◾ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലായി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കുകയും ചെയ്തതോടെ ജനം വലഞ്ഞു. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞതോടെ യാത്രക്കാര്‍ പെരുവഴിയിലായി. കെഎസ്ആര്‍ടിസിയില്‍ നൂറില്‍ത്താഴെ ബസുകള്‍മാത്രമാണ് ഓടിയത്. സ്വകാര്യവാഹനങ്ങള്‍ തടഞ്ഞതും കടകള്‍ അടപ്പിച്ചതും പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. എതിര്‍ത്തവരെ സമരാനുകൂലികള്‍ കൈയേറ്റംചെയ്തു. ജോലിക്കെത്തിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. ട്രെയിന്‍ ഒഴികെ പൊതുഗതാഗതമേഖല പൂര്‍ണമായി സ്തംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ജൂലൈ 10 വ്യാഴം
1200 മിഥുനം 26 പൂരാടം
1447 മുഹർറം 13
◾ സംസ്ഥാന സര്‍ക്കാര്‍ സ്പോണ്സര് ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും പണിമുടക്ക് ജനജീവിതത്തെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
◾ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര് ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്കി. അതിനിടെ മലപ്പുറത്ത് മരണമടഞ്ഞ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. കോട്ടയ്ക്കല്‍ മിംസില്‍ നിപ രോഗിയോടൊപ്പം ഐസിയുവില്‍ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ രോഗിയാണ് മരിച്ചത്.
◾ കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അതിവേഗ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ വേണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈയാഴ്ചയോടെ തുടങ്ങാനിരുന്ന പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കിയാണ് കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നത്.
◾ മതവും ജാതിയുമില്ലാതെ വളരുന്ന കുട്ടികള്‍ നാളയുടെ വാഗ്ദാനമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതം ചേര്‍ക്കാതെ കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാനും പഠിപ്പിക്കാനും തയ്യാറായ ഓരോരുത്തരേയും അനുമോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
◾ ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉയര്‍ത്തിയ നിലപാട് തള്ളി കെ സുധാകരന്. സര്‍ക്കാറിനെ കുറ്റപ്പെടുത്താനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കടകവിരുദ്ധമായാണ് കെ സുധാകരന്റെ പ്രതികരണം. വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നാണ് കെ സുധാകരന് പറഞ്ഞത്.
◾ കേരളത്തിലെ വിനോദസഞ്ചാരമേഖലയെ പിന്നോട്ടുവലിക്കാന്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അതിലൊന്നും തട്ടിവീഴാതെ മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയപരമായി മന്ത്രിയെ ആക്രമിക്കുന്നത് തെറ്റല്ലെന്നും എന്നാല്‍, ടൂറിസംപോലൊരു മേഖലയെ തകര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വിവാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പറഞ്ഞു.
◾ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം വടക്കന്‍ കേരളത്തില്‍ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ അനിശ്ചിതകാല അവധിക്കായി അപേക്ഷിച്ച കേരള സര്‍വ്വകലാശാല റജിസ്ട്രാര്‍ അനില്‍കുമാറിന്റെ, സസ്പെന്ഷനിലിരിക്കുമ്പോഴുള്ള, അവധി അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്ന്് വിസി മോഹന്‍ കുന്നുമ്മല്‍. ജൂലൈ 9 മുതല്‍ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷിച്ചത്. തന്റെ ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനായിരുന്നു വിസിയുടെ മറുപടി.
◾ സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ പരമാവധി 1300 വോട്ടര്‍മാര്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 1600 വോട്ടര്‍മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷന് ക്രമീകരണമെന്ന നിര്‍ദേശത്തിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്.
◾ പിഎം കുസും പദ്ധതി പ്രകാരം സൗരോര്‍ജ്ജ പമ്പുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി നടത്തിയ 240 കോടി രൂപയുടെ ടെന്‍ഡറില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും പുറത്തുവിട്ടായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
◾ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണ് എന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനമറിയിച്ചത്. 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന് മാറ്റാമെന്നാണ് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളില്‍ ജാനകി എന്നത് മ്യൂട്ട് ചെയ്യും. സെന്‍സര്‍ ബോര്‍ഡാണ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചത്.
◾ ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെന്‍സര്‍ഷിപ്പ് ചെയ്യുന്നതെന്ന് പ്രശസ്താ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിര്‍മ്മാതാക്കള്‍ വഴങ്ങിയ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.
◾ കെറ്റാമെലോണ്‍ ഡാര്‍ക്ക്നെറ്റ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണത്തിന് തയ്യാറെടുത്ത് ഇഡി യും. എന്‍ സി ബിയില്‍ നിന്ന് കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഇടപാടുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായാണ് സംശയം. എഡിസനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. കോടികളാണ് ലഹരി ഇടപാടിലൂടെ എഡിസണ് സമ്പാദിച്ചത്.
◾ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. വിവരാവകാശ രേഖപ്രകാരം എന്‍ പ്രശാന്ത് നല്കിയ അപേക്ഷകള്‍ സംബന്ധിച്ച് നിയമ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി നല്‍കിയെന്നാണ് ആരോപണം. മറുപടികള്‍ പരമാവധി താമസിപ്പിക്കാനും മുട്ടാപ്പോക്ക് പറഞ്ഞ് വിവരങ്ങള്‍ നിഷേധിക്കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയെന്നും എന്‍ പ്രശാന്ത് ആരോപിക്കുന്നു. നിയമം വിട്ട് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫൊര്‍മ്മേഷന്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചാല്‍ അത് ക്രിമിനല്‍ ഗൂഡാലോചനയാവുമെന്ന മുന്നറിയിപ്പാണ് എന്‍ പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.
◾ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന് ജീവനൊടുക്കിയതാണെന്നും മറ്റു വഴികളില്ലാതിരുന്നതിനാല്‍ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. സാമൂഹ്യമാധ്യമം വഴി നേരത്തെ ഇതേ വാദം പ്രതി ഉന്നയിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
◾ തിരുവനന്തപുരം പാളയം പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ 13 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് സിബിഐ റിപ്പോര്‍ട്ട്. കുട്ടി ലൈഗിംകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിച്ച ഫൊറന്‍സിക് ഡോക്ടറുടെ സംശയം തള്ളിയാണ് പോക്സോ കോടതിയില്‍ സിബിഐ നല്കിയ റിപ്പോര്‍ട്ട്.
◾ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിന് ഷാഹിര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരന് സിറാജാണ് ഹര്‍ജി നല്‍കിയത്. സൗബിന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
◾ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം നിര്‍ണ്ണയിക്കാനായി ഡിഎന്‍എ പരിശോധന നടത്താന്‍ മതിയായ കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആര്‍എംജോഷിയുടെ നാഗ്പൂര്‍ ബെഞ്ച് ഇത് പറഞ്ഞത്. അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരം ജനിതക പരിശോധനകള്‍ക്ക് ഉത്തരവിടാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ താനാണെന്ന സര്‍വെ ഫലം പങ്കുവെച്ച് തരൂര്‍. സ്വകാര്യ സര്‍വെ ഫലം സംബന്ധിച്ച് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാര്‍ത്ത തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. കൂപ്പുകൈ ഇമോജിയോടെയാണ് തരൂര്‍ ഇത് പങ്കുവെച്ചത്. 28.3 ശതമാനം പേര് തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടതായാണ് സര്‍വേ ഫലം.
◾ കെഎസ്ആര്‍ടിസി ബസുകളിലേതു പോലെ കണ്‍സഷനുവേണ്ടി സ്വകാര്യബസുകളിലും ആപ്പ് വരുമെന്ന് ഗതാഗതമന്ത്രി. വിദ്യാര്‍ഥികളല്ലാത്തവര്‍ കണ്സഷന് യാത്ര നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. വിദ്യാര്‍ഥികളെ രജിസ്റ്റര്‍ ചെയ്യിച്ചശേഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് കാര്‍ഡ് നല്‍കും. അതോടെ കണ്സഷന് പ്രയോജനപ്പെടുത്തുന്നവരുടെ യഥാര്‍ഥ കണക്കെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
◾ അന്താരാഷ്ട്രബഹിരാകാശനിലയത്തില്‍ പരീക്ഷണങ്ങളുടെ ഭാഗമായി ഉലുവയും ചെറുപയറും മുളപ്പിച്ച് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല. വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളര്‍ച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു പരീക്ഷണം. 14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുഭാംശു ഉള്‍പ്പെടെയുള്ള ആക്സിയം-4 ദൗത്യത്തിലെ നാല്‍വര്‍ സംഘം ജൂണ്‍ 26-ന് ഐഎസ്എസിലെത്തിയത്. ഫ്ലോറിഡ തീരത്തെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇനി എപ്പോള്‍ വേണമെങ്കിലും സംഘത്തിന്റെ മടക്കയാത്ര പ്രതീക്ഷിക്കാം.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഘാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെത്തി. ആഫ്രിക്കയില്‍ ഇന്ത്യ ഏറെ വിലമതിക്കുന്ന വിശ്വസ്തപങ്കാളിയാണ് നമീബിയയെന്ന് മോദി പറഞ്ഞു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നമീബിയന്‍ പ്രസിഡന്റ് നെതുംബോ നന്ഡി-എന്ഡൈത്വാഹുമായി മോദി കൂടിക്കാഴ്ച നടത്തും.
◾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ബിഹാറിലെ മഹാസഖ്യത്തിന്റെ പ്രക്ഷോഭവേദിയില്‍. ഇരുവരും തോളില്‍ കൈയിട്ട് നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പട്നയില്‍ നടന്ന മഹാസഖ്യത്തിന്റെ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു ഇരുവരും. ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സിപിഐ (എംഎല്) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
◾ സുഹൃത്തായ യുവാവ് ഇന്റര്‍നെറ്റില്‍ പങ്കുവച്ച യുവ അഭിഭാഷകയുടെ സ്വകാര്യ ചിത്രങ്ങള്‍ നീക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ വാദം കേള്‍ക്കെ വികാരാധീനനായ ജഡ്ജ്, 'എന്റെ മകള്‍ക്കായിരുന്നു ഇങ്ങനെ വന്നതെങ്കില്‍ സഹിക്കാനാകുമോ' എന്ന് ചോദിച്ചു. അഭിഭാഷകയുടെ സുഹൃത്തായ യുവാവ് അപ്ലോഡ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും 48 മണിക്കൂറില്‍ നീക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന് നിര്‍ദേശം നല്കി.
◾ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കാന്റീന് നടത്തിപ്പുകാരനെ ശിവസേന എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ കാന്റീനിന്റെ ലൈസന്‍സ് റദ്ദാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വകുപ്പാണ് ലൈസന്ഡസ് റദ്ദാക്കിയത്. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പരിശോധനയ്ക്കായി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം.
◾ രാഷ്ട്രീയ ജീവിതത്തില്‍നിന്ന് വിരമിച്ചശേഷം വേദങ്ങളിലും ഉപനിഷത്തുകളിലും ജൈവകൃഷിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്നലെ നടന്ന 'സഹ്കാര്‍ സംവാദ്' എന്ന പരിപാടിയിലെ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ വനിതാ പ്രവര്‍ത്തകരുമായുള്ള സംവാദത്തിലാണ് അമിത്ഷായുടെ പ്രസ്താവന.
◾ പഞ്ചാബിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. 'മുഖ്യമന്ത്രി സേഹത് ഭീമായോജന' പദ്ധതിയിലാണ് ഓരോ കുടുംബത്തിനുമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷപത്തുലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രി ഭഗവന്ത് മാന്നും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും ചേര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്.
◾ തീവ്രവാദിയെ സാധാരണക്കാരനെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ച് ചാനല്‍ ചര്‍ച്ചയില്‍ വെളളം കുടിച്ച് പാകിസ്ഥാന് മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്. ഹിന പറഞ്ഞത് കള്ളമാണെന്ന് അവതാരകന് തത്സമയം തെളിയിച്ചു. അല്‍ ജസീറയിലെ അഭിമുഖത്തിലാണ് സംഭവം.
◾ ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ബില്‍ ഗേറ്റ്സ്. 124 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുന്‍ സഹായിയും മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയുമായ സ്റ്റീവ് ബാല്‍മറിനേക്കാള്‍ വളരെ താഴെയാണ് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം.
◾ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചുകൊണ്ടുള്ള ഹൈപ്പര്‍സോണിക് റോക്കറ്റ് പരീക്ഷണപദ്ധതി യുഎസ് വ്യോമസേന റദ്ദാക്കി. പസഫിക് മേഖലയിലെ വന്യജീവിസങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളിയില്‍ നിന്നാണ് റോക്കറ്റിന്റെ പരീക്ഷണവിക്ഷേപണങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വ്യോമസേന പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സേനയുടെ സ്വതന്ത്രപ്രസിദ്ധീകരണമായ സ്റ്റാര്‍സ് ആന്‍ഡ് സ്ട്രൈപ്സ് റിപ്പോര്‍ട്ട് ചെയ്തു.
◾ ഇലോണ്‍ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കി ഇന്‍സ്പേസ്. സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തുടങ്ങാന്‍ ഇന്‍സ്പേസിന്റെ അനുമതി ലഭിച്ചത്.
◾ ഫ്ലോറിഡയിലെ തന്റെ ആഢംബര വസതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്. സൂര്യപ്രകാശമേറ്റ് കിടക്കുമ്പോള്‍ ഒരുപക്ഷേ അദ്ദേഹത്തിനുമേല്‍ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിന്റെ പൊക്കിളില്‍ ഒരു ചെറു ഡ്രോണ്‍ ചെന്നിടിച്ചേക്കാമെന്നും ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമീനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനി പറഞ്ഞു.
◾ ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്സില്‍ ഇന്ന് തുടക്കമാകും. എജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി ആയിരത്തിലധികം റണ്‍സും 20 വിക്കറ്റും നേടി ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്.
◾ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡിന് നാണംകെട്ട തോല്‍വി. ഏകപക്ഷീയമായ നാല് ഗോളിനാണ് സ്പാനിഷ് വമ്പന്മാര് ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളോട് തോറ്റത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പിഎസ്ജിയും ചെല്‍സിയും ഏറ്റുമുട്ടും.
◾ ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ബില്‍ ഗേറ്റ്സ്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം 12-ാം സ്ഥാനത്താണ് ഇപ്പോള്‍ ബില്‍ ഗേറ്റ്സ്. 124 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്സിന്റെ ആസ്തി. കൂടാതെ, തന്റെ മുന്‍ സഹായിയും മൈക്രോസോഫ്റ്റിന്റെ മുന്‍ സിഇഒയുമായ സ്റ്റീവ് ബാല്‍മറിനേക്കാള്‍ വളരെ താഴെയാണ് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. ഇതിന്റെ കാരണം, ഒരാഴ്ചകൊണ്ട് ബില്‍ ഗേറ്റ്സിന്റെ ആസ്തി 30%.ഇടിഞ്ഞതാണ്. ജീവകാരുണ്യ സംഭാവനകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തിയില്‍ 52 ബില്യണ്‍ ഡോളര്‍ ഇടിവ് സംഭവിച്ചതിന്റെ പ്രധാന കാരണം. അദ്ദേഹത്തിന്റെ ആസ്തി 175 ബില്യണ്‍ ഡോളറില്‍ നിന്ന് 124 ബില്യണ്‍ ഡോളറായി ഒറ്റയടിക്ക് കുറഞ്ഞു. ബാല്‍മറിന്റെ നിലവിലെ ആസ്തി 172 ബില്യണ്‍ ഡോളറാണ്. ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്കാണ്. 253 ബില്യണ്‍ ഡോളറുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ്, 248 ബില്യണ്‍ ഡോളറുമായി ലാറി എലിസണ്‍, 244 ബില്യണ്‍ ഡോളറുമായി ജെഫ് ബെസോസ് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്.
◾ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'മഹാവതാര്‍ നരസിംഹ'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വന്‍ ത്രീഡി വിസ്മയമാകും സിനിമ എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. അശ്വിന് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവും ജനപ്രിയ ഇതിഹാസവുമായ നരസിംഹയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം ജൂലൈ 25ന് തിയറ്ററുകളില്‍ എത്തും. ഹോംബാലെ ഫിലിംസും ക്ലീം പ്രൊഡക്ഷന്‍സും ഒരുക്കുന്ന ആനിമേറ്റഡ് ഫ്രാഞ്ചൈസിയായ മഹാവതാര്‍ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് നരസിംഹ. 12 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഈ ചലച്ചിത്ര പരമ്പരയ്ക്ക് 2025-ല്‍ മഹാവതാര്‍ നരസിംഹത്തോടെ ആരംഭം കുറിക്കും. 2037-ല്‍ മഹാവതാര്‍ കല്‍ക്കി രണ്ടാം ഭാഗത്തില്‍ അവസാനിക്കുന്ന രീതിയിലാണ് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. മഹാവതര്‍ പരശുരാം (2027), മഹാവതര്‍ രഘുനന്ദന് (2029), മഹാവതര്‍ ധാവകദേശ് (2031), മഹാവതര്‍ ഗോകുലാനന്ദ (2033), മഹാവതര്‍ കല്‍ക്കി ഭാഗം 1 (2035), മഹാവതര്‍ കല്‍ക്കി രണ്ടാം ഭാഗം (2037) എന്നിങ്ങനെയാണ് പരമ്പരയിലെ മറ്റ് സിനിമകളും റിലീസ് വര്‍ഷങ്ങളും.
◾ 'രാമായണ' സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന രണ്‍ബീര്‍ കപൂറിന്റെയും യഷിന്റെയും പ്രതിഫല വിവരങ്ങള്‍ പുറത്ത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രാമനും രാവണനുമായാണ് സൂപ്പര്‍താരങ്ങള്‍ എത്തുക. സീതയായി സായി പല്ലവിയും വേഷമിടുന്നു. രണ്ട് ഭാഗങ്ങളായാണ് ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. 1600 കോടിയാണ് രണ്ട് ഭാഗങ്ങള്‍ക്കും കൂടി ചെലവ് വരികയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027ലും പുറത്തിറങ്ങും. അതേസമയം 150 കോടിയാണ് ചിത്രത്തിനായി രണ്‍ബീര്‍ കപൂര്‍ പ്രതിഫലം വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം നടന് പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. യഷിന്റെ പ്രതിഫലം 100 കോടിയാണ് എന്നാണ് വിവരം. 50 കോടി വീതമാണ് രണ്ട് ഭാഗങ്ങള്‍ക്കുമായി യഷ് വാങ്ങുന്നത്. സായി പല്ലവിക്ക് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് കോടി വീതമാണ് രണ്ട് ഭാഗങ്ങള്‍ക്കുമായി നടി വാങ്ങുക. രാവണനായി വേഷമിടുന്ന യഷിന് രാമായണം ഒന്നാം ഭാഗത്തില്‍ വെറും 15 മിനിറ്റ് മാത്രമേ സ്ക്രീന്‍ടൈം ഉണ്ടാകൂ.
◾ ഒരുകാലത്ത് ഇന്ത്യയിലെ പുതുതലമുറയുടെ ഹരമായിരുന്നു കൈനറ്റിക്-ഹോണ്ട കൂട്ടുകെട്ടില്‍ ഇറങ്ങിയ ഡി.എസ് ടൂ സ്ട്രോക്ക് സ്കൂട്ടറുകള്. 1984ല്‍ പുറത്തിറങ്ങിയ 98 സി.സി സ്കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കൈനറ്റിക് ഗ്രീന്‍. ഡി.എസ് സ്കൂട്ടറിന്റെ യഥാര്‍ത്ഥ ഡിസൈന്‍ നിലനിറുത്തി പുതുതലമുറ ഫീച്ചറുകളും ചേര്‍ത്ത വാഹനം ഇന്ത്യയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വിപണിയിലുള്ള ബജാജ് ചേതക്, ടി.വി.എസ് ഐക്യൂബ് പോലുള്ള മോഡലുകളിലേത് പോലെ ഹബ്ബ് മൗണ്ടഡ് മോട്ടോറാണ് ഇതിലുമുള്ളത്. പെര്‍ഫോമന്‍സിനേക്കാള്‍ പ്രായോഗികതക്ക് മുന്‍തൂക്കം നല്കുന്ന ഡിസൈനാണിത്. വാഹനത്തിന്റെ ബാറ്ററി ശേഷി, റേഞ്ച്, മോട്ടോര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മുന്നിലും പിന്നിലും 12 ഇഞ്ച് ടയര്‍ നല്‍കിയിട്ടുണ്ട്. ഫാമിലി സ്കൂട്ടറെന്ന നിലയില്‍ വിപണിയിലെത്തിക്കുന്ന മോഡല്‍ ഒരു ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വാഹനം വിപണിയിലെത്തുമെന്നും കരുതുന്നു.
◾ ടി.ഡി. രാമകൃഷ്ണന്റെ ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക, അന്ധര്‍ ബധിരര്‍ മൂകര്‍, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തില്‍ എത്ര ആഴത്തില്‍ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങള്‍. 'അധികാരാസക്തിയുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍'. ഡോ.ദീപ സി.കെ. ഡിസി ബുക്സ്. വില 315 രൂപ.
◾ ക്ലസ്റ്റര്‍ തലവേദന എന്നത് ഒരു ന്യൂറോളജിക്കല്‍ ഡിസോഡറാണ്. തലയുടെ ഒരു വശത്ത് സാധാരണയായി കണ്ണിന് ചുറ്റും, ആവര്‍ത്തിച്ചുണ്ടാകുന്ന കടുത്ത തലവേദനയാണ് ഇത്. തലവേദനയ്ക്കൊപ്പം പലപ്പോഴും കണ്ണില്‍ നിന്ന് വെള്ളം വരിക, മൂക്കൊലിപ്പ്, കണ്ണിന് ചുറ്റം വീക്കം എന്നിവയും ഉണ്ടാകാറുണ്ട്. ഇത് 15 മിനിറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ നീണ്ടു നില്ക്കാം. ദിവസത്തില്‍ പല തവണയായി വേദന വന്നു പോകാം. ദിവസങ്ങളോളം ഒരേ സമയത്ത് ആവര്‍ത്തിച്ചു അസഹനീയമായ വേദനയുണ്ടാകുന്നത് ക്ലസ്റ്റര്‍ തലവേദനയുടെ പ്രത്യേകതയാണ്. ഇത് ഒരുപക്ഷേ ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം നിലനില്ക്കാം. കൃത്യമായ ചികിത്സയിലൂടെ മാത്രമേ ക്ലസ്റ്റര്‍ തലവേദന പരിഹരിക്കാനാകൂ. ചില സാധാരണ തലവേദന തരങ്ങളും അവയുടെ കാരണങ്ങളുമറിയാം. പലപ്പോഴും സമ്മര്‍ദം അല്ലെങ്കില്‍ കഴുത്ത് സംബന്ധമായ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന തലവേദനയാണ് ടെന്‍ഷന്‍ തലവേദന. ക്ലസ്റ്റര്‍ തലവേദനയെന്നാല്‍ തീവ്രമായ, ഏകപക്ഷീയമായ, കണ്ണുമായി ബന്ധപ്പെട്ട വേദനയാണിത്. ക്ലസ്റ്റര്‍ തലവേദന വളരെ അപൂര്‍വമാണ്. ലോകജനസംഖ്യയുടെ ഏതാണ്ട് 0.1 ശതമാനം ആളുകളില്‍ മാത്രമാണ് ക്ലസ്റ്റര്‍ തലവേദന ഉണ്ടാവുക എന്നാണ് വിദഗ്ദര്‍ പറയുന്നത്. സൈനസ് തലവേദന ജലദോഷം, പനി തുടങ്ങിയവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തലവേദനയാണ്. ബിപിയുമായി ബന്ധപ്പെട്ട തലവേദനയുമുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദവുമായി ഇത്ബന്ധപ്പെട്ടിരിക്കുന്നു. ബ്രെയിന്‍ ട്യൂമര്‍ തലവേദനയെന്നാല്‍ സ്ഥിരവും പുരോഗമിക്കുന്ന തരത്തിലുള്ളതാണ്.
*ശുഭദിനം*
*കവിത കണ്ണന്*
അന്നത്തെ ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ശിഷ്യന് ഗുരുവിനോട് സംശയം ചോദിച്ചു: ഒരു വീട്ടിലെ സഹോദരങ്ങള്‍ മിക്കവാറും ഒരുപോലെയാണെങ്കിലും എന്തുകൊണ്ട് ചിലര്‍ മാത്രം വലിയ വിജയങ്ങള്‍ നേടുകയും ചിലരുടെ ജീവിതം പരാജയപ്പെടുകയും ചെയ്യുന്നു. ഗുരു അവനെയും കൂട്ടി ഒരു തടാകത്തിനടുത്തെത്തി. കയ്യിലുണ്ടായിരുന്ന ഒരേപോലെയുളള രണ്ട് മണ്‍കുടങ്ങള്‍ കാണിച്ച് അതിനെന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം വ്യത്യാസമൊന്നും കണ്ടില്ലെങ്കിലും ഒരു കുടത്തില്‍ സുഷിരമുളളതായി അവന് കണ്ടെത്തി. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം രണ്ടുകുടങ്ങളും അവന് തടാകത്തിലേക്കെറിഞ്ഞു. ഒരെണ്ണം പൊങ്ങിക്കിടന്നു. സുഷിരമുളളത് പതിയെ മുങ്ങിത്താണു. ഗുരു പറഞ്ഞു: ഒരേ പോലെയിരുന്നാലും സ്വഭാവത്തില്‍ ന്യൂനതകളുണ്ടെങ്കില്‍ അയാള്‍ നശിക്കുകയേ ഉള്ളൂ.. ഒരുപോലെ കാണപ്പെടുന്നവരെല്ലാം ഒരുപോലെ വിജയശ്രീലാളിതരാകാറില്ല. ഒരുമിച്ചു യാത്ര തുടങ്ങിയാലും ഒരുമിച്ച് അത് പൂര്‍ത്തിയാക്കുന്നവര്‍ വിരളമായിരിക്കും. വ്യത്യാസമെന്തെന്നാല്‍ അത് മനോഭാവത്തിന്റെയും പെരുമാറ്റത്തിന്റെതുമാണ്. പ്രത്യക്ഷത്തില്‍ എല്ലാം ഒരുപോലെയായിരിക്കാം. നേടിയ അറിവുകളും ചെയ്യുന്ന ജോലിയും സമാനമായിരിക്കാം. പക്ഷേ, നാം കാണാതെ പോകുന്ന സൂക്ഷ്മമായതും പ്രധാനമായതുമായ ചില ഘടകങ്ങളാണ് പലരേയും വ്യത്യസ്തരാക്കുന്നത്. സ്വന്തം പോരായ്മകള്‍ തിരിച്ചറിയുക എന്നതാണ് മെച്ചപ്പെടാനുളള ആദ്യപടി. ആ പോരായ്മകളെ പരിഹരിക്കുക. കുറവുകളെ തിരുത്തുക - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment