2025 | നവംബർ 15 | ശനി
1201 | തുലാം 29 | ഉത്രം
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനം ചെയ്താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കവരുകയും ചെയ്തതെന്നും അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി ബിഹാര്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്നും ബിഹാറിലെ ജനത അവരുടെ ശക്തി പൂര്‍ണമായും കാണിച്ചുവെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം യുവാക്കള്‍ എസ്‌ഐആറിനെ പിന്തുണച്ചുവെന്നതിന്റെ തെളിവാണെന്നും വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തെ പിന്തുണയ്‌ക്കേണ്ടത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിനു പിന്നാലെ ബംഗാളിലെ ജംഗിള്‍ രാജ് ഭരണവും ബിജെപി പിഴുതെറിയുമെന്നും ഗംഗ ബിഹാറിലൂടെ ഒഴുകി ബംഗാളിലാണെത്തുന്നതെന്നും ബംഗാളിലെ ബിജെപി വിജയത്തിന് ബിഹാര്‍ വഴിയൊരുക്കിയിരിക്കുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
◾ ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തുടക്കം മുതല്‍ നീതിപൂര്‍വമല്ലാത്ത തിരഞ്ഞെടുപ്പായിരുന്നുവെന്നും വിജയിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തില്‍ അവലോകനം ചെയ്യുമെന്നും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
◾ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം 89 സീറ്റ് ബിജെപിയും 85 സീറ്റ് ജെഡിയുവും നേടി. ആര്‍ജെഡിക്ക് 25 സീറ്റ് മാത്രമാണ് നേടാനായത്. സീറ്റ് നിലയില്‍ നാലാമതെത്തിയത് 19 സീറ്റ് നേടിയ എന്‍ഡിഎയുടെ ഘടകകക്ഷിയായ എല്‍ജെപിയാണ്. കോണ്‍ഗ്രസിന് ആറ് സീറ്റിലേ ജയിക്കാന്‍ സാധിച്ചുള്ളൂ. എഐഎംഐഎം അഞ്ച് സീറ്റില്‍ വിജയിച്ചു. സിപിഐഎംഎല്‍ 2 സീറ്റിലും സിപിഎം ഒരു സീറ്റിലുമാണ് ജയിച്ചത്.
◾ ബിഹാറില്‍ ബിജെപിക്കും ജെഡിയുവിനും കണ്ണഞ്ചിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റ്. മത്സരിച്ച 101 സീറ്റുകളില്‍ ബിജെപി 89 ഇടങ്ങളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 85 സീറ്റുകളിലും വിജയിച്ചു. രണ്ട് ശക്തികളുടെയും ബലത്തില്‍ എന്‍ഡിഎ മുന്നണി 202 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണിത്. 2022 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ 85.7 സ്‌ട്രൈക്ക് റേറ്റോടെയാണ് ബിജെപി ജയിച്ചതെങ്കില്‍ 88.12 ശതമാനമാണ് ബിഹാറിലെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. മത്സരിച്ച 101 സീറ്റുകളില്‍ 12 സീറ്റുകളില്‍ മാത്രമാണ് ബിജെപി പരാജയം രുചിച്ചത്.
◾ ബീഹാര്‍ തിരഞ്ഞെടുപ്പുഫലം യഥാര്‍ഥ സാഹചര്യത്തെയല്ല പ്രതിഫലിപ്പിക്കുന്നതെന്ന് സിപിഐ(എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. ഫലം തീര്‍ത്തും അസ്വാഭാവികമാണെന്നും അത്, ബിഹാറിലെ യഥാര്‍ഥ സാഹചര്യങ്ങളുമായി അല്‍പം പോലും പൊരുത്തപ്പെട്ടു പോകുന്നില്ലെന്നും ദീപാങ്കര്‍ പറഞ്ഞു. എസ്‌ഐആറിന് ശേഷം 7.42 കോടി ആളുകളായിരുന്നു ബിഹാറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നതെന്നും എന്നാല്‍ വോട്ടെടുപ്പിന് ശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പത്രക്കുറിപ്പില്‍ 7,45,26,858 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമോയെന്നും ദീപാങ്കര്‍ ആരാഞ്ഞു.
◾ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെ ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇന്നലെ രാത്രി അപ്രതീക്ഷിത സ്‌ഫോടനം. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സംഘവും പൊലീസും സ്ഫോടകവസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറി. കുറഞ്ഞത് എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷനും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
◾ ശബരിമല സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍, അനുബന്ധ മൊഴികള്‍ എന്നിവയുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.
◾ ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് വിലക്ക്. ജയശ്രീയെ അറസ്റ്റുചെയ്യാന്‍ എസ് ഐ ടി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വര്‍ണക്കൊളളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നുപറഞ്ഞ് കൊച്ചി ഡെപ്യൂട്ടി മേയര്‍ സിപിഐ യില്‍ നിന്ന് രാജിവെച്ചു. ഡെപ്യൂട്ടി മേയര്‍ കെഎ അന്‍സിയ ആണ് സിപിഐയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. സിപിഐ മട്ടാഞ്ചേരി അഞ്ചാം ഡിവിഷന്‍ കൗണ്‍സിലറാണ് അന്‍സിയ. അനര്‍ഹര്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചാണ് അന്‍സിയയുടെ രാജി. രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് അന്‍സിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
◾ മലയാളികള്‍ ഉള്‍പ്പെട്ട ഇറാന്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ എടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒന്നാം പ്രതി മധു ജയകുമാറിനെയാണ് അന്വേഷണസംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇറാനിലെ ടെഹറാന്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന മധു രാജ്യാന്തര അവയക്കടത്ത് ശൃംഖലയുടെ ഭാഗമായി മധു പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. മധുവിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി 14 ദിവത്തെ കസ്റ്റഡിയില്‍ വിട്ടു.
◾ കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യന്‍ (50)ആണ് മരിച്ചത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
◾ 'ഹാല്‍' സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി. വിവേകമുള്ള മനുഷ്യന്‍ സിനിമയെ കാണേണ്ട രീതിയിലായിരുന്നു 'ഹാല്‍' സിനിമയെ സെന്‍സര്‍ ബോര്‍ഡ് കാണേണ്ടിയിരുന്നതെന്നും എന്നാല്‍ അത്തരമൊരു നടപടിയല്ല സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയിലെ കോടതി രംഗത്തില്‍ മതപരിവര്‍ത്തനത്തിന്റെ കണക്ക് പറയുന്ന ഭാഗം, ധ്വജപ്രണാമം തുടങ്ങിയവ സിനിമയില്‍നിന്ന് ഒഴിവാക്കുന്നതിന് തയാറാണെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷം വീണ്ടും സിനിമ അനുമതിക്കായി സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയും എന്‍.ഡി.എയും മുന്നോട്ടു വെയ്ക്കുന്ന പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ബിഹാറില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബിഹാറിലെ ജനങ്ങള്‍ ബിജെപിയെയും എന്‍ഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോണ്‍ഗ്രസിന്റെയും ആര്‍.ജെ.ഡി.യുടെയും ജംഗിള്‍ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും മാതൃകയാക്കാവുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഗീയ കാര്‍ഡ് ഇളക്കി ബീഹാര്‍ പിടിക്കാനുള്ള നീക്കം ജനം തള്ളിയെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലും എന്‍ഡിഎ വര്‍ഗീയ മുന്നണി ആണ് എന്ന് പറയുന്നവര്‍ക്ക് ബിഹാര്‍ നല്ല സന്ദേശമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്താണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ എംപി. പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്നും സന്ദേശത്തില്‍ പിഴവുണ്ടായോ എന്ന് നോക്കണമെന്നും ഇത്രയും വലിയ പരാജയം പ്രതീക്ഷിച്ചില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന് നേരിടേണ്ടിവന്ന തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂര്‍ എംപി.
◾ എന്‍ഡിഎയുടെ ഐക്യമാണ് ബിഹാറിലെ വിജയമെന്ന് നിതീഷ് കുമാര്‍. വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം വോട്ടര്‍മാര്‍ക്കും സഖ്യകക്ഷികള്‍ക്കും നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കുംഅദ്ദേഹം നന്ദി അറിയിച്ചു. ബിഹാര്‍ കൂടുതല്‍ പുരോഗതി കൈവരിക്കുകയും രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറുകയും ചെയ്യുമെന്നും തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം എക്സില്‍ കുറിച്ചു.
◾ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായി. ആദ്യ തെരഞ്ഞെടുപ്പ് പരീക്ഷയില്‍ തന്നെ വന്‍ പരാജയമാണ് പ്രശാന്ത് കിഷോര്‍ നേരിട്ടത്. ബീഹാറില്‍ മൂന്നാം മുന്നണിയായും രാഷ്ട്രീയ ബദലായും ഉയര്‍ത്തിക്കാട്ടപ്പെട്ട അദ്ദേഹത്തിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ പല സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
◾ സ്ഥിരം തിരഞ്ഞെടുപ്പു പരാജയങ്ങളുടെ പ്രതീകമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാറിയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ. തിരഞ്ഞെടുപ്പുകളില്‍ സ്ഥിരമായി തോല്‍ക്കുന്നതിന് അവാര്‍ഡുകളുണ്ടായിരുന്നെങ്കില്‍ അദ്ദേഹം അവയെല്ലാം തൂത്തുവാരിയേനെയെന്നും അമിത് മാളവ്യ പരിഹസിച്ചു.
◾ വൃക്ഷമാതാവ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമരട തിമ്മക്ക ബെംഗളൂരുവില്‍ അന്തരിച്ചു. 114 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1911ല്‍ കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കില്‍ ജനിച്ച തിമ്മക്ക, മരങ്ങള്‍ നട്ടുവളര്‍ത്തിയതിലൂടെയാണ് ശ്രദ്ധേയയായത്.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്രാന്‍സിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക്, 'ലൂവ്ര് മോഷണത്തിലെ ഡിറ്റക്ടീവിന്റെ' വൈറലായ ചിത്രം പങ്കുവച്ച് മറുപടി നല്‍കി ഫ്രാന്‍സ് എംബസി. ട്രംപിന്റെ വാക്കുകള്‍ പരിഹസിച്ചുകൊണ്ട്, 'ഞങ്ങള്‍ക്ക് ചൈനക്കാരേക്കാള്‍ മികച്ച ചാരന്മാര്‍ ഉണ്ട്' എന്ന അടിക്കുറിപ്പോടെ എംബസി ചിത്രം പങ്കുവെക്കുകയായിരുന്നു.
◾ കുടിയേറ്റ വിദ്യാര്‍ത്ഥി വിഷയത്തില്‍ നിലപാട് മാറ്റി അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് നല്ല ബിസിനസാണ് നല്‍കുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കുടിയേറ്റ വിദ്യാര്‍ത്ഥി വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റിയത്. കുടിയേറ്റ വിദ്യാര്‍ത്ഥികളെ ഒഴിവാക്കുന്നത് അമേരിക്കയിലെ സര്‍വ്വകലാശാലകളെ സാമ്പത്തികമായി തകര്‍ക്കുമെന്നാണ് ട്രംപ് വിശദമാക്കുന്നത്.
◾ ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങില്‍ ഡോക്ക് ചെയ്ത ഷെന്‍സോ 20ലെ മൂന്ന് ബഹിരാകാശ സഞ്ചാരികള്‍ തിരിച്ചെത്തി. ഷെന്‍സോ 20 സംഘം ഷെന്‍സോ 21 പേടകത്തിലാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. മംഗോളിയയിലെ മരുഭൂമിയില്‍ പേടകം ലാന്‍ഡ് ചെയ്തു.
◾ ബ്രിട്ടീഷ സൈന്യത്തിലെ നിരവധി വനിതകള്‍ കഴിഞ്ഞ വര്‍ഷം ലൈംഗികാതിക്രമം നേരിട്ടതായി സര്‍വേ ഫലം. ബ്രിട്ടീഷ് സൈനികരായ സ്ത്രീകളില്‍ പത്തില്‍ ഒന്ന് എന്ന കണക്കിന് ലൈംഗികാതിക്രമത്തിന് വിധേയ ആവേണ്ടി വന്നിരിക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ സര്‍വേ വിശദമാക്കുന്നത്.
◾ സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്കോമിലെ ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് ഇടിച്ചുകയറി 3 പേര്‍ മരിച്ചെന്നും 3 പേര്‍ക്കു പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍. ബസ് മനപൂര്‍വം ആള്‍ക്കൂട്ടത്തിലേക്കു ഇടിച്ചു കയറ്റിയതാണോ എന്നതു സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നും പോലിസ് അറിയിച്ചു.
◾ യുക്രെയ്‌നില്‍ റഷ്യ നടത്തിയ കനത്ത ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ എട്ടു മരണം. കീവില്‍ ആറു പേരും തെക്കന്‍ യുക്രെയ്നില്‍ രണ്ടു പേരുമാണ് കൊല്ലപ്പെട്ടത്. കീവ് ലക്ഷ്യമാക്കി റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ റഷ്യന്‍ സൈന്യം 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
◾ റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുഎഇക്കെതിരേ ഇന്ത്യ എയ്ക്കായി 32 പന്തില്‍ സെഞ്ചുറിയടിച്ച് യുവതാരം വൈഭവ് സൂര്യവംശി. ടി20-യില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. മത്സരത്തില്‍ 42 പന്തുകള്‍ നേരിട്ട താരം 15 സിക്‌സും 11 ഫോറുമടക്കം 144 റണ്‍സെടുത്തു.മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ യു എ ഇയുടെ പോരാട്ടം 149 ല്‍ അവസാനിച്ചു.
◾ ഈഡന്‍ ഗാര്‍ഡന്‍സ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 159-ന് പുറത്താക്കിയ ഇന്ത്യ, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയില്‍ 13 റണ്‍സെടുത്ത കെ.എല്‍ രാഹുലും 6 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
◾ മുത്തൂറ്റ് ഫിനാന്‍സ് നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 2,412 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,321 കോടി രൂപയില്‍ നിന്ന് ലാഭം 83 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ വരുമാനം മുന്‍വര്‍ഷത്തെ 4,957 കോടി രൂപയില്‍ നിന്ന് 47 ശതമാനം വര്‍ധനയോടെ 7,332 കോടി രൂപയായി. ആദ്യ അര്‍ദ്ധവര്‍ഷത്തില്‍ 4,391 കോടി രൂപയുടെ ലാഭമാണ് മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈവരിച്ചത്. മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലായ 1,47,673 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം വായ്പകള്‍ 1,32,305 കോടി രൂപയിലെത്തിയിട്ടുണ്ട്. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള 47 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. സ്വര്‍ണ പണയ വായ്പകളുടെ കാര്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് കമ്പനി കൈവരിച്ചിട്ടുള്ളത്, 45 ശതമാനം. ഇതോടെ സ്വര്‍ണ പണയ വായ്പകള്‍ 1,24,918 കോടി രൂപയെന്ന നേട്ടവും കൈവരിച്ചു.
◾ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ ക്രിയേറ്റിവ് ഡയറക്ടര്‍ ആയി ബിനു പപ്പു. 'എല്‍365' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ പൊലീസ് ഓഫീസര്‍ ആയാണ് മോഹന്‍ലാല്‍ വേഷമിടാന്‍ ഒരുങ്ങുന്നത്. ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ 'തുടരും', 'എമ്പുരാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പോലീസ് വേഷത്തില്‍ എത്തും എന്ന വാര്‍ത്ത ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍, ഒരു വാഷ് ബേസിന്റെ കണ്ണാടിയില്‍ 'എല്‍365' എന്ന പേരും അണിയറപ്രവര്‍ത്തകരുടെ പേരുകളും എഴുതിയിരിക്കുന്ന ദൃശ്യമാണുള്ളത്. ചിത്രത്തിന്റെ കഥതിരക്കഥസംഭാഷണം രതീഷ് രവി ആണ് ഒരുക്കുന്നത്. 'അടി', 'ഇഷ്‌ക്' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
◾ ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി ഹൈക്കോടതി. സിനിമയില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയ ശേഷം സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കാം എന്നാണ് കോടതി പറഞ്ഞത്. ധ്വജ പ്രണാമത്തിലെ 'ധ്വജ' മ്യൂട്ട് ചെയ്യണമെന്നും മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനവും ഹൈക്കോടതി അംഗീകരിച്ചില്ല. രണ്ടു ദിവസത്തിനകം സെന്‍സര്‍ ബോര്‍ഡിനു വീണ്ടും അപേക്ഷ നല്‍കുമെന്ന് സിനിമയുടെ സംവിധായകന്‍ റഫീഖ് വീര പറഞ്ഞു. 14 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് വിധി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചിത്രം റിലീസ് ചെയ്യുമെന്നും റഫീഖ് വീര പറഞ്ഞു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, സംഘം കാവലുണ്ട്, ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉള്‍പ്പെടെ 15 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരു മരണാസന്നനായി കിടക്കുകയാണ്. അദ്ദേഹത്തെ കാണാന്‍ ശിഷ്യരെത്തി. അവര്‍ ചോദിച്ചു: ഞങ്ങള്‍ക്കുളള അങ്ങയുടെ അവസാനത്തെ ഉപദേശമെന്താണ്? ഗുരു പറഞ്ഞു: ഞാന്‍ ഉടനെ മരിക്കും. സംസ്‌കാരം കഴിഞ്ഞ് നിങ്ങള്‍ക്ക് തിരികെ പോകേണ്ടത് ഒരു നദികടന്നാണ്. നദിയിലൂടെ തന്നെ നിങ്ങള്‍ സഞ്ചരിച്ചുകൊള്ളൂ.. പക്ഷേ, കാലുകള്‍ നനയരുത്. ഇത് കേട്ട് ശിഷ്യര്‍ പരസ്പരം ആശയക്കുഴപ്പത്തോടെ നോക്കി.. ഗുരു തുടര്‍ന്നു. ഒഴിവാക്കാനാകാത്ത വഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. പക്ഷേ, അവിടേയും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കണം. ഗുരു കണ്ണുകളടച്ചു.. പിറക്കാനും പ്രവര്‍ത്തിക്കാനും അവനനവനിഷ്ടമുളള സ്ഥലങ്ങള്‍ ലഭിക്കുക എളുപ്പമല്ല. അവിടെ അനാരോഗ്യമായതും അശ്ലീലമായതുമുണ്ടാകും. അവയൊക്കെ ആട്ടിപ്പായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ നമ്മുടെ അകത്ത് പ്രവേശിക്കാതെ തടയാന്‍ കഴിയും. ലോകം പലവിധമാണ്. അവിടെ മരുഭൂമിയും മഴക്കാടുകളും ഉണ്ട്. അഴിമതിയും ആത്മാര്‍ത്ഥതയും ഉണ്ട്. എന്തിനെ സ്വീകരിക്കണം എന്തിനെ നിരാകരിക്കണം എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. - ശുഭദിനം.
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment