o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 

◾മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ ആരോപണവുമായി സ്വപ്ന സുരേഷ്. പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്കിലുള്ള പ്രതികരണം.. 2018ല്‍ യുഎഇ കൗണ്‍സില്‍ ജനറല്‍ 'ക്യാപ്റ്റന്റെ' ഔദ്യോഗിക വസതി സന്ദര്‍ശിച്ചപ്പോള്‍ മകനെ കൗണ്‍സില്‍ ജനറലിനെ പരിചയപ്പെടുത്തിയെന്നും യുഎഇയില്‍ സ്റ്റാര്‍ ഹോട്ടല്‍ വാങ്ങുന്നതിന് മകനെ സഹായിക്കണമെന്ന് 'ക്യാപ്റ്റന്‍' ആവശ്യപ്പെട്ടെന്നും സ്വപ്ന കുറിപ്പില്‍ പറയുന്നു. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്നും അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും നമുക്ക് കാത്തിരിക്കാമെന്നും പറയുന്ന സ്വപ്ന, സ്വാമിയേ ശരണമയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

2025  ഒക്ടോബർ 12  ഞായർ 

1201  കന്നി 26   മകീര്യം 

1447  റ : ആഖിർ 19



◾ലൈഫ് മിഷന്‍ കേസില്‍ മകന്‍ വിവേക് കിരണിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൂചന. മകള്‍ വീണാ വിജയനെതിരെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തെക്കുറിച്ചും മുഖ്യമന്ത്രി കേരളത്തിലെ പാര്‍ട്ടി നേതൃയോഗങ്ങളില്‍ വിശദീകരിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് സമന്‍സ് അയച്ചിട്ടും ഇഡി തുടര്‍നടപടി എടുക്കാത്തത് സെറ്റില്‍മെന്റെന്ന് യുഡിഎഫ് ആക്ഷേപം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതും ഡീലിന്റെ ഭാഗമായെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണം. സമന്‍സില്‍ മുഖ്യമന്ത്രിയോ മകനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.


◾ മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2023ല്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വലിയ കാര്യമായി അവതരിപ്പിക്കുന്നതെന്നും ഇഡി നടപടി എടുക്കാത്തത് കൊണ്ടുതന്നെ പൊള്ളത്തരം വ്യക്തമാണെന്നും ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഏതന്വേഷണം നേരിടാനും തയ്യാറാണെന്നും സര്‍ക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ലെന്നും രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

◾ സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ കശുവണ്ടി തൊഴിലാളിയായ സ്ത്രീ ആണ് മരിച്ചത്. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക്ക് മസ്തിഷ്‌ക ജ്വര മരണമാണിത്.


◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് എഫ്ഐആര്‍ ഇട്ട് ക്രൈംബ്രാഞ്ച്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് രണ്ടുകേസുകള്‍ എടുത്തത്. ദ്വാരപാലകശില്‍പ്പ പാളി, കട്ടിള എന്നിവയില്‍ നിന്നും സ്വര്‍ണം കവര്‍ന്നതിന് വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. ദ്വാരപാലകശില്‍പ്പ പാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ 8 പ്രതികളുമാണ് ഉള്ളത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് നിലവില്‍ പ്രതിയല്ല. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കവര്‍ച്ച, വ്യാജരേഖ ചമക്കല്‍, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടന്‍ കടക്കാന്‍ സാധ്യതയുണ്ട്.


◾ ശബരിമലയില്‍ മാത്രമല്ല കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാന്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.


◾ ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ക്ക് ഒക്ടോബര്‍ 14ന് തുടക്കമാകുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ അറിയിച്ചു. പാലക്കാട്,കാസര്‍കോഡ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ജാഥകള്‍ 14നും മുവാറ്റുപുഴയില്‍ നിന്നുമുള്ള ജാഥ 15നും ആരംഭിക്കും. 17ന് നാലു ജാഥകളും ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം 18ന് പന്തളത്ത് ജനകീയസംഗമം നടക്കും.

◾ പോളിയോ വൈറസ് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുളള 13 ജില്ലകളില്‍ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.


◾ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശകളില്‍ തുടര്‍നടപടി സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു ചേര്‍ത്തതായി നിയമ മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിനും നിയമ മന്ത്രി പി രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു.


◾ തൃശൂരില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെടുത്തി കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിള്‍ ഡെക്കര്‍ അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്.


◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് നടപടിയില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. പലയിടത്തും പ്രതിഷേധപ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം ഉള്‍പ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


◾ ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഷാഫി സിപിഎമ്മിന് തലവേദനയാണെന്നും ഷാഫിയെ ഇല്ലാതാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമെന്നും ഷാഫിയെ പൊലീസ് മനപ്പൂര്‍വം ആക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റവാളികള്‍ ആയ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്നും ചോരക്കളി വേണ്ടെന്നും സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും ജനങ്ങളുടെ പിന്തുണയില്‍ ചെറുത്തു തോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെക്കിട്ട് കയറുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതിലുണ്ടാകുന്ന കേസ് കോടതിയില്‍ നോക്കാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മക്കളും കുടുംബവും ഉണ്ട്. വീട്ടിലേക്ക് മാര്‍ച്ച് നടത്താനും സ്വസ്ഥത കളയാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയും. തെമ്മാടിത്തം കാണിക്കുന്നവരെ വഴിനടത്തില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. പള്ളുരുത്തി പൊലീസ് സ്റ്റേഷന് മുന്‍പിലായിരുന്നു ഷിയാസിന്റെ ഭീഷണി പ്രസംഗം.


◾ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. നടപടിയില്ലെങ്കില്‍ ആരോപണ വിധേയരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. പൊലീസ് നടപടിക്ക് നേതൃത്വം കൊടുത്ത പേരാമ്പ്ര ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.


◾ പേരാമ്പ്രയില്‍ പോലിസിന്റെ ലാത്തിയടിയേറ്റ് ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിന്റെ രണ്ട് അസ്ഥികളില്‍ പൊട്ടലുണ്ടായെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടത് ഭാഗത്തും വലത് ഭാഗത്തും ഉള്ള എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചതായാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട്. നിലവില്‍ ഐ സി യുവില്‍ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും ഏതാനും ദിവസങ്ങള്‍ കൂടി ഷാഫി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.


◾ ഷാഫി പറമ്പില്‍ എംപിയെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഘര്‍ഷങ്ങള്‍ക്ക് പോകുമ്പോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കണമെന്നുംഅത് നേരിടാനുള്ള തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു.


◾ മണ്ഡലത്തിലെ പൊതുപരിപാടിയില്‍ വീണ്ടും പങ്കെടുത്ത് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് നഗരസഭയിലെ 36-ാം വാര്‍ഡിലെ കുടുംബശ്രീ വാര്‍ഷികം, ബാലസദസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷത്തെ നാല് കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത പരിപാടി എംഎല്‍എ ഉദ്ഘാടനവും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് രഹസ്യമായി സൂക്ഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആര്‍ടിസി ബംഗളൂരു ബസ് രാഹുല്‍ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു.


◾ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരില്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാള്‍ ഒളിവിലാണ്.


◾ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടര്‍ വിപിന്‍ വി ടി ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ ഇന്നലെ ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് എട്ട് സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തിന് സര്‍ജറി ചെയ്തിരുന്നു. ഡോക്ടര്‍ക്ക് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.


◾  പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളില്‍ അവരുടെ വരുമാനം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്


◾ വീടുകളില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളര്‍ത്തിയെടുത്ത് പെണ്‍കുട്ടികളെ അവരുടെ ഭാവി ജീവിതത്തില്‍ പ്രതികരണ ശേഷി ഉള്ളവരായി മാറ്റാന്‍ ആത്മവിശ്വാസം നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. മുറ്റം അടിച്ചു വാരാന്‍ പെണ്‍ കുട്ടികളേ പാടുള്ളൂവെന്ന മുതിര്‍ന്നവരുടെ മനസ്ഥിതി മാറണം എന്നും അവര്‍ പറഞ്ഞു.


◾ പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമര്‍ത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്. ദീക്ഷിതിനെതിരെ പട്ടികജാതി വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരവും കേസെടുത്തു.


◾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വീണ്ടും അനധികൃത പ്രസാദ നിര്‍മാണം കണ്ടെത്തി. ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിര്‍മ്മാണം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് കോര്‍ട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്. ശാന്തിമാര്‍ താമസിക്കുന്ന കോര്‍ട്ടേഴ്സിന് മുകളിലാണ് സംഭവം. പൊലീസിന്റെ സാന്നിധ്യത്തില്‍ കെട്ടിടം അടച്ചുപൂട്ടി.


◾ ഭിന്നശേഷി സംവരണ നിയമന വിവാദത്തില്‍ സമവായ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആര്‍ച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ബന്ധപ്പെട്ട ആള്‍ക്കാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


◾ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജോസ് കെ. മാണിക്ക് ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


◾ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ അപകടം. പാലക്കാട് നടന്ന മത്സരത്തിനിടയിലാണ് അപകടമുണ്ടായത്. പാലക്കാട് - മലമ്പുഴ 100 ഫീറ്റ് റോഡില്‍ വെച്ച് മത്സരാര്‍ത്ഥിയുടെ സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മത്സരാര്‍ത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു. ഇതോടെ സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ വന്‍ പിഴവാണ് ഉണ്ടായിട്ടുള്ളതെന്ന വിമര്‍ശനം ഉയര്‍ന്നു.


◾ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഹോസ്റ്റലുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് പoന വകുപ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.


◾ തൃശൂര്‍ കുന്നംകുളത്ത് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഒഡിഷ സ്വദേശി പിന്റു (18) ആണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിയര്‍ കുപ്പി പൊട്ടിച്ച് ശരീരമാസകലം കുത്തിയാണ് കൊലപ്പെടുത്തിയത്. പ്രീതം എന്ന് വിളിക്കുന്ന ധരംബീര്‍ സിംഗ് (24) നെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.


◾ ദില്ലി എയിംസിലെ വനിതാ നേഴ്സുമാരോട് അശ്ലീലചുവയോടെ സംസാരിച്ചെന്ന് പരാതി ഉയര്‍ന്നതോടെ വകുപ്പ് മേധാവിയെ മാറ്റി. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ തലവന്‍ ഡോ.എ കെ ബിസോയിയെ ആണ് തല്‍സ്ഥാനത്തുനിന്ന് മാറ്റിയത്. അന്വേഷണ വിധേയമായാണ് നടപടി. ഡോ. ബിസോയിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.


◾ ഹിന്ദു മഹാസഭ ദേശീയ ജനറല്‍ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെ അഭിഷേക് ഗുപ്ത എന്ന വ്യവസായി കൊലചെയ്യപ്പെട്ട കേസില്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു. 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുത്വ നേതാവാണ് പൂജാ ശകുന്‍ പാണ്ഡെ.


◾ ഫീസടക്കാത്തത് കാരണം 14 വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്ലാസ് റൂമിന്റെ നിലത്തിരുത്തി പരീക്ഷയെഴുതിച്ച സ്‌കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ഭീവണ്ടിയിലെ ഒരു ഉറുദു മീഡിയം സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.


◾ ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാകുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുമായി നടന്നത് അവിശ്വസനീയമായ കൂടിക്കാഴ്ചയെന്നാണ് ഗോര്‍ പറഞ്ഞത്.


◾   അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ഖാന്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരി തസ്ലിമ നസ്രീന്‍. താലിബാന്‍ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നതെന്നും പുരുഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്ലിമ 'എക്സി'ല്‍ കുറിച്ചു.


◾  താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതില്‍ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 'അവര്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റാത്ത വളരെ ദുര്‍ബലനാണെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങള്‍ പറയുകയാണെന്ന് മോദിയെ ലക്ഷ്യംവച്ച് രാഹുല്‍ പറഞ്ഞു.


◾  ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.


◾  സ്‌കൂളിന്റെ ട്രാന്‍സ്ജെന്‍ഡര്‍ അനുകൂല കായിക നയത്തിനെതിരെ വസ്ത്രം അഴിച്ച് പ്രതിഷേധം. അമേരിക്കയിലെ മെയ്‌നിലുള്ള ഒരു സ്‌കൂള്‍ ബോര്‍ഡ് മീറ്റിംഗിനിടെയാണ് സംഭവമുണ്ടായത്. പ്രാദേശിക നേതാവായ നിക്ക് ബ്ലാഞ്ചാര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം 3 പേരാണ് പ്രതിഷേധിച്ചത്. ട്രാന്‍സ്ജെന്‍ഡര്‍ അത്‌ലറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പം വസ്ത്രം മാറുന്നതിനുള്ള സൗകര്യമടക്കം ഉപയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.


◾അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിട്ടു. സര്‍ക്കാര്‍ ചിലവുകള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സര്‍ക്കാര്‍. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും ആരംഭിച്ചു. 4,000ത്തില്‍ ഏറെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണകൂടം നടപടികള്‍ ആരംഭിച്ചുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


◾ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍. ഇന്ത്യ അഞ്ചിന് 518 റണ്‍സെന്ന നിലയില്‍ നേരത്തെ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.


◾  ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള അറ്റ നിക്ഷേപത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഗണ്യമായ കുറവുണ്ടായി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 9 ശതമാനത്തിന്റെ ഇടിവാണ് നിക്ഷേപത്തില്‍ രേഖപ്പെടുത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം കുറയുന്നത്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറില്‍ ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള മൊത്തം അറ്റ നിക്ഷേപം 30,422 കോടി രൂപയായി കുറഞ്ഞു. ഓഹരി വിപണികളില്‍ ലാഭമെടുപ്പിനുള്ള അവസരമുണ്ടായതും ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരെ ഒരു പരിധി വരെ ബാധിച്ചു. എങ്കിലും, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി റെക്കോര്‍ഡ് നിക്ഷേപം തുടര്‍ന്നു എന്നത് വിപണിക്ക് ആശ്വാസം നല്‍കുന്നു. 2025 സെപ്റ്റംബറിലെ എസ്ഐപി നിക്ഷേപങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 29,361 കോടി രൂപയിലെത്തി. സ്വര്‍ണ്ണ വിലയിലുണ്ടായ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് സ്വര്‍ണ്ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം 2,189 കോടി രൂപയില്‍ നിന്ന് 8,363 കോടി രൂപയായി വന്‍തോതില്‍ ഉയര്‍ന്നു.


◾നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'സര്‍വ്വം മായ'യുടെ ടീസര്‍ പുറത്തിറങ്ങി. ഹൊറര്‍ കോമഡി മൂഡിലുള്ള സിനിമയായിരിക്കും ഇതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നിവിന്‍ പോളി- അജു വര്‍ഗീസ് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ഫയര്‍ ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണെന്ന് ടീസര്‍ വ്യക്തമാക്കുന്നു. സൂപ്പര്‍ ഹിറ്റായ പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍വ്വം മായ. മോഹന്‍ലാല്‍ ചിത്രമായ ഹൃദയപൂര്‍വ്വത്തിന്റെ കഥയും അഖിലിന്റേതായിരുന്നു. ജനാര്‍ദ്ധനന്‍, രഘുനാഥ് പാലേരി, മധു വാര്യര്‍, അല്‍താഫ് സലീം, പ്രിറ്റി മുകുന്ദന്‍ തുടങ്ങിയവരും സര്‍വ്വം മായയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


◾    'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന 'കാട്ടാളന്‍' സിനിമയുടെ ലുക്ക് പോസ്റ്റര്‍ പുറത്ത്. കയ്യിലെരിയുന്ന സിഗാറും ചോരയൊലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളുമായി നില്‍ക്കുന്ന പെപ്പെയെ ആണ് ഫസ്റ്റ് ലുക്കിലുള്ളത്. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ താരം എത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് സൂചന നല്‍കുന്നുണ്ട്. നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്നു. വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകും. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, കില്‍ താരം പാര്‍ത്ഥ് തീവാരി, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവ് എന്നിവരെല്ലാം ചിത്രത്തിലുണ്ട്.  പെപ്പെ തന്റെ യഥാര്‍ത്ഥ പേരായ 'ആന്റണി വര്‍ഗ്ഗീസ്' എന്ന പേരില്‍ തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്.


◾പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഓടിക്കാന്‍ രസകരവും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ നിരവധി മോഡലുകള്‍ വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു സുസ്ഥിര ലൈനപ്പ് കൊണ്ടുവരിക എന്നതാണ് കമ്പനിയുടെ ആശയം. ഇന്ത്യയില്‍, ഈ വര്‍ഷം ആദ്യം സുസുക്കി ഇ-ആക്‌സസ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഇലക്ട്രിക്-സ്‌കൂട്ടര്‍ ഇതുവരെ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ല.


◾മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ എ.ഐ.സി.സി. അംഗം ബെന്നി ബഹനാന്‍ എഴുതിയ രാഷ്ട്രീയലേഖനങ്ങളുടെ സമാഹാരമാണ് ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍. കമ്പ്യൂട്ടര്‍വത്കരണം, യന്ത്രവത്കൃതകൃഷി, സ്വാശ്രയം തുടങ്ങി കേരളരാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു. കണ്‍മുമ്പില്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും എങ്ങനെയാണ് കേരളം ഉത്പാദനവര്‍ദ്ധനയിലും അതിലൂടെ ഉണ്ടാകുന്ന സാമ്പത്തികവികാസത്തിലും പിന്നിലേക്കു പോയതെന്നു പറയുകയാണ് ഇതിലൂടെ. 'ഇഴയഴിഞ്ഞുപോയ ഇന്നലെകള്‍'. ബെന്നി ബഹനാന്‍. കറന്റ് ബുക്സ്. വില 270 രൂപ.


◾ ശരിയായാല്‍ പകുതി അസുഖവും മാറുമെന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടില്ലേ, അത് വെറുതെയല്ല. തലച്ചോറ്, രോഗപ്രതിരോധ ശേഷി തുടങ്ങിയ ശരീരത്തിലെ എല്ലാ സംവിധാനങ്ങളെയും കുടല്‍ സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മലബന്ധം സാധാരണമായ കുടല്‍ പ്രശ്നങ്ങളിലൊന്നാണ്, ഇത് കുടലിന്റെ ആരോഗ്യം മോശമാണെന്നതിന്റെ പ്രധാന ലക്ഷണമാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനും മലബന്ധം പോലുള്ള സാധാരണ പ്രശ്നങ്ങള്‍ തടയാനും മൂന്ന് തരം വിത്തുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഗുണകരമാണ്. വിത്തുകള്‍ പോഷകങ്ങളുടെ ഒരു പവര്‍ഹൗസ് ആണ്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ മഗ്നീഷ്യം മുതല്‍ നാരുകള്‍ വരെ സമൃദ്ധമാണ് ഇവയില്‍. കറുത്ത എള്ള് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കുന്നു. ഇതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്, ഇത് കുടല്‍ പേശികളെ വിശ്രമിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തിന്റെ ചലനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരുകള്‍ക്ക് പുറമെ ഫ്ലാക്സ് വിത്തുകളില്‍ അടങ്ങിയ ലിഗ്നാനുകള്‍ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും. കൂടാതെ അവയില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കുടല്‍ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. സോഷ്യല്‍മീഡിയകളില്‍ ഫിറ്റ്നസ് ഫ്രീക്കുകളുടെ പ്രധാന താരമാണ് ചിയ വിത്തുകള്‍. ശരീരഭാരം ക്രമീകരിക്കുന്നതു മുതല്‍ രോഗപ്രതിരോധ ശേഷിയെ വരെ ഇതു സഹായിക്കും. ചിയ വിത്തുകള്‍ അവയുടെ ഭാരത്തിന്റെ 12 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും ജെല്‍ പോലുള്ള സ്ഥിരത ഉണ്ടാക്കാനും കഴിയും. ഇത് മികച്ച കുടല്‍ ചലനങ്ങള്‍ക്ക് സഹായകരമാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

കര്‍ണ്ണാടകത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ച പ്രശാന്തിന് ചെറുപ്പം മുതലേ സിനിമ ഒരു ഹരമായിരുന്നു.  പക്ഷേ, ദാരിദ്ര്യം കൊണ്ട് ബുദ്ധിമുട്ടിയ അവന് ആഗ്രഹിക്കാവുന്നതിലും അപ്പുറമായിരുന്നു സിനിമയുടെ ലോകം.  പഠിക്കാനായി ബാഗ്ലൂരിലേക്ക് പോയെങ്കിലും വിദ്യഭ്യാസത്തിനുളള പണം ജോലിയെടുത്ത് കണ്ടെത്തണമായിരുന്നു.  അതിനായി അവന്‍ ചായപ്പൊടി  മുതല്‍ മിനറല്‍ വാട്ടര്‍ വില്‍പ്പന തുടങ്ങി നിരവിധി ജോലികള്‍ ചെയ്തിരുന്നു.  ഡിഗ്രി പഠനത്തിനിടയില്‍ അവന്‍ ഒരു പ്രാദേശിക നാടക ഗ്രൂപ്പില്‍ പരിശീലനത്തിനായി ചേര്‍ന്നു.  അവിടെ വെച്ച് യക്ഷഗണ എന്നൊരു നാടോടി കല അഭ്യസിക്കുകയുണ്ടായി.  ഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ ഫിലിം ഡയറക്ഷനില്‍ ഒരു ഡിപ്ലോമ കോഴ്‌സ് കൂടിയെടുത്തു.  ശേഷം സിനിമയില്‍ എന്തെങ്കിലും അവസരങ്ങള്‍ക്കായി മുംബൈയിലേക്ക് വണ്ടികയറി.  അവിടെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്ത് ജോലിയും ചെയ്യാന്‍ അയാള്‍ തയ്യാറായി.  ചെറിയ ഒരു ഓഫീസിലെ പ്യൂണ്‍ ജോലി മുതല്‍ ഫിലിം പ്രൊഡ്യൂസറുടെ ഡൈവര്‍ ജോലി വരെ.  ഏത് ജോലി ചെയ്യാനും അയാള്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.  ലക്ഷ്യവും സ്വപ്നവും സിനിമയില്‍ എങ്ങനെയെങ്കിലും കയറിപറ്റണം എന്ന് മാത്രം.  അങ്ങനെ നീണ്ട പത്ത് വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ 2012 ല്‍ തുഗ്ലക്ക് എന്ന സിനിമയില്‍ ഒരു വില്ലന്‍ വേഷം.  അത് ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങള്‍ തേടിയെത്തി.  പിന്നീട് 2016ല്‍ ഒരു റോം കോം പടം സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്ത് അയാള്‍ തന്റെ വരവ് അറിയിച്ചു.  ആ വര്‍ഷത്തെ ഫിലിംഫെയര്‍ , സിമ്മ അവാര്‍ഡുകള്‍ നേടിക്കൊണ്ടായിരുന്നു സംവിധാനതുടക്കം.  2019 ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുളള ദേശീയ അവാര്‍ഡ് അദ്ദേഹം കരസ്ഥമാക്കി.  2022 ല്‍ വെറും 16 കോടി ബജറ്റില്‍ അയാള്‍ എഴുതി സംവിധാനം ചെയ്ത ഒരു ചെറിയ ചിത്രം പുറത്തിറങ്ങി.   ഈ പടം തിയേറ്ററിലെ ഓട്ടം അവസാനിപ്പിക്കുമ്പോള്‍ ഏതാണ്ട് 400 - 500 കോടി കളക്ഷനിലെത്തി.  100 കോടി പോലും സ്വപ്നംകണ്ടിരുന്ന ഒരു ഇന്റസ്ട്രിയില്‍ കെജിഎഫിന്റെ അഴിഞ്ഞാട്ടത്തിനുശേഷം കണ്ട അത്ഭുതം - കാന്താരാ.. അപ്പോഴേക്കും പ്രശാന്ത് ലോകസിനിമയില്‍ റിഷബ് ഷെട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 2024 ലെ മികച്ച നടനുളള ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി.  കാന്താരാ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷം അയാള്‍ തന്റെ ഗ്രാമത്തിലേക്ക് താമസം മാറി.  ചിലര്‍ അങ്ങിനെയാണ് വിജയത്തിനായി ദാഹിക്കും.. അതിന് വേണ്ടി ഏതറ്റം വരെയും പോകും.  വിജയച്ചു കഴിഞ്ഞാല്‍ വന്ന വഴി തേടി തിരികെ പോകും.. അതുവരെ തന്നെ സഹായിച്ച എല്ലാവരേയും കൂടെ ചേര്‍ത്തു നിര്‍ത്തും.. കൈപിടിച്ചുയര്‍ത്തും.  - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post