*കരീക്കുന്ന് ശുദ്ധജല വിതരണ പദ്ധതി യാഥാർഥ്യമായി*
ന്യൂമാഹി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കരീക്കുന്ന് ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള പുതിയ കുടിവെള്ള ടാങ്കിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവഹിച്ചു. മൂന്ന് പതിറ്റാണ്ടായി പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന പദ്ധതിയാണിതെന്നും ജൽജീവൻ മിഷൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.
കാൽനൂറ്റാണ്ട് മുൻപ് 50 ഗുണഭോക്താക്കളുനായി ആരംഭിച്ച പദ്ധതിയിൽ ഇന്ന് 126 കണക്ഷനുകളുണ്ട്. ഇതിൽ തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഭാഗമായ 12 വീടുകളിലെ കണക്ഷനുകളും ഉൾപ്പെടും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ 11,42,000 രൂപയും ഗ്രാമപഞ്ചായത്തിന്റെ 1,40,000 രൂപയുമുൾപ്പെടെ 12,82,000 രൂപ ചെലവിലാണ് 25,000 ലിറ്റർ സംഭരണശേഷിയുള്ള പുതിയ കുടിവെള്ള ടാങ്ക് നിർമിച്ചത്. ഗ്രാമപഞ്ചായത്ത് ഫണ്ടിൽനിന്നും നാല് ലക്ഷം രൂപ വകയിരുത്തി പൈപ്പ് ലൈനും രണ്ട് ലക്ഷം രൂപ ചെലവിട്ട് പുതിയ മോട്ടോർ ഉൾപ്പെടെയുള്ളവയും സ്ഥാപിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കൽ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട്.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു അധ്യക്ഷയായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ രജിത പ്രദീപ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ കെ.എസ് ഷർമിള, മാണിക്കോത്ത് മഗേഷ്, പഞ്ചായത്തംഗം ടി.എ ഷർമിരാജ്, പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത, അസിസ്റ്റന്റ് സെക്രട്ടറി എം. അനിൽകുമാർ, എൽഎസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയർ ശിൽപ ജസ്റ്റസ്, രാഷ്ട്രീയ പ്രതിനിധികളായ കെ ജയപ്രകാശൻ, കണ്ട്യൻ സുരേഷ്ബാബു, അബ്ദുൾ മുത്തലിബ്, അനീഷ് കൊളവട്ടത്ത് എന്നിവർ പങ്കെടുത്തു.

Post a Comment