*മാഹിയിലെ വികസനത്തെ തകർക്കാനുള്ള എം എൽ എ - ആർഎ കൂട്ടുകെട്ട് ജനങ്ങൾ തിരിച്ചറിയണം -ബിജെപി*
മാഹി: മാഹിയിൽ പുതുച്ചേരിയിലെ എൻ ആർ കോൺഗ്രസ്സ് ബിജെപി മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങളെ തകർക്കാനും ജനങ്ങളെ ഗവൺമെൻറിന് എതിരാക്കി അണിനിരത്താനും മാഹി എംഎൽഎ രമേശ് പറമ്പത്തും - ആർ എയും ചേർന്ന് ഗൂഢശ്രമം നടത്തുന്നുവെന്ന് ബിജെപി മാഹി മണ്ഡലം പ്രസിഡൻ്റ് പി.പ്രബീഷ് കുമാർ ആരോപിച്ചു.
മാലിന്യ സംസ്കരണം, ഫിഷറീസ് വകുപ്പിലെ വെയ്സ്റ്റ് സീവേജ് പ്ലാൻ്റ്, റോഡ് നിർമ്മാണം, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ആർഎയും എംഎൽഎയും ഗവൺമെന്റിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് കഴിഞ്ഞ കുറച്ച് കാലമായിസ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഒരു സൊസൈറ്റി, 50 ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചതിനാൽ ഇൻകം ടാക്സ് വകുപ്പ് നോട്ടീസ് അയച്ചതും ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തതും ശ്രദ്ധേയമാണെന്ന് പ്രബീഷ് കുമാർ പറഞ്ഞു. ഇത്തരമൊരു സൊസൈറ്റി കരിമ്പട്ടികയിലായിട്ടും രണ്ട് വർഷത്തോളം വെയ്സ്റ്റ് മാനേജ്മെൻ്റ് ടെൻഡർ നീട്ടി കൊടുത്തത് ആർഎയുടെ താൽപര്യപ്രകാരമാണെന്നും, അവസാനം ഗത്യന്തരം ഇല്ലാതെ പുതിയ കമ്പനിക്ക് ടെൻഡർ നൽകേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്ലാൻ്റ് ഇന്ന സ്ഥലത്ത് തന്നെ വേണമെന്ന് ഗവൺമെൻ്റിന് യാതൊരു നിർബന്ധവും ഇല്ലാതിരുന്നിട്ട് കൂടി, ഫിഷറീസ് വകുപ്പിന്റെ വെയിസ്റ്റ് സീവേജ് പ്ലാൻ്റ് സ്ഥാപിച്ച സ്ഥലം തന്നെ രമേശ് പറമ്പത്ത് എംഎൽഎയുടെ നിർദ്ദേശപ്രകാരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. അതേ എംഎൽഎ ഇപ്പോൾ ചിലർക്ക് വേണ്ടി പ്ലാന്റിന് എതിരെ സമരത്തിന് നേതൃത്വം നൽകുന്നതു വിചിത്രമായ ഇരട്ടത്താപ്പാണെന്നും പ്രബീഷ് കുമാർ പറഞ്ഞു.
റോഡ് നിർമ്മാണത്തിലും കരാറുകാരെ ഭീഷണിപ്പെടുത്തി പ്രവൃത്തി തടസ്സപ്പെടുത്തുന്ന പ്രവണതയും എംഎൽഎയുടെയും ആർഎയുടെയും ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയും ഇതിൽ നിന്ന് ഒഴിവല്ല. വിദ്യാർത്ഥികൾക്കായി പോണ്ടിച്ചേരി സർക്കാർ അനുവദിച്ച ഫ്രീ ബസ് സേവനം സ്വന്തം താൽപര്യപ്രകാരം ഓടുന്നുവെന്ന പ്രചാരണം ആർഎയും എംഎൽഎയും ചേർന്ന് നടത്തിയതായും, പുതുച്ചേരി സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കായി സൗജന്യമായി ഒടുന്ന എല്ലാബസ്സുകളിലും ലെഫ്. ഗവർണ്ണറുടെയം വിദ്യാഭ്യാസ മന്ത്രിയുടെയും ഫോട്ടോ വെക്കണമെന്നാണ് നിയമം. എന്നാൽ മാഹിയിൽ ഓടുന്ന ബസ്സുകളിൽ ഗവർണ്ണറുടെ യും മന്ത്രിയുടെയും ചിത്രങ്ങൾ മറച്ചുവെച്ചാണ് സർവ്വീസ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മാഹിയിലെ വികസന നേട്ടങ്ങളെക്കുറിച്ച് എംഎൽഎ പറയുകയാണെങ്കിൽ അത് സ്വന്തം ബാറിന്റെയും പെട്രോൾ പമ്പിന്റെയും ലൈസൻസ് കാര്യങ്ങളിലേക്കുള്ള യാത്രകൾ മാത്രമായിരിക്കും അദ്ദേഹം പുതുച്ചേരിയിലേക്ക് നടത്തിയത് ,” എന്നും പ്രബീഷ് കുമാർ പറഞ്ഞു.
ഒരു ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട മര്യാദകളെ അംഗീകരിക്കാതെ ഗവൺമെൻ്റിന് എതിരെ, കോൺഗ്രസ്സിന് വേണ്ടി വിടുപണി ചെയ്യുന്ന ആർഎ, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ അദ്ദേഹത്തിൻ്റെ ഓഫീസിൽ പോലും രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിയുടെയും ഫോട്ടോകൾ എടുത്ത് നീക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാന ഗവൺമെൻ്റിനെതിരെ മാഹി ആർഎ നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ അടുത്ത ദിവസം തന്നെ ബിജെപി മാഹിയിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്നും, കോൺഗ്രസ്സിൻ്റെ ജനവിരുദ്ധ ഗൂഢാലോചനക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, സ്ഥലം എംഎൽഎ രാഷ്ട്രീയ മര്യാദ പോലും മറികടന്ന് നടത്തുന്ന ഇരട്ടത്താപ്പ് ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടുമെന്നും ബിജെപി മാഹി മണ്ഡലം പ്രസിഡൻ്റ് പ്രബീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.
Post a Comment