◾ ബിഹാറില്‍ ഇനി ആധാറും രേഖ, കരടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബിഹാറില്‍ ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ ആധാറോ സമര്‍പ്പിക്കാമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തോട് പാര്‍ട്ടികള്‍ സഹകരിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് നടപടി. കേസ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.
2025 | ഓഗസ്റ്റ് 23 | ശനി
1201 | ചിങ്ങം 7 | മകം
🌹🦚🦜➖➖➖
➖➖➖➖➖➖➖➖
◾ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതെല്ലാം സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. തമിഴ്‌നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
◾ 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടിരമേശ്. അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ പറയണോ വികസനം പറയണോ എന്ന ആശയക്കുഴപ്പം ഇല്ലെന്നും ബിജെപിക്ക് വികസന അജണ്ട മാത്രമേയുള്ളൂവെന്നും വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊച്ചിയില്‍ ബിജെപി സംസ്ഥാന അവലോകന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് വീട്ടില്‍ എത്തിയത്. ഭാര്യ ഷീല, മകള്‍ ആരതി, മറ്റ് കുടുംബാഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് അമിത് ഷാ തമിഴ്നാട്ടിലേക്ക് പോയി. എറണാകുളത്ത് നടന്ന ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അമിത് ഷാ.
◾ വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്ക്കണമെന്ന് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും സരിന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ ബിഹാറിലേക്ക് പോയെന്നും രാഹുല്‍ ഗാന്ധിയുടെ ഒപ്പം നടക്കാന്‍ എന്നാണ് പറയുന്നതെന്നും ഇവിടെ നടന്നത് പറഞ്ഞാല്‍ ദേശീയ നേതൃത്വം നാണിച്ചു പോകുമെന്നും വര്‍ഷം മുഴുവന്‍ പറഞ്ഞാലും കോണ്‍ഗ്രസ്സിന്റെ അനാശാസ്യ കഥകള്‍ അവസാനിക്കില്ലെന്നും സരിന്‍ പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷം. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ അബിന്‍ വര്‍ക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്ഐ. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. ഇവര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
◾ യുവനടിക്ക് അശ്ലീലസന്ദേശം അയച്ചെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോഴികളുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. രാഹുല്‍ മാങ്കൂത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ജീവനുള്ള കോഴികളെ വെച്ച് നടത്തിയ മാര്‍ച്ചില്‍ ഒരു കോഴി ചത്തിരുന്നു. മിണ്ടാപ്രാണിയോട് അതിക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം.
◾ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എന്‍ വാസവന്‍. പൊതുപ്രവര്‍ത്തകര്‍ മാതൃക കാട്ടേണ്ടവരാണമെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തീരുമാനം പറയണമെന്നും വാസവന്‍ ആവശ്യപ്പെട്ടു. സിപിഎം നേതാക്കള്‍ക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണെന്നും മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നുമാണ് വാസവന്റെ വിശദീകരണം.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തില്‍ ഒരു എംഎല്‍എക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എല്ലാ കോണില്‍ നിന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണെന്നും ഇത് കേരളത്തിന്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു.
◾ അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്റെ മൃതദേഹം സംസ്‌കരിച്ചു. പഴയ പാമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിന് സമീപമായാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. നിരവധി പേരാണ് നേതാവിന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാനായി എത്തിയത്.
◾ തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന് എതിരായ പരസ്യ പ്രസ്താവനയില്‍ ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷന്‍ സുന്ദരന്‍ കുന്നത്തുള്ളിയോട് വിശദീകരണം തേടി കെപിസിസി. കഴിഞ്ഞ 14ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ആയിരുന്നു സുന്ദരന്‍ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിനെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന വിഡി സതീശനെ വിലക്കിയതിന്റെ പേരിലാണ് പ്രകോപനം.
◾ ഗതാഗത വകുപ്പ് പുറത്തിറക്കുന്ന എം വി ഡി ലീഡ്‌സ്, സിവിക് ഐ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ എല്ലാ വിഭാഗത്തിലുള്ളവരിലേക്കും ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
◾ കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വെച്ചാല്‍ കര്‍ശന നടപടിയെന്ന് വിസി. രജിസ്ട്രാറുടെ സീല്‍ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാര്‍ത്ഥികളുടെ പരാതിയെതുടര്‍ന്നാണ് വിസിയുടെ ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്യമായി സീല്‍ പതിച്ചു കൊടുക്കണം. വീഴ്ച്ച കാട്ടിയാല്‍ നടപടിയെടുക്കുമെന്നു കാണിച്ചാണ് രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നല്‍കാന്‍ പ്ലാനിങ് ഡയറക്ടര്‍ക്ക് വിസി നിര്‍ദ്ദേശം നല്‍കിയത്.
◾ മാവോയിസ്റ്റ് രൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന രൂപേഷിന്റെ നോവലിന് ജയില്‍ വകുപ്പാണ് അനുമതി നിഷേധിച്ചത്. ജയില്‍ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ഇത്. ജയില്‍ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവലിന്റെ പിഡിഎഫ് വായിച്ച തനിക്ക് കണ്ടെത്താനായില്ല എന്ന് സച്ചിദാനന്ദന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ജയില്‍ മേധാവിയാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്.
◾ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
◾ ബെവ്ക്കോയില്‍ റെക്കോര്‍ഡ് ബോണസ്. 1,02,000 രൂപ ബോണസ് നല്‍കാന്‍ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്മെന്റും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. റെക്കോര്‍ഡ് വരുമാനം ലഭിച്ച സാഹചര്യത്തില്‍ ജീവനക്കാര്‍ക്കും അതിന് അനുസരിച്ച് ബോണസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹര്‍ഷിത അത്തല്ലൂരി പറഞ്ഞു.
◾ ഓണത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വെ. ജൂലൈ മുതല്‍ തന്നെ സര്‍വീസ് ആരംഭിച്ച സ്പെഷ്യല്‍ ട്രെയിനുകളടക്കം 92 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയില്‍വെ വക്താവ് അറിയിച്ചു.
◾ തീപിടിത്തത്തെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം നാളെ തുറക്കും. വാര്‍ഡുകള്‍ ഈ മാസം 24 ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയുടെതാണ് തീരുമാനം. കെട്ടിടത്തിന്റെ സുരക്ഷ വിലയിരുത്തിയ ശേഷമാണു നടപടി.
◾ കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താന്‍ താത്പര്യമുള്ള വ്‌ളോഗര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പാനലില്‍ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവര്‍മാരുള്ള വ്‌ളോഗര്‍മാര്‍ക്കും യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍ നല്‍കിയിട്ടുള്ള വീഡിയോ കണ്ടന്റുകള്‍ക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും അപേക്ഷിക്കാം.
◾ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ്(19), വേളം പെരുമ്പാട്ട് മീത്തല്‍ സികെ ആദര്‍ശ്(22), പതിനേഴ് വയസ്സുകാരനായ നാലാമനുമാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.
◾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ സപ്ലൈകോ ഗോഡൗണില്‍ നിന്ന് 45 ചാക്ക് റേഷന്‍ അരി കടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. സപ്ലൈകോ ഗോഡൗണിലെ സീനിയര്‍ അസിസ്റ്റന്റ് ധര്‍മ്മേന്ദ്രനാണ് അറസ്റ്റിലായത്. 11 ചാക്ക് പച്ചരി, 18 ചാക്ക് കുത്തരി, 16 ചാക്ക് പുഴുക്കലരി എന്നിവയാണ് കടത്തിക്കൊണ്ട് പോയത്. സപ്ലൈക്കോ ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇനി പിടികൂടാനുള്ള സപ്ലൈകോ ജീവനക്കാരനായ അന്‍ഷാദിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
◾ പത്തനംതിട്ട അടൂര്‍ ജില്ലാ നിര്‍മ്മിതി കേന്ദ്ര ഓഫീസിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. ഇതേ ഓഫീസിലെ ഡ്രൈവര്‍ ഹരികൃഷ്ണന്‍ ആണ് പ്രതി. കഴിഞ്ഞ ദിവസം ഇയാളെ കയ്യോടെ പിടികൂടി മൊബൈല്‍ പരിശോധിച്ചപ്പോഴാണ് വനിതാ ജീവനക്കാരുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.
◾ എറണാകുളം കോതമംഗലത്ത് ആള്‍ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്പി ഹേമലതയും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് എസ്പി ഹേമലത പറഞ്ഞു.
◾ തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഒരേ സ്‌കൂളില്‍ പഠിച്ചവരും അടിമാലി കൊന്നത്തടി സ്വദേശികളായ ശിവ ഘോഷും മീനാക്ഷിയും ഇഷ്ടത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
◾ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ മുഖ്യാതിഥിയാകും. ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സ്റ്റാലിനെ ചെന്നൈയിലെത്തി നേരിട്ട് ക്ഷണിച്ചു. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് അഗോള അയ്യപ്പസംഗമം.
◾ തെരുവ് നായകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലവില്‍ നടക്കുന്ന കേസില്‍, ഹര്‍ജിക്കാരായ വ്യക്തികളും എന്‍ജിഒകളും കോടതി രജിസ്ട്രിയില്‍ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കില്‍ ഹര്‍ജിക്കാരെയോ കക്ഷി ചേര്‍ന്നവരെയോ തുടര്‍ന്ന് കേസില്‍ ഹാജരാകാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
◾ കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ഡികെ ശിവകുമാറിന്റെ പഴയ ആര്‍എസ്എസ് ബന്ധം ബിജെപി ഉന്നയിച്ചപ്പോഴായിരുന്നു ഇത്. 'നമസ്തേ സദാ വല്‍സലേ മാതൃഭൂമേ' എന്ന ഭാഗം വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡികെ രംഗത്തെത്തി. കോണ്‍ഗ്രസ് തന്റെ രക്തത്തിലുണ്ടെന്നും ബിജെപിക്കുള്ള സന്ദേശമാണ് താന്‍ നല്‍കിയതെന്നും ഡികെ ശിവകുമാര്‍ വിശദീകരിച്ചു.
◾ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമില്‍ നിന്നാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി.
◾ സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസായിരുന്നു. വാര്ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള മുന്‍ ലോകസഭാംഗവുമാണ്.
◾ ഇന്ത്യയെ ആഡംബര കാറായ മെഴ്‌സിഡസ് ബെന്‍സിനോടും സ്വന്തം രാജ്യത്തെ ഒരു ഡംപ് ട്രക്കിനോടും താരതമ്യംചെയ്ത പാകിസ്താന്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആ പരാമര്‍ശംതന്നെ പാകിസ്താന്റെ കുറ്റസമ്മതമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയുടെയും പാകിസ്താന്റെയും സാമ്പത്തികസ്ഥിതി താരതമ്യംചെയ്തുള്ള അസിം മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ സ്വയം പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾ ഹിമാചല്‍പ്രദേശില്‍ കനത്ത മഴ മൂലമുണ്ടായ അപകടങ്ങളില്‍ ഇതുവരെയുള്ള മരണസംഖ്യ 287 ആയി ഉയര്‍ന്നു. ഇതില്‍ 149 മരണങ്ങള്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളിലുണ്ടായപ്പോള്‍ 138 ജീവനുകള്‍ റോഡ് അപകടങ്ങളിലാണ് പൊലിഞ്ഞത്.
◾ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ അപലപിച്ച് സുപ്രീം കോര്‍ട്ട് വിമന്‍ ലോയേഴ്‌സ് അസോസിയേഷന്‍. കോടതിയില്‍ തന്നെ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ടുള്ള മുഴുവന്‍ വനിതാ അഭിഭാഷകര്‍ക്കും അനുകൂലവിധി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ഇതിനെതിരായാണ് സുപ്രീം കോടതി വനിതാ അഭിഭാഷക സംഘടന രംഗത്തെത്തിയത്.
◾ ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ അറസ്റ്റില്‍. ഇന്നലെയാണ് റനില്‍ വിക്രമസിംഗെയെ അഴിമതി കേസില്‍ സിഐഡി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്തെന്ന് കേസിലാണ് അറസ്റ്റ്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് അറസ്റ്റ് വിവരം റിപ്പോര്‍ട്ട് ചെയ്തത്.
◾ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് ബിസിനസ് പ്രൊഫഷണലുകള്‍ക്കുള്ള വിസ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ഈ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഏകദേശം അഞ്ച് വര്‍ഷത്തിന് ശേഷം വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹിസെന്‍സ്, ഹെയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് തങ്ങളുടെ ചൈനീസ് മാനേജര്‍മാരെ ഇന്ത്യയിലേക്ക കൊണ്ടുവരാന്‍ സാധിക്കും.ചൈനയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാനും നീക്കമുണ്ട്.
◾ വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് ഇന്നലെ തകര്‍ന്നുവീണത്.
◾ ഹമാസ് നിരായുധീകരിക്കാനും ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കാനും ഇസ്രായേലിന്റെ നിബന്ധനകള്‍ക്ക് വിധേയമായി യുദ്ധം അവസാനിപ്പിക്കാനും സമ്മതിച്ചില്ലെങ്കില്‍ ഗാസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഗാസയില്‍ ഇസ്രായേല്‍ വിപുലമായ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മുന്നറിയിപ്പ്.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇസ്രായേലിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും വേണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
◾ ഫ്ലോറിഡയില്‍ ഇന്ത്യന്‍ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തില്‍പെട്ടതിന് പിന്നാലെ കടുത്ത തീരുമാനവുമായി അമേരിക്ക. ട്രക്ക് യൂ ടേണ്‍ എടുക്കുന്നതിനിടെ വാഹനത്തിലേക്ക് കാറിടിച്ച് കയറി മൂന്ന് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെ വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനാണ് തീരുമാനം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരികയും വിദേശത്ത് നിന്നുള്ള ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിക്കുന്നത് അമേരിക്കക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന് വിമര്‍ശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
◾ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിലും അന്യായമായ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച മുന്‍ സുരക്ഷാ ഉപദേഷ്ടാവും ട്രംപിന്റെ കടുത്ത വിമര്‍ശകനുമായ ജോണ്‍ ബോള്‍ട്ടന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ് നടത്തി. രഹസ്യ രേഖകള്‍ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. ബോള്‍ട്ടനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ വിദേശരാജ്യങ്ങളില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ (ഏകദേശം 2300 കോടി) കടമെടുത്ത് ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനി. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് ലിമിറ്റഡ് 150 മില്യണ്‍ ഡോളറാണ് കടമെടുക്കുന്നത്. ബാര്‍ക്ലേയ്സ്, ഡി.ബി.എസ് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എന്നിവരില്‍ നിന്നാണ് അദാനി ഗ്രൂപ്പ് പണം കടം വാങ്ങിയത്. അദാനി പോര്‍ട്സ്& സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 125 മില്യണ്‍ ഡോളറും കടമെടുത്തിട്ടുണ്ട്. മിസ്തുബിഷി യു.എഫ്.ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പില്‍ നിന്നാണ് ഇത്രയും തുക അദാനി കടമെടുത്തത്. കഴിഞ്ഞ ആറ് മാസത്തിനിടെ 10 ബില്യണ്‍ ഡോളറാണ് അദാനി ഗ്രൂപ്പ് കടമായി എടുത്തത്. ജൂണില്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന്റെ കീഴിലുള്ള മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 750 മില്യണ്‍ ഡോളറിന്റെ വായ്പ സ്വരൂപിച്ചിരുന്നു. അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് ലിമിറ്റഡില്‍ നിന്നാണ് വായ്പ വാങ്ങിയത്. ഇവരില്‍ നിന്ന് തന്നെ 250 മില്യണ്‍ ഡോളര്‍ കൂടി മുംബൈ എയര്‍പോര്‍ട്ട് വായ്പ വാങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്.
◾ ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. പോലീസ് വേഷത്തിലാണ് ഷെയ്ന്‍ നിഗം ഈ ചിത്രത്തിലെത്തുന്നത്. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പി എം ഉണ്ണികൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ, സംഭാഷണം എഴുതുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് സ്വന്തമായി ധാരാളം കുതിരകളുണ്ട്. ഒരു ദിവസം ഒരാള്‍ അവിടെ അതിഥിയായി എത്തി. ലക്ഷണമൊത്ത ഒരു കുതിരയെകണ്ട് അയാള്‍ അതിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് അതിന്റെ കാലില്‍ ഒരു ചെറിയ തടിക്കഷ്ണം കെട്ടിയിരിക്കുന്നത് കണ്ടത്. അതുകണ്ട് അതിഥി കാര്യമന്വേഷിച്ചു. അയാള്‍ പറഞ്ഞു: അവന് ഇടയ്ക്കിടെ വേലിചാടുന്ന സ്വഭാവമുണ്ട്. അപ്പോള്‍ അവന് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. അപ്പോള്‍ നിങ്ങള്‍ അവന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയല്ലേ? അതിഥി ചോദിച്ചു. അത്‌കേട്ടതും അയാള്‍ ഒരു മറുചോദ്യം ചോദിച്ചു: വേലിചാടുമ്പോള്‍ അതിന്റെ കാലൊടിഞ്ഞുകിടന്നാല്‍ എന്ത്‌സ്വാതന്ത്ര്യമാണ് ഉണ്ടാവുക? അതിഥി മറുപടിപറയാതെ തലതാഴ്ത്തി. വളര്‍ത്തുന്നവരുടെ ലക്ഷ്യവും വളരുന്നവരുടെ ആഗ്രഹങ്ങളും തമ്മില്‍ ഒരു സമവാക്യം രൂപപ്പെടുക എന്നത് അത്രക്കങ്ങ് എളുപ്പമല്ല. വളര്‍ത്തുന്നവര്‍ക്കെല്ലാം തങ്ങള്‍ പരിപാലിക്കുന്നവരെക്കുറിച്ച് കരുതലുണ്ട്. പരിമിതികള്‍ക്കുളളില്‍ നിന്ന് പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ അധികം പേരും. രക്ഷാകര്‍ത്താക്കളുളളത് ഒരു അനുഗ്രഹമാണ്. നിയന്ത്രണം നഷ്ടപ്പെടാതെ അവര്‍ പിടിച്ചുനിര്‍ത്തും. ഉപകാരപ്രദമായതും ഹാനികരമായതും ഏതെന്ന് അവര്‍ക്ക് തിരിച്ചറിയാനാകും. സ്വാതന്ത്ര്യം ഒരു ആഹ്ലാദാനുഭവം മാത്രല്ല, ആത്മനിയന്ത്രണാനുഭവം കൂടിയാണ്. സ്വയം നിയന്ത്രണത്തിലൂടെ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുക എന്നതാവട്ടെ സ്വാതന്ത്ര്യത്തിന്റെ അതിര് - ശുഭദിനം.
________𝕻𝖔𝖕𝖚𝖑𝖆𝖗_______//////
Post a Comment