ഭാരതീയ കുടുംബ സംവിധാനത്തെ പരിപോഷിപ്പിക്കണം - കെ. സി. സുധീർ ബാബു.
മാഹി: എല്ലാവരും അവരവരുടെ ധർമ്മം പാലിച്ചുകൊണ്ട് ജീവിക്കുക എന്നതാണ് സനാതന ധർമ്മത്തിന്റെ കാതൽ. അങ്ങിനെ ജീവിക്കുന്നവരുടെ കുടുംബങ്ങളുടെ ഒത്തിച്ചേർന്നുള്ള പ്രവൃത്തികളിലൂടെ ആണ് ഭാരതത്തിൽ ധർമ്മസംരക്ഷണം നടക്കുന്നതെന്നു ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സുധീർ ബാബു അഭിപ്രായപ്പെട്ടു.
ഭാരതത്തിൽ ശക്തമായി നിലകൊള്ളുന്ന കുടുംബ സംവിധാനത്തെ തകർക്കാതെ വൈദേശിക ആദർശങ്ങൾക്ക് നമ്മുടെ നാട്ടിൽ വേരൂന്നാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയവർ കുടുംബസംവിധാനത്തെ തകർക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മൾ അനുവദിച്ചുകൊടുക്കാതെ ഭാരതീയ കുടുംബ സംവിധാനത്തെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഇരട്ടപ്പിലാക്കൂലിൽ സംഘടിപ്പിച്ച സരസ്വതി ദക്ഷിണയും കുടുംബ സംഗമവും പരിപാടിയിൽ ഭാരതീയ കുടുംബ സംവിധാനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പ്രസിഡണ്ട് അഡ്വ. ബി. ഗോകുലൻ സ്വാഗതം പറഞ്ഞു.
ഡോ. വി. കെ. വിജയൻ അധ്യക്ഷം വഹിച്ചു.
ചടങ്ങിൽ വച്ച് വിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി ഇത്തവണ മുതൽ ഏർപ്പെടുത്തിയ കർമ്മകീർത്തി പുരസ്കാരം പ്രമുഖ വ്യവസായി രാജൻ കല്ലാടന് സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ബാബുവും, വിശിഷ്ട സേവനത്തിനുള്ള പുതുച്ചേരി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ മനോജ്കുമാറിനുള്ള ഉപഹാരം ഡോ. വി. കെ. വിജയനും നൽകി. കുടുംബാംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം സ്ഥാനീയ സമിതി സെക്രട്ടറി കെ. പി. മനോജ് നന്ദി പറഞ്ഞു.
Post a Comment