o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾  സിപിഎമ്മില്‍ പരാതി ചോര്‍ച്ചാ വിവാദം. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതിയാണ് ചോര്‍ന്നത്. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച്  വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കി. രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാര്‍ട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.



◾  യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച അവകാശ വാദത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്ന് കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഒരു അംഗവുമായും നടത്തിയിട്ടില്ലെന്നും തങ്ങളുടെ അവകാശം നിയമത്താലും ഇസ്ലാമിക വിധികളാളും പരിരക്ഷിക്കപ്പെട്ടതാണെന്നും കളവ് പ്രചരിപ്പിക്കുന്നത് കാന്തപുരം നിര്‍ത്തണമെന്നും തലാലിന്റെ സഹോദരന്‍ ആവശ്യപ്പെട്ടു.


2025 | ഓഗസ്റ്റ് 18 | തിങ്കൾ 

1201 | ചിങ്ങം 2 |  മകീര്യം 

🌹🦚🦜➖➖➖

➖➖➖➖➖➖➖➖

◾ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക്  തുടക്കമായി. ബിഹാറിലെ സസാറമില്‍ നിന്നും തുടങ്ങിയ യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും.  ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്രയില്‍ ചേര്‍ത്തുവെന്നും ഉന്നയിച്ച സംശയങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കുന്നില്ലെന്നും കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങങ്ങളോ മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന്‍ നല്‍കുന്നില്ലെന്നും വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കം കുറിച്ചു കൊണ്ട് രാഹുല്‍ പറഞ്ഞു.


◾ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷന്‍ വഴിയാണ് നിലനില്ക്കുന്നതെന്നും കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കുമെന്നും കമ്മീഷന് പക്ഷമില്ല എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്നും വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. ഇത്ര നാളുകള്‍ക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്നും കമ്മീഷന്‍ ചോദിച്ചു.


◾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിന് പ്രതികരണവുമായി രാഹുല്‍ ഗാന്ധി. താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടിയില്ലെന്നും വോട്ട് മോഷണം ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവന്റെ കൈയില്‍ വോട്ട് മാത്രമായിരുന്നു മിച്ചം ഉണ്ടായിരുന്നതെന്നും അതും ഇപ്പോള്‍ തട്ടിയെടുത്തിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി കമ്മീഷന്‍ പേരുകള്‍ നീക്കം ചെയ്തതെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാമെന്ന നിയമ നിര്‍മ്മാണം ആര്‍ക്കുവേണ്ടിയാണ് നടത്തിയതെന്നും ഒരു കേസ് പോലും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കാന്‍ കഴിയാത്ത വിധം കാര്യങ്ങള്‍ അട്ടിമറിച്ചുവെന്നും എന്തൊക്കെ സംഭവിച്ചാലും ഒരടി പോലും പിന്നോട്ട് പോകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


◾  വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനമെന്നും വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് കമ്മിഷന്‍ നടത്തുന്നതെന്നും കെ.സി. വേണുഗോപാല്‍ എംപി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം രാജ്യം കണ്ടതെന്നും ബിജെപി കാര്യാലയത്തില്‍നിന്ന് എഴുതിത്തയ്യാറാക്കി നല്‍കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മിഷന്റെ വാര്‍ത്താസമ്മളനത്തില്‍ പ്രതിഫലിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.


◾  വോട്ടര്‍ പട്ടിക ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടതെന്ന് മന്ത്രി പി രാജീവ്. ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ലെന്നും കമ്മീഷന്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയിരിക്കണമെന്നും പി രാജീവ് പറഞ്ഞു.


◾  വോട്ടര്‍ പട്ടിക ആരോപണങ്ങില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചില വാനരന്മാര്‍ ഇവിടെ നിന്ന് ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടായിരുന്നല്ലോ എന്നും സുരേഷ് ഗോപി പരിഹസിച്ചു.


◾  വാനരര്‍ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി മുന്‍ എംപി ടിഎന്‍ പ്രതാപന്‍. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ സത്യം വിളിച്ച് പറയുന്നവരെ അപമാനിക്കുകയാണ് സുരേഷ് ഗോപിയെന്നും ഇലക്ഷന്‍ കമ്മീഷനെ കൂട്ട് പിടിച്ച് താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് രക്ഷപെടാമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.


◾  സുരേഷ് ഗോപിയുടെ മറുപടി കണ്ണാടിയില്‍ നോക്കിയുള്ളതാണെന്നും അതേ പദത്തില്‍ മറുപടി പറയാന്‍ തങ്ങളുടെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി അനധികൃതമായി ചേര്‍ത്ത വോട്ടുകളെക്കുറിച്ചാണ് കോണ്‍ഗ്രസ് പറഞ്ഞതെന്നും  ഈ പ്രയോഗത്തിലൂടെ തൃശൂരിലെ വോട്ടര്‍മാരെയും ജനങ്ങളെയും അവഹേളിച്ചുവെന്നും തെറ്റ് പറ്റിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി നല്‍കിയ മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


◾  കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

◾  പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചല്ല താന്‍ പരാതി നല്‍കിയതെന്ന് സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട പരാതിക്കാരന്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ്. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദന്റെ മകനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. എംബി രാജേഷ്, കെഎന്‍ ബാലഗോപാല്‍, എംവി ഗോവിന്ദന്‍ തുടങ്ങി സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


◾  സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും സിപിഎമ്മിന്റെ ആരും കാണാത്ത മുഖമാണ് പുറത്തുവന്നതെന്നും ചെന്നൈ വ്യവസായി കൊടുത്ത കത്ത് കോടതിയിലെത്തിയതോടെ ഔദ്യോഗിക രേഖയായി മാറിയെന്നും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കത്തിലുള്ളതെന്നും ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി എന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലെ സിപിഎം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.


◾  അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അജിത് കുമാറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ എന്താണെന്ന് കണ്ടെത്തണമെന്നും ധാര്‍മിക ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയെങ്കില്‍ രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.


◾  കെടിയു, ഡിജിറ്റില്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദ?ഗ്ധരുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറി ഗവര്‍ണര്‍. നാലുപേരുടെ പട്ടികയാണ് സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയത്. സര്‍ക്കാരും ഗവര്‍ണറും പട്ടിക പരസ്പരം കൈമാറാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഇതുവരെ പട്ടിക ഗവര്‍ണറുടെ അഭിഭാഷകന് കൈമാറിയിട്ടില്ല. കേസ് ഇന്നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.


◾  ചിങ്ങപ്പുലരിയില്‍ സംസ്ഥാനമെങ്ങും വിവിധ കര്‍ഷക സംഘടനകളുടെ പ്രതിഷേധം നടന്നു. വയനാട്ടിലെ നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്ന് യാചകദിനമാക്കിയപ്പോള്‍, പാലക്കാട് കെട്ടുതാലി പണയംവെച്ചുകൊണ്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം. കര്‍ഷകരോടുള്ള അവഗണനയ്ക്കെതിരെ കുട്ടനാട്ടില്‍ കത്തോലിക്ക കോണ്‍ഗ്രസും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.


◾  കൊച്ചി നിന്ന് ദില്ലിയിലേക്ക് ഇന്നലെ രാത്രി പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ 504 വിമാനത്തിന് എഞ്ചിന്‍ തകരാര്‍. വിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍ വച്ച് പെട്ടെന്ന് നിര്‍ത്തി. റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് വ്യക്തമാക്കി യാത്രക്കാരന്‍ കൂടിയായ എറണാകുളം എം പി ഹൈബി ഈഡന്‍ പറഞ്ഞു.



◾  യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഇടപെടലുകളെ സംബന്ധിച്ചും പുരോഗതിയെക്കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. സര്‍ക്കാരിനെയോ മറ്റാരെയെങ്കിലുമോ മറികടക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രിസാല അപ്ഡേറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


◾  പൊലീസ് , ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ തനിക്ക് സുഹൃത്തുക്കളായി ഉണ്ടെന്നും തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലീസിനെ മാത്രം തിരഞ്ഞാല്‍ മതിയോയെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. പ്രതിഷേധ മാര്‍ച്ചിനിടെ ജലപീരങ്കി തുടര്‍ച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരന്‍ വിളിച്ച് അറിയിച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ പ്രസംഗിച്ചിരുന്നു.


◾  2019ല്‍ ആറ്റിങ്ങലില്‍ നടന്ന വോട്ടര്‍ പട്ടിക ക്രമക്കേടിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിച്ചുവെന്നും ജനാധിപത്യത്തെ എങ്ങനെ തകര്‍ക്കാമെന്നതില്‍ ഗവേഷണം നടത്തുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമെന്നും അദ്ദേഹം പറഞ്ഞു.


◾  കേരളത്തിലെ കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്രപദ്ധതിയായ പിഎം കുസും പദ്ധതിയില്‍ പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ട് നടത്തിയ 100 കോടിയോളം രൂപയുടെ ക്രമക്കേടുകളെപ്പറ്റി വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.


◾  ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളര്‍ച്ച കാര്‍ഷികമേഖലയില്‍ കേരളം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയതലത്തില്‍ കാര്‍ഷികമേഖല 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍, കേരളം 4.65 ശതമാനം വളര്‍ച്ച നേടിയതായി അദ്ദേഹം പറഞ്ഞു. കര്‍ഷക ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


◾  കേരളത്തിലെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശൂര്‍ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


◾  പിപി ദിവ്യയുടെ ബിനാമി സ്വത്ത് സംബന്ധിച്ച് തെളിവ് സഹിതം വിജിലന്‍സിനു പരാതി നല്‍കിയിട്ട് ആറുമാസമായെന്നും പരാതിക്കാരന്റെ മൊഴി പോലും ഇതുവരെ എടുത്തില്ല എന്നും കെ എസ് യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ്. ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്താകും എന്നത് കൊണ്ടാണ് അന്വേഷണം നീട്ടുന്നതെന്നും ഈ ബിനാമി ഇടപാടില്‍ ദിവ്യ എന്ന ചെറിയ മീന്‍ മാത്രമല്ല ഉള്ളതെന്നും നീതി തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട് എന്നും മുഹമ്മദ് ഷമ്മാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


◾  കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഓമശേരി സ്വദേശി ആയ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശേരി സ്വദേശി ആയ യുവാവിനും ആണ് രോഗം. മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുട്ടിയുടെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ ആണെന്ന് സ്ഥിരീകരിച്ചു.


◾  താമരശ്ശേരിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അമീബിക് മസ്തിഷ്‌ക ജ്വരം വന്നു മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ ബോധവത്കരണം നടത്താനുള്ള തീരുമാനത്തില്‍ ആരോഗ്യവകുപ്പ്. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസ് നടത്തും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ് ക്ലാസ് നടത്തുക.


◾  അറബിക് കോളേജ് യുയുസി മാരെ വെച്ചാണ് എംഎസ്എഫ് കാലിക്കറ്റ് സര്‍വകലാശാല പിടിച്ചതെന്ന എസ്എഫ്ഐ പരിഹാസത്തോട് പ്രതികരിച്ച് എംഎസ്എഫ്.  ഈ പ്രതികരണത്തിലൂടെ പുറത്തു വരുന്നത് എസ് എഫ് ഐ നേതാക്കളുടെ ഉള്ളിലെ വര്‍ഗീയ, വംശീയ വെറിയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട്  പികെ നവാസ് പറഞ്ഞു. എസ്എഫ്ഐ കുത്തകകളാക്കി വെച്ചിരുന്ന മലബാറിലെ സര്‍ക്കാര്‍ കോളേജുകളില്‍ നിന്നാണ് എംഎസ്എഫ് ജയിച്ചു വരുന്നതെന്നും പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആണ് എസ്എഫ്ഐ നേതാക്കാള്‍ ഇപ്പോള്‍ വര്‍ഗീയ കാര്‍ഡ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


◾  കോഴിക്കോട് തോരായിക്കടവ് പാലം നിര്‍മാണത്തിനിടെ തകര്‍ന്നതിന് കാരണം കോണ്‍ക്രീറ്റ് പമ്പ് ശക്തമായി പ്രവര്‍ത്തിപ്പിച്ചതാണെന്ന് കരാര്‍ കമ്പനി. കോണ്‍ക്രീറ്റ് പമ്പില്‍ തടസം നേരിട്ടപ്പോള്‍ പ്രഷര്‍ കൂട്ടി പ്രവര്‍ത്തിപ്പിച്ചു ഈ സമ്മര്‍ദം താങ്ങാനാകാതെയാണ് ഗര്‍ഡര്‍ തകര്‍ന്നതെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് പിഎംആര്‍ കമ്പനി വിശദീകരണം നല്‍കി.


◾  താരസംഘടനയായ 'അമ്മ'യിലെ മാറ്റം നല്ലതിനെന്ന് നടന്‍ ആസിഫ് അലി. വനിതകള്‍ തലപ്പത്തേക്ക് വരണമെന്നത് തനിക്ക് നേരത്തെ തന്നെയുള്ള അഭിപ്രായമാണെന്നും പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 'അമ്മ' എന്നത് ഒരു കുടുംബമാണെന്നും ആ കുടുംബത്തില്‍ നിന്ന് ആര്‍ക്കും വിട്ടുനില്‍ക്കാനാവില്ലെന്നും ആസിഫ് അലി പറഞ്ഞു.


◾  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് കൊമ്പുകോര്‍ത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് സംഭവം.


◾  തകര്‍ന്നടിഞ്ഞ അത്താണി - പൂമല റോഡിലെ ദുരിത യാത്രയില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കോലം തകര്‍ന്ന റോഡിലെ കുഴിയില്‍ മൂടിയായിരുന്നു ജനകീയ പ്രതിഷേധം. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ പൂമല ഡാമിലേക്കുള്ള പാതയിലാണ് വഴി തടഞ്ഞ് വേറിട്ട സമരവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.


◾  ഷുഹൈബ് വധക്കേസ് പ്രതി കെ സഞ്ജയ് കണ്ണൂര്‍ മട്ടന്നൂരില്‍ എംഡിഎംഎയുമായി പിടിയില്‍. അഞ്ച് പേര്‍ക്കൊപ്പം 27 ഗ്രാം എംഡിഎംഎയും പിടികൂടിയിട്ടുണ്ട്. ചാലോട് ഉള്ള ഒരു ലോഡ്ജില്‍ നിന്നാണ് ആറംഗ സംഘത്തെ ഇന്നലെ രാത്രി പിടികൂടിയത്. 27.82 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. ഇന്നലെ തന്നെ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.


◾  അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേര്‍ന്ന് സ്വീകരിച്ചു. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ജൂണ്‍ 26-നാണ് ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ എത്തിയത്. ജൂലൈ 15 ന് തിരികെ എത്തി.


◾  മധ്യപ്രദേശിലെ 71 ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജൈന്‍, ബുര്‍ഹാന്‍പുര്‍ തുടങ്ങി വിവിധ ജില്ലകളില്‍ പാര്‍ട്ടിക്കുള്ളില്‍  പൊട്ടിത്തെറി. നിരവധി പേര്‍ രാജിവെക്കുകയും നേതാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. ബുര്‍ഹാന്‍പുരില്‍ നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നതായും വിവരമുണ്ട്. മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിന്റെ മകനും മുന്‍ മന്ത്രിയുമായ ജയ്വര്‍ധന്‍ സിങിനെ തരംതാഴ്ത്തിയെന്ന് ആരോപിച്ചാണ് പ്രധാന പ്രതിഷേധം നടന്നത്.


◾  മഹാരാഷ്ട്ര ഗവര്‍ണറായ സിപി രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടില്‍ നിന്നുള്ള ബിജെപി നേതാവായ ഇദ്ദേഹം നേരത്തെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുന്‍ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.


◾  ആന്ധ്ര പ്രദേശില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ 'സ്ത്രീ ശക്തി' വന്‍ വിജയം. ഈ പദ്ധതി പ്രകാരം 30 മണിക്കൂറിനുള്ളില്‍ 12 ലക്ഷത്തിലധികം വനിതാ യാത്രക്കാര്‍ സൗജന്യ യാത്ര നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ സൂപ്പര്‍ സിക്സ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


◾  ജമ്മു കശ്മീരിലെ രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തില്‍ മേഘവിസ്ഫോടനം. കത്വയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഏഴ് പേര്‍ മരിച്ചു, 6 പേര്‍ക്ക് പരിക്കേറ്റു. മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് വിവരം. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു.


◾https://dailynewslive.in/  യമുന നദിയില്‍ പ്രളയ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളില്‍ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ദില്ലി സര്‍ക്കാരിന്റെ അറിയിപ്പ്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകട നിലയായ 206 മീറ്ററിനു മുകളില്‍ ജല നിരപ്പ് എത്തുമെന്നാണ് ഇറിഗേഷന്‍ ആന്‍ഡ് ഫ്ലഡ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിന്റെ മുന്നറിയിപ്പ്.


◾  പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുന്ന യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരായ കുറ്റപത്രം കോടതി ഇന്ന് പരിഗണിക്കും. പാക്കിസ്ഥാന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ കൂടാതെ മൂന്ന് ഐ എസ് ഐ ഏജന്റ്മാരുമായി ജ്യോതിക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തല്‍. പാക്കിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥനുമായി മൂന്ന് രാജ്യങ്ങള്‍ ജ്യോതി സന്ദര്‍ശിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.


◾  പാകിസ്ഥാന്റെ ഭൂമിക്കടിയില്‍ 'അപൂര്‍വ്വ നിധി'യുണ്ടെന്നും അത് ഉപയോഗിച്ച് പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ കരകയറ്റുമെന്നും പാക് സേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പാകിസ്ഥാന്റെ ധാതുശേഖരം ഉപയോഗപ്പെടുത്തുമെന്നാണ് അസിം മുനീറിന്റെ അവകാശവാദം. ഇസ്ലാമാബാദിന്റെ ഖജനാവ് നിറയ്ക്കാന്‍ യുഎസുമായി ചേര്‍ന്നുള്ള ഖനന പദ്ധതിയിലൂടെ കഴിയുമെന്നാണ് അസിം മുനീര്‍ പറയുന്നത്.


◾  താന്‍ അമേരിക്കന്‍ പ്രസിഡന്റായി തുടരുന്നിടത്തോളം കാലം തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പ് നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തായ്വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉറപ്പ് നല്‍കിയതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.


◾  അമേരിക്കയിലെ ബ്രൂക്ക്ലിനിലെ ക്രൗണ്‍ ഹൈറ്റ്സ് പ്രദേശത്തുള്ള 'ടേസ്റ്റ് ഓഫ് ദി സിറ്റി ലോഞ്ച്' എന്ന ക്ലബിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 3:30-ന് ശേഷമാണ് സംഭവം. ഒരു തര്‍ക്കത്തെ തുടര്‍ന്നാണ് ഒന്നിലധികം തോക്കുകള്‍ ഉപയോഗിച്ച് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.


◾  റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി അലാസ്‌കയില്‍ വെച്ച് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ഡോണള്‍ഡ് ട്രംപുമായുള്ള യുക്രെയ്ന്‍ പ്രസിഡണ്ട് വ്ലാഡ്മിര്‍ സെലന്‍സ്‌കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. എന്നാല്‍ യു കെ പ്രധാനമന്ത്രി കെയ്ര് സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഉള്‍പ്പെടെ അഞ്ച് രാജ്യനേതാക്കള്‍ക്കൊപ്പമാകും സെലന്‍സ്‌കി വൈറ്റ് ഹൗസിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾  ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 60,675 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 739 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 268 പോയിന്റ് നേട്ടത്തോടെ 1.10 ശതമാനം ഉയര്‍ന്നു. എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 20,445 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7,63,095 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 14,083 കോടി, ഇന്‍ഫോസിസ് 9,887 കോടി, ഭാരതി എയര്‍ടെല്‍ 8,410 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7,848 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 15,306 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 5,61,881 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം താഴ്ന്നത്. ബജാജ് ഫിനാന്‍സ് 9,601 കോടി, ഐസിഐസിഐ ബാങ്ക് 6,513 കോടി, ടിസിഎസ് 4,558 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ ഒന്നാമത്.


◾  മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ചിത്രം 'മാരീസന്‍'  ഒടിടി റിലീസിന്. ഓഗസ്റ്റ് 22ന് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. മലയാളിയായ സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രേക്ഷക പ്രശംസ ചിത്രം നേടിയെങ്കിലും ബോക്സോഫീസില്‍ കളക്ഷന്‍ നേടാന്‍ മാരീസനായില്ല. വേലായുധം പിള്ളൈ എന്ന കഥാപാത്രമായി ചിത്രത്തില്‍ വടിവേലു എത്തിയപ്പോള്‍ ദയ എന്ന കള്ളന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തിയത്. ജൂലൈ 25നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂര്‍ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂര്‍ത്തി തന്നെയാണ്.  കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.


◾  സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മര്‍ ഇന്‍ ബത്‌ലഹേം' സിനിമ ഇറങ്ങി 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി തുടങ്ങിയ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് അണിനിരന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലും എത്തിയിരുന്നു. നിരഞ്ജന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇന്നും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 'ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്??? കൂടുതല്‍ സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുക' എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിന്റെ രചന രഞ്ജിത്താണ്. സിയാദ് കോക്കറാണ് നിര്‍മ്മാണം. അവസാന ഭാഗത്ത് ജയറാമിന് പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യമാണ് ചിത്രം ബാക്കിയാക്കിയത്. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

യുദ്ധത്തിനിടയില്‍ അയാള്‍ എതിരാളിയെ വീഴ്ത്തി.  വാളുയര്‍ത്തി ഒറ്റവെട്ടിന് കഥകഴിയും എന്ന് ഉറപ്പാണ്.  എന്നിട്ടും എതിരാളി അയാളുടെ മുഖത്തേക്ക് തുപ്പി.   ഉടനെ താന്‍ വധിക്കപ്പെടുമെന്നു കരുതി കണ്ണുകളടച്ചു. കുറച്ച് നേരം കഴിഞ്ഞും ഒന്നും സംഭവിക്കാത്തത് കണ്ട് എതിരാളി കണ്ണ് തുറന്നു.  അപ്പോള്‍ അയാള്‍ നടന്നുപോകുന്നത് എതിരാളി കണ്ടു.  പിറകെ ചെന്ന് എതിരാളി അയാളോട് ചോദിച്ചു:  താങ്കള്‍ എന്താണ് എന്നെ വധിക്കാതിരുന്നത്. അയാള്‍ പറഞ്ഞു:  ഞാന്‍ വാളുയര്‍ത്തിയപ്പോഴാണ് താങ്കള്‍ എന്നെ തുപ്പിയത്.  നിസ്സഹായനായ ഒരാളുടെ അവസാനത്തെതും അതിശക്തവുമായ പ്രതിഷേധമായി എനിക്കത് തോന്നി. എനിക്കതിനു താങ്കളോട് ബഹുമാനമാണ് തോന്നിയത്.  അയാള്‍ നടന്നകന്നു.  മികവുറ്റ ഒരാള്‍ ശത്രവായോ മിത്രമായോ ഒപ്പമുണ്ടാകുന്നതിന് ചില ഗുണങ്ങളുണ്ട്. അവര്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കും. ഒരുപടി മുകളിലായിരിക്കണമെന്ന ചിന്ത ഉദ്ദീപിപ്പിക്കും.  ഉയര്‍ന്ന ചിന്തയും ശൈലിയും സമ്മാനിക്കും. ഒരാള്‍  എതിരാളിയായാലും ഒപ്പമുളള ആളായാലും അംഗീകരിച്ചും ആദരം പ്രകടിപ്പിച്ചും നിലനില്‍ക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം.  അതാണ് ബഹുമാനത്തിന്റെ അടയാളവും - ശുഭദിനം.

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post