o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 


◾ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്. വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. അസഭ്യം വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്നും ഷാഫി പറഞ്ഞു.




2025.ഓഗസ്റ്റ് 28. വ്യാഴം 


◾ ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കന്‍ തീരുമാനം നിലവില്‍ വന്നതോടെ കേരളത്തിന്റെ സമുദ്രോത്പന്ന മേഖല കടുത്ത പ്രതിസന്ധിയില്‍. അമേരിക്കന്‍ ഓര്‍ഡറുകള്‍ ധാരാളമുണ്ടായിരുന്നതിനാല്‍ കോടിക്കണക്കിനു രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കേരളത്തിലെ കമ്പനികള്‍ ശേഖരിച്ചുവെച്ചത്. എന്നാല്‍, ഈ ഓര്‍ഡറുകളെല്ലാം അമേരിക്ക തത്കാലം മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കു മാത്രം പ്രതിവര്‍ഷം ഏതാണ്ട് 21,000 കോടി രൂപയുടെ സമുദ്രോത്പന്നങ്ങളാണ് കയറ്റി അയയ്ക്കുന്നത്. അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന്, കേരളത്തില്‍ നേരത്തേ ശേഖരിച്ചുവെച്ച ചരക്കിന്റെ മൂല്യം ഏതാണ്ട് 50 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്ന കണക്കുകൂട്ടലില്‍ ചൈനയും വിയറ്റ്‌നാമും തായ്‌ലാന്‍ഡും നേരത്തേ നല്‍കിയ ഓര്‍ഡറുകളില്‍നിന്ന് പിന്മാറുന്നതായി ബിസിനസുകാര്‍ പറയുന്നു. വില കുറയാനുള്ള സാധ്യതയുള്ളതിനാല്‍, അതുവരെ കാത്തിരിക്കാനാണ് അവരുടെ നീക്കം.


◾ ഇന്ത്യക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  ചുമത്തിയ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകള്‍ തുടരുന്നു. തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ അഥവാ 4.21 ലക്ഷം കോടി രൂപ ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും കഴിഞ്ഞ 72 മണിക്കൂറുകളായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. അമേരിക്കയില്‍ നിന്നും മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുന്നതും രാജ്യം തേടുന്നുണ്ട്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കാന്‍ ഇടയുള്ള ട്രംപിന്റെ അധിക തീരുവ നിലവില്‍ വന്ന ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ടെക്സ്റ്റൈല്‍സ് അടക്കമുള്ള മേഖലകളെ പ്രഖ്യാപനം ബാധിച്ചു കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.


◾ സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കര്‍ണാടക തീരങ്ങളില്‍ ഇന്നും ലക്ഷദ്വീപ് തീരത്ത് നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


◾ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍ പരം കോടി രൂപയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകള്‍ പുറത്തു വിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.


◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് സ്വമേധയാ പൊലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച പരാതികളില്‍ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.


◾ തന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും യുവ നടി റിനി ആന്‍ ജോര്‍ജ്. രാഹുല്‍ രാജി വെക്കണോ എന്ന് പ്രസ്ഥാനം തീരുമാനിക്കട്ടെയെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.വി ഡി സതീശന്‍ മനസാ വാചാ കര്‍മണ അറിയാത്ത കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ വിഷമം തോന്നിയെന്നും അതുകൊണ്ടാണ് ഫേസ് ബുക്കിലൂടെ പ്രതികരിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.


◾ ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ടൗണ്‍ഹാളിന് സമീപം ഷാഫിയുടെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ കൊടിയേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. എന്നാല്‍ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്.



◾ കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് രമേശ് ചെന്നിത്തല സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


◾ ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാതെ നിന്ന പ്രവര്‍ത്തകര്‍ പൊലീസിന് നേരെ തീപ്പന്തമെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. വടകരയില്‍ യുഡിഎഫ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്.


◾ ഷാഫി പറമ്പില്‍ എം.പിയെ വടകരയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ് സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടേത് സ്വാഭാവിക പ്രതികരണം ആണെന്നും തീരുമാനിച്ച് നടപ്പാക്കിയത് അല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് പറഞ്ഞു. രാഹുലിനെ സംരക്ഷിക്കുന്നതിന്റെ പേരിലുള്ള സ്വാഭാവിക പ്രതികരണമാണ് ഷാഫിക്കെതിരെ വടകരയില്‍ ഉണ്ടായത്. വടകരയില്‍ വന്‍ ഷോ ആണ് ഷാഫി നടത്തിയത് എന്നും കൂട്ടിച്ചേര്‍ത്തു .


◾ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേള്‍ക്കും. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നഗരത്തിലെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്റെ പരാതി.


◾ തൃശ്ശൂരില്‍ ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയ ടി എന്‍ മുകുന്ദനെ പിന്തുണച്ച് സിപിഐ. ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗം വിലയിരുത്തി. നെല്‍വയല്‍ സംരക്ഷണം പാര്‍ട്ടി നയമെന്നും നെല്‍വയല്‍ സംരക്ഷണ നിയമ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് സിപിഐയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തൃശ്ശൂരില്‍ വയല്‍ നികത്തി ലുലു മാള്‍ തുടങ്ങുന്നതിനെതിരെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ടി എന്‍ മുകുന്ദന്‍ നല്‍കിയ ഹര്‍ജി വന്‍ വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.


◾ തൃശ്ശൂര്‍ ലുലുമാള്‍ പദ്ധതിയില്‍ ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിന്റെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. വിഷയത്തില്‍ നാലു മാസത്തിനകം ആര്‍ഡിഒ തീരുമാനമെടുക്കണം. കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.


◾ മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബറിന്റെ ജനറല്‍ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. സാബു ചെറിയാന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.


◾ ഡിജിപി റാങ്കില്‍ നിന്ന് വിരമിച്ച ടോമിന്‍ തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2007ല്‍ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസാണ് ടോമിന്‍ തച്ചങ്കരിക്ക് തിരിച്ചടിയായത്. പ്രതിയായ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ നടപടികള്‍ താമസിപ്പിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെന്ന് വിലയിരുത്തിയ കോടതി പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക രേഖപ്പെടുത്തി.


◾ നെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവര്‍ന്ന സംഘം അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ അഭിരാം, വിഷ്ണു കുന്നത്തുകാല്‍ സ്വദേശി ബിനോയ്, ഉദയംകുളങ്ങര സ്വദേശി സാമുവല്‍ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ യൂസഫ് (60) ജഫീര്‍ അഹമ്മദ്(57) എന്നിവരെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുവന്നത്.


◾ ഏറെ പ്രയാസകരമായിരുന്നു ഭൂപതിവ് ചട്ടങ്ങള്‍ ഉണ്ടാക്കുന്ന ജോലിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സുദീര്‍ഘമായ നിയമപരിശോധനകള്‍ നടത്തിയാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തതെന്നും യാതൊരു വിധത്തിലും മലയോര കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ചട്ടങ്ങള്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേവലം 13 നിയമങ്ങള്‍ ഉള്ള ഭേദഗതിയാണെന്നും 11 ചട്ടങ്ങള്‍ റെഗുലറൈസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


◾ ആലപ്പുഴ തോട്ടപ്പള്ളിയില്‍ തനിച്ച് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തില്‍ പൊലീസ് തെറ്റായി പ്രതി ചേര്‍ത്ത അബൂബക്കര്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്തി പൊലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അബൂബക്കര്‍ പറഞ്ഞു. മകന്റെ ജോലി കളയിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോഴാണ് താന്‍ കുറ്റം സമ്മതിച്ചതെന്നാണ് അബൂബക്കറിന്റെ വാക്കുകള്‍. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.


◾ കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജിറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


◾ ആത്മഹത്യ ചെയ്ത ആര്യനാട് പഞ്ചായത്തംഗം ശ്രീജയുടെ മരണം സിപിഎം സ്പോണ്‍സേര്‍ഡ് കൊലപാതകമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. വാക്കുകള്‍ കൊണ്ട് ആരെയും കൊലപ്പെടുത്തുന്ന സിപിഎം ശൈലിയാണ് ശ്രീജയുടെയും ജീവനെടുത്തത്. നവീന്‍ ബാബുവിന്റെ ദാരുണ മരണത്തിന് ശേഷവും കേരളത്തിലെ സിപിഎം നേതാക്കള്‍ മനുഷ്യജീവന് വിലകല്‍പ്പിക്കാനോ പാഠം പഠിക്കാനോ തയ്യാറാകുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


◾ സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിച്ചു. 60 വയസ്സിന് മുകളിലുള്ളവരുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്മീഷന്‍. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ അഞ്ചംഗ കമ്മീഷനാണ് നിലവില്‍ വന്നത്. മുന്‍ രാജ്യസഭാംഗം അഡ്വ കെ സോമപ്രസാദ് ആണ് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍.


◾ ശബരിമലയിലെ ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികള്‍ സെപ്റ്റംബര്‍ 3ന് അവധിക്കാല ബെഞ്ച് പരിഗണിക്കും.


◾ സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘാടക സമിതിയില്‍ തന്റെ പേരും വച്ചിട്ടുണ്ടെന്നും എന്നാല്‍ അത് അനുവാദമില്ലാതെയാണെന്നും ഞങ്ങള്‍ ആ പരിപാടിയുമായി സഹകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞ സര്‍ക്കാര്‍ വാക്കുപാലിച്ചിട്ടില്ല എന്നും വിഡി സതീശന്‍ പ്രതികരിച്ചു.


◾ രാജ്യത്ത് ജി.എസ്.ടി നിരക്ക് ഘടനയുടെ പരിഷ്‌ക്കരണം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ജി.എസ്.ടി നിരക്ക് ഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.


◾ താമരശ്ശേരി-വയനാട് ചുരം വ്യൂ പോയിന്റില്‍ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. തടസ്സങ്ങള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് പരിശോധനകള്‍ നടത്തിയ ശേഷമാകും ചുരം റോഡ് പൂര്‍ണ്ണമായും ഗാതാഗതത്തിന് തുറന്നുകൊടുക്കുക.. ചൊവ്വാഴ്ച വൈകീട്ടാണ് ചുരത്തില്‍ വ്യൂപോയിന്റിന് സമീപം കൂറ്റന്‍ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചത്.


◾ ഓണാഘോഷങ്ങളില്‍ നിന്ന് ഒരു വിഭാഗം കുട്ടികളെ ഒഴിവാക്കാനുള്ള ശ്രമത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍ കുട്ടി. ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ജാതിയും മതവും നോക്കിയല്ല കുട്ടികളെ പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ ആഘോഷങ്ങളും അവര്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണ്. കുട്ടികളുടെ മനസ്സില്‍ വേര്‍തിരിവുകള്‍ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.


◾ കോട്ടയം നഗരസഭയിലെ കോടികളുടെ പെന്‍ഷന്‍ തട്ടിപ്പില്‍ പ്രതി പിടിയില്‍. പ്രതി അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയിലധികം രൂപ തട്ടിയ കേസിലെ പ്രതി ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്നു. കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത് വ്യാജ രേഖകള്‍ ഉണ്ടാക്കി പെന്‍ഷന്‍ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്.


◾ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ 2025-ലെ ഗോള്‍ഡ് അവാര്‍ഡ് മന്ത്രി  പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാനാണ് ഈ പുരസ്‌കാരം നല്‍കുന്നത്.


◾ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ലൈംഗിക പീഡന കേസുകളില്‍ ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ പാടില്ലെന്നും എന്നാല്‍, കൃഷ്ണകുമാര്‍ ആ നിയമം ലംഘിച്ചുവെന്നും ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് കൃഷ്ണകുമാര്‍ വിശദാംശങ്ങള്‍ പുറത്തു പറഞ്ഞതെന്നും ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.


◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ന്യൂ ബ്ലോക്കിലെ തടവുകാരന്‍ യു ടി ദിനേശില്‍ നിന്നാണ് മൊബൈല്‍ പിടികൂടിയത്. സെല്ലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഉണ്ടായിരുന്നത്. ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ച ഒരാള്‍ പിടിയിലായിരുന്നു.


◾ കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും. സരോവരം പാര്‍ക്കിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച് കൊടുത്തത്.


◾ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ സംഘര്‍ഷത്തില്‍ നിന്ന് പിന്മാറാന്‍ കാരണം. നാല് ദിവസത്തെ ഇന്ത്യാ - പാക് സംഘര്‍ഷത്തില്‍ സംഘര്‍ഷത്തില്‍ ഏഴോ അതിലധികമോ യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഏത് രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.


◾ ഇന്ത്യ - പാക് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നയിച്ച വാദങ്ങള്‍ ഏറ്റെടുത്ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്ക ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് മണിക്കൂറില്‍ പാകിസ്ഥാനെതിരായ ആക്രമണം കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടല്‍ അമേരിക്ക വ്യാപാര രംഗത്ത് നിസഹകരണമെന്ന ഭീഷണിയിലൂടെ അവസാനിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


◾ ഉറ്റ ബന്ധുവുമായി തര്‍ക്കത്തിനു പിന്നാലെ യുവതിയുടെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച 25കാരന്‍ അറസ്റ്റില്‍. ഖുശിനഗര്‍ എക്സ്പ്രസിലെ ശുചിമുറിയില്‍ നിന്നാണ് 3 വയസ് പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികള്‍ കണ്ടെത്തിയത്.മുംബൈ ലോകമാന്യതിലക് ടെര്‍മിനലില്‍ ട്രെയിന്‍ എത്തിയപ്പോഴായിരുന്നു ഇത്. സംഭവത്തില്‍ ബാന്ദ്രയില്‍ നിന്നാണ് സൂറത്ത് സ്വദേശി അറസ്റ്റിലായത്.


◾ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്ത ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാധെയെയും പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊളിജീയത്തിലെ തര്‍ക്കത്തിനിടെയാണ് നിയമനം നടത്താന്‍ രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.


◾ വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിരൂക്ഷമായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. രവി, ചെനാബ്, സത്‌ലജ് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നും അണക്കെട്ടുകള്‍ തുറന്ന് നദികളിലേക്ക് അധിക ജലം ഒഴുക്കി വിടേണ്ട സാഹചര്യമാണെന്നും അറിയിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴിയാണ് പാകിസ്ഥാനോട് വലിയ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കുന്നതിനായി മുന്നറിയിപ്പ് നല്‍കിയത്.


◾ അമേരിക്കയില്‍ പലസ്തീന്‍ വംശജനെ വിമാനത്തില്‍ വച്ച് ജീവനക്കാരി മര്‍ദ്ദിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ യാത്രക്കാരനായ മുഹമ്മദ് ഷിബ്ലിയാണ് ഹര്‍ജി നല്‍കിയത്. 20 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 175 കോടി രൂപ) ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ 29 ന് അറ്റ്ലാന്റയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയിലേക്കുള്ള വിമാനത്തില്‍ വച്ച് യാത്രക്കിടെ ജീവനക്കാരി മര്‍ദിച്ചുവെന്നാണ് കേസ്.


◾ അമേരിക്കയിലെ മിനിയാപൊളിസിലെ അനന്‍സിയേഷന്‍ കാത്തലിക് സ്‌കൂളില്‍ ഇന്നലെ രാവിലെ നടന്ന വെടിവെപ്പില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്. ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി അറിയിച്ചു.


◾ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വ്യക്തിഗത ആദായ നികുതി പിരിവ് കോര്‍പ്പറേറ്റ് നികുതികളെ മറികടന്നു. പ്രത്യക്ഷ നികുതികളില്‍ വ്യക്തിഗത ആദായ നികുതിയുടെ വിഹിതം 2014 സാമ്പത്തിക വര്‍ഷത്തിലെ 38.1 ശതമാനത്തില്‍ നിന്ന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 53.4 ശതമാനമായി കുത്തനെ ഉയര്‍ന്നു. അതേസമയം കോര്‍പ്പറേറ്റ് നികുതികള്‍ ഇതേ കാലയളവില്‍ 61.9 ശതമാനത്തില്‍ നിന്ന് 46.6 ശതമാനമായി കുറഞ്ഞു. 2014 സാമ്പത്തിക വര്‍ഷത്തില്‍ 2.5 ലക്ഷം കോടി രൂപയായിരുന്ന ടിഡിഎസ് നികുതി ശേഖരണം 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയിലധികമായി 6.5 ലക്ഷം കോടി രൂപയിലെത്തി. സമയപരിധിക്ക് മുമ്പുളള നികുതി പേയ്‌മെന്റുകള്‍ 2.9 ലക്ഷം കോടി രൂപയില്‍ നിന്ന് 12.8 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. ടിഡിഎസും സമയപരിധിക്ക് മുമ്പുളള നികുതി പേയ്‌മെന്റും ഇപ്പോള്‍ മൊത്തം പ്രത്യക്ഷ നികുതിയുടെ പകുതിയിലധികമാണ്. സജീവ ജിഎസ്ടി നികുതിദായകരുടെ എണ്ണം 2019-ലെ 1.24 കോടിയില്‍ നിന്ന് 2024-ല്‍ 1.47 കോടിയായി ഉയര്‍ന്നു.


◾ പുതിയ കൈഗര്‍ പുറത്തിറക്കി റെനോ ഇന്ത്യ. മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് റേഷ്യോ, ക്ലാസ്-ലീഡിംഗ് ഫ്യുവല്‍ എഫിഷ്യന്‍സി എന്നിവയോടു കൂടിയ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് കൈഗര്‍ ടര്‍ബോ വേരിയന്റുകള്‍ക്ക് കരുത്ത് പകരുന്നത്. ലിറ്ററിന് 20.38 മൈലേജാണ് വാഗ്ദാനം. പരിഷ്‌കരിച്ച നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനിലും ലഭ്യമാണ്. ഇത് 72 പി.എസ് പരമാവധി കരുത്തും 96 എന്‍.എം വരെ ടോര്‍ക്കും നല്‍കും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും പുതിയ മോഡല്‍ നല്‍കുന്നു. 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകള്‍ ആണ് മറ്റൊരു സവിശേഷത. ഓയിസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നീ പുതിയ രണ്ട് നിറങ്ങള്‍ ഉള്‍പ്പെടെ ഏഴ് ആകര്‍ഷകമായ നിറങ്ങളില്‍ പുതിയ കൈഗര്‍ ലഭ്യമാണ്. റേഡിയന്റ് റെഡ്, കാസ്പിയന്‍ ബ്ലൂ, ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് എന്നിവയാണ് നിലവിലുള്ള നിറങ്ങള്‍. പൂര്‍ണ്ണമായി ലോഡ് ചെയ്ത ടര്‍ബോ കൈഗര്‍ വേരിയന്റുകളായ ടെക്‌നോ, ഇമോഷന്‍ എന്നിവയ്ക്ക് 9.99 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് ഇന്ത്യ ഒട്ടാകെയുള്ള എക്‌സ്-ഷോറൂം വില. കൂടുതല്‍ താങ്ങാനാവുന്ന കൈഗര്‍ എനര്‍ജി വേരിയന്റുകള്‍ 6.29 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം വരെയുള്ള എക്‌സ്-ഷോറൂം വിലകളില്‍ ലഭ്യമാണ്.


◾ ലോകത്തില്‍ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി ആന്റി-ബാക്ടീരിയല്‍ പ്രതിരോധം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2019-ല്‍ മാത്രം ഏതാണ്ട് 495 ദശലക്ഷം ജീവനാണ് ബാക്ടീരിയല്‍ എഎംആറുമായി ബന്ധപ്പെട്ട് ഉണ്ടായ രോഗങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ടത്. ബാക്ടീരിയ, ഫംഗസ്, വൈറസ്, പാരസൈറ്റ് പോലുള്ള രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകളെ ഫലപ്രദമായി ചെറുക്കുമ്പോഴാണ് ആന്റിബാക്ടീരിയല്‍ പ്രതിരോധം ശക്തമാകുന്നത്. ഇത് അവയെ നശിപ്പിക്കുന്നതും അവ മൂലമുണ്ടാകുന്ന രോഗാവസ്ഥകള്‍ കുറയ്ക്കുന്നതും പ്രയാസമുള്ളതാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴിതാ ഐബുപ്രൊഫെന്‍, പാരസെറ്റാമോള്‍ പോലുള്ള സാധാരണ മരുന്നുകള്‍ രോഗാണുക്കള്‍ക്ക് ആന്റിബാക്ടീരിയല്‍ പ്രതിരോധം പ്രാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സൗത്ത് ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ക്ലിനിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക് ഇതര മരുന്നുകളും സാധാരണ ചര്‍മ്മ, കുടല്‍, മൂത്രനാളി അണുബാധകള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ആയ സിപ്രോഫ്ലോക്സാസിന്റെയും കുടലിലും മൂത്രനാളിയിലും അണുബാധ ഉണ്ടാക്കുന്ന സാധാരണ ബാക്ടീരിയയായ എസ്ഷെറിച്ചിയ കോളി (ഇ. കോളി) എന്നിവയുടെ പ്രതിപ്രവര്‍ത്തനം ഗവേഷകര്‍ വിലയിരുത്തി. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് പുറമെ ആന്റിമൈക്രോബയല്‍ അല്ലാത്ത മരുന്നുകളും എഎംആറിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിനര്‍ഥം, ഈ മരുന്നുകള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് അവ ആന്റിബയോട്ടിക്കുകളുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരിക്കുന്നുവെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post