◾ മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയായ അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. തിങ്കള്‍ പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുക. ഡിസംബര്‍ 26 നാണ് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27 നാണ്. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡസംബര്‍ 30 ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിന് നടതുറക്കും ജനുവരി 14 ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശം നടത്താം. ജനുവരി 20 ന് രാവിലെ നടയടയ്ക്കും. അതേസമയം മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യ ദിനത്തില്‍ ശബരിമലയില്‍ കനത്ത തിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 നവംബർ 17 തിങ്കൾ
1201 വൃശ്ചികം 1 ചിത്തിര
1447 ജ അവ്വൽ 26
◾ കണ്ണൂര്‍ പയ്യന്നൂരില്‍ ബിഎല്‍ഒ അനിഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബിഎല്‍ഒമാര്‍ സംസ്ഥാനവ്യാപകമായി ഇന്ന് ജോലി ബഹിഷ്‌കരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറായ അനീഷിനെ ഇന്നലെ രാവിലെ 11 മണിയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുന്നരു എയുപി സ്‌കൂളിലെ പ്യൂണ്‍ ആണ് അനീഷ്. ജോലി സമ്മര്‍ദ്ദമാണ് അനീഷ് ജോര്‍ജിന്റെ മരണത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. എസ്ഐആര്‍ ചുമതല കൂടി വന്നതോടെ അധികജോലിഭാരം മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയത് ജോലി സംബന്ധമായ കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും എന്നാല്‍ ഈ വിഷയത്തില്‍ മറ്റാര്‍ക്കും യാതൊരു ബാധ്യതയുമില്ലെന്നും യുവാവിന്റെ പിതാവ്. കുറച്ച് ദിവസങ്ങളായി എസ്ഐആറുമായി ബന്ധപ്പെട്ട് മകന്‍ ടെന്‍ഷനിലായിരുന്നുവെന്നും ഈ ടെന്‍ഷന്‍ ഇത്രത്തോളം എത്തുമെന്ന് തങ്ങള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്ത സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍. അനീഷ് കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കേരളത്തില്‍ എസ്ഐആര്‍ നടപ്പിലാക്കാന്‍ സമയം വേണമെന്ന് ബിജെപി ഉള്‍പ്പടെ പറഞ്ഞിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ നേരിടുന്നത് കടുത്ത സമ്മര്‍ദ്ദമാണെന്നും എംവി ജയരാജന്‍ പറഞ്ഞു
◾ കണ്ണൂരിലെ ബിഎല്‍ഒയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ധൃതി പിടിച്ചുള്ള എസ്ഐആര്‍ നടപ്പാക്കലിന്റെ ഇരയാണ് മരിച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ അനീഷ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമുണ്ടായ രക്തസാക്ഷിയാണ് അനീഷെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും സുപ്രീം കോടതിയെ സമീപിക്കും എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ കണ്ണൂരിലെ ബിഎല്‍ഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിഎല്‍ഓമാര്‍ നേരിടുന്നത് അമിതമായ ജോലി ഭാരമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു.
◾ കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവെക്കണമെന്ന സര്‍വീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍. എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കുന്ന വിഷയം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തലത്തില്‍ പരിഗണിക്കാന്‍ കഴിയുന്ന വിഷയമല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ചു.
◾ കണ്ണൂരിലെ ബിഎല്‍ഓ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. അനീഷ് ജോര്‍ജിന് തൊഴില്‍ സമ്മര്‍ദം ഇല്ലായിരുന്നെന്നും ആകെ വിതരണം ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നത് 50 ഫോമുകള്‍ മാത്രമായിരുന്നെന്നും കളക്ടര്‍ അറിയിച്ചു. അനീഷ് ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിറവേറ്റി വരുന്ന ആളാണെന്നും സഹായം വേണ്ടതുണ്ടോ എന്നറിയാന്‍ ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും കളക്ടര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. പൊലീസിന്റെയും വകുപ്പ് തല അന്വേഷണത്തിലും ആത്മഹത്യയില്‍ തൊഴില്‍ സമ്മര്‍ദം ഇല്ലെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ജോലിഭാരമെന്ന വിവരം ഇത് വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎല്‍ഒമാര്‍ക്ക് 31 ദിവസം മറ്റൊരു ജോലികളും നല്‍കിയിട്ടില്ല എന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ പ്രതികരിച്ചു.
◾ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ബിജെപി പ്രവര്‍ത്തകന്‍ അല്ലെന്ന് നേതൃത്വം. ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലും ഉണ്ടായിട്ടില്ലെന്നും ഒരു കാലത്തും പ്രവര്‍ത്തകനായിരുന്നിട്ടില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷ് പറഞ്ഞു. ഉദ്ദവ് താക്കറെ ശിവസേനയില്‍ ആണ് ആനന്ദെന്നും അതിന്റെ അംഗത്വം എടുത്തിരുന്നുവെന്നും അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണെന്നും എസ് സുരേഷും മത്സരരംഗത്തുള്ള ആര്‍ ശ്രീലേഖയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ ആനന്ദ് കെ തമ്പിയുടെ ശിവസേന ബന്ധം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആനന്ദ് ശിവസേനയിലേക്ക് പോയെന്നാണ് താന്‍ അറിഞ്ഞതെന്നും മണ്ഡലം കമ്മിറ്റി നിര്‍ണയിച്ച ലിസ്റ്റില്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
◾ തിരുവനന്തപുരത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ ആത്മഹത്യ വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആത്മഹത്യയെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതില്‍ ആത്മഹത്യ ചെയ്യണമെങ്കില്‍ താന്‍ പന്ത്രണ്ട് പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
◾ തിരുവനന്തപുരത്തെ ബിജെപി പ്രവര്‍ത്തകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആത്മഹത്യയില്‍ അന്വേഷണം നടക്കണമെന്നും സംഭവത്തില്‍ എല്ലാവര്‍ക്കും ദുഃഖമാണെന്നും ശശി തരൂര്‍ പറഞ്ഞു. കോര്‍പ്പറേഷനിലേക്ക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശബരിനാഥിന് വോട്ടഭ്യര്‍ത്ഥിച്ച് സംസാരിക്കുമ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം.
◾ ആത്മഹത്യ ചെയ്ത ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് ബി തമ്പിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തി മന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ രാവിലെ വീട്ടിലെത്തിയ മന്ത്രി ആനന്ദിന്റെ കുടുംബാംഗങ്ങളെയും നാട്ടുകാരെയും കണ്ട് സംസാരിച്ചു. എല്ലാ പിന്തുണയും ഉറപ്പുനല്‍കിയാണ് മന്ത്രി മടങ്ങിയത്. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശിവന്‍കുട്ടി ആര്‍ എസ് എസിനെയും ബി ജെ പിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
◾ തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രണ്ടും കല്‍പ്പിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും സംഘടനക്ക് വേണ്ടി എല്ലാം നല്‍കിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചെന്നാരോപിച്ച് ബിജെപിയുടെ വനിതാ പ്രാദേശിക നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാര്‍ഡില്‍ പ്രതീക്ഷിച്ച സ്ഥാനാര്‍ത്ഥിത്വം കിട്ടിയില്ലെന്നാണ് പരാതി. മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി അനില്‍ ആണ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
◾ ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണെന്നും, തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ലെന്നും സംസ്ഥാനത്ത് പരാതി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
◾ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതര പരാതിയുന്നയിച്ച് സിറ്റിംഗ് കൗണ്‍സിലറടക്കം രണ്ടുപേര്‍ ആത്മഹത്യ ചെയ്തതതോടെ തിരുവനന്തപുരത്തെ, ബിജെപി കടുത്ത പ്രതിരോധത്തില്‍. സാമ്പത്തിക ക്രമക്കേട് മുതല്‍ മണ്ണ് മാഫിയ ബന്ധം അടക്കമുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് സംസ്ഥാന നേതൃത്വം. തുടര്‍ ആത്മഹത്യകള്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ്.
◾ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് ആണ് കോടതിയെ സമീപിച്ചത്. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടര്‍ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും അപ്പീല്‍ നല്‍കിയിട്ടുണ്ട്.
◾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശബരിമല സ്വര്‍ണ്ണപാളി വിഷയം തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തില്ലെന്നും അത് പ്രതിപക്ഷത്തിന്റെ രാഷ്ടീയ ആയുധം മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഈഴവ സമുദായത്തിന് കാര്യമായ പരിഗണന നല്‍കുന്നുണ്ടെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
◾ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പുള്ളിമാനുകള്‍ ചത്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ജീവനക്കാരന് സസ്പെന്‍ഷന്‍. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി കെ മുഹമ്മദ് ഷമീമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്‍ ആടലരശന്റെയാണ് ഉത്തരവ്. പോസ്റ്റുമോര്‍ട്ടവും ജഡം മറവ് ചെയ്യുന്നതും ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി.
◾ കെ.സി.വേണുഗോപാലിന്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചതെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാല്‍ കേരളത്തില്‍ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
◾ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ കെ.സി വേണുഗോപാലിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എഐസിസി സെക്രട്ടറി ടി.എന്‍ പ്രതാപന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ.സി വേണുഗോപാല്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ അസഹിഷ്ണുതയുള്ളതിനാലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കെസി വേണുഗോപാലിനെ ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസില്‍ പഠിച്ച കുട്ടിയെ എട്ടാം ക്ലാസില്‍ ഇരുത്താനാകില്ലല്ലോയെന്നും മികച്ച സ്ഥാനങ്ങളില്‍ ഇനിയും ആര്യയെ കാണാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യ തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ കോഴിക്കോട് കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി. നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ ഫാത്തിമ തഹ്ലിയ കുറ്റിച്ചിറ വാര്‍ഡില്‍ നിന്നാണ് മത്സരിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും ലീഗിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്ന തഹ്ലിയക്ക് ഇത് കന്നി മത്സരമാണ്.
◾ ശബരിമല സ്വര്‍ണ്ണകൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്തെ ശാസ്ത്രീയ പരിശോധനയ്ക്കായി എസ് ഐ ടി സംഘമെത്തി. എസ് പി ശശിധരനും സംഘവും ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിള്‍ ശേഖരിക്കും. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വര്‍ണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. ഹൈകോടതി നിര്‍ദേശം പ്രകാരം ആണ് നടപടി.
◾ ശബരിമലയിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസുകളിലും വിവാദങ്ങളിലും ആശങ്കയോ ഭയമോ തോന്നിയിട്ടില്ലെന്ന് ഇന്നലെ സ്ഥാനം ഒഴിഞ്ഞ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി. എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്നാണ് വിശ്വാസമെന്നും അരുണ്‍ കുമാര്‍ നമ്പൂതിരി പറഞ്ഞു. താരതമ്യേന പരാതി രഹിതമായ തീര്‍ത്ഥാടന കാലത്ത് അയ്യനെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ കല്‍പ്പാത്തി അഗ്രഹാരത്തെ ഭക്തി സാന്ദ്രമാക്കി ദേവരഥ സംഗമം. ദേവരഥ സംഗമം കാണാന്‍ ആയിരങ്ങളാണ് കല്‍പ്പാത്തിയിലെത്തിയത്. തൃസന്ധ്യയില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിലെ തേരുമുട്ടിയില്‍ 5 ദേവരഥങ്ങളുടെ സംഗമമാണ് നടന്നത്. വിശ്വനാഥന്റെ തേരിനൊപ്പം മുരുകനും ഗണപതിയും പഴ കല്‍പാത്തി ലക്ഷിനാരായണ പെരുമാളും ചാത്തപുരംപ്രസന്ന മഹാഗണപതിയും ഇടം പിടിച്ചു. അപൂര്‍വ നിമിഷത്തിന് സാക്ഷിയായതും വേദമന്ത്രജപത്താല്‍ മുഖരിതമായ അഗ്രഹാര വീഥികളില്‍ നിറഞ്ഞതും ആയിരങ്ങളാണ്.
◾ വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ കണ്ടെത്തി. കേസിലെ പ്രധാനസാക്ഷിയും ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെ പ്രതിയില്‍ നിന്ന് രക്ഷിച്ച ബീഹാര്‍ സ്വദേശി ശങ്കര്‍ പാസ്വാനെയാണ് പൊലീസ് കണ്ടെത്തിയത്. അര്‍ച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കിയ ഇയാളെ പിന്നീട് ട്രെയിനില്‍ ഉണ്ടായിരുന്ന ആരും കണ്ടിട്ടില്ല. തുടര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തെരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഇയാളെ കണ്ടെത്തിയത്.
◾ മലപ്പുറം ചുങ്കത്തറയില്‍ ഹണിട്രാപ്പ് ഭീഷണിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയും ഭര്‍ത്താവുമടക്കം 4 പേര്‍ പൊലീസ് പിടിയിലായി. ദില്ലിയില്‍ ബിസിനസുകാരനായ രതീഷ് ജൂണ്‍ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. കേസില്‍ അയല്‍വാസികളായ സിന്ധു, ഭര്‍ത്താവ് ശ്രീരാജ്, സുഹൃത്ത് മഹേഷ്, സിന്ധുവിന്റെ ബന്ധു പ്രവീണ്‍ എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് രതീഷില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നും രതീഷ് പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടങ്ങിയതെന്നുമാണ് രതീഷിന്റെ വീട്ടുകാരുടെ ആരോപണം
◾ നീറ്റ് വിരുദ്ധ ബില്ലിന് രാഷ്ട്രപതി അംഗീകാരം തടഞ്ഞതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുംപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്നാണ് തമിഴ്നാടിന്റെ വാദം. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയതായി കണക്കാക്കണമെന്നാണ് ആവശ്യം.
◾ ശബരിമല തീര്‍ത്ഥാടനത്തിനായി കര്‍ണാടകത്തില്‍ നിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന്‍. മണ്ഡല-മകരവിളക്ക് കാലയളവില്‍ പ്രത്യേക ടാക്സ് ഇളവ് നല്‍കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചു.
◾ ദില്ലിയില്‍ അമിത് ഷായുമായി ജെ ഡി യു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി ലല്ലന്‍ സിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ബിഹാറിലെ മന്ത്രിസഭ പ്രാതിനിധ്യത്തില്‍ ഏകദേശ ധാരണയായി. ജെ ഡി യുവിന് 14 വരെ മന്ത്രിമാരുണ്ടാകും. ബി ജെ പിക്ക് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ 16 മന്ത്രിമാര്‍. ചിരാഗ് പാസ്വാന്റെ എല്‍ ജെ പിക്ക് മൂന്നും ജിതിന്‍ റാം മാഞ്ചിയുടേയും ഉപേന്ദ്ര കുശ്വയുടേയും പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. ഇന്ന് പട്നനയില്‍ 202 എന്‍ ഡി എ എം എല്‍ എമാര്‍ യോഗം ചേര്‍ന്ന് കക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടന്നേക്കുമെന്നാണ് വിവരം.
◾ ഉത്തര്‍ പ്രദേശില്‍ പാറമടയില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലാണ് അപകടമുണ്ടായത്. നിരവധി ജോലിക്കാര്‍ പാറമടയില്‍ ജോലി ചെയ്യുന്നതിനിടെ പാറമടയുടെ ഒരു ഭാഗം തകര്‍ന്നാണ് അപകടമുണ്ടായത്.
◾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിയ അമൃത് ഫാര്‍മസി പദ്ധതി പത്ത് വര്‍ഷം പൂര്‍ത്തീകരിച്ചു. പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അമൃത് കാ ദസ്വാം വര്‍ഷ് പരിപാടി ദില്ലിയില്‍ ആരോഗ്യമന്ത്രി ജെ പി നദ്ദ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇതുവരെ 6.85 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിച്ചെന്നും 17,047 കോടി രൂപയുടെ മരുന്ന് ഇതിനോടകം വിതരണം ചെയ്തെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
◾ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. സ്‌ഫോടനം നടത്തിയ ഉമര്‍ ഉന്‍ നബി ചാവേറായിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചു.
◾ ചെങ്കോട്ടയിലെ സ്ഫോടന സ്ഥലത്ത് നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയെന്ന് സ്ഥീരീകരണം. എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ല. കാറില്‍ 30 കിലോയോളം സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരകസ്ഫോടക വസ്തു ഉപയോഗിച്ചെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
◾ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമര്‍ നബിയുടെ സഹായിയാണ് എന്‍ഐഎയുടെ പിടിയിലായിരിക്കുന്നത്. അമീര്‍ റഷീദ് അലി എന്നയാളെയാണ് പിടികൂടിയിരിക്കുന്നത്. ഇയാളുടെ പേരിലാണ് കാര്‍ വാങ്ങിയത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് 73 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഫോടനത്തിനുവേണ്ടി കാര്‍ വാങ്ങാന്‍ ആണ് അമീര്‍ റഷീദ് അലി ദില്ലിക്ക് എത്തിയതെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും എന്‍ഐഎ വ്യക്തമാക്കി.
◾ ചെങ്കോട്ട സ്ഫോടനക്കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്‍-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷഹീന്‍ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ശരിക്കും ജോലി വൈകിട്ട് 4 മണിക്ക് ശേഷം ആണെന്ന് ഷഹീന്‍ ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
◾ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് സംസ്ഥാനങ്ങളില്‍ എന്‍ ഐ എയുടെ നിര്‍ണായക പരിശോധന. ദില്ലി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെങ്കോട്ട സ്ഫോടനത്തില്‍ കസ്റ്റഡിയിലുള്ള ഭീകരരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് എന്‍ ഐ എ പരിശോധന എന്നാണ് വ്യക്തമാകുന്നത്.
◾ പാകിസ്ഥാനിലെ ഹൈദ്രാബാദില്‍ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, ലഘാരി ഗോത്ത് നദിയുടെ തീരത്ത് പടക്ക നിര്‍മ്മാണ ശാലയിലാണ് ശക്തമായ സ്ഫോടനം നടന്നത്. തുടര്‍ന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ ബി ബി സിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പനോരമ എഡിറ്റ് വിവാദത്തില്‍ ബി ബി സി മാപ്പ് പറഞ്ഞെങ്കിലും നഷ്ടപരിഹാരം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ട്രംപ് നിയമ നടപടികളിലേക്ക് കടക്കുന്നത്. ഒരു ബില്യണ്‍ ഡോളറിനും അഞ്ച് ബില്യണ്‍ ഡോളറിനും ഇടയിലുള്ളൊരു തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി.
◾ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ എയ്ക്ക് എട്ട് വിക്കറ്റ് ജയം. ദോഹയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 45 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയും 35 റണ്‍സെടുത്ത നമന്‍ ധിറുമാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. 137 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന്‍ 13.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
◾ ദക്ഷിണാഫ്രിക്കയെ വീഴ്ത്താന്‍ ഒരുക്കിയ പിച്ചില്‍ കറങ്ങി വീണ് ഇന്ത്യ. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 30 റണ്‍സിന്റെ നാണംകെട്ട തോല്‍വി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്തായി. നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയുടെ കഥകഴിച്ചത്. ഇതോടെ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. നേരത്തേ ഏഴിന് 93 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സ് 153 റണ്‍സില്‍ അവസാനിച്ചിരുന്നു. 55 റണ്‍സുമായി പ്രതിരോധം തീര്‍ത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമയുടെ ഇന്നിങ്സാണ് പ്രോട്ടീസ് സ്‌കോര്‍ 150 കടത്തിയത്.
◾ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.05 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,346 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ മാത്രം വിപണി മൂല്യത്തില്‍ 55,652 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,96,700 കോടിയായാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സിന് വിപണി മൂല്യത്തില്‍ 54,941 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 40,757 കോടി, ഐസിഐസിഐ ബാങ്ക് 20,834 കോടി, എസ്ബിഐ 10,522 കോടി, ഇന്‍ഫോസിസ് 10,448 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സിന് വിപണി മൂല്യത്തില്‍ 30,147 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 9,266 കോടിയുടെ നഷ്ടം നേരിട്ട എല്‍ഐസിയുടെ വിപണി മൂല്യം 5,75,100 കോടിയായാണ് താഴ്ന്നത്. റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.
◾ പുറത്തിറങ്ങി 50 വര്‍ഷത്തിനിപ്പുറം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ് 'ഷോലെ' എന്ന ചിത്രം. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സഞ്ജീവ് കുമാര്‍, അംജദ് ഖാന്‍, ഹേമ മാലിനി, ജയ ബച്ചന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രമേശ് സിപ്പി സംവിധാനം ചെയ്ത ചിത്രം 1975 ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങിയത്. ഷോലെയുടെ ഫൈനല്‍ കട്ട് ആണ് ഇപ്പോള്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ആണ് സിനിമ റീ മാസ്റ്റര്‍ ചെയ്ത് പുറത്തിറക്കുന്നത്. ഡിസംബര്‍ 12 ന് ഇന്ത്യയിലെ 1500 ഓളം സ്‌ക്രീനുകളില്‍ സിനിമ പുറത്തിറങ്ങും. സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന ജോഡിയായ സലിം ജാവേദ് ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ആഗോളത്തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമയാണിത്. ബോക്‌സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികം അന്ന് ഷോലെ നേടിയിരുന്നു.
◾ മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ഷോര്‍ട് ഫിലിം 'ആരോ' റിലീസ് ചെയ്തു. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യുട്യൂബ് ചാനലിലൂടെ ഇപ്പോള്‍ മുതല്‍ ചിത്രം കാണാനാകും. സങ്കല്‍പ്പങ്ങള്‍ക്കും ഓര്‍മ്മകള്‍ക്കും ഭ്രമകല്പനകള്‍ക്കും യാഥാര്‍ഥ്യത്തെക്കാള്‍ ഭംഗിയാണെന്ന് ധ്വനിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ശ്യാമ പ്രസാദുമാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്. അസീസ് നെടുമങ്ങാടും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആരോ. ഏഴോളം സിനിമകള്‍ നിര്‍മ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള്‍ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിര്‍മ്മിച്ചത്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കും. കഥ, സംഭാഷണം വി. ആര്‍. സുധീഷ്, കവിത കല്‍പ്പറ്റ നാരായണന്‍.
◾ ബെന്റ്ലി സൂപ്പര്‍സ്പോര്‍ട്സ് തിരിച്ചെത്തുന്നു. ഇത്തവണ, ഹൈബ്രിഡ് സിസ്റ്റത്തിന്റെ പിന്തുണയില്ലാതെ ശക്തമായ, റിയര്‍-വീല്‍-ഡ്രൈവുമായാണ് ബെന്റ്ലി വരുന്നത്. നിലവിലുള്ള കോണ്ടിനെന്റല്‍ ജിടിയെ അടിസ്ഥാനമാക്കിയുള്ള മോഡലാണിത്. ഒറിജിനലിന് 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്ടിനെന്റല്‍ ജിടിയുടെ സ്പോര്‍ട്ടിയര്‍ പതിപ്പായി ബെന്റ്ലി സൂപ്പര്‍സ്പോര്‍ട്സ് നാലാം തവണയും തിരിച്ചെത്തുന്നത്. ഇതിന്റെ നിര്‍മ്മാണം വെറും 500 മോഡലുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഗ്രാന്‍ഡ് ടൂററിന്റെ ഹൈബ്രിഡ് സാങ്കേതികവിദ്യയെ മറികടന്ന് ശുദ്ധമായ, ഐസിഇ-പവര്‍ ഡ്രൈവിംഗ് അനുഭവമാണ് ഇത് നല്‍കുന്നത്. കോണ്ടിനെന്റല്‍ ജിടി സൂപ്പര്‍സ്പോര്‍ട്സിന് കരുത്ത് പകരുന്നത് ഇരട്ട-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ്. ഈ എഞ്ചിന്‍ 657 ബിഎച്പി കരുത്തും 799 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ വഴി പവര്‍ റിയര്‍-വീല്‍-ഡ്രൈവ് സജ്ജീകരണത്തിലേക്ക് തിരിച്ചുവിടുന്നു.
◾ തുടച്ചെടുത്ത ആകാശമാണ് ഡോ. ആനന്ദ് കുമാറിന്റെ കഥകള്‍. ഒരു കൃഷ്ണമണി പ്രതലമായി അവയങ്ങനെ മനസ്സിനു മുന്നില്‍ വിരാജിച്ചു നില്‍ക്കുന്നു. നിര്‍മ്മലവും സുന്ദരവു മായ സംവേദനം. കഥാംശത്തിന്റെ ചാരുത വായനയിലേക്ക് നിര്‍വിഘ്‌നം സന്നിവേശിക്കുന്ന ആഖ്യാനശൈലി. ഓരോ വാക്കുകള്‍ക്കും ചിന്തകള്‍ക്കും ആദരവോടെ കൃത്യമായ ഇരി പ്പിടം നല്‍കി കഥാകാരന്‍ കഥ പറയുമ്പോള്‍, അശേഷം കെട്ടുകാഴ്ച്ചയില്ലാതെ കഥയും കഥാപാത്രങ്ങളും നമ്മള്‍ തന്നെയാണെന്ന തിരിച്ചറിവിന്റെ പ്രകാശം നമുക്കുള്ളില്‍ പ്രസരിക്കുന്നു. 'ചിരിയില്‍ പൊതിഞ്ഞ നോവറിവുകള്‍'. ഡോ എ ആനന്ദ് കുമാര്‍. ക്ലിക്ക് കമ്മ്യൂണിക്കേഷന്‍. വില 142 രൂപ.
◾ ഇലക്കറികള്‍ക്കിയില്‍ സൂപ്പര്‍ഹീറോയാണ് ചീര. ചീര പതിവായി നമ്മുടെ ഡയറ്റില്‍ ചേര്‍ക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ചീരയില്‍ നിന്ന് വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവ ശരീരത്തില്‍ എത്തുമെന്നതിനാല്‍, മുടിക്കും ചര്‍മത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്താനും വിളര്‍ച്ച കുറയ്ക്കാനും ചുവന്ന ചീര ബെസ്റ്റാണ്. ചീരയില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിലെ കൊളാജന്‍ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളര്‍ച്ചയെയും സഹായിക്കും. ചീരയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചിലും തടയും. വിറ്റാമിന്‍ ഇ, കെ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ചുവന്ന ചീരയിലുണ്ട്. അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച കുറയ്ക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ചുവന്ന ചീര സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചീര നല്ലതാണ്. ചീരയിലെ ഫൈബര്‍ സാന്നിധ്യമാണ് ദഹനത്തിന് ഗുണം ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കാനും ചീര ഡയറ്റില്‍ ചേര്‍ക്കുന്നത് സഹായിക്കും. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനും മലബന്ധം അകറ്റാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
കുറെ നാളായി കൊതുക്, കാളയെ പോരിന് വിളിക്കുന്നു. ആദ്യമൊക്കെ അവഗണിച്ചെങ്കിലും അവസാനം കാള സമ്മതം മൂളി. നിശ്ചയിച്ച സമയത്ത് ആള്‍ക്കൂട്ടത്തിന് മുമ്പില്‍ അവര്‍ രണ്ടുപേരുമെത്തി. മൈതാനം നിറഞ്ഞപ്പോള്‍ കൊതുക് വിളിച്ചുപറഞ്ഞു: യുദ്ധത്തിനുളള ക്ഷണം ഈ കാളക്കൂറ്റന്‍ സ്വീകരിക്കണമെങ്കില്‍ അതിനര്‍ത്ഥം ഞാനും ഇവനൊപ്പം ശക്തിയുളളവനാണ് എന്നതാണ്. ഞാന്‍ യുദ്ധം ജയിച്ചിരിക്കുന്നു എന്നും പറഞ്ഞ് കൊതുക് പറന്നുപോയി. വെല്ലുവിളികള്‍ പലതരമുണ്ട്. തന്നേക്കാള്‍ മുകളിലുളളവരെ തകര്‍ക്കണമെന്ന ചിന്തയുളളവര്‍ നടത്തുന്ന വെല്ലുവിളികളാണ് ആദ്യത്തേത്. പകയുടേും ചതിയുടേയും കെണികളൊരിക്കിയായിരിക്കും അവര്‍ പോര്‍വിളി നടത്തുക. അത്തരം ആഹ്വാനങ്ങള്‍ ഏറ്റെടുക്കുന്നത് അപകടകരമാണ്. ഇടിച്ചുതാഴ്ത്താനും പരിഹസിക്കാനും യുദ്ധാഹ്വാനം നടത്തുന്നവരുണ്ട്. തങ്ങള്‍ ജയിക്കണമെന്നതിനേക്കാള്‍ എതിരാളുടയെ വില നശിപ്പിക്കണമെന്നേ അവര്‍ക്കുള്ളൂ.. അവരോട് മത്സരിച്ചാല്‍ ചെളിപറ്റുകയും ദേഹത്ത് ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പോരാളികളും അവര്‍ നടത്തുന്ന ധീരമായ വെല്ലുവിളികളുമുണ്ട്. അത്തരം പന്തയങ്ങള്‍ മത്സരക്ഷമമാകും. അതില്‍ ക്രിയാത്മകതയും ഉണ്ടാകും. അവയില്‍ പങ്കെടുത്താല്‍ ജയിച്ചില്ലെങ്കിലും ആത്മസംതൃപ്തിയുണ്ടാകും. ഓരോ മത്സരപ്രക്രിയകളും പുതിയ പാഠങ്ങളും അനുഭവങ്ങളും പകരുന്നവയാണ്. ഏത് വെല്ലുവിളികളാണ് അവഗണിക്കേണ്ടതെന്നും ഏതാണ് സ്വീകരിക്കേണ്ടതെന്നുമുളള തിരിച്ചറിവാണ് ആരോഗ്യകരമായ പോര്‍മുഖങ്ങള്‍ തുറക്കുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment