തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലെ ഇരുനില കെട്ടിടം തകർന്ന് വീണു; വൈദികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
തലശ്ശേരി: തലശ്ശേരി ചാലിൽ സെന്റ് പീറ്റേഴ്സ് പള്ളി കോംപൌണ്ടിലുള്ള പഴയ ഇരുനില കെട്ടിടം തകർന്ന് വീണു. പള്ളിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഓഫീസുകളും വൈദികരുടെ വിശ്രമമുറികളുമുള്ള കെട്ടിടമാണ് ഇടിഞ്ഞു വീണത്. മുകൾ നിലയിലെ മുറിയിലുണ്ടായ ഫാദർ. ജോസഫ് കൊറ്റിയത്ത് അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.
ഭക്ഷണം കഴിച്ച ശേഷം വൈദികൻ ജോസഫ് കൊറ്റിയത്ത് മുറിയിൽവിശ്രമിക്കുകയായിരുന്നു. അസാധാരണ ശബ്‌ദം കേട്ടു പുറത്തിറങ്ങിയപ്പോൾ മുകളിൽ നിന്നും ഓടിളകി വീണു. സെക്കന്റിനകം ചുമരും,ശുചി മുറിയും കൺവെട്ടത്ത് തകർന്നു വീണു. പെട്ടന്നു തന്നെ പിറകോട്ട് മാറാനായതിനാൽ അപകടത്തിൽ പെട്ടില്ലെന്ന് ഫാദർ ജോസഫ് കൊറ്റിയത്ത് പറഞ്ഞു.
മുകൾ നിലയിലെ ശുചി മുറിയടക്കം തകർന്ന് കല്ലും മണ്ണും താഴെ വീണതോടെ അടിയിലുള്ള സ്റ്റോർ മുറി, ജെ.ജെ. ലൈറ്റ് ആന്റ് സൌണ്ട് മുറി, തൊട്ടടുത്ത മതിൽ എന്നിവ തകർന്ന് അവശിഷ്‌ടങ്ങൾ റോഡിലേക്ക് പതിച്ചു. സെന്റ് പീറ്റേഴ്സ് സ്കൂൾ ഉൾപെടെ ചർച്ച് കോം പൌണ്ടിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല.
വിവരമറിഞ്ഞ് പരിസരവാസികളും നാട്ടുകാരും പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം നടത്തി. സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, നഗര സഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ,വാർഡ് അംഗം ഐറിൻ സ്റ്റീഫൻ, സമീപ വാർഡുകളിലെ കൌൺസിലർമാർ, വിവിധ രാഷ്ടിയ പാർട്ടി നേതാക്കൾ, തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു
Post a Comment