o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 

  ◾  കണ്ണൂര്‍ പിണറായില്‍ ബോംബ് കയ്യിലിരുന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വലത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം, പാനൂരില്‍ സിപിഎം  സൈബര്‍ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.




2025  ഡിസംബർ 17  ബുധൻ 

1201  ധനു 2    വിശാഖം 

1447  ജ : ആഖിർ 26



◾  ഒറ്റദിവസം കൊണ്ട് 15.19 ലക്ഷം കോടി രൂപയുടെ വളര്‍ച്ച നേടിയ ലോകത്തെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ആകെ ആസ്തി 638 ബില്യനിലുമെത്തി, അതായത് 58 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍ ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം രണ്ടാം സ്ഥാനക്കാരനായ ഗൂഗിള്‍ സഹസ്ഥാപകനായ ലാറി പേജിന്റെ ആസ്തി 265 ബില്യനേയുള്ളൂ അതായത് 24.11 ലക്ഷം കോടി രൂപ. 18-ാം സ്ഥാനത്തുള്ള ഇന്ത്യക്കാരില്‍ ഒന്നാമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആസ്തി 106 ബില്യന്‍ ഡോളറാണ് അതായത് 9.64 ലക്ഷം കോടി രൂപ. മുകേഷ് അംബാനിയുടെ ആകെ സ്വത്തിനേക്കാള്‍ കൂടുതലാണ് ഇന്നലെ ഒറ്റദിവസം മസ്‌കിന്റെ ആസ്തിയിലുണ്ടായ വളര്‍ച്ച. ടെസ്ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മക്സിന്റെ ആസ്തിയില്‍ പൊടുന്നേയുള്ള കുതിപ്പിന് കാരണം സ്പേസ്എക്സിന്റെ പ്രാരംഭ ഓഹരി വില്‍പന നീക്കമാണ്. ആദ്യമായാണ് ലോകത്ത് ഒരാളുടെ ആസ്തി 600 ബില്യന്‍ കടക്കുന്നത്.


◾  നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതിജീവിത. ക്ലിഫ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.  എട്ടാം  പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്.


◾  മസാല ബോണ്ടിലെ ഇഡി നോട്ടീസില്‍ കിഫ്ബിക്ക് ആശ്വാസം. മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതില്‍ മൂന്ന് മാസത്തേക്ക് സ്റ്റേ നല്‍കി ഹൈക്കോടതി. ഇഡി അഡ്ജുഡിക്കേറ്റിംങ് അതോറിറ്റിയുടെ നോട്ടീസിനാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. ഇഡി നടപടിക്കെതിരെ കിഫ്ബി നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് മൂന്നു മാസത്തേക്കാണ് സ്റ്റേ. മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ ഉപയോഗിച്ചെന്നാരോപിച്ചായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നോട്ടീസ്.


◾  താന്‍ സ്വര്‍ണം കട്ടെന്ന് ആരോപിക്കാതിരിക്കാന്‍ കഴിയുമോ എന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോടു ചോദിക്കണമെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് കോടതി പരിഗണിച്ചപ്പോഴാണ് കടകംപള്ളി ഈ ആവശ്യം ഉന്നയിച്ചത്. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ചാ കേസില്‍ ജീവനക്കാരെയോ രാഷ്ട്രീയനേതാക്കളെയോ വിമര്‍ശിക്കുന്നതിനു താന്‍ എതിരല്ലെന്നും തന്നെ സ്വര്‍ണം കട്ടവന്‍ എന്ന് വിളിക്കരുതെന്നുമായിരുന്നു കടകംപള്ളിയുടെ അപേക്ഷ. ഇത്തരം ആരോപണം കേട്ടശേഷം സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയില്ലെന്നും കടകംപള്ളി പറഞ്ഞു. കടകംപള്ളിയുടെ ആവശ്യം പരിഗണിക്കാമോ എന്ന കോടതിയുടെ ചോദ്യത്തിന് ഇക്കാര്യം വി.ഡി. സതീശനോടു ചോദിച്ച ശേഷമേ പറയാന്‍ കഴിയൂ എന്ന് അഭിഭാഷകന്‍ അറിയിച്ചു. വി.ഡി. സതീശന്റെ അഭിപ്രായം അറിയാനായി കോടതി കേസ് ഈ മാസം 18-ലേക്കു മാറ്റി.




◾  ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ആര്‍ക്കാണ് ആത്മാര്‍ത്ഥതയെന്നും ആരാണ് ജനവിധി തമാശയായി കാണുന്നതെന്നും തെളിയിക്കുന്നതായിരുന്നു ഇന്നലെ പാര്‍ലമെന്റിന് പുറത്തെ കാഴ്ചകളെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ലമെന്റിന് പുറത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉന്നയിച്ച് യുഡിഎഫ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തെയാണ് ശിവന്‍കുട്ടി വിമര്‍ശിച്ചത്. ശബരിമലയെ അവഹേളിക്കുന്ന തരത്തില്‍ പാരഡി ഗാനങ്ങള്‍ പാടി രസിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.


◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മൂന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.


◾  പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേര്‍ത്തത് വേദനിപ്പിച്ചുവെന്നും ഭക്തരെ അപമാനിച്ചുവെന്നും പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരന്‍.


◾  സ്ഥാനാര്‍ത്ഥികളുടെ നിര്യാണത്തെത്തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാര്‍ഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തുന്നത്.




◾  കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെടും വിധത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി പി രാജീവ്. പദ്ധതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഏറ്റവും അവസാനത്തെ ചുവടാണിത്. തൊഴിലുറപ്പ് എന്നത് അവകാശം ആണെന്ന ആശയത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായി പിന്‍വാങ്ങുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.


◾  ജീവിച്ചിരിക്കുന്ന താന്‍, മരിച്ചെന്ന് ബിഎല്‍ഒ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയ്ക്ക് പുറത്തായെന്ന പരാതിയുമായി റിട്ട. കോളജ് അധ്യാപകന്‍ രംഗത്ത്. തേവള്ളി പാലസ് നഗര്‍ വൈദ്യ റിട്രീറ്റ് എ-3 യില്‍ വില്‍സണ്‍ ഇ.വി.യാണ് പരാതിക്കാരന്‍. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ടര്‍ സ്ലിപ്പ് ലഭിക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് 'മരിച്ചു' പോയതിനാല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി വ്യക്തമായത്. ബിഎല്‍ഒയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതെന്നും ഇദ്ദേഹം ആരോപിക്കുന്നു.


◾  ജോസ് കെ മാണിയെ യുഡിഎഫില്‍ എടുക്കുമോയെന്നതില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്ന് എന്‍കെ പ്രമേചന്ദ്രന്‍ എംപി. ചര്‍ച്ച വന്നാല്‍ ആര്‍എസ്പി അഭിപ്രായം അറിയിക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. കേരള സര്‍ക്കാറിനെതിരായ ജനങ്ങളുടെ അറപ്പും വെറുപ്പുമാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിച്ചതെന്നും പ്രേമചന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ലീഗ് അടക്കമുള്ള മുന്നണി നേതാക്കള്‍. എന്നാല്‍ ഇടതുമുന്നണിയില്‍ തുടരുമെന്ന നിലപാടിലാണ് ജോസ് കെ മാണി.


◾  വിസി നിയമനത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ധാരണ. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചു. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാന്‍സിലര്‍ അംഗീകരിച്ചു. നിയമനം സംബന്ധിച്ച് ലോക്ഭവന്‍ വിജ്ഞാപനം പുറത്തിറക്കി. ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും.


◾  കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം ജനുവരി 19 ന് തുടങ്ങും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം കൂടി പരിശോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്



◾  ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിലായി. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറന്‍സിയാക്കി വിദേശത്തെത്തിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ബ്ലെസ്ലിയെ അറസ്റ്റ് ചെയ്തത്. കേസില്‍ നിരവധി പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കേസിലെ പ്രതികളായ എട്ട് പേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


◾  സിനിമാ സീരിയല്‍ താരമായ ഭാര്യയെ തട്ടിക്കൊണ്ട് പോയി സിനിമാ നിര്‍മ്മാതാവായ ഭര്‍ത്താവ്. കന്നട സിനിമാ നിര്‍മ്മാതാവായ ഹര്‍ഷ വര്‍ധനെതിരെയാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. വര്‍ധന്‍ എന്റൈര്‍പ്രൈസസ് എന്ന സ്ഥാപനത്തിനുടമ കൂടിയായ ഹര്‍ഷ വര്‍ധന്‍ പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ തട്ടിക്കൊണ്ട് പോയതായാണ് പരാതി. ചൈത്രയെ വിട്ടുകിട്ടണമെങ്കില്‍ ഒരു വയസ് പ്രായമുള്ള മകളെ വിട്ടുനല്‍കണമെന്നായിരുന്നു ഭീഷണി.


◾  കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പനമരത്തിനടുത്ത പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ കണ്ടത്. രണ്ട് ദിവസമായി കടുവയ്ക്കായി തിരച്ചില്‍ നടത്തുകയാണ് വനം വകുപ്പ്. കടുവയെ വനത്തിലേക്ക് തുരത്താനായില്ലെങ്കില്‍ മയക്കുവെടിവെക്കാനാണ് തീരുമാനം. ഇതിനുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിച്ചു.


◾  ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍ അറസ്റ്റില്‍. തായ്‌ലന്റിലേക്ക് കടന്നിരുന്ന ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു. തീ പിടിത്തം ഉണ്ടായ ഉടന്‍ ഇവര്‍ ഗോവയില്‍ നിന്നും തായ്‌ലന്റിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടാന്‍ ഇന്റര്‍ പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചു.


◾  ജോര്‍ദാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലെത്തി. എത്യോപ്യന്‍ നാഷണല്‍ പാലസില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നല്കി. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദുമായി മോദി ചര്‍ച്ച നടത്തി. നരേന്ദ്ര മോദിക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി അത്താഴ വിരുന്നും നല്കി. ഇന്ന് എത്യോപ്യന്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നരേന്ദ്ര മോദി ഇതാദ്യമായാണ് എത്യോപ്യ സന്ദര്‍ശിക്കുന്നത്.


◾  സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന് ആറാഴ്ചക്കകം കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് സുപ്രീംകോടതി. സൈനീകരുടെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.


◾  മെസിയുടെ പരിപാടി അലങ്കോലമായതിന് പിന്നാലെ പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു. ചൊവ്വാഴ്ചയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസിയുടെ ഗോട്ട് ടൂര്‍ പരിപാടി വലിയ രീതിയില്‍ അലങ്കോലമായിരുന്നു. പരിപാടി അലങ്കോലമായതില്‍ കായിക മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുതാര്യമായ അന്വേഷണം ഉറപ്പ് വരുത്തുന്നതിനാണ് രാജിയെന്നാണ് അരൂപ് ബിശ്വാസ് കത്തില്‍ വിശദമാക്കുന്നത്


◾  കര്‍ണാടകയില്‍ വന്‍ യൂറിയ കുംഭകോണം. കര്‍ഷകര്‍ക്ക് നല്‍കാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്തു കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടണ്‍ യൂറിയ കണ്ടെടുത്തു.സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.


◾  ഗുജറാത്തിലെ അമുല്‍ ക്ഷീരോല്‍പ്പാദക സംഘത്തിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി വന്‍ ഭൂരിപക്ഷം നേടിയ ബിജെപി പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുത്തു. വിപുല്‍ എം. പട്ടേലിനെ ചെയര്‍മാനായും, കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.


◾  ദില്ലിയിലെ ജനങ്ങളെ വലച്ച് ഇന്നലെയും കനത്ത പുക മഞ്ഞ്. വായു ഗുണനിലവാരം ഗുരുതര വിഭാഗത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. ആഗ്ര യമുന എക്സ്പ്രസ് വേയില്‍ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.


◾  ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ എന്ന് റിപ്പോര്‍ട്ട്. മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്.


◾  യുഎസില്‍ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് ഇന്ത്യ ഏറ്റുവാങ്ങി. ഗാസിയാബാദിലെ ഹിന്‍ഡോണ്‍ എയര്‍ബേസിലാണ് അവസാന ബാച്ചിലെ മൂന്ന് ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങിയത്. ഇതോടെ രാജസ്ഥാനിലെ ജോധ്പുരിലുള്ള 451 ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിലേക്കുള്ള മുഴുവന്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളും എത്തിക്കഴിഞ്ഞു.


◾  മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി, പകരം വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ 2025 അഥവാ വിബിജിരാം- ജി ബില്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. പദ്ധതിയില്‍ മഹാത്മ ഗാന്ധിയുടെ പേര് ഒഴിവാക്കി രാമന്‍ (രാം) എന്ന പേര് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ആ രണ്ട് വ്യക്തിത്വങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് തരൂര്‍ ആരോപിച്ചു.


 ◾  സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് 60 മില്ല്യണ്‍ യൂറോ (ഏകദേശം 643 കോടിയിലധികം രൂപ) നല്‍കണമെന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയോട് ഉത്തരവിട്ട് കോടതി. പണം നല്‍കാനുണ്ടെന്ന് കാണിച്ച് പിഎസ്ജിയുടെ മുന്‍ താരമായിരുന്ന എംബാപ്പെ നല്‍കിയ കേസിലാണ് ഫ്രഞ്ച് കോടതിയുടെ വിധി.


◾  മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി പകരം പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധി. ബിജെപി സര്‍ക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് എംബസിയുടെ അപ്രതീക്ഷിത സന്ദേശം. പ്രധാനമന്ത്രി മോദി തങ്ങളുടെ ഉത്കൃഷ്ടനായ സുഹൃത്താണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായുള്ള കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസ്സി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.


◾  അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാര്‍ക്കും പാലസ്തീനിയന്‍ അതോറിറ്റി പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിലപാടിലാണ് തീരുമാനം. സിറിയയില്‍ രണ്ട് യുഎസ് സൈനികരും ഒരു പൗരനും കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ട്രംപിന്റെ നടപടി. പുതിയ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളായ ബര്‍ക്കിന ഫാസോ, മാലി, നൈജര്‍, സിയറ ലിയോണെ, സൗത്ത് സുഡാന്‍ എന്നിവയും തെക്കുകിഴക്കന്‍ ഏഷ്യയിലെ ലാവോസും ഉള്‍പ്പെടുന്നു.


◾  അബുദാബിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ വിദേശ താരങ്ങള്‍ കോടികള്‍ വാരി. ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ 25.20 കോടി രൂപക്ക് കൊല്‍ക്കത്തയിലെത്തിയപ്പോള്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് കൈവിട്ട ശ്രീലങ്കന്‍ പേസര്‍ പതിരാനയെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത മുടക്കിയത് 18 കോടി രൂപയാണ്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്സ്റ്റണിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് 13 കോടി രൂപക്കാണ്. അതേസമയം അണ്‍ക്യാപ്ഡ് താരങ്ങളായ രാജസ്ഥാന്റെ പ്രശാന്ത് വീര്‍, ഉത്തര്‍പ്രദേശിന്റെ കാര്‍ത്തിക് ശര്‍മ എന്നിവരെ ചെന്നൈയും റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി. രണ്ട് താരങ്ങള്‍ക്കും 14.20 കോടി വീതം മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് തട്ടകത്തിലെത്തിച്ചത്. ഐപിഎല്‍ ലേലത്തിലെ അണ്‍ക്യാപ്ഡ് താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.


◾  രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്കിന്റെ ഓഹരികള്‍ കനത്ത നഷ്ടത്തില്‍. ഡിസംബര്‍ 16ലെ വ്യാപാരത്തില്‍ നാല് ശതമാനത്തിലധികമാണ് ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞത്. ബാങ്കിന്റെ സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് വഴിവെച്ചത്. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ പ്രതീക്ഷിച്ച വേഗത്തില്‍ മെച്ചപ്പെടില്ലെന്ന സൂചനയാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയത്. ലാഭക്ഷമതയുടെ പ്രധാന അളവുകോലായ നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ മെച്ചപ്പെടാന്‍ ഇനിയും രണ്ട് ത്രൈമാസങ്ങള്‍ കൂടി വേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ എന്‍.ഐ.എം മെച്ചപ്പെടുമെന്നായിരുന്നു ബാങ്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനായി നാലാം പാദം വരെയോ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ (2026 - 27) ആദ്യ പാദം വരെയോ കാത്തിരിക്കണം. ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തുടങ്ങി. പിന്നാലെ വില കുത്തനെ ഇടിഞ്ഞു.


◾  ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന 'മിണ്ടിയും പറഞ്ഞും'എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദാണ്. സനല്‍ - ലീന ദമ്പതികളുടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ ഛായാഗ്രഹണം നിര്‍വഹിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും സംഗീതം ഒരുക്കിയിരിക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ജാഗ്വാര്‍ സ്റ്റുഡിയോസാണ്.


◾  നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ 'ജയിലര്‍ 2'. 2023 ല്‍ പുറത്തിറങ്ങിയ ജയിലര്‍ എന്ന ചിത്രത്തിന്റെ തുടര്‍ഭാഗമായാണ് ജയിലര്‍ 2 ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി നടി നോറ ഫത്തേഹിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ നോറ ഈ പാട്ടിന്റെ ചിത്രീകരണത്തിനായി ചെന്നൈയിലാണെന്നാണ് പുറത്തുവരുന്ന വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെന്നിന്ത്യന്‍ സ്റ്റൈലിലാണ് പാട്ട് ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. നടി വിദ്യ ബാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോഹന്‍ലാലും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. ജയിലറില്‍ ഐറ്റം ഡാന്‍സില്‍ രജനികാന്തിനൊപ്പം തമന്നയാണ് എത്തിയത്.


◾  എസ്യുവി വിഭാഗത്തില്‍ ബോള്‍ഡ് ഡിസൈന്‍, നൂതനമായ സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, അതുല്യമായ ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്ക് ഏറെ പ്രാധാന്യം നല്‍കി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഓള്‍-ന്യൂ എംജി ഹെക്ടര്‍ കൊച്ചിയില്‍ പുറത്തിറക്കി. 20 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന പുതിയ ഹെക്ടറില്‍ മുന്നിലും പുറകിലുമായി ബമ്പറില്‍ വന്ന പുതിയ ഡിസൈന്‍, ഗ്രില്‍ ഡിസൈന്‍, പുതിയ അലോയ് വീലുകള്‍ എന്നിവയുള്ള ശ്രദ്ധേയമായ പുറംഭാഗമാണ് പ്രധാന സവിശേഷത. സെലാഡണ്‍ ബ്ലൂ, പേള്‍ വൈറ്റ് എന്നീ രണ്ട് പുതിയ നിറങ്ങള്‍ ഇന്റീരിയറില്‍ ലഭ്യമാണ്. 5 സീറ്റര്‍ ട്രിമ്മില്‍ ഡ്യുവല്‍ ടോണ്‍ ഐസ് ഗ്രേ തീമും 6, 7 സീറ്റര്‍ ട്രിമ്മുകള്‍ക്ക് ഡ്യുവല്‍ ടോണ്‍ അര്‍ബന്‍ ടാനും ഇന്റീരിയറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരിധിയില്ലാത്ത കിലോമീറ്ററുകളുള്ള മൂന്ന് വര്‍ഷത്തെ വാറന്റി, മൂന്ന് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, മൂന്ന് ലേബര്‍-ഫ്രീ ആനുകാലിക സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് 3+3+3 പാക്കേജ് ഉള്‍ക്കൊള്ളുന്ന എം.ജി ഷീള്‍ഡ് പാക്കേജും എം.ജി ഓഫര്‍ ചെയ്യുന്നു.


◾  ഒരായുസ്സ് ജീവിക്കാന്‍ പോന്ന വലിയ ശമ്പളം. ഒറ്റ വര്‍ഷത്തെ ജോലി. കരാര്‍ ഒപ്പിടുന്നോ? കരണ്‍ കരേഫര്‍ ഒന്നുമാലോചിച്ചില്ല. മുന്‍ ജോലിയിടം സമ്മാനിച്ച അപമാനത്തിന്റെ ഭാരത്തില്‍നിന്ന അവന്‍ തലയാട്ടി. പിന്നെ ഒപ്പിട്ടു. ആ ഒപ്പ് കരണിന്റെ ജീവിതത്തെ കൊണ്ടുപോയത് ഉത്തരധ്രുവത്തിലെ ഒറ്റപ്പെട്ട ഇടത്തേക്ക്. ബെന്യാമിന്റെ ആടുജീവിതത്തെപ്പോലെ തീവ്രവും ഓരോ നിമിഷവും സംഭ്രമജനകവുമായ അനുഭവത്തിലേക്ക്, കരണിന്റെ മകള്‍ കുഞ്ഞു ടിയമോള്‍കുടി വായനക്കാരന് മറ്റൊരു നോവലിലും കാണാത്തത്ര വൈകാരികമായ അനുഭവം സമ്മാനിക്കുന്നു. ഡിറ്റക്ടീവ് വേലന്‍ പൗലോസിന്റെ സ്രഷ്ടാവില്‍നിന്ന് ഒരു അത്യുജ്ജ്വല വായനാനുഭവം. 'കരേഫര്‍ കോണ്‍ട്രാക്റ്റ്'. ഡേവിഡ് വര്‍ഗ്ഗീസ്. മനോരമ ബുക്സ്. വില 342 രൂപ.


◾  തണുത്ത കാലാവസ്ഥ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ? ഈ അവസ്ഥയെ സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്നാണ് വിശേഷിപ്പിക്കുന്നത്. ദിവസം മുഴുവന്‍ അലസത, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയാവുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. രാവിലെയും വൈകുന്നേരവും ഇളം വെയില്‍ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെയും ഉത്പാദനം മെച്ചപ്പെടുന്നു. മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം. എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും.


*ശുഭദിനം*

*കവിത കണ്ണന്‍*

ആട്ടിടയന്‍ ആദ്യമായാണ് കടല്‍ കാണുന്നത്.  കടല്‍തീരത്തിരുന്നപ്പോള്‍  കടല്‍ അയാളെ ആകര്‍ഷിച്ചു.  ആടുമേക്കല്‍ നിര്‍ത്തി കച്ചവടം തുടങ്ങാന്‍ അയാള്‍ തീരുമാനിച്ചു.  ഒപ്പം ലോകം ചുറ്റി സഞ്ചരിക്കുകയും ധാരാളം ലാഭം ഉണ്ടാക്കുകയും ചെയ്യാം.  അങ്ങിനെ അയാള്‍ തന്റെ ആടുളെ മുഴുവന്‍ വിറ്റ് ആ തുകകൊണ്ട് ഈത്തപ്പഴം വാങ്ങി കപ്പലില്‍ കയറി യാത്രയായി.  കടല്‍ മധ്യത്തിലെത്തിയപ്പോഴേക്കും കൊടുങ്കാററും പേമാരിയും കാരണം കപ്പല്‍ ആടിയുലയാന്‍ തുടങ്ങി.  കപ്പലിലെ ചരക്ക് മുഴുവന്‍ പുറത്തേക്കെറിഞ്ഞില്ലെങ്കില്‍ നമ്മള്‍ അപകടത്തില്‍പെടുമെന്ന കപ്പിത്താന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അയാളും തന്റെ ഈന്തപ്പഴമെല്ലാം കടലിലേക്കെറിഞ്ഞു.  വളരെ സാഹസികമായി അവര്‍ തിരിച്ചെത്തി.  ദിവസങ്ങള്‍ക്ക് ശേഷം കടല്‍ത്തീരത്ത് ദുഖിച്ചിരിക്കുന്ന ആട്ടിടയന്റെ അടുത്ത് സുഹൃത്ത് പറഞ്ഞു: നോക്കൂ.. കടല്‍ എത്ര ശാന്തമാണ്..  ഇടയന്‍ പറഞ്ഞു:  ഈ ശാന്തത എന്തിനാണെന്ന് എനിക്കറിയാം.  എനിക്കുളളതെല്ലാം തട്ടിപ്പറിക്കാനുളള അടവാണ്.. അയാള്‍ അവിടെനിന്നും എഴുന്നേറ്റ് നടന്നു.  ദൂരെ നിന്നുനോക്കുമ്പോള്‍ എല്ലാം അഴകുള്ളതും ആനന്ദദായകവുമാണ്.   അടുത്തുചെല്ലുമ്പോള്‍ അറിയാം ഓരോന്നിന്റെയും അപൂര്‍ണ്ണതയും അരക്ഷിതാവസ്ഥയും.  കടലിന്റെ മനോഹാരിതയില്‍ മയങ്ങി കടലിലേക്കിറങ്ങുമ്പോഴാണ്  അവിടുത്തെ ഓളവും ഉലച്ചിലും പിടികിട്ടുക. പുറമേയുളള ഭംഗിയിലും ആദ്യകാഴ്ചയിലെ അഭിനിവേശത്തിലും പുറകെ പോകുന്ന പലരും നിരാശരാകാറാണ് പതിവ്.  അത് വസ്തുക്കളായാലും ബന്ധങ്ങളായാലും.. പുതിയതിനു വേണ്ടി പഴയതിനെ ഉപേക്ഷിക്കുന്നവര്‍ ഒരിക്കല്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെടും.  ആരേയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.. പുതുമ കണ്ട് ഭ്രമിക്കാതിരിക്കാന്‍ ശ്രമിക്കുക - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post