◾ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കാം. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്താനാണ് സ്കിന്‍ ബാങ്ക് സജ്ജമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾ അപകടത്തില്‍പ്പെട്ട് നടുറോഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിനു മരിച്ചു. 40 വയസ്സായിരുന്നു. കൊല്ലം സ്വദേശിയാണ്. എറണാകുളം ഉദയംപേരൂരിലായിരുന്നു അപകടം ഉണ്ടായത്. ലിനുവിന്റെ ജീവന് രക്ഷിക്കാന്‍ നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുട ശ്രമങ്ങള്‍ വലിയ ശ്രദ്ധനേടിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
2025 ഡിസംബർ 24 ബുധൻ
1201 ധനു 9 തിരുവോണം
1447 റജബ് 03
◾ സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടികയില്‍ 2,54,42,352 വോട്ടര്‍മാര്‍. voters.eci.gov.in എന്ന വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് 24,08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാന്‍സ്ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്.
◾ നിലവില്‍ പുറത്തിറക്കിയ എസ്ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തല്‍ ഖേല്‍ക്കര്‍. ഇതിനായി ഫോം 6 പൂരിപ്പിച്ചു നല്‍കണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. ഒരു മാസത്തേക്ക് ആണ് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കുക.ജനുവരി 22 വരെയാണ് സമയം.
◾ വിദ്യാലയങ്ങള്‍ അക്ഷരങ്ങള്‍ പഠിക്കാന്‍ മാത്രമുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവര്‍ത്തിത്വം പഠിക്കാനുള്ള ഇടങ്ങള്‍ കൂടിയാണെന്നും, അവിടെ ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്മസ് അവധി റദ്ദാക്കിയും, 'സദ്ഭരണ ദിനം' എന്ന പേരില്‍ അവധി ദിനത്തെ പ്രവൃത്തി ദിനമാക്കി മാറ്റിയും ജനങ്ങളുടെ ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യത്തെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി സ്കൂളില്‍ നടന്ന ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
◾ മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാര്‍. രാത്രി 11.20 ഓടെയാണ് വലിയ ശബ്ദവും സെക്കന്റകള്‍ നീണ്ടു നില്ക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ആളുകള്‍ ഭൂമികുലുങ്ങിയതായി പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
◾ കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് പോയത്. അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എം എച്ച് ടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കടുത്ത തീരുമാനം ഉണ്ടായത്. 30 കോടി രൂപയ്ക്കടുത്താണ് കുടിശ്ശിക.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി. കേസ് ഏറ്റെടുക്കാന്‍ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹര്‍ജി പരിഗിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കും.
◾ മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബര്‍ 26ന് 30,000 പേരെയും മണ്ഡലപൂജ നടക്കുന്ന ഡിസംബര്‍ 27ന് 35,000 പേരെയുമേ വെര്‍ച്വല്‍ ക്യൂ വഴി അനുവദിക്കുകയുള്ളൂ. രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയെന്ന് അറിയിപ്പ്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് സുപ്രീംകോടതിയില്‍. കേസിലെ മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. 2019ലെ ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസ്, എന്‍ വിജയകുമാര്‍ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും കോടതി ചോദിച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു.
◾ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരില്‍ കണ്ട്, യു ഡി എഫ് മുന്നണിയുടെ ഭാഗമായതിന്റെ സന്തോഷം അറിയിച്ച് പി വി അന്‍വര്‍. യു ഡി എഫില്‍ അസോസിയേറ്റ് അംഗമായി പി വി അന്‍വന്‍ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ ഇന്നലെയാണ് ഉള്‍പ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചത്. ഇതിന് പിന്നാലെ ഇന്ന് നേരില്‍ കണ്ടപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. സന്ദര്‍ശനത്തിന്റെ വീഡിയോ പി വി അന്‍വര്‍ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്
◾ 2025 തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി നഗരസഭയിലേക്ക് ഡിസംബര്‍ 26ന് നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളായി വി കെ മിനി മോളെയും ദീപക് ജോയിയെയും തീരുമാനിച്ചു. ആദ്യ രണ്ടര വര്‍ഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വര്‍ഷക്കാലം മേയറായി ഷൈനി മാത്യുവും ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എല്ലാത്തരം പരിഗണനകള്‍ക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്നും ദീപ്തി മേരി വര്‍ഗീസിന്റെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേര്‍ത്തു.
◾ കൊച്ചി മേയറെ തെരഞ്ഞെടുക്കുന്നതല്‍ കെപിസിസി നിര്‍ദേശിച്ച മന്ദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ദീപിതി മേരി വര്‍ഗീസ്. തര്‍ക്കം ഉണ്ടെങ്കില്‍ കെപിസിസി നിരീക്ഷകന് എത്തി പ്രശ്നം പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോര്‍ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ വിളിച്ചില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചെന്നും മേയര്‍ പദവി ലഭിക്കാത്തതില്‍ ഒരു വിഷമവുമില്ലെന്നും പാര്‍ട്ടിക്ക് ഒപ്പം നില്കുമെന്നും മേയര്‍ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയതെന്നും ആര്‍ക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ തിരുത്തട്ടെ. എന്നും ദീപ്തി പറഞ്ഞു.
◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളിലെ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍. ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിനു തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിര്‍ക്കാതിരുന്നതു ദോഷം ചെയ്തുവെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫില്‍ വിശ്വാസം കുറയാന്‍ ഇതു കാരണമായിയെന്നും സര്‍ക്കാര്‍ ഇനിയും തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
◾ പത്തിലും പ്ലസ് ടുവിലും പരീക്ഷയെഴുതുന്ന ടൈപ്പ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ നല്കി വരുന്ന അധിക സമയമെന്ന ആനുകൂല്യം സി.ബി.എസ്.ഇയിലും നടപ്പിലാക്കണമെന്ന ആവശ്യം അതീവ ഗൗരവത്തോടെ സമയബന്ധിതമായി പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. സി.ബി.എസ്.ഇ. സെക്രട്ടറിക്കും കേരള റീജണല്‍ ഡയറക്ടര്‍ക്കുമാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്.
◾ കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷമാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
◾ നടന് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വാര്‍ത്താ ചാനലുകള്‍ക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദരി ജയലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും ചാനല്‍ മേധാവികള്ക്കുമെതിരേയാണ് ജയലക്ഷ്മി ആലുവ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപട്ടികയിലുണ്ടായിരുന്ന ദിലീപ് കോടതിയിലേക്ക് പോകുന്നതും കോടതി വെറുതെ വിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവയ്ക്കുന്നതും ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചതാണ് പരാതിക്കാധാരം.
◾ ലഹരിവ്യാപനം തടയാനായി പുതിയ പദ്ധതിയുമായി പൊലീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പോഡ എന്ന പേരില്‍ പദ്ധതി തുടങ്ങിയത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് യുവസംരഭകരുടെ സംഘടനയായ യംങ് ഇന്ത്യന്‍സുമായി സഹകരിച്ചാണ് പദ്ധതി. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിജിപിയും യംങ് ഇന്ത്യ പ്രതിനിധിയുമായി ധാരണപത്രം കൈമാറി.
◾ പാലക്കാട് പുതുശേരിയില്‍ കരോള്‍ നടത്തിയ കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. മദ്യപിച്ചാണ് കരോള്‍ നടത്തിയതെന്നാണ് കൃഷ്ണകുമാറിന്റെ ആരോപണം. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത്തോടെ കൃഷ്ണകുമാര്‍ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ വിശദീകരണം.
◾ 2026 ലെ കലണ്ടര്‍ പുറത്തിറക്കി ലോക്ഭവന്. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. ഇതാദ്യമായാണ് ലോക്ഭവന് കലണ്ടര്‍ ഇറക്കുന്നത്. സാധാരണ സര്‍ക്കാരിന്റെ കലണ്ടറാണ് ലോക്ഭവന് വിതരണം ചെയ്യാറുള്ളത്. അതേസമയം ലോക്ഭവന് പുറത്തിറക്കിയ കലണ്ടറില്‍ സവര്‍ക്കറുടെ ചിത്രവുമുണ്ട്. ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് ഒപ്പമാണ് സവര്‍ക്കറുടെ ചിത്രം.
◾ ദേവസ്വം ഭണ്ഡാരത്തില് നിന്നും മോഷണം നടത്തിയ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തില് നിന്നുമാണ് മോഷണം നടത്തിയത്. സംഭവത്തില്‍ തൃശൂര്‍ ശ്രീനാരായണപുരം വെമ്പനല്ലൂര്‍ സ്വദേശിയായ രതീഷ് കെ ആര് (43) ആണ് അറസ്റ്റിലായത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുതിയ ഭണ്ഡാരത്തിലെ കിഴി കെട്ടഴിക്കുന്ന താത്ക്കാലിക ജീവനക്കാരനാണ് രതീഷ്.
◾ വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സമ്മര്‍ദ്ദത്തിനൊടുവില്‍ ഏഴാം ദിവസം ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ്. എസ്സി - എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
◾ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. ബെംഗളൂരുവില്‍ നിന്ന് കൊല്ലം വരെയാണ് ഈ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.
◾ അഴിമതിക്കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എംകെ വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്ഷന്. വന്‍ തുക കൈക്കൂലി വാങ്ങി ടിപി കേസിലെ പ്രതികള്‍ക്ക് അടക്കം വിനോദ് കുമാര്‍ ജയിലില്‍ സുഖസൗകര്യമൊരുക്കിയെന്നായിരുന്നു കണ്ടെത്തല്‍. സസ്പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ട് നാലു ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്.
◾ അയല്‍ സംസ്ഥാനങ്ങള്‍ നിക്ഷേപം, സംരംഭകത്വം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ എല്ലാം മുന്നേറുമ്പോള്‍ കേരളം എന്തുകൊണ്ട് പിന്നോട്ടുപോകുന്നുവെന്ന് ഓരോ മലയാളിയും ചോദിക്കേണ്ട ചോദ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും 'കേരള മോഡല്‍' കേരളത്തെ പരാജയപ്പെടുത്തി. ഇവിടെയുള്ള ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ പരാജയപ്പെടുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ ഗവര്‍ണറുമായി ഏറ്റുമുട്ടാനില്ലെന്ന് വ്യക്തമാക്കി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. വിസി നിയമനത്തില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ സമവായത്തിലെത്തിയതിന് പിന്നാലെയാണ് നയം മാറ്റം മന്ത്രി തന്നെ സമ്മതിക്കുന്നത്. ഭരണപക്ഷ പ്രതിനിധികള്‍ സഹകരിച്ചതോടെ കെടിയുവില്‍ ഇന്നലെ ബജറ്റ് പാസാക്കി. കേരള രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെ എസ് അനില്‍കുമാറിനെ മാറ്റിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമല്ലെന്നാണ് ആര് ബിന്ദുവിന്റെ വിശദീകരണം. അനില്‍കുമാറിന്റെ അപേക്ഷയിലാണ് നടപടി എന്ന് മന്ത്രി പറയുന്നു.
◾ അസമില്‍ വീണ്ടും സംഘര്‍ഷം. ഇന്നലെ വൈകുന്നേരത്തോടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര് കൊല്ലപ്പെട്ടു. 58 പൊലീസുകാര്‍ക്ക് പരിക്കേറ്റു. കര്‍ബി ആംഗ്ലോങ്, വെസ്റ്റ് കര്‍ബി ആംഗ്ലോങ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ നേപ്പാളി, ബീഹാര്‍ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾ മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കാഴ്ചാ പരിമിതിയുള്ള യുവതിക്ക് നേരെ അധിക്ഷേപവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. തിങ്കഴാഴ്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അധിക്ഷേപം പുറത്തറിയുന്നത്. ഗൊരഖ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ വച്ചാണ് കാഴ്ചാ പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.
◾ രാജസ്ഥാനില്‍ സ്ത്രീകള്‍ ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി ഖാപ് പഞ്ചായത്ത്. ജലോറിലെ 15 ഗ്രാമങ്ങളിലാണ് ഖാപ് പഞ്ചായത്ത് സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പുറത്തു പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും സ്ത്രീകള്‍ വീടുകളില്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണം എന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്.മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാനാണ് തീരുമാനമെന്ന് ഖാപ് പഞ്ചായത്ത് അധ്യക്ഷന്‍ വ്യക്തമാക്കി.
◾ രാജ്യത്ത് വലിയ തോതില്‍ ചര്‍ച്ചയായ, മുഹമ്മദ് അഖ്ലഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതിയില്‍ വലിയ തിരിച്ചടി. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. നിയമപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുര്‍ കോടതിയാണ് ഹര്‍ജി തള്ളിക്കളഞ്ഞത്. വിചാരണ വേഗത്തില്‍ ആക്കാനും കോടതി നിര്‍ദ്ദേശം നല്കി. ദിവസേന വാദം കേട്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യു പി ദാദ്രിയില്‍ അഖ്ലഖിന്റെ വീട്ടില്‍ പശുഇറച്ചി സൂക്ഷിച്ചെന്ന് പ്രചരിപ്പിച്ചാണ് 2015 സെപ്തംബര്‍ 28 ന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
◾ ആരവല്ലി മലനിരകളുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. ഈ മാസം 26ന് ആയിരങ്ങളെ അണിനിരത്തി ജയ്പൂരില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. എന്നാല്‍, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്നും കോണ്‍ഗ്രസ് ഭരണകാലത്താണ് ഖനന മാഫിയയെ സഹായിച്ചതെന്നും ബിജെപി തിരിച്ചടിച്ചു.
◾ കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തില്‍ വന്നു. വിസ ഫീസുകള്‍, സന്ദര്‍ശക വിസകള്‍, ഗാര്‍ഹിക തൊഴിലാളികള്‍, നവജാത ശിശുക്കളുടെ രജിസ്ട്രേഷന് എന്നിവയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എന്‍ട്രി വിസകള്‍ക്കും സന്ദര്‍ശക വിസകള്‍ക്കും ഇനി മുതല്‍ മാസത്തില്‍ 10 കുവൈത്ത് ദിനാര്‍ വീതം ഫീസ് ഈടാക്കും.
◾ ഇന്ത്യക്കെതിരേ ഭീഷണിമുഴക്കി പാകിസ്താന് മുസ്ലിം ലീഗ് യുവജനവിഭാഗം നേതാവ് കമ്രാന്‍ സയീദ് ഉസ്മാനി. ബംഗ്ലാദേശിനു നേര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പാകിസ്താന്റെ സൈന്യവും മിസൈലുകളും പ്രതികരിക്കുമെന്ന് കമ്രാന്‍ പറഞ്ഞു.
◾ തുര്‍ക്കി സന്ദര്‍ശനത്തിനെത്തിയ ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അല്‍ ഹദ്ദാദ് വിമാനാപകടത്തില്‍ മരിച്ചു. അങ്കറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയര്‍ന്ന് അരമണിക്കൂറിനകം ഹൈമാന മേഖലയില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ലിബിയന്‍ സൈനിക മേധാവിയെക്കൂടാതെ 4 പേര് കൂടി വിമാനത്തിലുണ്ടായിരുന്നു.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തില്‍ പലവട്ടം യാത ചെയ്തതിന്റെ രേഖകള്‍ പുറത്തുവിട്ട് യുഎസ് നീതിന്യായവകുപ്പ്. അതേസമയം, ട്രംപിന് ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യത്തില്‍ പങ്കുള്ളതായി രേഖകള്‍ പറയുന്നില്ല.
◾ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി 20 യില്‍ ഇന്ത്യക്ക് അനായാസ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. 34 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ ഷെഫാലിയുടെ പ്രകടനത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ ലോക ജേതാക്കളായ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഇന്ന് കേരളത്തിലെത്തും. അഞ്ച് മത്സരങ്ങളുള്ള ഇന്ത്യ - ശ്രീലങ്ക വനിതാ ടി 20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായിട്ടാണ് ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. ഡിസംബര്‍ 26, 28, 30 തീയതികളിലായി കാര്യവട്ടം സ്പോര്‍ട്സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാകും മത്സരങ്ങള്‍ നടക്കുക.
◾ 2025ലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളില്‍ മേധാവിത്വം ബിരിയാണിക്കും ബര്ഗറുകള്ക്കുമെന്ന് സ്വിഗ്ഗി വാര്‍ഷിക ട്രെന്റ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം വഴി മാത്രം ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ഓരോ മിനിറ്റിലും ശരാശരി 194 എണ്ണം അല്ലെങ്കില്‍ ഓരോ സെക്കന്‍ഡില്‍ 3.25 ബിരിയാണി വീതം വരുമിത്. 5.7 കോടി ചിക്കന്‍ ബിരിയാണികളാണ് ഇക്കാലയളവില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ബുക്കിംഗിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ബര്‍ഗര്‍ ആണ്. 4.4 കോടി ബര്‍ഗര്‍ ബുക്കിംഗാണ് ഇക്കാലയളവില്‍ നടന്നത്. മൂന്നാംസ്ഥാനത്ത് പിസയാണ്. നാല് കോടി പിസകള്‍ സ്വിഗ്ഗി 2025ല്‍ ഇതുവരെ വിതരണം ചെയ്തു. വെജ് ദോശയ്ക്കുള്ള ഡിമാന്‍ഡും കുറവായിരുന്നില്ല. 2.6 കോടി വെജ് ദോശ ഓര്‍ഡറുകള്‍ സ്വിഗ്ഗി ഈ വര്‍ഷം ഡിസംബര്‍ വരെ പൂര്‍ത്തിയാക്കി. വൈകുന്നേരം മൂന്നു മുതല്‍ 7 വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ ബുക്കിംഗുകള്‍ നടന്നത്. 63 ലക്ഷം ചിക്കന്‍ ബര്‍ഗറുകള്‍ ഈ സമയത്ത് വിതരണം ചെയ്തു. രണ്ടാംസ്ഥാനത്ത് വെജ് ബര്‍ഗറാണ്, 42 ലക്ഷം.
◾ ക്രൗണ്‍ സ്റ്റാര്‍സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യന് സംവിധാനം ചെയ്യുന്ന 'കറക്കം' സിനിമയിലെ ആദ്യ ഗാനമായ 'യക്ഷിയേ ചിരി'യുടെ ലിറിക്കല്‍ വിഡിയോ പുറത്തിറങ്ങി. ഭയവും തമാശയും ഒരുപോലെ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ആണ് കറക്കം. ചിത്രത്തിന്റെ രസമേറിയ ഹൊറര്‍ സ്വഭാവം വിളിച്ചോതുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഗാനം. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നതും സാം സി എസ് തന്നെയാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ ഗാനരചയിതാക്കളില്‍ ഒരാളായ മുഹ്സിന് പരാരിയാണ്. ചിത്രത്തിന്റെ സംഗീതാവകാശങ്ങള്‍ നേടിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബല്‍ ആയ ടീ സീരിസ് ആണ്. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, ഷോണ്‍ റോമി, സിദ്ധാര്‍ഥ് ഭരതന് എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ താരനിരയാണ് ചിത്രത്തിലുള്ളത്.
◾ ഉണ്ണി മുകുന്ദനെയും അപര്‍ണ ബാലമുരളിയെയും പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന 'മിണ്ടിയും പറഞ്ഞും'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഇരുവരും ആദ്യമായി ഒരുമിക്കുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദാണ്. സനല്ലീന ദമ്പതികളുടെ വിവാഹത്തിന് മുന്‍പും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മൃദുല്‍ ജോര്‍ജ്ജും അരുണ്‍ ബോസും ചേര്‍ന്നാണ്. ഒരിടവേളയ്ക്ക് ശേഷം മധു അമ്പാട്ട് ക്യാമറ ഛായാഗ്രഹണം നിര്‍വഹിച്ചെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രവാസിയായാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസും കലാസംവിധാനം അനീസ് നാടോടിയുമാണ്. അലന്‍സ് മീഡിയയുടെ ബാനറില്‍ സംവിധായകന് സലീം അഹമ്മദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാഗ്വാര്‍ സ്റ്റുഡിയോസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
◾ ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിക്കിടയില്‍, ടാറ്റ മോട്ടോഴ്സ് ചരിത്രം സൃഷ്ടിച്ചു. ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കടന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറായി ടാറ്റ നെക്സോണ്‍ ഇവി മാറി. ടാറ്റ നെക്സോണ്‍ ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ പവര്‍ട്രെയിന്‍ ആയി വാഗ്ദാനം ചെയ്യുന്നു. ആദ്യ പാക്കില്‍ 129 ബിഎച്പി പരമാവധി പവറും 215 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 30 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തെ പാക്കില്‍ 144 ബിഎച്പി പരമാവധി പവറും 215 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 40.5 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 325 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും വലിയ ബാറ്ററി പൂര്‍ണ്ണ ചാര്‍ജില്‍ 465 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. കുടുംബ സുരക്ഷയ്ക്കുള്ള ക്രാഷ് ടെസ്റ്റുകളില്‍ ഇന്ത്യ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്സോണ്‍ ഇവിക്ക് 5-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. ഏറ്റവും ഉയര്‍ന്ന മോഡലിന് ടാറ്റ നെക്സോണ്‍ ഇവിയുടെ എക്സ്-ഷോറൂം വില 12.49 ലക്ഷം മുതല്‍ 17.49 ലക്ഷം വരെയാണ്.
◾ കഴിഞ്ഞ ഇരുപത്തിരണ്ട് കൊല്ലങ്ങളിലായി വ്യത്യസ്ത വിഷയങ്ങളോട്, വ്യത്യസ്ത സാഹചര്യങ്ങളിലുണ്ടായ സംഭവ വികാസങ്ങളോട്, പ്രതികരിച്ചുകൊണ്ടെഴുതിയവയാണ് ഈ ലേഖനങ്ങള്‍. നമുക്കു ചുറ്റുമുള്ള ലോകത്തില്‍ പല കാലങ്ങളിലായി നടന്ന പ്രശ്നങ്ങളോട് അതത് കാലങ്ങളില്‍ നടത്തിയ സൗമ്യമായ കലഹങ്ങ?ളായി അവയെ വിശേഷിപ്പിക്കാം. എങ്കിലും അന്നത്തെ പ്രത്യേക സാഹചര്യങ്ങളില്‍ അവയോട് ഒരു എഴുത്തുകാരന് എന്ത് നിലപാടാണ് സ്വീക?രിച്ചത് എന്നതിന് വലിയ പ്രസക്തിയുണ്ട്. തകര്‍ന്നുപോയ പ്രതീക്ഷ കളുടെയും അപ്രതീക്ഷിതമായ മാറ്റങ്ങളുടെയും സാക്ഷ്യ?പത്രങ്ങളാണിവ. പ്രശസ്ത നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണന്റെ ലേഖനസമാഹാരം. 'കാലം ലോകം കലഹം'. ഡിസി ബുക്സ്. വില 379 രൂപ.
◾ വായിലെ സ്ക്വാമസ് കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ഓറല്‍ കാന്‍സര്‍ അഥവാ വായിലെ അര്‍ബുദം. നാവ്, മോണ, ചുണ്ടുകള്‍, കവിളിന്റെ ഉള്‍ഭാഗം തുടങ്ങിയ വായുടെ ഉള്‍ഭാഗത്ത് കാന്‍സര്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. പുകയിലയുടെ ഉപയോഗം, അമിതമായ മദ്യപാനം, ശുചിത്വമില്ലായ്മ, ജനിതകം എന്നിവയെല്ലാം ഓറല്‍ കാന്‍സറിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം. ഇത് രോ?ഗമുക്തിയുടെ സാധ്യത വര്‍ധിപ്പിക്കാനും മികച്ച ചികിത്സഫലപ്രാപ്തിക്കും സാഹായിക്കും. തുടര്‍ച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തില്‍ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കില്‍ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്. വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോള്‍ തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താല്‍ കാന്‍സറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോള്‍ പൊള്ളുന്നതു പോലെ ഒരു തോന്നല്‍ വരുകയും ചെയ്യാം. വായിലെ കാന്‍സര്‍ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങള്‍ ഉച്ചരിക്കുന്നതില്‍ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം. തുടര്‍ച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാന്‍സറിന്റെ ലക്ഷണമാകാം. ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകള്‍ വായിലെ കാന്‍സറിന്റെ ലക്ഷണമാണ്. വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാന്‍സര്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്. ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളര്‍ച്ചയോ മുഴയോ കാണപ്പെട്ടാല്‍ അത് കാന്‍സറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവില്‍ വലുതാവുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്*
ആദാമിന്റെ സന്തതികളായിരുന്നു കായേനും ആബേലും. കായേനും ആബേലും കറങ്ങിനടന്ന് ഒരു തടാകത്തിന്റെ കരയിലെത്തി. ആദ്യമായിട്ടാണ് അവര്‍ ഒരു തടാകം കാണുന്നത്. വെള്ളത്തില്‍ നോക്കിക്കൊണ്ട് ആബേല്‍ പറഞ്ഞു: ഇതിനകത്ത് എന്തോ ഉണ്ടല്ലോ....' വെള്ളത്തില്‍ പ്രതിബിംബമായി കണ്ട തന്റെ രൂപം നോക്കിയാണ് അവന് അങ്ങിനെ പറഞ്ഞത്. തന്റെ സ്വന്തം നിഴല്‍ മുന്‍പ് കണ്ടിട്ടില്ലാത്തതുകൊണ്ട് വെള്ളത്തില്‍ കണ്ടത് തന്റെ പ്രതിബിംബമാണെന്ന് അവന് അറിയില്ലായിരുന്നു. അതേസമയം മറ്റൊരു ഭാഗത്ത് കായേനും വെള്ളത്തിലേക്ക് സാകൂതം നോക്കുന്നുണ്ടായിരുന്നു. തന്റേതെന്ന് അറിയില്ലായിരുന്ന തന്റെ നിഴലിനോട് അവന് വെറുപ്പ് തോന്നി. അവന് അതിന്റെ നേര്‍ക്ക് വടിയോങ്ങി. അപ്പോള്‍ വെള്ളത്തിലെ പ്രതിബിംബവും വെറുപ്പോടെ കായേന്റെ നേര്‍ക്ക് വടിയോങ്ങി. കായേന് അതിനെ കോപത്തോടെ നോക്കിയപ്പോള്‍ ഇങ്ങോട്ടും അതേ നോട്ടം! കായല്‍ ജലപ്പരപ്പില്‍ നോക്കിനിന്ന ആബേല്‍ തന്റെ പ്രതിബിംബത്തെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ പ്രതിബിംബവും പുഞ്ചിരിച്ചു. അത് കണ്ടപ്പോള്‍ അവന് ആഹ്ലാദമായി. അവന് ഉറക്കെയുറക്കെ ചിരിച്ചു. അപ്പോള്‍ തടാകത്തിലെ അവന്റെ പ്രതിബിംബവും അതുപോലെ ചെയ്തു. തിരിച്ചു നടക്കുമ്പോള്‍ കായേന് വെറുപ്പോടെ ആലോചിച്ചു : ഇതിനകത്ത് ജീവിക്കുന്നവര്‍ എത്ര ആക്രമണകാരികളണ്!' എന്നാല്‍ ആബേല്‍ ചിന്തിച്ചത് നേരെ മറിച്ചാണ്. 'ഞാന്‍ ഇവിടേക്ക് വീണ്ടും വരും. ഞാന്‍ കണ്ടയാള്‍ എത്ര സുന്ദരനും നല്ലവനുമാണ്! ലോകം വിശാലമായ ഒരു തടാകം പോലെ വലിയൊരു കണ്ണാടിയാണ്. അതില്‍ നാം അങ്ങോട്ട് കൊടുക്കുന്നത് തന്നെയാണ് നമുക്ക് ഇങ്ങോട്ട് കിട്ടുന്നതും. നമ്മില്‍ ഓരോരുത്തരിലുമുണ്ട് കായേനും ആബേലും. നമ്മുടെ കുടുംബത്തിലും സമൂഹത്തിലും നന്മയുടേയും സ്നേഹത്തിന്റേയും ഉറവിടമായി വര്‍ത്തിക്കാന്‍ സാധിച്ചാല്‍ നമുക്ക് ചുറ്റും അതേ നന്മയും സ്നേഹവും വന്നു നിറയും. ഇങ്ങോട്ട് കിട്ടണമെന്ന് ആഗ്രഹിക്കുന്നത് അങ്ങോട്ട് കൊടുക്കാനായാല്‍ സമൂഹമാകുന്ന കണ്ണാടിയില്‍ സന്തോഷത്തിന്റെ മുഖം നമുക്ക് കാണാനാകും. - ശുഭദിനം.

Post a Comment