◾ ഐടി മേഖലയില്‍ ഇന്ത്യക്ക് പണി തരാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന 'ഔട്ട്‌സോഴ്‌സിങ്' നിര്‍ത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീരുമാനം നടപ്പിലാക്കിയാല്‍, ഇത് ഇന്ത്യന്‍ ഐടി സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഐടി മേഖലയെ വലിയ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് സൂചന.
◾ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്ന 45 കാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
◾ കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തു. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവര്‍ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു. എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍ മീണയാണ് ഉത്തരവിട്ടത്.
◾ കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താല്‍ പോരാ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്നും ഇപ്പോഴത്തെ തീരുമാനത്തെ ചെറിയൊരു നടപടിയായി മാത്രമേ കാണാനാകൂവെന്നും മാത്രമല്ല ഈ നടപടി രണ്ട് വര്‍ഷം മുന്‍പ് സ്വീകരിക്കേണ്ടതായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സര്‍വീസില്‍ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നും കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
◾ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ തന്നെ മര്‍ദിച്ച എല്ലാവരേയും സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്ത്. ഇപ്പോള്‍ സര്‍വീസിലുള്ള നാല് പോലീസുകാര്‍ക്ക് പുറമെ അന്നത്തെ പോലീസ് ഡ്രൈവറായിരുന്ന ഷുഹൈറിനെതിരേയും നടപടി വേണമെന്നും ഇവര്‍ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ പിന്നോട്ടില്ലെന്നും സുജിത്ത് വ്യക്തമാക്കി.
◾ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് .രമേശ് ചെന്നിത്തല. സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതിന് മറുപടി പറയേണ്ട ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ചെന്നിത്തല പറഞ്ഞു. മര്‍ദനത്തിനിരയായ സുജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
◾ തൃശ്ശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ ശശിധരന്റെ തൃപ്പൂരിലെ വീട്ടിലേക്കാണ് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
◾ തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതേസമയം അയ്യപ്പസംഗമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്നും അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
◾ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് മുന്‍ പ്രതിപക്ഷനേതാവ് കെ. സുധാകരന്‍. താനായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും പുതിയ അധ്യക്ഷന്‍ വരാത്തത് പോരായ്മയാണെന്നും പറഞ്ഞ കെ സുധാകരന്‍ കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും ചൂണ്ടിക്കാട്ടി.
◾ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന ദൃശ്യത്തിനു പിന്നാലെ കേരളത്തെ ഞെട്ടിച്ച് പീച്ചി പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍. പീച്ചി പോലീസ് സ്റ്റേഷനില്‍ 2023-ല്‍ നടന്ന മര്‍ദനത്തിന്റെ ദൃശ്യങ്ങളാണ് പരാതിക്കാരന്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യം പുറത്തുവന്നിട്ടും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേയുള്ള നടപടിക്കായി ഇപ്പോഴും നിയമപോരാട്ടം നടത്തുകയാണ് അദ്ദേഹം.
◾ ഇന്ന് ശ്രീനാരായണ ഗുരുവിന്റെ 171-ാമത് ജന്മദിനം. ആഘോഷങ്ങളുടെ ഭാഗമായി ഭക്തര്‍ ശിവഗിരി മഠത്തിലും ചെന്തഴന്തി ഗുരുകുലത്തിലും ദര്‍ശനം നടത്തും. ശിവഗിരിയില്‍ കേരളാ ഗവര്‍ണറും ചെമ്പഴന്തിയില്‍ മുഖ്യമന്ത്രിയും ആഘോഷ പരിപാടികളില്‍ മുഖ്യാതിഥികളാകും.
◾ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. ബന്ധുനിയമന വിവാദത്തില്‍ തനിക്കെതിരായ ലോകായുക്ത വിധി ജസ്റ്റിസ് സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതാണെന്നും അല്ലെന്നാണെങ്കില്‍ ഫിറോസ് ഖുര്‍ആന്‍ തൊട്ട് സത്യം ചെയ്യണമെന്നും ഖുര്‍ആന്‍ ഉയര്‍ത്തി കെ.ടി.ജലീല്‍ വെല്ലുവിളിച്ചു.
◾ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ തലപ്പത്ത് നിന്ന് വി ടി ബല്‍റാമിനെ മാറ്റും. 'ബീഡിയും ബീഹാറും' എന്ന വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് ഡിജിറ്റല്‍ മീഡിയ അഴിച്ചു പണിയാന്‍ കെപിസിസി തീരുമാനം. അതേസമയം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്കെതിരെ ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിച്ചു എന്ന വിമര്‍ശനവും മാറ്റത്തിന് കാരണമാണ്.
◾ കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ആയി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. ദേശീയ ശരാശരി 25 ആണെന്നും അമേരിക്കന്‍ ഐക്യനാടുകളുടെ ശിശുമരണ നിരക്ക് 5.6 ആണെന്നും പറഞ്ഞ മന്ത്രി യുഎസിന്റെ ശിശു മരണനിരക്കിനേക്കാള്‍ കേരളത്തിലെ ശിശുമരണ നിരക്ക് കുറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
◾ കണ്ണൂര്‍ ആയിക്കരയിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ വ്യാജ വായ്പ തട്ടിപ്പ്. 20 വര്‍ഷം മുന്‍പ് മരിച്ചവരെ പോലും ജാമ്യക്കാരാക്കി ചിത്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും ചേര്‍ന്നുളള സംഘടിത കൊള്ളയാണ് നടന്നതെന്ന് ഫിഷറീസ് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം നേതൃത്വത്തിലുളള ഭരണസമിതി അംഗങ്ങള്‍ക്കെതിരെ പേരിനൊരു കേസ് എടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
◾ പൊലീസിനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൊല്ലം കണ്ണനല്ലൂര്‍ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജീവാണ് ആരോപണം ഉന്നയിച്ചത്. ഒരു കേസിന്റെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. ഇത് പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും ലോക്കല്‍ സെക്രട്ടറി കുറിച്ചു.
◾ പോലീസ് കയ്യേറ്റം ചെയ്തതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം ലോക്കല്‍ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കവെ വിലക്കുമായി സിപിഎം പ്രവര്‍ത്തകര്‍. കൊല്ലം നെടുമ്പന ലോക്കല്‍ സെക്രട്ടറി സജീവനെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് വിലക്കിയത്. പറഞ്ഞത് മതിയെന്നും ആരും ഇനി വീഡിയോ ഓണാക്കരുതെന്നും പറഞ്ഞ പ്രവര്‍ത്തകര്‍ സജീവനോട് ഇനി സംസാരിക്കരുതെന്നും പറഞ്ഞു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നു പറഞ്ഞായിരുന്നു വിലക്ക്.
◾ കൊല്ലം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആര്‍എസ്എസ് അനുഭാവികളും പ്രവര്‍ത്തകരുമായ 27 പേര്‍ക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. കൂടാതെ ക്ഷേത്രത്തിന് മുന്നില്‍ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സ് സ്ഥാപിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
◾ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള ധനസഹായം നല്‍കിയില്ലെങ്കില്‍ അടുത്ത ഓണത്തിന് മുന്‍പ് കരുവന്നൂര്‍ മോഡല്‍ സമരം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡര്‍സിനോടൊപ്പമുള്ള ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരന്നു അദ്ദേഹം.
◾ ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ് ഐ ആര്‍ ഇട്ട നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ഒരു കാരണവശാലും അംഗീകരിക്കാനാകാത്ത നടപടിയാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ഇത് കേരളമാണ്, ഇന്ത്യയുടെ ഭാഗമെന്നതില്‍ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇതൊരിക്കലും അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
◾ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കൂടിക്കാഴ്ച്ചയില്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എസ്എന്‍ഡിപിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
◾ പലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ മാടായിപ്പാറയിലാണ് പ്രകടനം നടന്നത്. ഭാരവാഹികള്‍ ഉള്‍പ്പെടെ 30 ഓളം പെണ്‍കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരിസ്ഥിതി പ്രാധാന്യമുള്ള ഭൂമിയില്‍ അനുമതിയില്ലാതെ പ്രവേശിച്ചു, സ്പര്‍ദ്ദ ഉണ്ടാക്കുന്ന വിധം മുദ്രാവാക്യം വിളിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
◾ പുതുക്കി നിശ്ചയിച്ച ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്‌സ് അസോസിയേഷന്‍. ധനകാര്യ വകുപ്പ് മന്ത്രിക്കും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങള്‍ക്കും നിവദേനം നല്‍കി. 1000 രൂപ വരെയുള്ള വില്പനകള്‍ക്ക് നിലവിലുണ്ടായിരുന്ന 12% നികുതി ഇപ്പോള്‍ 18% ആയി ഉയര്‍ത്തി. ഈ തീരുമാനം വസ്ത്രവിപണന മേഖലക്ക് നല്‍കിയ ആഘാതം ചെറുതല്ല എന്നും നിവേദനത്തില്‍ പറയുന്നു.
◾ പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
◾ പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് പ്രത്യേക സംഘം ഇനി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ അതാത് യൂണിറ്റുകള്‍ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
◾ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ വ്യവസായിയെ കബളിപ്പിച്ച് 25 കോടിയുടെ സൈബര്‍ തട്ടിപ്പിന് പിന്നില്‍ സൈപ്രസ് മാഫിയ. തട്ടിപ്പിന് പിന്നിലെ ആസൂത്രണം നടന്നത് യൂറോപ്പ്യന്‍ രാജ്യമായ സൈപ്രസില്‍ എന്നാണ് പൊലീസിന്റെ നിഗമനം. കാലിഫോര്‍ണിയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എങ്കിലും ഇടപാടുകാരെ സമീപിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണ്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആള്‍ വെളിപ്പെടുത്തി. ജയില്‍ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുന്‍ തടവുകാരന്‍ പറഞ്ഞു. ദിവസേന അകത്തേക്ക് ലഹരിവസ്തുക്കള്‍ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാരില്‍ ചിലര്‍ക്ക് കരിഞ്ചന്തയില്‍ വില്‍പ്പനയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.
◾ പാലക്കാട് കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റില്‍ വലിയ മോഷണം. ജീവനക്കാര്‍ ഓണം അവധി കഴിഞ്ഞെത്തിയപ്പോഴായിരുന്നു മോഷണ വിവരം പുറത്തറിഞ്ഞത്. തിരുവോണണത്തലേന്നാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധിച്ച ശേഷമേ മോഷണത്തിന്റെ നഷ്ടം കണക്കാക്കാനാകൂവെന്ന് ഔട്ട്ലെറ്റ് മാനേജര്‍ പറഞ്ഞു.
◾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ സജീവം. വി ഡി സതീശന്‍, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകാനിടയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിന് പിന്നാലെ പകരം അധ്യക്ഷന്റെ കാര്യത്തില്‍ സമവായമായിരുന്നില്ല. അബിന്‍ വര്‍ക്കി, കെ എം അഭിജിത്, ബിനു ചുള്ളിയില്‍, ഒ ജെ ജനീഷ് എന്നീ പേരുകളാണ് ചര്‍ച്ചയിലുള്ളത്.
◾ ജനവാസമേഖലയില്‍ ഇറങ്ങിയ ആനയെ നാട്ടുകാര്‍ ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരിക്കേറ്റത്. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ ആറുവാരിയെല്ലുകള്‍ക്കും, തോളിനും ഒടിവുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ചിന്നനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
◾ പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെരീഫിന്റെ മൊഴിയെടുക്കും. തൃശൂര്‍ മെഡി.കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫ് അപകടനില തരണം ചെയ്തെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തൃശൂരിലെത്തി മൊഴിയെടുക്കുക. ഇതിനായി ചികിത്സികുന്ന ഡോക്ടറുടെ അനുമതിയും പൊലീസ് തേടും. പന്നിപടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫാണെന്നാണ് പൊലീസ് നിഗമനം.
◾ കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് തച്ചനാട്ടുകരയില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടില്‍ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.
◾ കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.
◾ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ശനിയാഴ്ച പുലര്‍ച്ചെ 1.44 ഓടെ കൊച്ചിയില്‍ തിരിച്ചിറക്കിയത്. രണ്ട് മണിക്കൂറോളം പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് വിവരം.
◾ ഓണാഘോഷത്തിനിടെ തൃശൂര്‍ തളിക്കുളം നമ്പിക്കടവിലെ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ വിദ്യാര്‍ഥി മുങ്ങിമരിച്ചു. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് കടല്‍ കാണാനായി എത്തിയ അഞ്ചംഗ സംഘത്തിലെ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ കോയമ്പത്തൂര്‍ പന്നി മടൈ റോസ് ഗാര്‍ഡനില്‍ അശ്വന്ത് (19) ആണ് മരിച്ചത്.
◾ ആന്ധ്രാപ്രദേശിലെ ഒരു ജയിലിലെ തടവുകാര്‍ ഹെഡ് വാര്‍ഡനെ ചുറ്റിക കൊണ്ട് ആക്രമിച്ചതിന് പിന്നാലെ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ സ്വയം പ്രതിരോധിച്ച് വാര്‍ഡന് തലയ്ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ട് ഹെഡ് വാര്‍ഡനെ അടിച്ച് വീഴ്ത്തിയ ശേഷം ഇവര്‍ പ്രധാന ഗേറ്റിന്റെ താക്കോല്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾ ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണ്‍ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലായാണ് പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണ്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് സംഭവം. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചില്‍ തുടങ്ങിയെന്ന് സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.
◾ ആന്ധ്രപ്രദേശില്‍ അജ്ഞാത രോഗം ബാധിച്ച് രണ്ട് മാസത്തിനിടെ 20 പേര്‍ മരിച്ച സാഹചര്യത്തില്‍ ഗുണ്ടൂര്‍ ജില്ലയിലെ തുരകപാലം ഗ്രാമത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് വെള്ളിയാഴ്ച സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. പിന്നാലെ പ്രദേശത്തെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധര്‍ അടങ്ങിയ ഉന്നതതല മെഡിക്കല്‍ സംഘത്തെ അയക്കാനും തീരുമാനിച്ചു.
◾ ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പൊലീസ് സംരക്ഷണയോടെ എസ്ഐടിക്ക് മുന്നില്‍ ഹാജരാകുമെന്ന് മലയാളി യൂട്യൂബര്‍ മനാഫ്. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിച്ചതായി മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടതെന്നും മനാഫ് പറയുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം ചോദ്യം ജയിലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നല്‍കിയിരുന്നു.
◾ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിനെതിരെ സ്ഥിരീകരിക്കാത്തതും അപകീര്‍ത്തികരമായതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ദില്ലി ജില്ലാ കോടതി ഉത്തരവിട്ടത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബര്‍ ഒന്‍പതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
◾ അയര്‍ലന്‍ഡില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്കെതിരായ വംശീയ ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാവുമെന്ന് വ്യക്തമാക്കി അയര്‍ലാന്‍ഡ് പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്. അയര്‍ലന്‍ഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ലെന്നുമുള്ള ഉറപ്പാണ് അയര്‍ലന്‍ഡിലെ പ്രതിരോധ മന്ത്രിയും നീതി, ആഭ്യന്തര, കുടിയേറ്റ മന്ത്രിയും നല്‍കിയിരിക്കുന്നത്.
◾ ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസഭയുടെ ഉന്നതതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ സംസാരിക്കുന്ന പ്രഭാഷകരുടെ പുതുക്കിയ പട്ടികയില്‍ പ്രധാനമന്ത്രിയുടെ പേര് ഉള്‍പ്പെട്ടിട്ടില്ല. അമേരിക്കയില്‍ സെപ്റ്റംബര്‍ 9 ന് ആരംഭിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ 80-ാമത് സെഷനില്‍ സെപ്റ്റംബര്‍ 23 മുതല്‍ 29 വരെയാണ് ഉന്നതതല പൊതുചര്‍ച്ച നടക്കുന്നത്.
◾ പുതിയ ജിഎസ്ടി പരിഷ്‌കരണ പ്രകാരം ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് പ്രധാന കമ്പനികള്‍. ജിഎസ്ടി ഇളവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉത്സവ സീസണില്‍ വില താഴുമെന്ന് എസി, ടിവി നിര്‍മ്മാതാക്കള്‍ അറിയിച്ചു. കോള്‍ഗേറ്റും എച്ച്യുഎല്ലും അമുലും ബ്രിട്ടാനിയയും സോണിയും വിലക്കുറവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ വ്യക്തമാക്കിയിരുന്നു.
◾ മഴക്കെടുതിയില്‍ വലയുന്ന ദില്ലിയിലെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍. പാക്കിസ്ഥാനില്‍ നിന്നും വന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന മജ്നു കാ തില്ലയിലെ ശ്രീറാം കോളനിയിലുള്ളവരെയാണ് അധികൃതര്‍ കുടിയിറക്കാനൊരുങ്ങുന്നത്. ജൂലൈയില്‍ ഇടിച്ചുനിരത്തിയ കോളനികളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട പലര്‍ക്കും ഇതുവരെ പകരം വീട് ലഭിച്ചിട്ടില്ല.
◾ വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ. 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ച് മില്‍ വാങ്ങിയതിനാണ് ശശികലയ്ക്കെതിരെ കേസ് എടുത്തത്. കാഞ്ചീപുരത്തെ പദ്മദേവി മില്ലാണ് ശശികല വാങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയായിരുന്നു വില്പന. 450 കോടി രൂപയുടെ പഴയ കറന്‍സി നോട്ടുകള്‍ നല്‍കിയാണ് മില്ല് വാങ്ങിയത്.
◾ കര്‍ണാടകയില്‍ ഗതാഗത നിയമം ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പോലീസ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകള്‍ ആണ് അയച്ചത്. നോട്ടീസ് കിട്ടിയതില്‍ പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴയടച്ചു.50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാല്‍ 7 നോട്ടീസുകള്‍ക്കും കൂടി 2500 രൂപയാണ് അടച്ചത്.
◾ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാന്‍ നേരത്തെ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കണക്കിലെടുത്താണ് തീരുമാനം. യാത്രയ്ക്ക് ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവച്ചതായി അഫ്ഗാന്‍ അറിയിച്ചു.
◾ പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാര്‍ഡ് ആക്ടിവേഷന്‍ എന്ന പേരില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നു. വെറും മൊബൈല്‍ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ നിമിഷനേരം കൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ദേശീയ ആഭ്യന്തരമന്ത്രാലയവും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററും.
◾ തിഹാര്‍ ജയിലില്‍ വച്ച് പിതാവിന് നേരെ വധശ്രമം ഉണ്ടായെന്ന് ലോക്സഭാ എംപി ഷെയ്ഖ് അബ്ദുള്‍ റാഷിദിന്റെ മകന്‍ അക്ബര്‍ റാഷിദ്. അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവായ എഞ്ചിനീയര്‍ റാഷിദ് ഭീകരവാദ കേസിലാണ് തിഹാര്‍ ജയിലില്‍ കഴിയുന്നത്. ഇവിടെ വച്ച് വധശ്രമത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍.
◾ സ്വകാര്യതാ കേസില്‍പ്പെട്ട് ടെക് ഭീമനായ ഗൂഗിള്‍ വീണ്ടും വിവാദത്തില്‍. സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചതിന് ഗൂഗിള്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്ടെത്തുകയും കമ്പനിക്ക് വമ്പന്‍ പിഴ ചുമത്തുകയും ചെയ്തു. ഗൂഗിളിനെതിരെ 425 മില്യണ്‍ ഡോളര്‍ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്തതായും അവരുടെ അനുമതിയില്ലാതെ അവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഗൂഗിള്‍ രേഖപ്പെടുത്തിയതായും ആരോപണമുണ്ട്.
◾ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2,200 കടക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തതോടെ ഏറ്റവും ദുരിതത്തിലായത് അഫ്ഗാന്‍ സ്ത്രീകള്‍. താലിബാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയമങ്ങളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അഫ്ഗാന്‍ രീതികളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസമായി. ഈ നിയമങ്ങള്‍ കാരണം സ്ത്രീകളെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കുകയോ അല്ലെങ്കില്‍ അവരെ രക്ഷിക്കാന്‍ വൈകുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
◾ റെഡ് ഫോര്‍ട്ട് പരിസരത്ത് നടന്ന ജൈനമത ചടങ്ങില്‍ വന്‍ സുരക്ഷാ വീഴ്ച. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണ്ണ 'കലശങ്ങളും' മറ്റ് വിലപിടിപ്പുള്ള സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച വസ്തുക്കളും മോഷണം പോയി. ജൈന പുരോഹിതന്റെ വേഷത്തിലെത്തിയ മോഷ്ടാവാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
◾ ഗണേശോത്സവം നടക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ സ്ഫോടനം നടത്തുമെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ഭീഷണി സന്ദേശമയച്ചയാളും പ്രതിക്ക് സിം കാര്‍ഡ് നല്‍കിയയാളും അറസ്റ്റിലായി. പറ്റ്ന സ്വദേശിയായ അശ്വിനികുമാര്‍ സുപ്രയാണ് (51) ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. നോയിഡയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
◾ സായുധസേനകളുടെ സംയുക്ത തിയേറ്റര്‍ കമാന്‍ഡിനെ പിന്തുണച്ച് കരസേന മേധാവി ജനറല്‍ ഉപേന്ദ്രദ്വിവേദി. ഒന്നിലധികം ശത്രുക്കളെ നേരിടേണ്ടി വന്നാല്‍ തിയേറ്ററൈസേഷന്‍ മാത്രമാണ് പരിഹാരമെന്ന് കരസേന മേധാവി വ്യക്തമാക്കി. തിയേറ്റര്‍ കമാന്‍ഡ് നടപ്പാക്കുന്നതില്‍ വ്യോമസേന മേധാവി നേരത്തെ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
◾ ഗുജറാത്തിലെ പാവഗഢില്‍ കാര്‍ഗോ റോപ്വേ തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോവുകയായിരുന്ന റോപ്വേയുടെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ട്രോളി .തകര്‍ന്നുവീഴുകയായിരുന്നു.
◾ ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് തെക്കന്‍ മേഖലയിലേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ സൈന്യം. ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ സൈന്യം കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. വടക്കന്‍ ഭാഗത്തുള്ളവര്‍ തെക്കോട്ടുപോയി ഖാന്‍ യൂനിസിലേക്കു മാറണമെന്നാണ് നിര്‍ദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവര്‍ക്ക് ലഭ്യമാക്കുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഗാസ സിറ്റിയില്‍ ഇപ്പോഴും ഹമാസ് ശക്തമാണെന്നാരോപിച്ചാണ് ഇവിടം പിടിച്ചെടുക്കാനുള്ള പടനീക്കം. അതേസമയം പലായനം ചെയ്ത പലസ്തീന്‍ കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ ഇന്നലെ മാത്രം 21 പേര്‍ കൊല്ലപ്പെട്ടു.
◾ യുക്രൈനിലെ സമാധാനശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും. മാക്രോണും മോദിയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി വിലയിരുത്തുകയും ചെയ്തു.
◾ യുഎസിന് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയ്ക്ക് നഷ്ടപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വിഷയം തീരുവയല്ലെന്നും മറിച്ച് 'ആത്മാഭിമാനം, അന്തസ്സ്, ബഹുമാനം' എന്നിവയാണെന്നും മനീഷ് തിവാരി പറഞ്ഞു. ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാമെന്നും പക്ഷേ, ഭീഷണിയ്ക്ക് മുന്‍പില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും തിവാരി എക്സില്‍ കുറിച്ചു.
◾ അമേരിക്കയുമായുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിച്ച പാകിസ്ഥാന് പ്രഹരമായി പാകിസ്താന്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്ന് പിന്മാറി ചൈന . 52 ലക്ഷം കോടി രൂപയുടെ ചൈന - പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം. പാകിസ്താന്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കുന്നതും ഷാങ്ഹായ് ഉച്ചകോടിയുടെ പശ്ചാത്തലവും ഈ തീരുമാനത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.
◾ ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന നിലപാട് മാറ്റി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യയും റഷ്യയും 'ഇരുണ്ട ദുരൂഹ' ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണെന്നും തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ്.
◾ എപ്പോഴും സുഹൃത്താണെന്ന ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനോട് പൂര്‍ണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.
◾ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ഇനിയും യുഎസ് നാവിക കപ്പലുകള്‍ക്ക് മീതെ പറന്നാല്‍ അവയെ വെടിവെച്ചിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കപ്പലുകള്‍ക്ക് മീതെ ഇനിയും വിമാനങ്ങള്‍ വരികയാണെങ്കില്‍ വെനസ്വേല കുഴപ്പത്തിലാകുമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാവുകയാണെങ്കില്‍ എന്തുംചെയ്യാനുള്ള നിര്‍ദേശവും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നല്‍കിയിട്ടുണ്ട്.
◾ യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക്. ഫൈനലില്‍ എട്ടാം സീഡായ യുഎസ് താരം അമാന്‍ഡ അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നിലവിലെ ചാംപ്യനായ സബലേങ്ക കിരീടം നിലനിര്‍ത്തിയത്.
◾ യു എസ് ഓപ്പണില്‍ നെവാക് ജോക്കോവിച്ചിനെ തകര്‍ത്ത് കാര്‍ലോസ് അല്‍കാരസ് ഫൈനലില്‍. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അല്‍കാരസ് ജോക്കവിച്ചിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-4, 7-6, 6-2. ടൂര്‍ണമെന്റില്‍ ഒരു സെറ്റുപോലും നഷ്ടമാകാതെയാണ് അല്‍കാരസിന്റെ ഫൈനല്‍ പ്രവേശം. സീസണില്‍ അല്‍കാരസിന്റെ മൂന്നാം ഗ്രാന്റ്സ്ലാം ഫൈനലാണിത്. ഫൈനലില്‍ ഇറ്റാലിയന്‍ താരമായ യാനിക് സിന്നറുമായാണ് അല്‍കരാസിന്റെ പോരാട്ടം.
◾ സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് മുന്നേറ്റം തുടരുന്നു. അവിട്ടം ദിനത്തിലും ഗ്രാമിന് 80 രൂപയും പവന് 640 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാം വില 9,945 രൂപയും പവന്‍ വില 79,560 രൂപയുമെന്ന സര്‍വകാല റെക്കോഡിലെത്തി. ഓണക്കാലത്ത് വില കുതിച്ച് ഉയരുന്നത് വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ഒരുപോലെ ആശങ്കയാകുന്നുണ്ട്. ഒരു ഗ്രാം വില 10,000 രൂപയിലെത്താന്‍ വെറും 55 രൂപയുടെ ദൂരമാത്രമാണുള്ളത്. ഓണത്തിന് മികച്ച വില്‍പ്പന പ്രതീക്ഷിച്ച കച്ചവടക്കാര്‍ വലിയ നിരാശയിലാണ്. അത്യാവശ്യക്കാര്‍ മാത്രമാണ് നിലവില്‍ സ്വര്‍ണം വാങ്ങാനെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. സെപ്റ്റംബറില്‍ വെറും ആറ് ദിവസത്തിനിടെ 1,920 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ആറിന് 53,760 രൂപയായിരുന്ന പവന്‍ വിലയാണ് നിലവില്‍ 80,000ത്തിന് അടുത്ത് എത്തിയിരിക്കുന്നത്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും മറ്റും ചേര്‍ത്ത് 86,000 രൂപയ്ക്കടുത്ത് നല്‍കണം.
◾ രാജ്യത്തെ പ്രീമിയം സെഡാനാണ് ഫോക്‌സ്വാഗണ്‍ വിര്‍ടസ്. 2025 ഓടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം സെഡാനായി ഇത് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 13,853 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഫോക്‌സ്വാഗണ്‍ വിര്‍ടസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം ഒമ്പത് ശതമാനം വളര്‍ച്ചയാണിത്. ജനുവരി മുതല്‍ ജൂലൈ വരെ 37,575 യൂണിറ്റുകള്‍ വിറ്റഴിച്ച പ്രീമിയം സെഡാന്‍ വിഭാഗത്തില്‍, വില്‍പ്പനയുടെ 33% വിര്‍ടസ് മാത്രമാണ് നേടിയത്. വിര്‍ടസ് രണ്ട് പെട്രോള്‍ എഞ്ചിനുകളിലാണ് വരുന്നത്. ആദ്യത്തേത് 113 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്ഐ ആണ്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്. രണ്ടാമത്തേത് 148 ബിഎച്ച്പിയും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്ഐ ആണ്, ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക്കുമായി വരുന്നു.
◾ ഏഷ്യയില്‍ കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2045 ആകുമ്പോഴേക്കും ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്നാണ് ഗ്ലോബല്‍ കാന്‍സര്‍ ഒബ്സര്‍വേറ്ററിയുടെ മുന്നറിയിപ്പ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കാന്‍സര്‍ സാധ്യതയെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ സാധിക്കും. ഗ്രീന്‍ ടീയില്‍ എപ്പിഗല്ലോകാടെച്ചിന്‍ ഗാലേറ്റ് കാറ്റെച്ചിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. കാപ്പിയില്‍ പോളിഫെനോളുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ദിവസവും ഓരോ കപ്പ് കാപ്പി കുടിക്കുന്നത് കരള്‍ കാന്‍സര്‍ സാധ്യത 15 ശതമാനം കുറയ്ക്കും. ശരീരത്തിന് ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ഇത് നിര്‍ജ്ജലീകരണം കുറയ്ക്കുക മാത്രമല്ല, മൂത്രാശയ കാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറയ്ക്കുന്ന എലാജിക് ആസിഡും പോളിഫെനോളുകളും മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗികളില്‍, മാതളനാരങ്ങ ജ്യൂസ് പിഎസ്എ പെരുകുന്ന സമയം മന്ദഗതിയിലാക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാറുണ്ട്, എന്നാല്‍ മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന്‍ ഡിഎന്‍എ കേടുപാടുകളും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ബെറികളില്‍ ആന്തോസയാനിനുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബെറിപ്പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് അന്നനാളം, വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കും. നാരങ്ങാനീരില്‍ വിറ്റാമിന്‍ സിയും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ആമാശയത്തിലെയും അന്നനാളത്തിലെയും കാന്‍സറിനുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
Post a Comment