◾ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവില്‍ കോഡ് കമ്മിറ്റിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കരട് രേഖ ചര്‍ച്ചയായെന്നും ഇനി സംസ്ഥാന സര്‍ക്കാര്‍ കരട് രേഖയിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കില്‍ മന്ത്രിസഭ ഇത് നിര്‍ദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
*2025 ആഗസ്റ്റ് 06*
*1447 സ്വഫർ 11*
*1200 കർക്കടകം 21*
*ബുധൻ | മൂലം*
⬛ചോദ്യങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി സര്‍ക്കാര്‍ മുദ്രകുത്തുന്നുവെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനം രാജ്യമാകെ ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്നും ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറിയില്ലെങ്കില്‍ എന്തുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നും ചോദ്യമുണ്ട്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലേയെന്നും പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ ഉത്തരം എവിടെയെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം 2000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ചൈന കൈയടക്കിയെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് ചൈന ഭൂമി കയ്യേറിയെന്ന് നിങ്ങള്‍ എങ്ങനെ അറിഞ്ഞുവെന്നും നിങ്ങള്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നുവെന്നും കോടതി വിമര്‍ശിച്ചിരുന്നു.
◾ സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് കടലാക്രമണത്തിനും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
◾ പാലം നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലം തകരാന്‍ കാരണമെന്നും ചെങ്ങന്നൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന പാലം തകര്‍ന്നു വീണതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പും മന്ത്രി പി.എ. മുഹമ്മദ് റിയാസും ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹൈവെയുടെയും പൊതുമരാമത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക അഴിമതി നടക്കുകയാണെന്നും പാലം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചതിന് ഉത്തരം പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ കൊച്ചി രാജ്യാന്തര വിമാനത്താവളം വിവരാവകാശ പരിധിയില്‍ വരുമെന്ന് കേരള ഹൈക്കോടതി. പൊതുസ്ഥാപനമല്ലെന്ന സിയാല്‍ വാദമാണ് ഹൈക്കോടതി തള്ളിയത്. പൊതുസ്ഥാപനം അല്ലെന്ന റിട്ട് ഹര്‍ജി നല്‍കിയതിന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ക്ടറെ കോടതി വിമര്‍ശിച്ചു.
◾ സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ നടന്‍ കുഞ്ചാക്കോ ബോബന് ക്ഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്‌കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് നല്ല ഭക്ഷണം നല്‍കേണ്ടത് എന്ന് കുഞ്ചാക്കോ ബോബന്‍ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് വി ശിവന്‍ കുട്ടി സ്‌കൂളിലേക്ക് നടനെ ക്ഷണിച്ചത്.
◾ഒരാളുടെ കാല് വെട്ടിയ കേസില്‍ 30 വര്‍ഷത്തിനു ശേഷം സുപ്രീം കോടതി അപ്പീല്‍ തള്ളി പ്രതികള്‍ ജയിലിലേക്ക് പോകുമ്പോള്‍ കെ.കെ.ശൈലജയുടെ സാന്നിധ്യത്തില്‍ സിപിഎം യാത്രയയപ്പ് നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അധ്യാപിക കൂടിയായ കെ.കെ. ശൈലജ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്താണ് സങ്കടം വരുന്നതെന്നും ഇതിലൂടെ സിപിഎം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും സതീശന്‍ ചോദിച്ചു.
◾ കുടിവെളളത്തില്‍ അമിത അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ അടച്ചു. സംഭവത്തെ തുടര്‍ന്ന് ഇരുപത്തിയഞ്ചോളം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. പതിവ് പരിശോധനയിലാണ് കൂടിയ അളവില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ടാങ്ക് വൃത്തിയാക്കി വെളളം വീണ്ടും പരിശോധിച്ച ശേഷം ഓപ്പറേഷന്‍ തിയറ്റര്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
◾ ദളിത്-സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുകയും അത് പിന്‍വലിക്കാതെ ന്യായീകരിക്കുകയും ചെയ്യുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ധാര്‍ഷ്ട്യം കേരള സമൂഹം അംഗീകരിക്കില്ലെന്ന് അഖിലേന്ത്യ ദളിത് അവകാശമുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് എന്‍. രാജനും സെക്രട്ടറി മനോജ് ബി. ഇടമനയും പറഞ്ഞു.
◾ പിഡിപി പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി. താമരക്കുളത്തെ കത്തികുത്ത് കേസിലെ പ്രതികളെ പൂജപ്പുര ജയിലില്‍ നിന്ന് കൊണ്ടുവരാന്‍ ആംബുലന്‍സ് ഉപയോഗിച്ചെന്നാണ് പരാതി. ജാമ്യ ഉത്തരവ് കൃത്യ സമയത്ത് ജയിലില്‍ എത്തിക്കാന്‍ ഉപയോഗിച്ചതും ആംബുലന്‍സ് എന്ന് പരാതിയില്‍ ആരോപിക്കുന്നുണ്ട്.
◾ അങ്കണവാടിയില്‍ ബിരിയാണിയും പുലാവും ഉള്‍പ്പെടെയുള്ള പുതുക്കിയ മാതൃകാ ഭക്ഷണ മെനു പ്രകാരമുള്ള ത്രിദിന സംസ്ഥാനതല പരിശീലന പരിപാടി തിരുവനന്തപുരം കോവളം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജില്‍ നടന്നു. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഐഎച്ച്എംസിടി ഷെഫുമാരുള്‍പ്പെടെയുള്ള ടീമും ആരോഗ്യ വിദഗ്ധരും ചേര്‍ന്നാണ് പരിശീലനം നല്‍കിയത്.മന്ത്രി വീണാ ജോര്‍ജ് ശില്‍പശാലയില്‍ പങ്കെടുത്തു.
◾ ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം. ആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് - എറണാകുളം മെമു (66609), എറണാകുളം - പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
◾പാലാ പ്രവിത്താനത്ത് വാഹനാപകടത്തില്‍ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാര്‍ 2 സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ സ്ത്രീകളാണ് മരിച്ചത്. ഇരു സ്‌കൂട്ടറുകളെയും ഇടിച്ചു തെറിപ്പിച്ച കാര്‍ മതിലിലിടിച്ചാണ് നിന്നത്. ഇടുക്കി സ്വദേശിയായ വിദ്യാര്‍ത്ഥിക്കെതിരെ പാലാ പൊലീസ് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
◾ ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ആകര്‍ഷകമായ കിറ്റുകളും വിപണിയില്‍. തൃശ്ശൂര്‍ ജില്ലയിലെ ഗിഫ്റ്റ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു. സപ്ലൈകോ ഉപഭോക്താവായ അയ്യന്തോള്‍ സ്വദേശിക്ക് ആദ്യ ഗിഫ്റ്റ് കാര്‍ഡ് കളക്ടര്‍ കൈമാറി.
◾ ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു. 69 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം.
◾ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസറാണ് പിടിയിലായത്. തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസര്‍ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറുന്നതിനിടെയാണ് വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്.
◾ തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കെപിസിസി പ്രസിഡന്റ് കത്തുനല്‍കി.
◾ തിരുവനന്തപുരം മുന്‍ ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെപിസിസി പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സദ്ദുദ്ദേശ്യത്തോടെ നടത്തിയ സംഭാഷഷണമെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് സൂചനകളുണ്ട്. പാലോട് രവിയും നേതാക്കളും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
◾ ധര്‍മസ്ഥലയില്‍ ഇത് വരെ രണ്ട് സ്പോട്ടുകളില്‍ നിന്നായി ആകെ കിട്ടിയത് നൂറോളം അസ്ഥിഭാഗങ്ങളാണ്. ഇന്നലെ മൃതദേഹാവശിഷ്ടം ലഭിച്ച പുതിയ സ്പോട്ടിനെ 11എ എന്ന് വിളിക്കാനും ഈ വനമേഖലയില്‍ കൂടുതല്‍ പരിശോധന നടത്താനും ധര്‍മസ്ഥലയില്‍ നിന്ന് പരിശോധനയ്ക്കിടെ കിട്ടുന്ന ഏത് മൃതദേഹാവശിഷ്ടവും എസ്ഐടി ഏറ്റെടുത്ത് അന്വേഷിക്കാനും തീരുമാനമായതായി എസ്ഐടി വൃത്തങ്ങള്‍ പറഞ്ഞു.
◾ മുംബൈ ഹൈക്കോടതി ജഡ്ജിയായി ബിജെപി നേതാവിനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം. മഹാരാഷ്ട്ര ബിജെപി മുന്‍ വക്താവ് ആരതി അരുണ്‍ സ്വാതെക്കാണ് ജഡ്ജിയായി നിയമനം ലഭിച്ചത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ഒരാളാണ് ആരതി. കഴിഞ്ഞ 28ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം യോഗത്തില്‍ മുംബൈ ഹൈക്കോടതിയിലെ 3 അഭിഭാഷകരെ ജഡ്ജിമാരായി നിയമിച്ചിരുന്നതില്‍ ഒരാളാണ് ആരതി. ബിജെപി നേതാവിനെ ഹൈക്കോടതി ജഡ്ജി ആക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നിയമനമെന്ന് എന്‍സിപി ശരത് പവാര്‍ വിഭാഗവും നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
◾ ഓഗസ്റ്റ് 26 മുതല്‍ 28 വരെ ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷത്തിലേക്ക് ലോകമാകെയുള്ള ബുദ്ധിജീവികള്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേര്‍സ്, സംരംഭകര്‍, സാമുദായിക നേതാക്കളെയും പരിപാടികളിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയുമായി മോശം ബന്ധമുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ചടങ്ങിലേക്ക് ക്ഷണിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ മുംബൈയുടെ പ്രശസ്തമായ കാഴ്ചകളില്‍ ഒന്നായ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് നിരോധിച്ചതോടെ ഉയരുന്നത് കനത്ത പ്രതിഷേധം. ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കബൂതര്‍ഖാനകള്‍ അഥവാ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സ്ഥലങ്ങള്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ ഉപയോഗിച്ച് മൂടാന്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചതോടെയാണ് സംഭവം വിവാദമായത്.
◾ ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ പ്രളയ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
◾ ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായതായി വിവരങ്ങള്‍. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്ഫോടനം ഉണ്ടായത്. മലമുകളില്‍ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാല്‍ തന്നെ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തില്‍ 11 സൈനികരെ കാണാതായെന്ന് കരസേന. രണ്ട് പേരെ രക്ഷിച്ചതായും 9 പേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും കരസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തില്‍ അകപ്പെട്ട 130 പേരെ രക്ഷപ്പെടുത്തിയതായും കരസേന അറിയിച്ചു. കരസേന, ഐടിബിപി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്.
◾ ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയം ഉണ്ടായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയുമായി സംസാരിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പിന്തുണയും വാ?ഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
◾ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്റ് തുറന്നടിച്ചു. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുവെന്നും എന്നാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎന്‍ബിസിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
◾അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള തീരുവയുദ്ധം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. പരമാധികാര രാഷ്ട്രങ്ങള്‍ക്ക് അവരുടെ വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ പറഞ്ഞു. ഇന്ത്യക്ക് മേല്‍ അമേരിക്ക നിയമവിരുദ്ധമായ വ്യാപാര സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
◾ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഗൗതം അദാനി പടിയിറങ്ങി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ സമര്‍പ്പിച്ച രേഖകളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മനീഷ് കെജരിവാളിനെ അഡീഷണല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി കമ്പനി മൂന്നുവര്‍ഷത്തേക്ക് നിയമിക്കുകയും ചെയ്തു. ഗൗതം അദാനിയുടെ പടിയിറക്കം അദാനി പോര്‍ട്‌സ് ഓഹരികളില്‍ രണ്ടു ശതമാനത്തിന് മുകളില്‍ ഇടിവിന് കാരണമായി. ജൂണ്‍ പാദ ഫലങ്ങളില്‍ മികച്ച വളര്‍ച്ച നേടിയിട്ടും തലപ്പത്തെ മാറ്റമാണ് ഓഹരിക്ക് തിരിച്ചടിയായത്. മുന്‍വര്‍ഷം ജൂണ്‍ പാദത്തേക്കാള്‍ വരുമാനത്തില്‍ 6.48 ശതമാനമാണ് കമ്പനിയുടെ ലാഭം ഉയര്‍ന്നത്. 3,112.83 കോടി രൂപയില്‍ നിന്ന് 3,314.59 കോടി രൂപയായി ലാഭം വര്‍ധിച്ചു. വരുമാനത്തില്‍ 31.19 ശതമാനമാണ് കൂടിയത്. ഈ പാദത്തില്‍ 9,126.14 കോടി രൂപയാണ് വരുമാനം. മുന്‍ വര്‍ഷം സമാനപാദത്തിലിത് 6,956.32 കോടി രൂപയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ നിന്നുള്ള വിഹിതവും വരുമാനം കൂടുന്നതിന് വഴിയൊരുക്കി. രാജ്യത്തെ കാര്‍ഗോ മാര്‍ക്കറ്റില്‍ 27.8 ശതമാനവും കണ്ടെയ്‌നര്‍ നീക്കത്തില്‍ 45.2 ശതമാനവും വിപണിവിഹിതം അദാനി പോര്‍ട്‌സിനാണ്.
◾ ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ എത്തിയ മലയാള ചിത്രം സുമതി വളവ്. ആദ്യ നാല് ദിവസത്തെ കളക്ഷന്‍ കണക്കുകള്‍ അണിയറക്കാര്‍ പുറത്തുവിട്ടപ്പോള്‍ ചിത്രം 10 കോടി മറികടന്നിട്ടുണ്ട്. ആദ്യ നാല് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 11.15 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സുമതി വളവിന്റെ നിര്‍മ്മാണം. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ യു, ശ്രീജിത്ത് രവി, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ രചിച്ച് സംവിധാനം ചെയ്യുന്ന 'മേനേ പ്യാര്‍ കിയ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ജഗദീഷ്, ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലര്‍ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന ടീസര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഓണം റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളില്‍ കൈയടി നേടാനുള്ള സാധ്യത ടീസര്‍ സൂചിപ്പിക്കുന്നുണ്ട്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍, മൈം ഗോപി, ബോക്സര്‍ ദീന, ജീവിന്‍ റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഡോണ്‍പോള്‍ പി നിര്‍വ്വഹിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ശ്രീബുദ്ധന്‍ തന്റെ പ്രബോധനങ്ങളുമായി ഗ്രാമ ഗ്രാമാന്തരം സഞ്ചരിക്കുകയായിരുന്നു. ഒരിക്കല്‍ ഒരു ഗ്രാമത്തിലെത്തിയപ്പോള്‍ അവിടെ കുറച്ചു ദിവസം താമസിച്ചു തന്റെ ദര്‍ശനങ്ങള്‍ ഗ്രാമവാസികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തീരുമാനിച്ചു. ബുദ്ധന്റെ ആഗമന വാര്‍ത്ത അറിഞ്ഞു ഗ്രാമവാസികള്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനായി എത്തിച്ചേര്‍ന്നു. ബുദ്ധന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടയായ ഒരു സ്ത്രീ ബുദ്ധനെ തന്റെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചു. ബുദ്ധന്‍ ആ ക്ഷണം സ്വീകരിച്ചു. ഈ വാര്‍ത്ത ഗ്രാമം മുഴുവന്‍ പരന്നു. ഇതറിഞ്ഞ ചില ഗ്രാമീണര്‍ ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ബുദ്ധനെ കാണാനെത്തി. അവര്‍ ബുദ്ധനോട് പറഞ്ഞു, 'ആ സ്ത്രീ സ്വഭാവ ദൂഷ്യമുള്ളവളാണ്. ഈ ഗ്രാമത്തിലെ പല പുരുഷന്മാരുമായും അവള്‍ക്ക് ബന്ധമുണ്ട്. അവള്‍ ഈ ഗ്രാമത്തിന് തന്നെ അപമാനമാണ്. താങ്കള്‍ ദയവുചെയ്ത് അവളുടെ വീട്ടില്‍ അത്താഴത്തിനു പോകരുത്. ഒരു സന്യാസിവര്യനായ താങ്കള്‍ക്ക് അത് ചീത്തപ്പേരുണ്ടാക്കും' ബുദ്ധന്‍ ഗ്രാമമുഖ്യന്റെ ഒരു കൈ മുറുകെ പിടിച്ചു. എന്നിട്ട് കൈ കൊട്ടാന്‍ പറഞ്ഞു. അയാള്‍ അതിശയത്തോടെ ചോദിച്ചു: 'അതെങ്ങനെ സാധിക്കും? താങ്കള്‍ എന്റെ ഒരു കൈ മുറുകെ പിടിച്ചിരിക്കുകയല്ലേ?' അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു, 'ശരിയാണ്. രണ്ട് കൈയും ചേര്‍ത്ത് അടിച്ചാലേ ശബ്ദമുണ്ടാവുകയുള്ളൂ. ആ സ്ത്രീയുടെ സ്വഭാവ ദൂഷ്യത്തിന് അവള്‍ മാത്രമല്ല കാരണം. ഈ ഗ്രാമത്തിലെ പുരുഷന്മാര്‍ കൂടിയാണ്.' നമുക്ക് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ ആദ്യം നാം നന്നാവണം. നമ്മള്‍ മാറുമ്പോള്‍ മാത്രമാണ് നമ്മുടെ സമൂഹവും മാറ്റത്തിന് വിധേയമാകുന്നത്. സമൂഹത്തിന്റെ പരാജയത്തിന് ആരെയെങ്കിലും പഴിചാരാന്‍ എളുപ്പമാണ്. എന്നാല്‍ നാം ഓരോരുത്തരും തന്നെ ആ സമൂഹത്തിന്റെ ഭാഗമാണ് എന്ന കാര്യം നാം മറന്നുപോകുന്നു. നാം നന്നായാല്‍ മാത്രമേ നാം ഉള്‍പ്പെടുന്ന സമൂഹവും നന്നാവുകയുള്ളൂ. - ശുഭദിനം
Post a Comment