◾ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യമന്‍ പണ്ഡിതര്‍ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്. ദയാധനത്തിന്റെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്നും എന്നാല്‍ മാപ്പു നല്‍കാമെന്ന് ചര്‍ച്ചയില്‍ ധാരണയായിയെന്നും അന്തിമ ധാരണ ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നുമാണ് പണ്ഡിതര്‍ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാര്‍ത്ത നിഷേധിച്ച് തലാലിന്റെ സഹോദരന്‍ രംഗത്തെത്തി. ആരുമായി ചര്‍ച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും വാര്‍ത്ത തെറ്റെന്നും നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവല്‍ ജെറോമും പറഞ്ഞു. കേന്ദ്ര വിദേശകാര്യമന്ത്രാലയവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
2025 | ജൂലൈ 29 | ചൊവ്വ
1200 | കർക്കിടകം 13 | ഉത്രം
❊❊❊❊❊❊❊❊❊❊❊❊❊❊❊
◾ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവര്‍ത്തനവും നടന്നുവെന്നും ഇത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും നിയമപ്രകാരം നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും വിഷ്ണു ദേവ് സായ് കൂട്ടിച്ചേര്‍ത്തു.
◾ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കെസി വേണുഗോപാല്‍ എംപി. പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എഫ്ഐആറില്‍ അന്വേഷണം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്രംഗദളിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ എന്ത് നീതിയാണ് ലഭിക്കുകയെന്ന് ചോദിച്ച കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ വലിയ ഗൂഢാലോചനയാണ് ഇതില്‍ നടന്നതെന്ന് വ്യക്തമാകുന്നുവെന്നും പറഞ്ഞു.
◾ ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ചുമത്തിയത് ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ നേതൃത്വം. ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാല്‍, പിന്നീട് നിര്‍ബന്ധിത മതപരിവര്‍ത്തനം കൂടി ചുമത്തുകയായിരുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, സിബിസിഐ സെക്രട്ടറി ജനറല്‍ ഫാ. മാത്യു കോയിക്കല്‍, വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സഭയ്ക്ക് വേദനയും പ്രതിഷേധവുമുണ്ടെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് പറഞ്ഞു. ഇത് സ്വാതന്ത്ര്യ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചോദ്യം ചെയ്യപ്പെടുന്നത് മത സ്വാതന്ത്ര്യമാണെന്നും രാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ക്ലിമിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണിതെന്നും രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ലെന്നും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും ആര്‍ച്ച് ബിഷപ്പ് പാംപ്ലാനി പറഞ്ഞു.
◾ മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയ്ക്ക് മുന്‍പും ഇവിടെ വെച്ച് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സഹോദരന്മാര്‍ പറഞ്ഞു. മുന്‍പ് ചത്തീസ്ഗഡിലെ ഒരു പള്ളി പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വന്ദനയടക്കമുളളവരെ ആശുപത്രിയില്‍ പൂട്ടി ഇട്ട സംഭവമുണ്ടായിട്ടുണ്ടെന്ന് സഹോദരന്‍ ജിന്‍സ് പറഞ്ഞു. അറസ്റ്റ് ചെയ്ത ശേഷം വന്ദനയോട് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അറസ്റ്റില്‍ പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയെ ശക്തമായ അപലപിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് നേരെ നടന്ന ഗുരുതരമായ ആക്രമണമാണിതെന്നും ഒറ്റപ്പെട്ട സംഭവമല്ലെന്നും ജാതിമത രാഷ്ട്രീയത്തിനും ആള്‍ക്കൂട്ട നീതിക്കും ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു.
◾ എഡിജിപി എംആര്‍ അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല വിവാദത്തെ തുടര്‍ന്നാണ് അജിത് കുമാറിനെ പൊലീസില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. നിലവിലെ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പ്രവേശിച്ചിരുന്നു. ബറ്റാലിയനില്‍ നിന്നും മാറ്റിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.
◾ കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ കളക്ടര്‍. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളുകള്‍ക്ക് പുറമെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് മറ്റ് 15 സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
◾ സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം സംസ്ഥാനം സുപ്രധാന തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
◾ വടക്കാഞ്ചേരി അകമലയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങിയതായി സംശയം.അകമല കുഴിയോട് വെള്ളാംകുണ്ടില്‍ വീട്ടില്‍ ഗോവിന്ദന്‍കുട്ടിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച രാവിലെ കടുവയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
◾ ലഹരിക്കടിമയായ മകന്‍ അമ്മയെ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം. 21കാരനായ റമീസാണ് അമ്മ സഫിയയെ കുത്തിയത്.സഫിയയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്. റമീസിനെ താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ രണ്ട് തവണ ഡിഅഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ട്.
◾ കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കി. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ കെ പ്രസന്നന്‍ ആണ് മൊഴി നല്‍കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രാസ പരിശോധന റിപ്പോര്‍ട്ടിലും മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ഡോക്ടര്‍ പ്രസന്നന്‍ മൊഴി നല്‍കി. പ്രതി ജോളി ജോസഫ് കടലക്കറിയില്‍ സയനൈഡ് ചേര്‍ത്തു നല്‍കി റോയ് തോമസിനെ കൊലപ്പെടുത്തി എന്നാണ് കേസ്.
◾ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും സിപിഎമ്മും തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോള്‍, ജനാധിപത്യ വിരുദ്ധമായി തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാനാണ് ഇടതുപക്ഷം ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഎം ഓഫീസില്‍ നിന്നും നല്‍കിയ രാഷ്ട്രീയ ഭൂപടത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് വിഭജനം നടപ്പിലാക്കിയിരിക്കുന്നത്. വാര്‍ഡ് വിഭജനത്തിന് നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരും പ്രാദേശിക നേതാക്കളുമാണെന്നും അദ്ദേഹം പറഞ്ഞു.
◾ കോട്ടയം ചങ്ങനാശ്ശേരി പെരുന്നയില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറിന് പരിക്കേറ്റു. പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറായ ചങ്ങനാശ്ശേരി സ്വദേശി നിസാറിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.
◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവിനെ അമേരിക്കയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജയദീപ് പട്ടേല്‍ (31) ആണ് പിടിയിലായത്. ഫീനിക്സിലെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ മുന്‍പ് ബിഹേവിയറല്‍ ഹെല്‍ത്ത് ടെക്നീഷ്യനായിരുന്നു ഇയാള്‍.പ്രതിയുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് 1200 ഓളം അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയെന്നാണ് വിവരം.
◾ ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ വീട്ടമ്മയുടേതാണ് ശരീര അവശിഷ്ടങ്ങളാണെന്നാണ് സംശയം. ആള്‍ താമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ കോട്ടുമുറി സ്വദേശി ജൈനമ്മയുടേതാണെന്നാണ് പൊലീസിന്റെ സംശയം. ഡിസംബര്‍ 23നാണ് ജൈനമ്മയെ കാണാതായത്.
◾ ചെങ്ങന്നൂരില്‍ വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങിയ യുവതി അറസ്റ്റില്‍. പാലക്കാട് ഒറ്റപ്പാലം, പനമണ്ണ, അനങ്ങനാടി, അമ്പലവട്ടം ഭാഗത്തെ അമ്പലപ്പള്ളിയില്‍ ശാലിനി(40)യെ ചെങ്ങന്നൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി സമാന കേസുകളില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദിനംപ്രതി പരിശോധിക്കുന്നതിന് മേല്‍നോട്ട സമിതിയുടെ സ്ഥിരം ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ. ഇത് സംബന്ധിച്ച നിര്‍ദേശം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് നല്‍കണമെന്നാണ് ആവശ്യം. മുല്ലപ്പെരിയാര്‍ കേസിലെ ഹര്‍ജിക്കാരനായ ഡോ ജോ ജോസഫ് ആണ് സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.
◾ സിപിഎം സൈബറിടങ്ങളില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടുമെന്നും കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
◾ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ മഹാരാഷ്ട്ര മോഡല്‍ അട്ടിമറി നടത്തി സിപിഎമ്മിനെ രാഷ്ട്രീയമായി സഹായിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. വ്യാപകമായ പരാതികളാണ് വോട്ടര്‍ പട്ടികയെ പറ്റി പുറത്തു വന്നിട്ടുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ കല്‍പ്പറ്റ പടിഞ്ഞാറത്തറക്കടുത്ത പുതുശ്ശേരിക്കടവില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറും മുണ്ടക്കുറ്റി സ്വദേശിയുമായ മാണിക്യ നിവാസില്‍ ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്. ബാങ്ക്ക്കുന്ന്- തേര്‍ത്തുക്കുന്ന് കുന്ദമംഗലം കടവില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.
◾ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഫോറെന്‍സിക് ഫലം ലഭിച്ചു. മരണത്തില്‍ മറ്റു അസ്വാഭാവികതകള്‍ ഇല്ലെന്നാണ് സൂചന. അതേസമയം, മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. അതുല്യയുടെ രേഖകള്‍ ഭര്‍ത്താവ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഏല്പിച്ചു. 19-ാം തിയ്യതി പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്.
◾ ആലപ്പുഴയിലെ കല എന്ന സ്ത്രീയുടെ കൊലപാതകത്തിന്റെ അന്വേഷണം വഴിമുട്ടിയ നിലയില്‍. ഭര്‍ത്താവിനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ആരോപണമുയരുന്നുണ്ട്. കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്.
◾ ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാത്സംഗം ചെയ്ത് കൊന്നിട്ടുണ്ടെന്നും ഒട്ടേറെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ കത്തിച്ച് കുഴിച്ചു മൂടിയിട്ടുണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശുചീകരണ തൊഴിലാളി കൂടിയായ സാക്ഷി പോലിസിനോട് വെളിപ്പെടുത്തി. 1998-2014 കാലയളവിലാണ് ഈ സംഭവങ്ങള്‍ നടന്നതെന്നും കുടുംബത്തെ ഉള്‍പ്പെടെ കൊല്ലുമെന്ന ഭീഷണി വന്നതിനാലാണ് നാട് വിട്ടതെന്നും കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം എന്ന് തോന്നിയതിനാലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നുമാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ പ്രതിരോധ സേനാവിഭാഗങ്ങളുടെ മുഖമായി പ്രവര്‍ത്തിച്ച കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്കെതിരെ വീണ്ടും സുപ്രീം കോടതി. ഭീകരരുടെ സഹോദരിയെന്ന അധിക്ഷേപകരമായ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ നടത്തിയ ക്ഷമാപണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉയര്‍ത്തിയ കോടതി, അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്നലെ നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍.
◾ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആത്മഹത്യകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഐഐടി ഖരഗ്പൂരിലെയും ശാരദ സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് സംബന്ധിച്ച കേസുകളുടെ വാദം കേള്‍ക്കുകയായിരുന്നു സുപ്രീം കോടതി. ആത്മഹത്യകള്‍ സംബന്ധിച്ച ഉത്തരവാദിത്തം ഇരു സര്‍വ്വകാലാശാലകളിലെയും മാനേജ്‌മെന്റുകള്‍ ഏറ്റെടുക്കണമെന്നും പറഞ്ഞു.
◾ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം ഉയര്‍ത്തിയ ചോദ്യങ്ങളില്‍ മറുപടിയുമായി ബിജെപി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഉന്നയിച്ച ചോദ്യങ്ങളിലാണ് കോണ്‍ഗ്രസ് പാകിസ്ഥാനെ പ്രതിരോധിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
◾ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നതിനിടെ ഇടപെടല്‍ നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചെന്ന് രാഹുല്‍ ചോദിച്ചു. .സൈനിക നടപടി നിര്‍ത്താന്‍ പാകിസ്താന്‍ ഇന്ത്യയോട് യാചിച്ചുവെന്ന് രാജ്നാഥ് സിങ് സഭയില്‍ പറഞ്ഞതോടെയാണ് രാഹുല്‍ ഇടപെടല്‍ നടത്തിയത്.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ശ്രീനഗറിന് സമീപം സുരക്ഷാസേന വധിച്ച മൂന്ന് ഭീകരവാദികളിലൊരാള്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത സുലൈമാന്‍ ഷായാണ് എന്ന് സ്ഥിരീകരിച്ചു. ലഷ്‌കറെ തോയ്ബ ഭീകരവാദിയായ സുലൈമാന്‍ ഷാ മുമ്പ് പാക് സൈന്യത്തിലെ കമാന്‍ഡോയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുവില്‍ ഹാഷിം മൂസ എന്നാണ് സുലൈമാന്‍ ഷായെ അറിയപ്പെട്ടിരുന്നത്.
◾ പാക് പൗരന്മാര്‍ക്കുള്ള വീസ നിയന്ത്രണം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ലോക്‌സഭയില്‍ വിദേശകാര്യ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും ട്രംപും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
◾ മുഴുവന്‍ വ്യാപാര ചര്‍ച്ചകളും നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്ന് വീണ്ടും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ഇല്ലായിരുന്നുവെങ്കില്‍, ആറു വലിയ യുദ്ധങ്ങള്‍ സംഭവിക്കുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
◾ ഗാസയില്‍ നടക്കുന്നത് പലസ്തീന്‍കാരുടെ 'വംശഹത്യ'യാണെന്ന് ഇസ്രയേലിലെ രണ്ട് പ്രമുഖ സന്നദ്ധസംഘടനകള്‍. ഇവിടെ ജീവിക്കുകയും അനുദിന യാഥാര്‍ഥ്യങ്ങള്‍ക്ക് സാക്ഷികളാവുകയും ചെയ്യുന്ന നമുക്ക് കഴിയുന്നത്ര വ്യക്തതയോടെ സത്യം പറയാനുള്ള ചുമതലയുണ്ടെന്നും ഇതെല്ലാം വളരെ വേദനാജനകമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എന്നാല്‍, എന്‍ജിഒകളുടെ പ്രസ്താവന തള്ളിക്കളയുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
◾ ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ജോര്‍ജിയയിലെ ബാത്തുമിയില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയെ ടൈബ്രേക്കറില്‍ തോല്‍പ്പിച്ചാണ് നാഗ്പുര്‍ സ്വദേശിയായ ദിവ്യയുടെ കിരീട നേട്ടം. ജേതാവിനെ കണ്ടെത്താനുള്ള രണ്ടു ഗെയിമുകളും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.
◾ പുതിയ സാമ്പത്തിക വര്‍ഷത്തിലും കേരള സ്റ്രേറ്റ് ബിവറേജസ് കോര്‍പ്പറേഷന് ബെവ്‌കോ നല്ല തുടക്കം. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലായ് 20 വരെയുള്ള കാലയളവില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 296.09 കോടിയുടെ വര്‍ദ്ധനയുണ്ടായി. ബിയറിന്റെ വില്പനയില്‍ മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ നേരിയ കുറവുണ്ട്. ജൂലായ് 20 വരെ വെയര്‍ഹൗസുകളും ചില്ലറ വില്പനശാലകളും വഴി 6262.38 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5966.29 കോടിയായിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് 5471.42 കോടി നല്‍കി (കഴിഞ്ഞ വര്‍ഷം 5215.29 കോടി). ചില്ലറ വില്പന ശാലകള്‍ വഴി 54.10 ലക്ഷം കെയ്സ് മദ്യമാണ് വിറ്റത് (കഴിഞ്ഞ വര്‍ഷം 53.53 ലക്ഷം). വെയര്‍ഹൗസുകള്‍ വഴിയുള്ള വില്പന 17.02 ലക്ഷം കെയ്സായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19.5 കോടിയിലധികം നേടി റെക്കോഡ് വിറ്റുവരവാണ് ബെവ്കോ നേടിയത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 251 ശതമാനം നികുതി ഈടാക്കുമ്പോള്‍ വിദേശ നിര്‍മിത വിദേശ മദ്യത്തിന് ഇത് 86 ശതമാനമാണ്. വില്പന നികുതിയില്‍ ഇളവ് നല്‍കിയിട്ടും വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ എഫ്.എം എഫ് .എല്ലിന് കഴിഞ്ഞിരുന്നില്ല.
◾ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കാന്ത'യുടെ ടീസര്‍ എത്തി. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. ആരാധകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനമാണ് കാന്തയുടെ ടീസര്‍. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. സമുദ്രക്കനിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക ഭാഗ്യശ്രീ ബോര്‍സെ ആണ്. ചിത്രത്തില്‍ ചന്ദ്രന്‍ എന്ന സിനിമാ നടനായാണ് ദുല്‍ഖര്‍ എത്തന്നത്. തന്നെ താരമാക്കിയ സമുദ്രക്കനിയുടെ സംവിധായകനുമായി ചന്ദ്രന്‍ പിണക്കത്തിലാകുന്നതും ഇരുവരും വലിയ ശത്രുതയിലേക്ക് നീങ്ങുന്നതുമെല്ലാം ടീസറില്‍ കാണാം. പിരിയഡ് ഡ്രാമയായ കാന്ത ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. തമിഴില്‍ ഒരുക്കിയ കാന്ത തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലും തിയറ്ററുകളിലെത്തും.
◾ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര'യുടെ ടീസര്‍ പുറത്തു വിട്ടു. കല്യാണി പ്രിയദര്‍ശന്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമയില്‍ നസ്ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത് സൂപ്പര്‍ ഹീറോ കഥാപാത്രത്തെയാണ്. മലയാള സിനിമ ഇതുവരെ കാണാത്തൊരു ചിത്രമാണ് ലോക എന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഫാന്റസിയും ആക്ഷനും ഇമോഷനുമെല്ലാം കൂടിച്ചേര്‍ന്നൊരു സിനിമ. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക എന്ന പേരിലുള്ള സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. പിന്നാലെ മറ്റ് സിനിമകളും പുറത്തിറങ്ങും. ചിത്രത്തിന്റെ കഥാപശ്ചാത്തലവും മറ്റും ആരാധകര്‍ക്ക് അപ്പോഴും നിഗൂഢമാണ്. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ചന്തു സലീം കുമാര്‍, സാന്‍ഡി മാസ്റ്റര്‍, വിജയരാഘവന്‍, നിഷാന്ത് സാഗര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതേസമയം ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളെക്കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പരാതിയായിരുന്നു. അയാളുടെ വീടിനുമുമ്പിലൂടെയാണ് അയല്‍ഗ്രാമത്തിലേക്ക് പോകാനുളള എളുപ്പവഴി. അയാള്‍ ആ വഴിയുടെ ഇരുവശവും മുള്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ദേഹം മുള്ളുകൊണ്ട് മുറിഞ്ഞു. പലതവണ ആളുകള്‍ അയാളോട് ഈ മുള്‍ച്ചെടികള്‍ പിഴുതുകളയാന്‍ പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. പ്രശ്‌നം ഗ്രാമത്തലവന്റെ അടുത്തെത്തി. ഗ്രാമത്തലവനും ആ ചെടികള്‍ പിഴുതുകളയാന്‍ താക്കീത് നല്‍കി. ഗ്രാമത്തലവനോട് സമ്മതം മൂളി പുറത്തിറങ്ങിയെങ്കിലും അയാള്‍ ഗ്രാമത്തലവന്റെ വാക്കുകളും അനുസരിക്കാന്‍ തയ്യാറായില്ല. മരവിച്ച മനസ്സോടെ ഏകനായാണ് അയാള്‍ ആ ഗ്രാമത്തില്‍ കഴിഞ്ഞിരുന്നത്. മനസ്സ് കഠിനമായാല്‍ പിന്നെ ആരെന്തുപറഞ്ഞിട്ടും കാര്യമില്ല. അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലൂടെയാണ് ഓരോരുത്തരും തങ്ങളുടെ ജീവിതം മെനയുന്നത്. ലഭിക്കുന്ന അനുഭവങ്ങള്‍ക്കനുസരിച്ച് മനസ്സും രൂപീകരിക്കപ്പെടും. നല്ല നിമിഷങ്ങള്‍ മനസ്സിനെ സന്തോഷഭരിതമാക്കും. തിക്താനുഭവങ്ങള്‍ മനസ്സിനെ കഠിനമാക്കും. നല്ലവഴികളൊരുക്കുവാന്‍ കഴിയാത്തവരുടെ ശ്രദ്ധ കനല്‍വഴികളൊരുക്കി കുപ്രസിദ്ധി നേടാനാകും. എന്തിനാണ് മാര്‍ഗ്ഗതടസ്സങ്ങളും മനോവേദനയും സൃഷ്ടിച്ച് മറ്റുളളവരുടെ ജീവിതത്തില്‍ ഇരുട്ട് നിറക്കാന്‍ ശ്രമിക്കുന്നത്. മറ്റുളളവര്‍പോകുന്ന വഴി മിനുസപ്പെടുത്താന്‍ ശ്രമിച്ചില്ലെങ്കിലും മോശമാക്കാതിരിക്കാന്‍ ശ്രമിക്കാം - ശുഭദിനം.
❊❊❊❊❊❊❊❊❊❊❊❊❊❊❊
Post a Comment