o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

◾ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചുവെന്നും കാര്യമായി ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.




2025 | ഓഗസ്റ്റ് 3 | ഞായർ 

1200 | കർക്കിടകം 18 |  വിശാഖം

◾ എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഇന്ന് രാവിലെ ഒമ്പതു മണി മുതല്‍ 10 മണി വരെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്‌ക്കാരം.


◾ ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ 1928 ഒക്ടോബര്‍ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ.സാനു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടി. കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച എം.കെ.സാനു 1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു.1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.


◾ പ്രൊഫസര്‍ എം കെ സാനുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷെന്ന് പിണറായി വിജയന്‍ ഓര്‍മ്മിച്ചു. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.


◾ കെഎസ്ഇബി ലൈനില്‍ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ്. വന്യജീവി ആക്രമണത്തെ ചെറുക്കാന്‍ വൈദ്യുതി വേലികള്‍ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 24 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദേശം.


◾ ഡോക്ടര്‍ ഹാരിസിനെ വേട്ടയാടുകയാണെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിശദീകരണം തേടിയത് വേട്ടയാടലല്ല എന്നും സ്വാഭാവിക നടപടിയാണെന്നും ആവര്‍ത്തിക്കുകയാണ് വീണാ ജോര്‍ജ്. ഉപകരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.


◾ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് സന്തോഷത്തിന്റെ ദിവസമാണ് എന്നും അദ്ദേഹം പറഞ്ഞു.

◾ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചെന്നും കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മദര്‍ ജനറല്‍ ഇസബല്‍ ഫ്രാന്‍സിസ് . മതപരിവര്‍ത്തമവും മനുഷ്യക്കടത്തും ചിന്തയില്‍ പോലുമില്ലെന്നും മദര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.


◾ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തിയെന്ന കുറ്റം വ്യാജമായി ചുമത്തി കന്യാസ്ത്രീകള്‍ക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരണകൂടം വലിയ ക്രൂരതതയാണ് കന്യാസ്ത്രീകളോടും ക്രൈസ്തവ സമൂഹത്തോടും കാട്ടിയതെന്നും സഹോദരിമാര്‍ക്ക് ജാമ്യം ലഭിച്ചത് സന്തോഷാര്‍ഹമാണെന്നും രാജ്യത്തെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾ സിനിമാ നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിനു വിട. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. കണ്ണീരോടെ സിനിമാ ലോകവും ബന്ധുക്കളും നവാസിന് വിട നല്‍കി.


◾ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ഇന്നലെ കീഴടങ്ങിയ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.


◾ താല്‍ക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കുന്ന 'അറ്റ് ഹോം' വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്.


◾ വയനാട്ടില്‍ പാസ്റ്റര്‍ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഭീഷണി. ഹിന്ദു വീടുകളില്‍ കയറിയാല്‍ കാല്‍ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണില്‍ വച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. സംഭവം അന്വേഷിച്ചിരുന്നുവെന്നും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല എന്നും ബത്തേരി പൊലീസ് പറയുന്നു.


◾ മലപ്പുറം മഞ്ചേരിയില്‍ ഡ്രൈവറുടെ മുഖത്തടിച്ച കേസില്‍ പൊലീസുകാരനെതിരെ കൂടുതല്‍ നടപടി. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാള്‍ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ജാഫര്‍ എന്നയാള്‍ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.


◾ മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ആദ്യ സെഷനില്‍ പരാതി പറഞ്ഞ് നടി അന്‍സിബ ഹസന്‍. കോണ്‍ക്ലേവില്‍ സംസാരിച്ച ആരും അമ്മ സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്നാണ് അന്‍സിബ പറഞ്ഞത്. എല്ലാവരും പറയുന്നത് ഡബ്ല്യുസിസിയെക്കുറിച്ചും ഫെഫ്കയെക്കുറിച്ചും മാത്രമാണെന്നും അന്‍സിബ പറഞ്ഞു.


◾ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവാവിനെ കാട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് കണ്ടെത്തല്‍. ബറേലിയില്‍ ഇസത്‌നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന രാജീവ് എന്നയാളെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ കാട്ടില്‍ കണ്ടെത്തിയത്.


◾ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഷിബു സോറന്‍ (81) അതീവ ഗുരുതരാവസ്ഥയില്‍ . കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.


◾ ബലാത്സംഗ കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.  ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി.


◾ ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ച ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു.


◾ ബംഗ്ലാദേശ് മോഡല്‍ ശാന്താ പോള്‍ വ്യാജരേഖകളുമായി കൊല്‍ക്കത്തയില്‍ പിടിയിലായി. വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ താമസിച്ചതിനാണ് അറസ്റ്റ്. ഒരു എയര്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശാന്താ പോളെന്ന് പൊലീസ് പറഞ്ഞു.റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ ഇവര്‍ വ്യാജമായി നിര്‍മ്മിച്ചത് പ്രാദേശികമായി ലഭിച്ച സഹായത്തോടെയാണെന്ന് പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.


◾ ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരര്‍ ഇതിനോടകം കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. ഇവരാരൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.


◾ വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോന്‍താന്‍ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാള്‍ക്ക് വെടിയേറ്റത്. പുലര്‍ച്ച 2.30ഓടെയാണ് സാധാരണക്കാരനായൊരാള്‍ വ്യോമ സേനാ താവളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയത് .


◾ ലോക സമ്പദ്വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും 'സ്വദേശി' ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകള്‍ക്ക് 25 ശതമാനം തീരുവയും റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കവും ചുമത്താനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.


◾ കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.


◾ വനിതാ ചെസ്സ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖിന് 3 കോടി രൂപ പാരിതോഷികം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. നാഗ്പുരില്‍ വെച്ച് നടന്ന അനുമോദനച്ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാരിതോഷികം കൈമാറിയത്.


◾ തടവിലാക്കപ്പെട്ട ബന്ദികളെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേല്‍. ബന്ദികളെ വിട്ടയക്കാന്‍ ഹമാസുമായി മധ്യസ്ഥരാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് കളം ഒരുക്കവെയാണ് ഇസ്രയേല്‍ കരസേന മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന്റെ പ്രസ്താവന.


◾ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടികള്‍ സമര്‍പ്പിച്ചതിന് ഒഡീഷ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് പവറിന് വേണ്ടിയാണ് ഈ ഗ്യാരണ്ടികള്‍ ക്രമീകരിച്ചതെന്നും ഇഡി വ്യക്തമാക്കി.


◾ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ തന്റെ പേരില്ലെന്നാണ് തേജസ്വിയുടെ ആരോപണം. എന്നാല്‍, തേജസ്വി യാദവിന്റെ വാദം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേജസ്വിയുടെ പേര്, ഫോട്ടോ, മറ്റ് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കരട് വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് കമ്മിഷന്‍ പുറത്തുവിടുകയും ചെയ്തു.


◾ 2008-ലെ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേര് പറയിപ്പിക്കാന്‍ ശ്രമിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തതായി മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ..നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ പറയാനാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് പറഞ്ഞു.


◾ ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ തന്നെയോ എന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇതിന് യാതൊരു തെളിവുമില്ലെന്നും ഇന്ത്യയില്‍നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം സന്ദര്‍ശിച്ച 33 രാജ്യങ്ങളിലൊന്നു പോലും സംഭവത്തില്‍ പാകിസ്താനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം പറഞ്ഞത്. അയ്യരുടെ പ്രസ്താവന വന്‍വിവാദത്തിനാണ് തിരികൊളുത്തിയത്.


◾ അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ 'അനുയോജ്യമായ' മേഖലകളിലേക്ക്' വിന്യസിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കന്‍ അന്തര്‍വാഹിനികളെ നേരിടാന്‍ ആവശ്യമായ റഷ്യന്‍ ആണവ അന്തര്‍വാഹിനികള്‍ ആഴക്കടലിലുണ്ടെന്നാണ് റഷ്യന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന നേതാവായ വിക്ടര്‍ വൊഡോലാറ്റ്‌സ്‌കി പ്രതികരിച്ചത്. ദിമിത്രി മെദ്വദേവിന്റെ പ്രസ്താവനക്കു പിന്നാലെ റഷ്യയ്ക്കടുത്തായി രണ്ട് ആണവ അന്തര്‍ വാഹിനി കപ്പലുകള്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു.


◾ ഇന്ത്യാ - ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 374 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 50 ന് 1 എന്ന നിലയിലാണ്. രണ്ടിന് 75 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ 396 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 118 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്റേയും 66 റണ്‍സെടുത്ത നൈറ്റ് വാച്ച്മാന്‍ ആകാശ്ദീപിന്റേയും 53 റണ്‍സ് വീതമെടുത്ത രവീന്ദ്ര ജഡേജയുടേയും വാഷിംഗ്ടണ്‍ സുന്ദറിന്റേയും ഇന്നിംഗ്സുകളാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് ദിവസം കളി ശേഷിക്കേ ഇന്ത്യക്ക് വേണ്ടത് 9 വിക്കറ്റും ഇംഗ്ലണ്ടിനെ വേണ്ടത് 324 റണ്‍സുമാണ്.


◾ ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തിന് മാറ്റമില്ല. സെപ്റ്റംബര്‍ 14ന് ദുബായിലാണ് ഇന്ത്യ - പാക് മത്സരം. അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഇന്ത്യയുള്‍പ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവര്‍ക്ക് പുറമെ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടക്കുക.


◾ ജൂലൈ മാസത്തിലെ കേന്ദ്ര ജി.എസ്.ടി വരുമാനത്തില്‍ വര്‍ധന. ചരക്ക് സേവന നികുതിയില്‍ നിന്നുള്ള മൊത്ത വരുമാനം ജൂലൈയില്‍ 1.96 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കളക്ഷനേക്കാള്‍ 7.5 ശതമാനം കൂടുതലാണിത്. 2025 ജൂണിലെ കളക്ഷനേക്കാള്‍ 6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജി.എസ്.ടി സംവിധാനത്തിന് കീഴിലുള്ള റീഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 2025 ജൂലൈയില്‍ ഏകദേശം 67 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27,147 കോടി രൂപയാണ് ജൂലൈയില്‍ റീഫണ്ടുകളായി അനുവദിച്ചത്. റീഫണ്ടുകള്‍ കിഴിച്ചുളള സര്‍ക്കാരിന്റെ മൊത്തം ജിഎസ്ടി വരുമാനം 1.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശേഖരിച്ച തുകയേക്കാള്‍ 1.7 ശതമാനം കൂടുതലാണിത്. 2025 ജൂലൈയിലെ മൊത്ത ആഭ്യന്തര ജി.എസ്.ടി വരുമാനം 1.43 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇറക്കുമതി ജി.എസ്.ടി വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 9.7 ശതമാനം വര്‍ധിച്ച് 52,712 കോടി രൂപയിലെത്തി.


◾ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ സിനിമയായിരുന്നു 'നടികര്‍'. ലാല്‍ ജൂനിയറിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ നായക കഥാപാത്രമായെത്തിയത് ടൊവിനോ തോമസ് ആണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരു വര്‍ഷത്തിനിപ്പുറം നടികര്‍ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. സൈന പ്ലേയ്ക്ക് ആണ് നടികര്‍ സ്ട്രീമിംഗ് ചെയ്യാനുള്ള അവകാശം. ഓഗസ്റ്റ് 8 മുതല്‍ ടൊവിനോ തോമസ് ചിത്രം ഒടിടിയില്‍ കാണാം. റിലീസ് ചെയ്ത് 15 മാസത്തിന് ശേഷമാണ് നടികര്‍ ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ടൊവിനോ തോമസിന് ഒപ്പം ഭാവനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് നടികര്‍. ദിവ്യ പിള്ള, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2024ല്‍ ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്.


◾ ലോകേഷ് കനകരാജ്രജനികാന്ത് ചിത്രം 'കൂലി'ക്കു 'എ' സര്‍ട്ടിഫക്കറ്റ്. സിനിമയിലെ കടുത്ത വയലന്‍സ് രംഗങ്ങളാണ് 'എ' സര്‍ട്ടിഫക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2 മണിക്കൂര്‍ 48 മിനിറ്റ് ആണ് 'കൂലി' സിനിമയുടെ ദൈര്‍ഘ്യം. രജനിയുടെ സിനിമകളില്‍ ഏറ്റവുമധികം വയലന്‍സ് ഉള്ള സിനിമയാകും 'കൂലി'. നാഗാര്‍ജുന അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിനും നിരവധി വയലന്‍സ് രംഗങ്ങളുണ്ട്. ദേവ എന്ന കഥാപാത്രമായാണ് രജനി 'കൂലി'യില്‍ എത്തുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. സൗബിന്‍ ഷാഹിര്‍ മലയാളത്തില്‍ നിന്നും എത്തുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി.


◾ ചെക്ക് വാഹന ബ്രാന്‍ഡായ സ്‌കോഡ ഇന്ത്യ ഓഗസ്റ്റ് മാസത്തില്‍ തങ്ങളുടെ ആഡംബര കുഷാക് എസ്യുവിയുടെ വില 20,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. അതേസമയം ആരംഭ വിലയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പ്രാരംഭ എക്സ്-ഷോറൂം 10.99 ലക്ഷം രൂപയായി നിലനിര്‍ത്തി. സ്‌കോഡ കുഷാക്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. ഈ എഞ്ചിന്‍115 ബിഎച്പി പവറും 178 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. ഇതില്‍ കാണപ്പെടുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്പി പവറും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതിന് 6 സ്പീഡ് മാനുവല്‍ / ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുണ്ട്. ക്ലാസിക്, ഒനിക്സ്, സിഗ്നേച്ചര്‍, സ്‌പോര്‍ട്‌ലൈന്‍, മോണ്ടെ കാര്‍ലോ, പ്രസ്റ്റീജ് എന്നീ ആറ് ട്രിമ്മുകളിലാണ് അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ലൈനപ്പ് വരുന്നത്. അതേസമയം സ്‌കോഡ കുഷാഖ് ക്ലാസിക് ബേസ് മോഡല്‍ വിലയ്ക്ക് 10,000 രൂപയുടെ നേരിയ വര്‍ധനവ് ലഭിച്ചു. ഇപ്പോള്‍ അതിന്റെ വില 10.99 ലക്ഷം രൂപയായി. അതേസമയം, ഉയര്‍ന്ന സ്റ്റാക്ക് ഉള്ള ഓണിക്സ് വേരിയന്റില്‍ വില 10,000 രൂപ വര്‍ദ്ധിച്ചു.


◾ എന്‍ഡോസള്‍ഫാന്‍, വയനാട്ടുകുലവന്‍ തെയ്യവും നായാട്ടും, ആനസംരക്ഷണം, അശാസ്ത്രീയമായ പാതനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രശസ്ത പരിസ്ഥിതിവിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇ. ഉണ്ണികൃഷ്ണന്‍ നടത്തിയ സംവാദങ്ങളുടെയും പ്രതികരണങ്ങളുടെയും സമാഹാരം. കേരളത്തിന്റെ പാരിസ്ഥിതിക മനോഭാവത്തെത്തന്നെ ആഴത്തില്‍ സ്വാധീനിച്ച ലേഖനങ്ങള്‍. കേരളത്തിന്റെ പാരിസ്ഥിതിക ചിന്താമണ്ഡലങ്ങളില്‍ ചര്‍ച്ചാവിഷയമായ ലേഖനങ്ങളുടെ സമാഹാരം. 'രാജപാതയുടെ ഭൂമിജാതകം'. ഇ.ഉണ്ണികൃഷ്ണന്‍. മാതൃഭൂമി. വില 204 രൂപ.


◾ ചെറുതെങ്കിലും കടുക് നല്‍കുന്നത് പല മാരക രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തിയാണ്. കാലിലെയും കൈയിലെയുമൊക്കെ മസിലുകള്‍ക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാന്‍ കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താല്‍ മതി. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നതില്‍ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നല്‍കുന്നു. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കുറച്ചുകൊണ്ടുവരാനും ഇവയ്ക്കു സാധിക്കും. റുമാറ്റിക് ആര്‍ത്രൈറ്റിസ് ബാധിതര്‍ക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകള്‍ വേദനയ്ക്ക് ശമനം നല്‍കാന്‍ സഹായിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന മത്സ്യത്തില്‍ കുറച്ച് കടുക് കൂടി ചേര്‍ത്തു കഴിച്ചു നോക്കൂ, കടുത്ത മൈഗ്രേനും പമ്പ കടക്കും. ശ്വാസം മുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്. കടുകിലുള്ള ചില ന്യൂട്രിയന്റുകള്‍ സാധാരണ പിടിപെടാന്‍ സാധ്യതയുള്ള പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. ഇതിലെ കോപ്പര്‍, അയണ്‍, മഗ്നീഷ്യം സെലേനിയം തുടങ്ങിയ ഘടകങ്ങള്‍ ആസ്മയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്. കടുക് അരച്ച് ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസിന്റെ കൂടെ അല്‍പം എണ്ണയും ചേര്‍ത്ത് മുഖത്തു പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. നശിച്ച ചര്‍മ കോശങ്ങള്‍ പോയി മുഖകാന്തി വര്‍ധിക്കും. കറ്റാര്‍വാഴ നീരിനൊപ്പം ചേര്‍ത്ത് പുരട്ടുന്നതും ചര്‍മ കാന്തി വര്‍ധിക്കാന്‍ സഹായകമാണ്. തൊലി ചുക്കിചുളിയുന്നതും വിണ്ടുകീറുന്നതും തടയാനും ഇത് സഹായകമത്രേ. കടുകിലുള്ള വൈറ്റമിന്‍ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. പ്രമേഹരോഗികള്‍ക്ക് മികച്ച ഔഷധമാണ് കടുകിന്റെ ഇലകള്‍. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. കടുകിലുള്ള മഗ്നീഷ്യവും കാല്‍സ്യവും എല്ലുകളുടെ കരുത്ത് കൂട്ടുകയും ആര്‍ത്തവവിരാമത്തിനു ശേഷം കണ്ടു വരാറുള്ള ബോണ്‍ ലോസ് കുറയ്ക്കുകയും ചെയ്യുന്നു. ഒസ്റ്റിയോപെറോസിസ് സാധ്യതയ്ക്കും ഇത് ഉത്തമ പരിഹാരമാകുന്നു.


*ശുഭദിനം*


ഇന്ത്യയില്‍ എല്ലാ വര്‍ഷവും 26 ദശലക്ഷം ടണ്‍ ഉളളി കൃഷി ചെയ്യുന്നു.  എന്നാല്‍ അതില്‍ 40 ശതമാനവും ഉപഭോക്താക്കളിലേക്ക് എത്തും മുമ്പേ ചീഞ്ഞു പോകുന്നു.  ഉള്ളിയുടെ കേട്പാടുകള്‍ കണ്ടെത്താന്‍ കര്‍ഷകര്‍ ഗന്ധത്തെയാണ് ആശ്രയിച്ചിരുന്നത്.  പക്ഷേ, ഉളളിയുടെ ഈ മണം അവര്‍ അറിയുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും.  കല്യാണിയുടെ അച്ഛനും ഉള്ളി കര്‍ഷകന്‍ ആയിരുന്നു.  തന്റെ അച്ഛനടക്കമുളള ഒരുപാട് കൃഷിക്കാരുടെ ഈ നഷ്ടത്തിന് എന്തെങ്കിലും പരിഹാരം കണ്ടെത്തണമെന്ന് അവള്‍ ആഗ്രഹിച്ചു.   കംപ്യൂട്ടര്‍ എന്‍ഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ അവള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി വിപണയിയായ ലസല്‍ഗാവില്‍ പോയി ഒരു പരിഹാരം കണ്ടുപിടിക്കാന്‍ ശ്രമം തുടര്‍ന്നു.  അങ്ങനെ ,ഉളളിയിലെ കേടുപാടുകള്‍ ആരംഭിക്കുന്നതിന് മുമ്പേ അവ കണ്ടെത്തുന്ന ഉപകരണമായ ഗോദാം സെന്‍സ് അവള്‍ നിര്‍മ്മിച്ചു.  ഇന്ത്യയിലെ തന്നെ ആദ്യത്തെ IoT ( Internet of Things ) ഉപകരമാണിത്.  താപനിലയിലും ഈര്‍പ്പത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ തത്സമയം ഇത് ട്രാക്ക് ചെയ്യുന്നു.  കൂടാതെ കേടാകാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നമുക്ക് പ്രത്യേക അലര്‍ട്ട് ലഭിക്കുന്ന രീതിയിലാണ് ഈ ഉപകരണത്തിന്റെ നിര്‍മ്മിതി.  അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവിന്റെ നല്ലൊരു പങ്ക് വിപണയിലെത്തിക്കാന്‍ സാധിക്കുന്നു.  ആവശ്യമാണ് കണ്ടുപിടുത്തത്തിന്റ മാതാവ് എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ഇവിടെയാണ്. ചെറുതാണെങ്കിലും പുതിയൊരു മാറ്റത്തിന് തുടക്കമാകാന്‍ നമുക്കും ശ്രമിക്കാം.  ഇന്ന് ഒരു പുതിയ വഴിക്ക് തുടക്കം കുറിക്കാം  - *ശുഭദിനം.* 🙏🏼

Post a Comment

Previous Post Next Post