയും സ്വീറ്റി ബീബിയെയും അവരുടെ കുടുംബങ്ങളെയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള സര്‍ക്കാര്‍ നീക്കം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സെപ്റ്റംബര്‍ 26 ലെ ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി


◾  പാക് സൈനിക മേധാവി അസിം മുനീര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്‍. പാക് സൈനിക മേധാവി ഇന്ത്യയുമായി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ ഇമ്രാന്‍ ഖാന്‍ സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാണ് അലീമ പറഞ്ഞത്. അസിം മുനീറിനെ തീവ്ര ഇസ്ലാമിസ്റ്റ് എന്നും അലീമ വിശേഷിപ്പിച്ചു.


◾  ഇന്ത്യയുടെ കൂറ്റന്‍ റണ്‍മല താണ്ടിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം ഏകദിനത്തില്‍ 4 വിക്കറ്റിന്റെ ജയം. വിരാട് കോലിയുടേയും റിതുരാജ് ഗെയ്ക്ക്വാദിന്റേയും സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെടുത്തു. കെ.എല്‍ രാഹുല്‍ 43 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ചുറിയുടേയും മാത്യു ബ്രീറ്റ്‌സ്‌കിന്റേയും ഡെവാള്‍ഡ് ബ്രവിസിന്റേയും അര്‍ധസെഞ്ചുറിയുടേയും കരുത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ വിജയലക്ഷ്യം മറികടന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയിലായി.


◾  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.സൂര്യകുമാര്‍ യാദവ് ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായി ശുഭ്മാന്‍ ഗില്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ഇടംകൈയ്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ ടീമിലില്ല. അതേസമയം അഭിഷേക് ശര്‍മ, തിലക് വര്‍മ, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമിലിടംപിടിച്ചു. പരിക്കില്‍ നിന്ന് മുക്തനായ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തി. ഡിസംബര്‍ ഒമ്പതിനാണ് അഞ്ചുമത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഡിസംബര്‍ 11,14,17,19 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.


◾  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 ലോകകപ്പിനുള്ള ജേഴ്‌സി പുറത്തിറക്കി ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ നായകനുമായ രോഹിത് ശര്‍മ. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെ ആദ്യ ഇന്നിങ്‌സിന് ശേഷം നടന്ന ചടങ്ങില്‍വെച്ചാണ് ജേഴ്‌സി പുറത്തിറക്കിയത്. ചടങ്ങില്‍ രോഹിത്തിനൊപ്പം തിലക് വര്‍മയും പങ്കെടുത്തു.


◾  വമ്പന്‍ കുതിച്ചുചാട്ടവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല. ഇക്കൊല്ലം സെപ്റ്റംബര്‍ വരെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 14.7 മില്യന്‍ ഡോളര്‍ (ഏകദേശം 132 കോടി രൂപ) സമാഹരിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 6 മില്യന്‍ ഡോളറായിരുന്നു കിട്ടിയത്. ഏകദേശം ഒന്നര മടങ്ങാണ് വര്‍ധന. 2022ലെ ആദ്യ ഒമ്പത് മാസത്തില്‍ 24 മില്യന്‍ ഡോളര്‍ (ഏകദേശം 216 കോടി രൂപ) കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ലഭിച്ചിരുന്നു. എന്നാല്‍ 2023ലും 2024ലും ഇത് ക്രമാനുഗതമായി താഴ്ന്നു. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തെ പ്രമുഖ കമ്പനിയായ നേത്രാസെമി നേടിയ 107 കോടി രൂപയുടെ ഫണ്ടിംഗാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്. സീരീസ് എ റൗണ്ടില്‍ സോഹോ, യൂണികോണ്‍ ഇന്ത്യ വെഞ്ചേഴ്‌സ് എന്നീ കമ്പനികളാണ് നിക്ഷേപം നടത്തിയത്. ഇതിന് പുറമെ ക്ലോത്തിംഗ് ബ്രാന്‍ഡായ മൈ ഡെസിഗ്‌നേഷന്‍, റോബോട്ടിക് കമ്പനിയായ ഐ ഹബ്ബ് റോബോട്ടിക്‌സ്, ഫീമെയില്‍ വെല്‍നസ് ബ്രാന്‍ഡായ ഫെമിസേഫ്, സീറോ എര്‍ത്ത്, ഓഗ്‌സെന്‍സ് ലാബ് തുടങ്ങിയ കമ്പനികളും മികച്ച ഫണ്ടിംഗ് നേടി. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് കൂടുതല്‍ നിക്ഷേപം ലഭിച്ചതെന്നും റിപ്പോര്‍ട്ട് തുടരുന്നു. ആകെ ലഭിച്ചതില്‍ 128 കോടി രൂപയോളം ഇവിടുത്തെ കമ്പനികള്‍ക്കായിരുന്നു. ജനസംഖ്യയില്‍ 13-ാം സ്ഥാനത്തുള്ള കേരളത്തിന് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലും അതേസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. 2.6 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവുമായി കര്‍ണാടകയാണ് പട്ടികയില്‍ ഒന്നാമത്. മഹാരാഷ്ട്രയും ഡല്‍ഹിയും തൊട്ടുപിന്നിലുണ്ട്.


◾  മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം 'കളങ്കാവല്‍' ഡിസംബര്‍ അഞ്ചിന് റിലീസിനെത്തും. ചിത്രത്തിലെ ഒരു സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാന്‍ സയീദ് ആണ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാന്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും സംവിധായകനായ ജിതിന്‍ കെ ജോസ് ആണ്. 'റോഷാക്ക്' എന്ന ചിത്രത്തിലെ ഡോണ്‍ട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാന്‍ ആയിരുന്നു. 22 നായികമാരാണ് ചിത്രത്തിലുള്ളത്. രജിഷ വിജയന്‍, ശ്രുതി രാമചന്ദ്രന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, മാളവിക മേനോന്‍, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വര്‍മ്മ, അനുപമ, വൈഷ്ണവി സായ് കുമാര്‍, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിന്‍ മരിയ, ബിന്‍സി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.


◾  ഐഎംഡിബി വെബ്സൈറ്റില്‍ ജനപ്രിയ പട്ടികയില്‍ മുന്‍നിരയിലെത്തി പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും. ജനപ്രിയ സംവിധായകരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഇടം പിടിച്ചപ്പോള്‍ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ നടി കല്യാണി പ്രിയദര്‍ശന്‍ ഏഴാം സ്ഥാനത്തെത്തി. 'എല്‍2: എമ്പുരാന്‍' ഒരുക്കിയാണ് പൃഥ്വിരാജ് സുകുമാരന്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്നുള്ള  അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ചിത്രം 'സയ്യാര'. ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാം സ്ഥാനത്തും, ലക്ഷ്യ അഞ്ചാം സ്ഥാനത്തും, രശ്മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്. പുതുമുഖ സംവിധായകരില്‍ 'ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര' ഒരുക്കിയ ഡൊമിനിക് അരുണ്‍ എട്ടാം സ്ഥാനത്തുണ്ട്. 'സയ്യാര'യുടെ സംവിധായകന്‍ മോഹിത് സൂരിയാണ് ഒന്നാം സ്ഥാനത്ത്. 'ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്' സംവിധായകനും ഷാറുഖ് ഖാന്റെ മകനുമായ ആര്യന്‍ ഖാന്‍ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം 'കൂലി'യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു.


◾  ഇന്ത്യയില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. കൈലാഖ് മുതല്‍ ഏറ്റവും ഒടുവില്‍ രാജ്യത്ത് പുറത്തിറങ്ങി നിമിഷങ്ങള്‍ കൊണ്ട് വിറ്റുതീര്‍ന്ന ഒക്ടാവിയ ആര്‍ എസ് എന്ന പെര്‍ഫോമന്‍സ് സെഡാന്‍ വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സ്‌കോഡ. നവംബര്‍ മാസത്തിലെ വില്‍പന കണക്കുകള്‍ കൂടി കണക്കിലെടുത്താണ് സ്‌കോഡയുടെ ഈ നേട്ടം. കഴിഞ്ഞ നവംബറില്‍ 5491 യൂണിറ്റ് വാഹനങ്ങളാണ് സ്‌കോഡ നിരത്തിലെത്തിച്ചത്. മറ്റു വാഹന നിര്‍മാതാക്കളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ വില്‍പന കണക്ക് ചെറുതെന്നു തോന്നാമെങ്കിലും 2024 നവംബറിനെ അപേക്ഷിച്ച് 90 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വിപുലീകരിച്ച നെറ്റ്വര്‍ക്കുകള്‍, വാഹനങ്ങള്‍ക്ക് നല്‍കുന്ന മികച്ച ഓഫറുകള്‍, ഓരോ സെഗ്മെന്റിലും ഉല്‍പന്നങ്ങളുടെ നീണ്ട നിര എന്നിങ്ങനെ നീളുന്നു അഞ്ചു ലക്ഷം എന്ന മാന്ത്രിക സംഖ്യ തൊടാന്‍ സ്‌കോഡയെ സഹായിച്ച ഘടകങ്ങള്‍.


◾  ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകള്‍. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്‌കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകള്‍ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീര്‍ത്ത വഴിയില്‍നിന്ന് പെറുക്കിക്കൂട്ടിയ തൂവലുകള്‍ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാന്‍ ശ്രമിക്കുന്നവരേയും, ഓര്‍മ്മകള്‍ക്ക് ശ്രാദ്ധകര്‍മ്മം ചെയ്യുന്നവരേയും, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയില്‍ നിങ്ങള്‍ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗര്‍ണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയില്‍. 'കൊഴിഞ്ഞ പീലികള്‍'. ഡോ. കെ. ആര്‍. ലീനാപാര്‍വ്വതി. സണ്‍ഷൈന്‍ ബുക്ക്സ്. വില : 190 രൂപ.


◾  ദഹനം നടക്കുന്നത് ആമാശയത്തില്‍ ആണെങ്കിലും തുടക്കം വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചവയ്ക്കുന്നത് പിഴച്ചാല്‍ ദഹനം താറുമാറാകും. ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാന്‍ ശ്രമിക്കുക. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരുത്താം, മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന്‍ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് 10-15 തവണ മാത്രം മതിയാകും. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികള്‍ ഇല്ലാതായാല്‍ മാത്രം വിഴുങ്ങുക. ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വിഴുങ്ങിയതിന് ശേഷം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു. ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണാവശിഷ്ടങ്ങളെ കഴുകിക്കളയുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്ത് വായിലെ പിഎച്ച് സന്തുലിതമാക്കുന്നു. മെച്ചപ്പെട്ട ദഹനം ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നു. കായിക പ്രകടനം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം.


*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു പ്രഭാഷകന്‍ തന്റെ പ്രസംഗത്തിനിടയില്‍ ശ്രോതാക്കളോടു ചോദിച്ചു: 'ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലം ഏതാണ്?' ശ്രോതാക്കള്‍ വിവിധ രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍, കാര്യകാരണ സഹിതം അവതരിപ്പിച്ചു. ഒരാള്‍ 'എണ്ണപ്പാടങ്ങളാല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങള്‍' എന്ന് മറുപടി നല്‍കി.മറ്റൊരാള്‍ ആഫ്രിക്കയിലെ വജ്രഖനികളെ സൂചിപ്പിച്ചു. അവയെല്ലാം നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു:  'ഇതൊന്നുമല്ല ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്ഥലം....'  ഒന്ന് നിര്‍ത്തി അദ്ദേഹം തുടര്‍ന്നു: 'അത്.... സെമിത്തേരിയാണ്!' ശ്രോതാക്കള്‍  എതിര്‍ത്തു: 'നിര്‍ജീവമായ അസ്ഥികൂടങ്ങള്‍ മാത്രമുള്ള സ്ഥലം എങ്ങനെയാണ് ഏറ്റവും സമ്പന്നമായ സ്ഥലമാകുന്നത്?' പ്രഭാഷകന്‍ വിശദീകരിച്ചു: 'എത്രയോ ആള്‍ക്കാരുടെ വെളിച്ചം കാണാത്ത വിലപിടിച്ച ആശയങ്ങളും സ്വപ്നങ്ങളും, ആഗ്രഹങ്ങളും,  പദ്ധതികളുമെല്ലാം അന്തിയുറങ്ങുന്ന സെമിത്തേരി തന്നെയാണ് ഏറ്റവും സമ്പന്നമായ സ്ഥലം!' 'നിങ്ങളുടെ ഉള്ളില്‍ രൂപം കൊള്ളുന്ന ആശയങ്ങളും പദ്ധതികളുമൊക്കെ മനസ്സില്‍ മാത്രം കൊണ്ടുനടക്കാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തില്‍ അവതരിപ്പിക്കുക. കല്ലറയിലേക്ക്  പോകുന്നതിനുമുന്‍പ് അവയൊക്കെ സമൂഹത്തിന് വിട്ടു കൊടുത്ത് ശൂന്യമായ മനസ്സോടെ പോകുക' ഓരോ വ്യക്തിയും, തന്റെയുള്ളില്‍ രൂപം കൊള്ളുന്ന ഒരു ആശയത്തിനോ, സങ്കല്പത്തിനോ വേണ്ടി, ആത്മവിശ്വാസത്തോടെയും, സ്ഥിരോത്സാഹത്തോടെയും നിലകൊണ്ടിരുന്നുവെങ്കില്‍, ലോകം തന്നെ ഏറെ മാറുമായിരുന്നു; സുന്ദരമാകുമായിരുന്നു. സ്വന്തമായി സ്വപ്നങ്ങള്‍ ഉണ്ടായിരിക്കുക, അവയ്ക്കു വേണ്ടി നിലകൊള്ളുക. എന്തുവില കൊടുത്തും അവ സാക്ഷാത്കരിക്കാനായി യത്നിക്കുക ....... ഇവയൊക്കെയാണ് ജീവിതത്തെ സൗന്ദര്യപൂര്‍ണ്ണമാക്കുന്നത് - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post