ദേശീയ പണിമുടക്ക്: പന്തക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ നേരിയ സംഘർഷം
മാഹി : ദേശീയ പണിമുടക്കിനെതുടർന്ന് പന്തക്കൽ പി.എം.ശ്രീ ഐ.കെ.കെ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നേരിയ സംഘർഷം. രാവിലെ വിദ്യാലയത്തിലെത്തിയ സമരക്കാർ സ്കൂൾ വിടണമെന്ന് വൈസ് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. റീജിനൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ സ്കൂൾ വിടാൻ പറ്റുകയുള്ളൂ എന്ന് സമരക്കാരോട് പറഞ്ഞു. തുടർന്ന് സമരക്കാർ ഏറെനേരം വിദ്യാലയത്തിൽ നിന്നും എങ്കിലും സ്കൂൾ വിട്ടില്ല. തുടർന്ന് സംഘർഷസാധ്യത കണക്കിലെടുത്ത് പന്തക്കൽ എസ് ഐ ഹരിദാസൻ , പള്ളൂർ എസ് ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്കൂളിൽ നിലയുറപ്പിച്ചു.
പതിവുപോലെ വൈകിട്ട് 04:20ന് സ്കൂള് വിട്ടപ്പോൾ സമരക്കാർ സ്കൂളിന് മുന്നിലെത്തി പണിമുടക്കായതിനാൽ അധ്യാപകർ സ്വന്തം വാഹനങ്ങളിൽ പോകാൻ പാടില്ല എന്ന് പറഞ്ഞു കൊണ്ട് അധ്യാപകരെ വാഹനങ്ങൾ എടുക്കാൻ അനുവദിച്ചില്ല.തുടർന്ന് പൊലീസ് വാഹനത്തിലാണ് അധ്യാപകരെ മാഹിയുടെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചത്. അധ്യാപകരുമായി പോകുന്ന വാഹനത്തെ സമരക്കാർ തടയാൻ ശ്രമിച്ചെങ്കിലും പോലീസ് സന്ദർഭോചിതമായി ഇടപെട്ടതിനാൽ സംഘർഷം ഒഴിവായി.
Post a Comment