o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 

◾  ഏലയ്ക്ക വെള്ളം കുടിച്ച കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മദ്യപിച്ചതായി ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ തെറ്റായി കണ്ടെത്തിയതോടെ ഡിപ്പോയില്‍ വന്‍ പ്രതിഷേധം. വെള്ളറട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ സുനിയാണ് ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ ഇരയായത്. മദ്യപിച്ചെന്ന് ആരോപിച്ച് സുനിയെ ജോലിക്ക് വിടാത്തതിനെ തുടര്‍ന്ന വെള്ളറട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തി.

     



2025 | ജൂലൈ 22 | ചൊവ്വ 

1200 | കർക്കിടകം 6 |  മകയിരം  l 1447 l മുഹറം 25

    ➖➖➖➖➖➖➖➖


◾  വി.എസ് വിടചൊല്ലി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന് രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ വൈകീട്ട് 4 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടക്കും. 


◾  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്. 


◾  1923 ഒക്ടോബര്‍ 20-നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍ ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭമാണ്് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചത്. 1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു. 1967-ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാര്‍ട്ടി ജയിക്കുമ്പോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു.


◾  അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം എകെജി സെന്ററില്‍ ഇന്നലെ പൊതുദര്‍ശത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ എകെജി സെന്ററിലെത്തി. കണ്ണേ കരളേ വിഎസേയെന്ന് ആര്‍ത്തുവിളിച്ച ജനസാഗരത്തിന് നടുവിലൂടെയാണ് വിഎസിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നിറക്കി എകെജി സെന്ററില്‍ പൊതുദര്‍ശനത്തില്‍ വെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു.


◾  വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവര്‍ത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓര്‍ത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.


◾  നീതിക്കും ജനാധിപത്യത്തിനും വേണ്ടി അക്ഷീണം ശബ്ദമുയര്‍ത്തിയിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി നിലകൊണ്ട വിഎസ്, പരിസ്ഥിതി, പൊതുജനക്ഷേമ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളിലൂടെ തത്വാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.


◾  ചൂഷണത്തിനും അനീതിക്കും എതിരെ നിലയ്ക്കാത്ത സമരമായി തന്റെ ജീവിതത്തെ മാറ്റിയ നേതാവാണ് അച്യുതാന്ദനെന്ന് അഞ്ചു പതിറ്റാണ്ടിലധികം കാലം പാര്‍ട്ടിയില്‍ സഹപ്രവര്‍ത്തകനായിരുന്ന സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി അനുസ്മരിച്ചു.


◾  വി എസ് അച്യുതാനന്ദന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനും പാര്‍ട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടു ജനങ്ങള്‍ക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധത്തില്‍ കലര്‍ന്നുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.


◾  ജീവിതത്തിലുടനീളം അധ്വാനിക്കുന്നവര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണ് വി എസ് അച്യുതാനന്ദനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ ജീവിതാവസ്ഥ മാറ്റിമറിച്ച നേതാവാണെന്നും കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് എത്തുന്നതെന്നും കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നുവെന്നും എ കെ ആന്റണി അനുസ്മരിച്ചു.


◾  രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശന്‍ അനുസ്മരിച്ചു.


◾  സമാനതകളില്ലാത്ത ഒരു യുഗത്തിന്റെ അവസാനമാണ് വിഎസിന്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സമരവും ജീവിതവും രണ്ടല്ലെന്നും ഒന്നാണെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. സ്വയം തെളിച്ച വഴിയിലൂടെയാണ് വിഎസ് കേരളത്തെ നയിച്ചത്. സഖാവിനൊപ്പമുള്ള അനേകായിരം ഓര്‍മകളാണ് മനസിലേക്ക് ഇരച്ചെത്തുന്നതെന്നും അദ്ദേഹത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


◾  വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു. നിലപാടുകളിലെ കാര്‍ക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗമെന്നും കെസി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിനതീതമായി പൊതുപ്രവര്‍ത്തനത്തില്‍ സ്വീകാര്യനായ നേതാവാണ് അദ്ദേഹമെന്ന് ബെന്നി ബഹന്നാന്‍ എംപി പറഞ്ഞു.


◾  മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു യുഗമാണ് വി. എസിലൂടെ അവസാനിക്കുന്നത്. സാധാരണക്കാര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന ചുരുക്കം ചില കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു വി എസെന്നും കേരളത്തിലെ ഭൂമാഫികള്‍ക്കെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടും നടപടികളും കേരള ജനത ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം പറഞ്ഞു .


◾  രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതേസമയം രാഷ്ട്രീയ എതിരാളികളോട് അദ്ദേഹം ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ പോരാടിയിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


◾  വിഎസ് അച്യുതാനന്ദന്റെ വേര്‍പാട് നികത്താനാവാത്തതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓരോ ഘട്ടത്തിലെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം. ഒട്ടേറെ പോരാട്ടങ്ങള്‍ നയിച്ചു. ഒരുപാട് ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജയില്‍വാസം അനുഭവിച്ചു. ഭീകര മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വിഎസെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


◾  വിഎസ് ഇല്ലാത്തൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതവുമായും സാമൂഹിക ജീവിതവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത ചൂഷണത്തിനെതിരെയും നിലകൊണ്ട നേതാവായിരുന്നു വിഎസെന്ന് വൃന്ദ കാരാട്ട് അനുസ്മരിച്ചു.


◾  കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു.സഖാവ് വിഎസിന്റെ സ്മരണയ്ക്ക് മുമ്പില്‍ സിപിഐയുടെ പേരില്‍ ഞാന്‍ അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും ആ മഹത്തായ ഓര്‍മ്മയ്ക്ക് മുമ്പില്‍ ഞാന്‍ തലകുനിച്ചു പിടിക്കുന്നുവെന്നും സിപിഎം സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ പാര്‍ട്ടിയെ മുന്നില്‍നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ തീരാനഷ്ടമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.


◾  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ കെ രമ എംഎല്‍എ. വിഎസിന് പകരം വിഎസ് മാത്രമാണെന്നും സമര രാഷ്ട്രീയത്തിന്റെ യുഗം അവസാനിച്ചെന്നും കെ കെ രമ അനുസ്മരിച്ചു. പാര്‍ട്ടിക്ക് പുറത്ത് ജനവിരുദ്ധതയ്ക്കെതിരെ സമരം നടത്തുമ്പോഴും പാര്‍ട്ടിക്കകത്തെ ജന വിരുദ്ധതയ്ക്കെതിരെയും വിഎസ് സമരം ചെയ്തു. അധികാരത്തിനും സ്ഥാനമാനത്തിനുമപ്പുറം താനെടുത്ത നിലപാടില്‍ ഉറച്ച് നിന്ന ആളാണ് വി എസ് അച്യുതാനന്ദനെന്നും കെ കെ രമ അനുസ്മരിച്ചു.


◾  കേരളത്തിന്റെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷജനാധിപത്യമുന്നണിയേയും നയിക്കുന്നതിലും സഖാവ് വി.എസിന്റെ പങ്ക് അതുല്യമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ .ടി.പി.രാമകൃഷ്ണന്‍.സഖാവ് വി.എസിന്റെ വേര്‍പാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇടതുപക്ഷജനാധിപത്യ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.


◾  ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും സമുന്നതനായ നേതാവാണ് വിഎസെന്നും മുഖ്യമന്ത്രിയെന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും അനുസ്മരിച്ച എന്‍സിപി നേതാവ് ശരത് പവാര്‍, രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ വിടവാങ്ങല്‍ സങ്കടകരമെന്നും പറഞ്ഞു. വിഎസുമായി ഒരുപാട് അനുഭവമുണ്ടെന്നും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചുവെന്നും എന്‍കെ പ്രമചന്ദ്രന്‍ എംപി അനുസ്മരിച്ചു.


◾  പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമാണ് വിഎസെന്നും മരണത്തെ പോലും വെല്ലുവിളിച്ച നേതാവാണ് അദ്ദേഹമെന്നും എകെ ബാലന്‍ പറഞ്ഞു. സമര തീച്ചൂളകളിലൂടെ വളര്‍ന്ന വിഎസ് എന്ന രണ്ടക്ഷരം ജനം ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമെന്നും എളമരം കരീം പറഞ്ഞു.വിഎസിന്റെ വിയോഗം കേരളത്തിന് മാത്രമല്ല രാജ്യത്തിന് തീരാ നഷ്ടമെന്ന് പശ്ചിമ ബംഗാളിലെ സിപിഎം നേതാവും പിബി അംഗവുമായ നിലോല്‍പല്‍ ബസു പ്രതികരിച്ചു.


◾  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ഇന്നത്തെ എല്ലാ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്നത്തെ പൊതുഅവധി സംസ്ഥാനത്തെ ബാങ്കുകള്‍ക്കും ബാധകമാണ്. ഇന്ന് സംസ്ഥാനത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.


◾  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. അവസാന കാലത്ത് പല തവണ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സമാനതകളില്ലാത്ത വിയോഗമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടപെട്ട മേഖലകളെല്ലാം അദ്ദേഹത്തിന് ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.


◾  വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ കമല്‍ഹാസന്‍. അവഗണിക്കപ്പെട്ടവരുടെ വഴികാട്ടിയായിരുന്നു അച്യുതാനന്ദനെന്നും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടമായത് ഒരു യഥാര്‍ത്ഥ ജനകീയ ചാമ്പ്യനെ ആണെന്നും കമല്‍ഹാസന്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.


◾  ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്ന് മോഹന്‍ലാല്‍ . സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല', എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. 'പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍', എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.


◾  അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യര്‍. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഓര്‍മയായ ബയണറ്റ് അടയാളമുള്ള കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയതെന്ന് മഞ്ജു കുറിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നുവെന്നും നടി ഓര്‍ക്കുന്നു.


◾  വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വൈക്കം വിശ്വന്‍. അടിമതുല്യമായ ജീവിതം ഉണ്ടായിരുന്ന മനുഷ്യനെ, മനുഷ്യനായി ഉയര്‍ത്തികൊണ്ട് വരുന്ന വലിയ പ്രവര്‍ത്തനശൈലിയായിരുന്നു വിഎസ് കൈകൊണ്ടത്. പാര്‍ട്ടി ചുമതലയേറ്റെടുത്ത് ഓരോ പ്രദേശത്ത് വരുമ്പോഴും ആ പ്രദേശത്തിന്റെ രീതി അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


◾  വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. പ്രിയങ്കരനായ ജനനേതാവും ആജീവനാന്ത കമ്യൂണിസ്റ്റും തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റേയും പൊതുസേവനത്തിന്റേയും മൂര്‍ത്തിമദ്ഭാവവുമായിരുന്നു വി.എസ്. എന്ന് സ്റ്റാലിന്‍ അനുസ്മരിച്ചു.


◾  ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയ നോട്ടിസ് രാജ്യസഭയില്‍ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരുമായുണ്ടായ തര്‍ക്കമാണു രാജിയിലേക്കു നയിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.


◾  ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. എമ്പാമിംഗ് ഇന്ന് രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5.40നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവരും.


◾  ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ ബന്ധുക്കള്‍ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. മരണത്തില്‍ സംശയം ഉണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കേസില്‍ തെളിവാകുന്ന രേഖകളും സമര്‍പ്പിച്ചു.കൊല്ലം സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.


◾  പാച്ചല്ലൂര്‍ കുളത്തിന്‍കര ഭദ്രകാളി ദേവീക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണവും വെള്ളി ചിലമ്പും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെയെത്തി. 31 വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് ആഭരങ്ങളും ചിലമ്പും ക്ഷേത്രം അധികൃതര്‍ക്ക് കൈമാറിയത്. ഇന്നലെ വൈകിട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ നിന്നും അലങ്കരിച്ച തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകടമ്പടിയില്‍ ഘോഷയാത്രയായാണ് ക്ഷേത്രത്തിലെത്തിച്ചത്.


◾  സര്‍വകലാശാലകളിലെ കടുത്ത പ്രതിസന്ധിക്കിടെ വീണ്ടും അനുനയത്തിന് സര്‍ക്കാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും നിയമ മന്ത്രി പി രാജീവും രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിമാരും ഗവര്‍ണറെ കാണാനെത്തുന്നത്. സര്‍വകലാശാല പ്രശ്നത്തില്‍ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍.


◾  ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി. മുന്‍ വിസി സിസ തോമസ് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടക്കം നിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്. എന്നാല്‍ സിസ തോമസിന്റെ ഗുരുതര കണ്ടെത്തലുകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍ സിഎജിക്ക് കൈമാറിയതിനാല്‍ തുടര്‍നടപടികള്‍ സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്.


◾  സ്‌കൂളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് സിബിഎസ്ഇ. സ്‌കൂള്‍ പ്രവേശന കവാടങ്ങള്‍, പുറത്തേക്കുള്ള വഴികള്‍, ഇടനാഴികള്‍, ലാബുകള്‍, ക്ലാസ് മുറികള്‍തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് സിബിഎസ്ഇ ആവശ്യപ്പെട്ടിരിക്കുന്നത്.

◾  ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജി തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി തന്നെ ഇതിന് ഇടപെടണമെന്നും കോണ്‍?ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ പറഞ്ഞു. രാത്രി ഏഴര വരെ അദ്ദേഹത്തോട് സംസാരിച്ചതാണെന്നും തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്നും ജയറാം രമേശ് വ്യക്തമാക്കി. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് ജഗ്ദീപ് ധന്‍കര്‍ ഒരുങ്ങുകയായിരുന്നു. ആരോഗ്യകാരണത്തിനൊപ്പം മറ്റു ചിലതും ഉണ്ടാകാന്‍ സാധ്യതയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


◾  2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.


◾  അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. എല്ലാവര്‍ക്കും ഒരുപോലെ സഹായധനം നല്‍കും. യാത്രക്കാര്‍ക്കും ഹോസ്റ്റസുമാര്‍ക്കും ഒരേ പ?രി?ഗണന നല്‍കും. സത്യത്തിനൊപ്പം നില്‍ക്കണമെന്ന് പറഞ്ഞ മന്ത്രി അന്തിമ റിപ്പോര്‍ട്ട് വരും വരെ നി?ഗമനങ്ങളരുതെന്നും ആവശ്യപ്പെട്ടു.


◾  നിരവധി സ്ത്രീകളെ മറവുചെയ്തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമവിലക്ക് ഉത്തരവ് നേടി ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റ്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ 'അപകീര്‍ത്തികര'മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവ്. ബെംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.


◾  ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം സ്‌കൂളില്‍ തകര്‍ന്നുവീണു. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. എത്ര പേര്‍ക്ക് പരിക്കേറ്റെന്ന് ഇപ്പോള്‍ വ്യക്തമല്ല. ധാക്കയുടെ വടക്കന്‍ പ്രദേശത്തുള്ള മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്റ് കോളേജിന്റെ കാമ്പസില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സംഭവം. തകര്‍ന്നുവീണത് എഫ്-7 ബിജിഐ വിമാനമാണ്.


◾  മനുഷ്യക്കടത്തും നിയമവിരുദ്ധ വിസ കച്ചവടവും തടയുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആഭ്യന്തര മന്ത്രാലയം ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷനും അതിന്റെ ഇന്‍സ്പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ അറസ്റ്റിലായി. 25 കമ്പനികള്‍ക്കും 4 അനുബന്ധ ബിസിനസുകള്‍ക്കും വേണ്ടി ഒപ്പിടാന്‍ അധികാരമുള്ള ഒരു കുവൈത്ത് പൗരനെക്കുറിച്ച് വകുപ്പിന് സൂചന ലഭിച്ചിരുന്നു.


◾  റിലീസ് ചെയ്യാത്ത ഐഒഎസ് 26 അപ്‌ഡേറ്റിന്റെ വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട യൂട്യൂബര്‍ക്കെതിരെ പരാതി നല്‍കി ആപ്പിള്‍ കമ്പനി. പ്രമുഖ യൂട്യൂബറായ Jon Prosser-ന് എതിരെയാണ് ആപ്പിള്‍ കാലിഫോര്‍ണിയയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഫെഡറല്‍ കോര്‍ട്ടില്‍ പരാതി നല്‍കിയത്. പ്രോസ്സറിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന് ആരോപിച്ച് Michael Ramacciotti എന്നയാള്‍ക്കെതിരെയും ആപ്പിള്‍ പരാതി നല്‍കിയിട്ടുണ്ട്.


◾  ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ പരിപാടികള്‍ റദ്ദാക്കി. അദ്ദേഹത്തിന്റെ ആരോ?ഗ്യനില തൃപ്തികരമാണെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞത്.


◾  മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്.


◾  ബംഗ്ലാദേശിലെ ധാക്കയിലെ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളില്‍ വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞ്, ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് സംഭവം. അപകടം നടന്നയുടന്‍ വിമാനത്തിന് തീപ്പിടിച്ചു. മരിച്ചവരില്‍ 16 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും പൈലറ്റും ഉള്‍പ്പെടുന്നു. അപകടത്തില്‍ നൂറ്റന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.


◾  നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളുടെ അറ്റാദായത്തില്‍ മികച്ച കുതിപ്പ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, യെസ് ബാങ്ക് എന്നിവ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12.24 ശതമാനം ഉയര്‍ന്ന് 18,155.21 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലയളവില്‍ 5.4 ശതമാനം വര്‍ദ്ധിച്ച് 31,438 കോടി രൂപയായി. ഉപകമ്പനിയായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ മികച്ച വരുമാനം നേടാന്‍ ബാങ്കിന് കഴിഞ്ഞിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 15.5 ശതമാനം ഉയര്‍ന്ന് 12,768.21 കോടി രൂപയായി. അറ്റ പലിശ വരുമാനം 10.6 ശതമാനം വര്‍ദ്ധനയോടെ 21,635 കോടി രൂപയിലെത്തി. പുതുതലമുറ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവില്‍ 59 ശതമാനം ഉയര്‍ന്ന് 801 കോടി രൂപയിലെത്തി. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം വായ്പ 6.7 ശതമാനം ഉയര്‍ന്ന് 26.53 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപം 16.2 ശതമാനം വളര്‍ച്ചയോടെ 27.64 ലക്ഷം കോടി രൂപയായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വായ്പ വിതരണത്തില്‍ 12 ശതമാനവും നിക്ഷേപ സമാഹരണത്തില്‍ 11.2 ശതമാനവും വളര്‍ച്ചയുണ്ടായി.


◾  കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയര്‍ത്തിയതില്‍ പ്രധാന പങ്കുവഹിച്ച ചിത്രമാണ് 'കാന്താര'. കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ചിത്രം മികച്ച സിനിമാനുഭവമാണ് ലോകമെമ്പാടുമുളള പ്രേക്ഷകര്‍ക്ക് നല്‍കിയത്. ബോക്സോഫിസ് കലക്ഷന്റെ കാര്യത്തിലും വലിയ മുന്നേറ്റമാണ് റിഷഭ് ഷെട്ടിയുടെ കാന്താര നടത്തിയത്. കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കാന്താര 2വിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മൂന്ന് വര്‍ഷം നീണ്ടുനിന്ന ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍പ് നടന്ന സംഭവങ്ങളാണ് കാന്താര ചാപ്റ്റര്‍ 1ല്‍ കാണിക്കുക. 500 ഫൈറ്റര്‍മാര്‍ അണിനിരക്കുന്ന യുദ്ധരംഗവും സിനിമയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റര്‍മാരും ഒന്നിച്ച് ചേരും. 125 കോടിയാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ബജറ്റ്. സിനിമ ഒക്ടോബര്‍ 2നാണ് ലോകമെമ്പാടുമായി റിലീസ് ചെയ്യുക.


◾  പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം 'സൈയ്യാര' ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ രണ്ട് ദിവസത്തില്‍ നേടിയത് 48 കോടിയായിരുന്നു. എന്നാല്‍ ഞായറാഴ്ച മാത്രം ചിത്രം 35 കോടി രൂപ നേടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുമാത്രം 84 കോടിയലധികമാണ് സൈയ്യാര നേടിയത്. ഓവര്‍സീസ് കണക്കുകള്‍ കൂടെ വരുമ്പോള്‍ സയ്യാരയുടെ ഇതുവരെയുള്ള കളക്ഷന്‍ 119 കോടിയാണ്. സണ്ണി ഡിയോളിന്റെ ജാട്ടിനെ ഇതോടെ ചിത്രം പിന്നിലാക്കി. അഹാന പാണ്ഡെയുടെ സഹോദരന്‍ കൂടിയായ അഹാന്‍ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. പുതുമുഖം അനീത് പദ്ദയാണ് നായിക. 'ജെന്‍ സിയുടെ ആഷിഖി' എന്ന് വിളിക്കപ്പെടുന്ന സിനിമ പുതിയ തലമുറ ഏറ്റെടുത്തു. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. 35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്. സൈയ്യാരയുടെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അജയ് ദേവ്ഗണ്‍ ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 റിലീസ് മാറ്റി വച്ചതും ശ്രദ്ധേയമാണ്.


◾  ജൂലൈ 28ന് കൈനറ്റിക് ഗ്രീന്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കും. ഡിഎക്സ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇലക്ട്രിക് ഇരുചക്ര വാഹനം 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന ടു-സ്‌ട്രോക്ക് കൈനറ്റിക് ഹോണ്ട ഡിഎക്സ് ന്റെ ആധുനിക പതിപ്പായിട്ടാണ് അറിയപ്പെടുന്നത്. 1.8 കിലോവാട്ട്അവര്‍ മുതല്‍ 3 കിലോവാട്ട്അവര്‍ വരെയുള്ള ബാറ്ററിയുമായിട്ടായിരിക്കാം സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയായിരിക്കാം കമ്പനി വാഗ്ദാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച് സ്‌കൂട്ടറില്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ഹബ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സസ്‌പെന്‍ഷനില്‍ മുന്നില്‍ ഒരു ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്കുകളും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എക്‌സ് ഷോറൂം വില ഒരു ലക്ഷത്തിനും 1.40 ലക്ഷത്തിനും ഇടയിലാവാനാണ് സാധ്യത.


◾  'അതേ, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍' എന്നു പറഞ്ഞപോലെ നമുക്കുമാകാം സയന്‍സിന്റെ മുന്‍നിരയില്‍ സ്ഥാനം! ഈ നാടിനുമാകാം പുരോഗതി! അതൊക്കെ സാധിക്കാനുള്ള മഹാബുദ്ധിവിഭവം ഇതാ ഇവിടെത്തന്നെയുണ്ട്. ഇതു പറയുന്നത് ഞാനല്ല, കുട്ടി സാറാണ്. എന്നുവെച്ചാല്‍ മോഡേണ്‍ സയന്‍സിന്റെ പ്രമുഖതുറയായ ബഹിരാകാശവേദിയില്‍ പുതുവഴിയുടെ മാതൃക കാട്ടാന്‍ സഹായിച്ച പ്രതിഭാധനരില്‍ ഒരാള്‍. -സി. രാധാകൃഷ്ണന്‍. മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ച ഇ.കെ. കുട്ടിയുടെ ആത്മകഥ. 'ഐഎസ്ആര്‍ഒയിലെ കുട്ടിക്കാലം'. മാതൃഭൂമി. വില 323 രൂപ.


◾  കുറച്ചു കാലം മുമ്പ് വരെ പ്രായമായവരില്‍ കൂടുതലായി കണ്ടിരുന്ന രോഗമാണ് കിഡ്‌നി സ്റ്റോണ്‍. പുതിയ കാലത്തെ ജീവിതശൈലിയും ജോലികളുടെ സ്വഭാവവും മാറിയതോടെ കിഡ്‌നി സ്റ്റോണ്‍ പോലുള്ള അസുഖങ്ങള്‍ ഇരുപതുകളിലും മുപ്പതുകളിലുമൊക്കെ ആളുകളെ തേടിയെത്താന്‍ തുടങ്ങി. ഇന്ത്യയില്‍ കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നങ്ങളുമായി കൂടുതല്‍ എത്തുന്നത് യുവാക്കളാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജീവിതശൈലി തന്നെയാണ് ഇതിനു കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കുടിക്കുന്ന സോഫ്റ്റ് ഡ്രിങ്കുകള്‍, ചായ, കാപ്പി എന്നിവയെല്ലാം മൂത്രത്തിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിനും കല്ല് രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജങ്ക് ഫുഡ് മാത്രമല്ല വില്ലനാകുന്നത്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണശീലം എന്ന ആത്മവിശ്വാസത്തില്‍ നാം അമിതമായി കഴിക്കുന്ന ഭക്ഷണവും വില്ലനാകാറുണ്ട്. ഹെല്‍ത്തി ഫുഡ് എന്ന് വിശ്വസിക്കുന്ന ചീര, ബീറ്റ്‌റൂട്ട്, ബദാം, മധുരക്കിഴങ്ങ് എന്നിവയിലെല്ലാം ധാരാളം ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്. മൂത്രത്തില്‍ കല്ലുണ്ടാകാനുള്ള പ്രധാന ഘടങ്ങളിലൊന്ന് ഓക്‌സലേറ്റുകളാണ്. ഭക്ഷണത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍, ശരീരം കൂടുതല്‍ ഓക്‌സലേറ്റുകള്‍ ആഗിരണം ചെയ്യും, ഇത് അപകടസാധ്യത വര്‍ധിപ്പിക്കും. കാല്‍സ്യം, പ്രോട്ടീന്‍ പൗഡറുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയ സപ്ലിമെന്റുകളുടെ അമിത ഉപയോഗം കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.


*ശുഭദിനം*

*കവിത കണ്ണന്‍*

സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ശത്രുക്കളുടെ പിടിയില്‍ പെട്ട് ജയിലിലായി അവിടെ വധ ശിക്ഷ കാത്തു കിടക്കുമ്പോള്‍ ആന്‍ഡന്റെ മനസ്സില്‍ വല്ലാതെ ഭയം കടന്നുകൂടി.  കാരണം അടുത്ത ദിവസം വധശിക്ഷ നടപ്പാക്കും. ഇനി തനിക്ക് തന്റെ കുടുംബത്തെയോ അല്ലെങ്കില്‍ തന്റെ ജീവിതത്തെയോ തിരികെ പിടിക്കാന്‍ സാധിക്കില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം ഇരട്ടിച്ചു. മനസ്സില്‍ കുന്നുകൂടിയ ഈ ഭയത്തില്‍ നിന്നും അല്പം ഒരു ആശ്വാസത്തിനു വേണ്ടി ഒരു സിഗരറ്റ് വലിച്ചേക്കാം എന്ന് ഓര്‍ത്തിട്ട് അദ്ദേഹം ഉടുപ്പിന്റെ പോക്കറ്റില്‍ തപ്പി ഒരു സിഗരറ്റെടുത്തു. പക്ഷേ തെളിയിക്കാന്‍ ലൈറ്റര്‍ ഇല്ല. സെല്ലിന് പുറത്ത് വരാന്തയുടെ അറ്റത്തായി നിന്ന ജയിലറെ അദ്ദേഹം വിളിച്ചു,  ലൈറ്റര്‍ തരുമോ എന്നറിയാന്‍ വേണ്ടി. ആജാനുബാഹുവായ വളരെ ഗൗരവ പ്രകൃതിക്കാരനായ ഈ ജയിലര്‍ അടുത്തേക്ക് വന്ന് ആന്‍ഡന് ലൈറ്റര്‍ കത്തിച്ചു കൊടുത്തു.  തന്റെ ഭയത്തില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം ആന്‍ഡന്‍ ഈ ഗൗരവക്കാരനായ ജയിലറെ നോക്കി പുഞ്ചിരിച്ചു. ആന്‍ഡനെ അത്ഭുതപ്പെടുത്തികൊണ്ട് ജയിലറും അദ്ദേഹത്തിന് തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു.  സിഗരറ്റ് കത്തിച്ച് കഴിഞ്ഞിട്ട് ആന്‍ഡന്റെ സെല്ലിന്റെ വെളിയില്‍ തന്നെ ഈ ജയിലര്‍ നിലയുറപ്പിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ ആന്‍ഡനോട് ചോദിച്ചു.  'നിങ്ങള്‍ക്ക് കുടുംബം ഒക്കെ ഉണ്ടോ?' ആന്‍ഡന്‍ ഒട്ടും മടിച്ചില്ല, തന്റെ പോക്കറ്റില്‍ കിടന്ന ഫാമിലി ഫോട്ടോ എടുത്തു ജെയ്‌ലറെ കാണിച്ചു. അദ്ദേഹം അതു നോക്കി അല്പ നേരം നിന്നു.  അതിനുശേഷം തന്റെ പേഴ്സിലുണ്ടായിരുന്ന സ്വന്തം ഫാമിലി ഫോട്ടോ ആന്‍ഡനേയും കാണിച്ചു കൊടുക്കുന്നു. ആന്‍ഡന്‍ ഫാമിലി ഫോട്ടോയില്‍ നോക്കി കൊണ്ട് നിന്നപ്പോള്‍ ഇനി തന്റെ മകളെ ഒന്ന്ചേര്‍ത്തുപിടിക്കാനോ തന്റെ ഭാര്യയുടെ കൂടെ നില്‍ക്കാനോ സാധിക്കില്ലല്ലോ എന്നോര്‍ത്തു കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് കണ്ട ജയിലറുടെ മനസ്സ് വല്ലാതെ പിടഞ്ഞു. അയാള്‍ അന്നു രാത്രി തന്നെ ആ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ആന്‍ഡന് വേണ്ട സാഹചര്യം ഒരുക്കി കൊടുത്തു. ഇതേക്കുറിച്ച്  ആന്‍ഡന്‍ പില്‍ക്കാലത്ത്  എഴുതുന്നത് ഇപ്രകാരമാണ്: 'ഒരു പുഞ്ചിരി എന്റെ ജീവിതത്തെയും ജീവനെയും രക്ഷപ്പെടുത്തി' മറ്റുള്ളവരുടെ ആത്മാര്‍ഥ പുഞ്ചിരി നമ്മിലുണ്ടാക്കുന്ന സന്തോഷത്തെപ്പറ്റി നമുക്കെല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ട് മറ്റുള്ളവര്‍ക്കും ആ തരത്തിലുള്ള അനുഭവം നമുക്കു സമ്മാനിച്ചുകൂടാ? ചുറ്റുപാടും സൗഹാര്‍ദം പരത്താനുള്ള കഴിവ് പുഞ്ചിരിക്കുണ്ട്. അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോള്‍ ആ സന്തോഷം നമ്മെയും ആനന്ദഭരിതരാക്കും. സുഹൃത്തുക്കള്‍ നിറഞ്ഞ ഒരു ലോകമാണിത് എന്ന ബോധം നമ്മില്‍ നിറക്കുകയും ചെയ്യും. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post