◾ ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളില്‍ മാത്രം തുറന്നുകൊടുത്താല്‍ മതിയെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തിരുത്തി. ശൗചാലയം ഉപഭോക്താക്കളല്ലാത്തവര്‍ ഉപയോഗിക്കുന്നതിനെതിരേ പെട്രോള്‍ പമ്പ് ഉടമകള്‍ ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ പമ്പുകളിലെ ശൗചാലയം പൊതുജനങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഉത്തരവായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. അതേസമയം പമ്പുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് മാത്രം ശൗചാലയം അനുവദിച്ചാല്‍ മതിയെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
2025 | സെപ്റ്റംബർ 19 | വെള്ളി
1201 | കന്നി 3 | ആയില്യം
റ:അവ്വൽ 26
◾ അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പില്‍ നിന്നും 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധനുണയാണെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. 50 ല്‍ താഴെ ആള്‍ക്കാരെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ആയതിനാല്‍ പിരിച്ചു വിട്ടുവെന്ന് മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. ഇല്ലാത്ത പക്ഷം പറഞ്ഞ ഈ അവകാശവാദം പിന്‍വലിച്ച് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബോധപൂര്‍വം നുണ പറഞ്ഞ് സഭയേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും നിയമസഭയില്‍ തെറ്റായ വിവരം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരെ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
◾ ആയുഷ് മേഖലയില്‍ നടപ്പിലാക്കുന്ന നൂതന സംരംഭങ്ങള്‍ക്കുള്ള അംഗീകാരമാണ് 'ആയുഷ് മേഖലയില്‍ നടപ്പിലാക്കിയ വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍' എന്ന വിഷയത്തില്‍ കേരളത്തെ നോഡല്‍ സംസ്ഥാനമാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നീതി ആയോഗ് വിളിച്ചു ചേര്‍ത്ത നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് കേരളത്തെ നോഡല്‍ സംസ്ഥാനമായി തെരഞ്ഞെടുത്തത്.
◾ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിക്കെതിരെ എസ്എന്‍ഡിപി യോഗം മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍. ശിവഗിരിയിലെ പൊലീസ് അതിക്രമത്തിന് ഉത്തരവിട്ടത് എ.കെ.ആന്റണിയാണെന്നും ചെയ്യേണ്ടത് ചെയ്തെങ്കില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും ഗോപിനാഥന്‍ പറഞ്ഞു. കെ. ഗോപിനാഥന്റെ പരാമര്‍ശത്തില്‍ വിവാദത്തിന് താനില്ലെന്ന് എകെ ആന്റണി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി ഗോപിനാഥന്‍ രംഗത്തെത്തിയത്.
◾ നടി റിനി ആന്‍ ജോര്‍ജ് നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. ആലുവ സൈബര്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ യൂട്യൂബ് ചാനലുകള്‍ എന്നിവര്‍ക്കെതിരെയാണ് റിനിയുടെ പരാതി. മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയാണ് ആലുവ സൈബര്‍ പോലീസിന് കൈമാറിയത്.
◾ പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിയില്‍ തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍ , ആറന്മുള സി.ഐ പ്രവീണ്‍ എന്നിവര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത് ആഭ്യന്തര വകുപ്പ്. എസ്പി ചൈത്ര തെരേസ ജോണിന്റെ അന്വേഷണത്തിന് ഒടുവില്‍ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. പോലിസിന്റെയൂം സര്‍ക്കാരിന്റെയും അന്തസ്സ് കളങ്കപെടുത്തുന്ന രീതിയില്‍ കേസ് അട്ടിമറിച്ചു എന്നാണ് കണ്ടെത്തല്‍.
◾ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് സിപിഎം നേതാവും അധ്യാപികയുമായ കെ ജെ ഷൈന്‍ ടീച്ചര്‍. മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകള്‍ സഹിതം പരാതി നല്‍കുമെന്നും സ്വന്തം നഗ്നത മറച്ചു പിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയാറാവണമെന്നും കെ ജെ ഷൈന്‍ പറഞ്ഞു.
◾ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. തന്റെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ സി.പി.എം വനിതാ നേതാവ് കെ.ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണവും ആരോപണവുമെല്ലാം സി.പി.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെച്ചിട്ട് കാര്യമില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
◾ നിലനില്‍പ്പിന് വേണ്ടി മാത്രമല്ല, നവീകരണത്തിനും പ്രതിരോധത്തിനും വളര്‍ച്ചയ്ക്കും കേരളം എപ്പോഴും സമുദ്രങ്ങളെയാണ് ഉറ്റുനോക്കിയിട്ടുള്ളതെന്ന് കേരള - യൂറോപ്യന്‍ യൂണിയന്‍ കോണ്‍ക്ലേവിനു മുന്നോടിയായുള്ള സംയുക്ത പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീല സമ്പദ്വ്യവസ്ഥ വഴി ഇന്ത്യ - യൂറോപ്പ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
◾ സാഹിത്യകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിനെതിരായ ഹര്‍ജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമായി പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചു എന്നാണ് പരാതി. പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെയാണ് ചിത്രം പ്രസിദ്ധീകരിച്ചത് എന്നതിനാല്‍ പുസ്തകം വില്‍ക്കുന്നത് തടയണമെന്ന് അഭിഭാഷകനായ ഹര്‍ജിക്കാരന്‍ രാജസിംഹന്‍ ആവശ്യപ്പെട്ടു.
◾ എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍. മുസ്ലിം, മലപ്പുറം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാന്‍ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ലെന്നും പക്ഷേ കെ ടി ജലീല്‍ വന്നുവെന്നും അന്‍വര്‍ പറഞ്ഞു ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീലെന്നും എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്നും പി വി അന്‍വര്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു.
◾ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 17 പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവര്‍ത്തകരര്‍ പിരിഞ്ഞു പോയില്ല. സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടികടക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. കെഎസ് യുക്കാരെ മുഖംമൂടി ധരിപ്പിച്ചതിനും പൊലീസ് മൂന്നാം മുറയ്ക്കും എതിരെയായിരുന്നു നിയമസഭാ മാര്‍ച്ച് .
◾ കൊടുവള്ളി എംഎല്‍എ എം കെ മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ പുറത്ത് വന്ന മെഡിക്കല്‍ ബുള്ളറ്റിനിലാണ് ആരോഗ്യ നിലയിലെ പുരോഗതി വ്യക്തമാക്കുന്നത്. നിലവില്‍ വെന്റിലേറ്റര്‍ സഹായമില്ലാതെയാണ് തുടരുന്നത്. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നുണ്ട്.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്രണ്ടായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനില്‍കുമാര്‍. സൂപ്രണ്ട് സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ.സുനില്‍കുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് കത്ത് നല്‍കി. സൂപ്രണ്ട് ആയതോടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചാണ് കത്ത്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നിരോധിത ലഹരി വസ്തുക്കള്‍ എറിഞ്ഞ് കൊടുക്കുന്ന സംഘത്തിലെ മൂന്നാമനും അറസ്റ്റില്‍. പനങ്കാവ് സ്വദേശി കെ റിജിലാണ് പിടിയിലായത്. ഈ കേസില്‍ അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ മാസം ജയിലേക്ക് ബീഡി ഉള്‍പ്പെടെ എറിഞ്ഞ് നല്‍കുന്നതിനിടെ അക്ഷയ് പിടിയിലാവുകയും മജീഫും റിജിലും കടന്നുകളയുകയുമായിരുന്നു.
◾ പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ നാട്ടുകാരെ ഭീതിയിലാക്കുന്ന പുലിയെ മയക്കുവെടി വെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടു. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന്റെ സബ്മിഷനുള്ള മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രനാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.
◾ പാലക്കാട് മാങ്കുറുശ്ശിയില്‍ വയോധികരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പങ്കജയെ കൊലപ്പെടുത്തി രാജന്‍ ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമാക്കി പൊലീസ്. പങ്കജയെ രാജന്‍ തലയണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാജന്‍ തൂങ്ങി മരിച്ചു. കൊലപ്പെടുത്തിയത് പങ്കജയുടെ സമ്മതത്തോടെയാണെന്നും. അസുഖങ്ങളിലുള്ള മനോവിഷമമാണ് കാരണമെന്നും പൊലീസ് പറയുന്നു.
◾ രാഹുല്‍ മാങ്കുട്ടത്തിനെതിരായ കേസില്‍ നിര്‍ണായക നീക്കവുമായി പോലീസ്. അന്വേഷണ സംഘത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഗര്‍ഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി ഇവര്‍ സംസാരിച്ചുവെന്ന വിവരവുമുണ്ട്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നതെങ്കിലും നേരിട്ടുള്ള പരാതി ലഭിച്ചിരുന്നില്ല. മൂന്നാം കക്ഷിയുടെ മൊഴിയുടെ സഹായത്തോടെയാണ് അന്വേഷണം തുടരുന്നത്.
◾ കോഴിക്കോട് ലഹരിമരുന്ന് ഉപയോഗത്തിനിടെ മരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്തുക്കള്‍ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.അന്ന് നടന്ന സംഭവങ്ങള്‍ വിശദമായി രഞ്ജിത്തില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ പറയുന്ന വരയ്ക്കല്‍ ബീച്ചിലും തെളിവെടുപ്പ് നടന്നു. മറ്റ് രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.
◾ അഞ്ചാമത് ലോക തേക്ക് കോണ്‍ഫറന്‍സിന്റെ ഭാഗമായി കേരളത്തിലെത്തിയ അന്താരാഷ്ട്ര പ്രതിനിധി സംഘം നിലമ്പൂര്‍ സന്ദര്‍ശിക്കുന്നു. 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് തേക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ എത്തിയിട്ടുള്ളത്. മൂന്നു ദിവസങ്ങളിലായി നടന്ന വിശദമായ സെഷനുകള്‍ക്കു ശേഷം സംഘടിപ്പിക്കുന്ന ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായാണ് പ്രതിനിധി സംഘം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ലാന്റേഷനായ കനോലിസ് പ്ലോട്ട് സന്ദര്‍ശിക്കുന്നതിനായി നിലമ്പൂരിലേക്ക് തിരിക്കുന്നത്.
◾ തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ അരവിന്ദന്‍. പേരൂര്‍ക്കട എസ്എച്ച്ഒയ്ക്കും എസ്എപി കമാന്‍ഡന്റിനും കുടുംബം പരാതി നല്‍കി. ഇന്നലെ രാവിലെയാണ് ആനന്ദിനെ ബാരക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് രണ്ട് ദിവസം മുമ്പ് രണ്ട് കൈകളിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സഹപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിരുന്നു.
◾ കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കീഴ്പ്പള്ളി സ്വദേശി മനീഷ് ആണ് മരിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ഇടുന്നതിനിടെയാണ് തൊഴിലാളികളായ കീഴ്പ്പള്ളി സ്വദേശി മനീഷ്, ചെറുപുഴ സ്വദേശി തങ്കച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ മനീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മണ്ണെടുക്കുന്നതിനിടെ ചെങ്കല്‍ ഭിത്തി ഇടിഞ്ഞു വീണതിനെ തുടര്‍ന്നാണ് അപകടം.
◾ ചാമ്പ്യന്‍സ് ബോട്ട് ലീഗ് സീസണ്‍-5ന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക് കൈനകരി പമ്പയാറ്റില്‍ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഥവാ സിബിഎല്‍. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. തോമസ് കെ തോമസ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. തെക്കന്‍ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത്. മലബാര്‍ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കും.
◾ ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ച് കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ഇവിടുത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും കളക്ടര്‍ അറിയിച്ചു.
◾ തമിഴ്നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.ദ്രാവിഡ മുന്നേറ്റ കഴക(ഡിഎംകെ)ത്തിന്റെ സ്ഥാപക ദിനവും പെരിയാറിന്റെയും അണ്ണായുടെയും ജന്മവാര്‍ഷികവും പ്രമാണിച്ച് കരൂരില്‍ നടന്ന 'മുപ്പെരും വിഴ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
◾ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കരളും വൃക്കയും തകരാറിലായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
◾ ധര്‍മ്മസ്ഥലയില്‍ നിന്ന് വീണ്ടും തലയോട്ടി കിട്ടിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനത്തില്‍ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് തലയോട്ടികളാണ്. തലയോട്ടിക്കൊപ്പം അസ്ഥികൂടവും ലഭിച്ചിട്ടുണ്ട്. സമീപത്തുനിന്ന് 7 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡും തിരച്ചിലില്‍ കിട്ടി. ഇതോടെ രണ്ടുദിവസത്തെ തെരച്ചിലില്‍ കിട്ടിയ തലയോട്ടികളുടെ എണ്ണം 7 ആയി.
◾ അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടത്തിയെന്ന അമേരിക്കന്‍ ഷോര്‍ട്ട് സെല്ലര്‍ കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് തള്ളി, അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരായ നടപടികള്‍ അവസാനിപ്പിക്കും.
◾ അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയ ഉത്തരവ് ദില്ലി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവര്‍ത്തകരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്. രവി നായര്‍ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.
◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുല്‍ നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരേ ആയിരുന്നില്ലെന്നും അത് നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് അമിത് ഷാ ബിഹാറിലെ റോഹ്താസില്‍ നടന്ന റാലിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി രാഹുല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്് പിന്നാലെയാണ് രാഹുലിനെതിരേ ആഞ്ഞടിച്ച് അമിത് ഷാ രംഗത്തെത്തിയത്.
◾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച 'വോട്ട് മോഷണ' ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് അനുരാഗ് ഠാക്കൂര്‍. രാഹുല്‍ ഗാന്ധിയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പതിവ് ശൈലിയാണെന്നും, തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളിലെ നിരാശയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് പൊട്ടിക്കുന്നതിന് പകരം പൂത്തിരി കത്തിച്ച് മടങ്ങിയെന്നും ഠാക്കൂര്‍ പരിഹസിച്ചു.
◾ അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ബോയിംഗിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്ത് മരിച്ചവരുടെ കുടുംബം. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങള്‍ ആരോപിക്കുന്നത്. ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തില്‍ യുഎസില്‍ കേസ് ഫയല്‍ ചെയ്യുന്നത്.
◾ ഖജുരാഹോയിലെ ജവാരി ക്ഷേത്രത്തിലെ വിഗ്രഹം പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവേ നടത്തിയ 'ദൈവത്തോട് പോയി പറയു' എന്ന പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി. ഒരു മതത്തെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യയുടെ മതനിരപേക്ഷതയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും എല്ലാ മതങ്ങളോടും എനിക്ക് ആഴമായ ബഹുമാനമുണ്ടെന്നും തന്റെ പ്രസ്താവന ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ അതില്‍ താന്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ കേടുപാടുകള്‍ സംഭവിച്ച വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
◾ ആണവ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള യുദ്ധം താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്ന് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാര ബന്ധം ഉണ്ടാകില്ലെന്ന് താക്കീത് നല്‍കിയാണ് താന്‍ ഇടപെട്ടതെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് അടുത്ത ബന്ധമെന്നുണ്ടെന്നും സുഹൃത്ത് കൂടിയായ മോദിയോട് താന്‍ സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾
ലോകത്തിലെ ആദ്യത്തെ ഹൈ പവര്‍ ലേസര്‍ ഇന്റര്‍സെപ്റ്റര്‍ സിസ്റ്റം വിന്യസിച്ച് ഇസ്രയേല്‍. അയണ്‍ ബീമിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇസ്രയേല്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ സംവിധാനം ഏറ്റവും ഫലപ്രദവും യുദ്ധത്തില്‍ വിജയകരമായി പരീക്ഷിച്ചതാണെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു.
◾ ഇന്ത്യക്ക് മേല്‍ ചുമത്തിയ താരിഫില്‍ 25 ശതമാനം അമേരിക്ക പിന്‍വലിച്ചേക്കുമെന്ന സൂചന നല്‍കി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദനാഗേശ്വരന്‍. റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നതിനുള്ള പിഴ താരിഫായി ചുമത്തിയ 25 ശതമാനം നവംബറോടെ പിന്‍വലിച്ചേക്കുമെന്നാണ് വിവരം. വ്യാപാര കരാറിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് നിര്‍ണായക സൂചനകള്‍ പുറത്ത് വരുന്നത്.
◾ തീരുവയുടെ പേരില്‍ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കാനുള്ള അമേരിക്കന്‍ നീക്കം വിജയക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. ഇന്ത്യയും ചൈനയുമൊന്നും അത്തരം അന്ത്യശാസനങ്ങള്‍ക്ക് വഴങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ചൈനയോടും ഇന്ത്യയോടും അമേരിക്ക ആവശ്യപ്പെടുന്നതിലൂടെ, ഈ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും കൂടുതല്‍ അകലുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
◾ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് മെഡലില്ലാതെ മടക്കം. തന്റെ മികച്ച ദൂരം കണ്ടെത്താനാവാതിരുന്ന നീരജ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 86.27 മീറ്റര്‍ ദൂരം താണ്ടി ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. തന്റെ നാലാം ശ്രമത്തില്‍ തന്നെ 88.16 മീറ്റര്‍ ദൂരം താണ്ടിയ ട്രിന്‍ബാഗോയുടെ കെഷോം വാല്‍ക്കോട്ട് ആണ് സ്വര്‍ണം നേടിയത്.
◾ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് വീഴ്ത്തിയ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യമാരായി സൂപ്പര്‍ ഫോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം കുശാല്‍ മെന്‍ഡിസിന്റെ അപരാജിത അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ മറികടന്നു. 52 പന്തില്‍ 74 റണ്‍സുമായി കുശാല്‍ മെന്‍ഡിസ് പുറത്താകാതെ നിന്നു. ഈ ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്തായി.
◾ 2025 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം സ്വര്‍ണ വായ്പകള്‍ 2.94 ലക്ഷം കോടി രൂപയിലെത്തി. 2024 ജൂലൈയില്‍ 1.32 ലക്ഷം കോടി മാത്രമായിരുന്നു ഇത്. അതായത് 122 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലും സ്വര്‍ണ വായ്പകള്‍ തകര്‍ത്തു മുന്നേറിയിട്ടുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തിലെ ഒരു ലക്ഷം കോടി രൂപയില്‍ നിന്ന് 103 ശതമാനം ഉയര്‍ന്ന് 2.1 ലക്ഷം കോടി രൂപയായി. അതായത് 103 ശതമാനം വര്‍ധന. വ്യക്തിഗത വായ്പകളില്‍ 8 ശതമാനവും ക്രെഡിറ്റ് കാര്‍ഡുകളില്‍ 6 ശതമാനവുമാണ് വാര്‍ഷിക വളര്‍ച്ച എന്നിരിക്കെയാണിത്. സ്വര്‍ണ വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കൂടുതല്‍ ആളുകളെ സ്വര്‍ണ വായ്പകളിലേക്ക് ആകര്‍ഷിച്ചത്. കേരളത്തിലെ കാര്യമെടുത്താല്‍ 2025 ല്‍ ഇതു വരെ 44 ശതമാനം വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. 2024 ഡിസംബര്‍ 31 ന് പവന് 56,880 രൂപയായിരുന്നത് സെപ്റ്റംബര്‍ 16ന് 82,080 രൂപയിലെത്തി. അതേസമയം, സ്വര്‍ണ വായ്പകള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നത് മൈക്രോഫിനാന്‍സ് വായ്പകളില്‍ 16.5 ശതമാനം വരെ ഇടിവുണ്ടാക്കി.
◾ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ ടീസര്‍ എത്തി. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സി കെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഒരു അച്ഛന്‍- മകന്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ ഗ്രാമത്തിലെ അങ്ങാടിയുടെ കവാടത്തിലാണ് അയാള്‍ സ്ഥിരം നില്‍ക്കാറുളളത്. അവിടെ വരുന്ന ആളുകള്‍ അദ്ദേഹത്തിന് പണം നല്‍കാറുണ്ട്. വലിയ നോട്ടും ചെറിയ നോട്ടും ഒരുമിച്ചു നീട്ടിയാലും അയാള്‍ ചെറുതേ എടുക്കൂ. ഇതു സ്ഥിരമായി കണ്ടുനിന്ന ഒരാള്‍ അയാളോട് ചോദിച്ചു: നിങ്ങള്‍ എന്തു വിഢ്ഢിയാണ്. വലിയ നോട്ട് എടുത്താല്‍ നിങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കില്ലേ..അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ ചെറിയ പണം മാത്രം എടുക്കുന്ന ആളാണെന്ന് കരുതിയാണ് ആളുകള്‍ എനിക്ക് പണം നല്‍കുന്നത്. ഞാന്‍ വലിയ പണം എടുക്കാന്‍ തുടങ്ങിയാല്‍ അവര്‍ എനിക്ക് പണം തരുന്നത് നിര്‍ത്തും. അപ്പോള്‍ ഞാനെന്തുചെയ്യും? അയാള്‍ പറഞ്ഞുനിര്‍ത്തി. നമുക്കറിയാത്ത ജീവിതങ്ങളാണ് മറ്റുളളവരുടേത്. ഒരേ കാരണത്തിന്റെ പേരിലല്ല എല്ലാവരും രാവിലെ എഴുന്നേല്‍ക്കുന്നതും പ്രവൃത്തികള്‍ ചെയ്യുന്നതും. പ്രവൃത്തികളും പ്രവര്‍ത്തനശൈലികളും ഓരോരുത്തരുടേയും വ്യത്യസ്തമാണ്. സ്വന്തം ന്യായങ്ങള്‍കൊണ്ട് മറ്റുളളവരുടെ ജീവിതത്തെ വിധിക്കാനിറങ്ങുമ്പോഴാണ് അതു തെറ്റായ വിധി ന്യായങ്ങളാകുന്നത്. അറിവില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും സ്വയം ആര്‍ജ്ജിച്ച കാരണങ്ങളിലൂടെയാണ് എല്ലാവരുടേയും യാത്ര. അത് മറ്റൊരാള്‍ക്കും മനസ്സിലാകണമെന്നില്ല. സ്വന്തം ചുവടുകള്‍ക്ക് അതിന്റേതായ കാരണങ്ങളുണ്ടെങ്കില്‍ അന്യരുടെ വാദങ്ങള്‍ക്ക് മുന്‍പില്‍ അവ ബലികഴിക്കപ്പെടാന്‍ പാടില്ല. സ്വന്തം ജീവിതം അത് സന്തോഷകരമാക്കാന്‍ നമുക്ക് പ്രയത്‌നിക്കാം - ശുഭദിനം.
_______________//////
Post a Comment