◾ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
2025 | ജൂലൈ 9 | ബുധൻ
1200 | മിഥുനം 25 | മൂലം l 1447 l മുഹറം 12
➖➖➖➖➖➖➖➖
◾ കെ എസ് ആര്‍ ടി സി ഇന്ന് നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാല്‍ കാണാമെന്നുമുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ടി പി രാമകൃഷ്ണന്റെ വെല്ലുവിളിക്കിടെ സംസ്ഥാനത്ത് ഇന്നും സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിയുടെ തീരുമാനം. സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ രംഗത്തെത്തി. കോഴിക്കോട് ഡിപ്പോ അധികൃതരാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ജീവനക്കാര്‍ എത്തിയാല്‍ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.
◾ കെഎസ്ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. ജോലിക്ക് ഹാജരായില്ലെങ്കില്‍ ശമ്പളം പിടിക്കുമെന്നും. ജൂലൈ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈ തുക ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പണിമുടക്ക് നേരിടാന്‍ 10 ഇന നിര്‍ദ്ദേശങ്ങളുമായാണ് മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുള്ളത്.
◾ ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
◾ ദേശീയ പണിമുടക്ക് പ്രമാണിച്ച് മഹാത്മാ ഗാന്ധി, കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◾ കേരള വി സിയുടെ അധിക ചുമതല ഒഴിയുന്നതിന്റെ തൊട്ടു മുന്നേ പദവിയില്‍ തുടരരുത് എന്നു കാണിച്ച് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് കത്ത് നല്‍കി വൈസ് ചാന്‍സലര്‍ സിസ തോമസ്. സസ്പെന്‍ഷനില്‍ ആണെന്ന് ഓര്‍മിപ്പിക്കുന്ന കത്തില്‍ ഓഫീസ് ഉപയോഗിക്കുന്നതില്‍ അടക്കം വിലക്കും ഉണ്ട്. അതേസമയം രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കിയത് ഇത് വരെ വി സി അംഗീകരിച്ചിട്ടില്ല. രജിസ്ട്രാറുടെ ചുമതല വിസി മിനി കാപ്പന് നല്‍കി എങ്കിലും കഴിഞ്ഞ രണ്ട് ദിവസവും അനില്‍ കുമാര്‍ ഓഫീസില്‍ എത്തിയിരുന്നു. വി സിയുടെ നടപടി അനില്‍ കുമാറും സിന്‍ഡിക്കേറ്റും അംഗീകരിച്ചിട്ടുമില്ല. ഇന്ന് മുതല്‍ വിസി മോഹന്‍ കുന്നുമ്മല്‍ തിരിച്ചെത്തും.
◾ സംസ്ഥാനത്തെ സര്‍വകലാശാലകളെ കലാപഭൂമിയാക്കാന്‍ ഗവര്‍ണര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓരോ സര്‍വകലാശാലയിലും തങ്ങളുടെ ശിങ്കിടികളെ തിരുകിക്കയറ്റി സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രിയുടെ ആരോപണം.
◾ സര്‍കലാശാല സമരത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. സിറ്റി പൊലിസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ജാമ്യമില്ലാ കുറ്റം ചുമത്തിയത്.
◾ സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഗുണ്ടായിസമാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സി.പി.എമ്മിന്റെ റെഡ് വോളന്റിയര്‍മാരെ പോലെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തിന് കേരള പൊലീസും കൂട്ടുനിന്നു. സി.പി.എമ്മിന് മുന്നില്‍ നട്ടെല്ല് പണയംവച്ച പൊലീസ് സേനയെയാണ് കേരളം കണ്ടതെന്നും ജനം എല്ലാ കണ്ടുകൊണ്ടിരിക്കുകയാണെന്നത് മറക്കരുതെന്ന് മാത്രമെ സര്‍ക്കാരിനോട് പറയാനുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
◾ വിദ്യാഭ്യാസ വകുപ്പിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കര്‍ശനമായി നിരോധിക്കും എന്ന പേരില്‍ മന്ത്രിയുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
◾ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയു ചികിത്സയിലുണ്ട്.
◾ മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്. രോഗസാധ്യത ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
◾ യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.
◾ യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നെന്മാറ എംഎല്‍എയുമായ കെ ബാബു. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കാര്യമായില്ലെന്നും ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഉത്തരവ് വന്നതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.
◾ കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവുമുയര്‍ന്നു. റിഫൈനറിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തുനിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
◾ ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിള്‍ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്. 2004 ഡിസംബര്‍ 20 ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ട്. 1975ലെ കേരള കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്നും കോടതി പറഞ്ഞു.
◾ പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ഒപ്പമുള്ള കേരളാ ബിജെപി നേതാക്കളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യര്‍. വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍ നിന്നാണ് നേരിട്ട് വിതരണം ചെയ്തെന്നും പാക്കിസ്ഥാന്‍ ചാരയായ ജ്യോതി മല്‍ഹോത്രക്ക് ബിജെപി ഓഫീസില്‍ നിന്ന് ആരാണ് വന്ദേ ഭാരത് പാസ് നല്‍കിയത് എന്ന് അന്നത്തെ സംസ്ഥാന പ്രസിഡണ്ട് വെളിപ്പെടുത്തണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
◾ വ്ലോഗര്‍ ജ്യോതി മല്‍ഹോത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരന്‍. ഇതു പുതിയ വാര്‍ത്ത അല്ലെന്നും കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ മലയാളം മാധ്യമങ്ങളിലെല്ലാം ഈ സംഭവം വന്നിട്ടുള്ളതാണെന്നും വി മുരളീധരന്‍ പ്രതികരിച്ചു. അന്ന് ഈ വിഷയത്തില്‍ വിശദമായ പ്രതികരണം നല്‍കുകയും ചെയ്തിരുന്നു.
◾ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, ഗള്‍ഫ് രാജ്യങ്ങളിലെ ഡെസേര്‍ട്ട് സഫാരിക്ക് സമാനമായ 'കുട്ടനാട് സഫാരി' ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണല്‍ ദ്വീപ് സന്ദര്‍ശിച്ചു. കുട്ടനാടിന്റെ മുഴുവന്‍ സൗന്ദര്യവും ഒറ്റ ബോട്ട് യാത്രയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു.
◾ രക്തദാന രംഗത്ത് വര്‍ദ്ധിച്ചുവരുന്ന തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി. രക്തം ദാനം ചെയ്യാന്‍ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കി, രക്തം ആവശ്യമുള്ളവരില്‍ നിന്ന് വലിയ തുക മുന്‍കൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.
◾ മുന്നണി മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളെ തള്ളുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. ഇടതുമുന്നണിയുടെ അവിഭാജ്യഘടകമായ കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയെ രാഷ്ട്രീയമായി ശക്തിപ്പെടുത്തുന്നതിനും മുന്നണിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുകയാണെന്നും നേതൃസ്ഥാനത്തിന്റെ പേരില്‍ കലഹിക്കുന്ന യു.ഡി.എഫിനെ രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 2018 മുതല്‍ ഇതുവരെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രിയിലാണോ നിപ പ്രതിരോധം നടന്നതെന്നു ചോദിച്ച രാഹുല്‍ 2018 മുതല്‍ ഇതുവരെ ഏഴു തവണ നിപ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളിലും രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രികളിലാണെന്നും പറഞ്ഞു. നിപ പ്രതിരോധത്തില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും മരണനിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ കള്ളക്കണക്കുകള്‍ നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
◾ കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്റ്റ് വെയറിന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബല്‍ റോഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഉതകും വിധത്തില്‍ കേരളത്തിലെ റോഡുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം.
◾ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിൽ നിന്നും ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ബംഗളുരുവിലെത്തി പ്രതിയെ വാങ്ങും. മെഡിക്കല്‍ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. യുഎഇയിലായിരുന്ന പ്രതി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് തിരിച്ചു വന്നത്.
◾ കോട്ടയത്ത് ബിന്ദു മരിക്കുന്ന ദിവസം ആരോഗ്യവകുപ്പ് മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നെന്ന് കെ. മുരളീധരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച താലൂക്ക് ആശുപത്രികളുടെ മുന്നിലെ ധര്‍ണാസമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിന്‍കരയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍..
◾ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗ് തകര്‍ന്നുവീണു. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. വാര്‍ഡിന്റെ വരാന്തയിലെ പിവിസി ഷീറ്റില്‍ തീര്‍ത്ത സീലിംഗാണ് തകര്‍ന്നുവീണത്.കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം കഴിഞ്ഞത്.
◾ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു.
◾ സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സര്‍ക്കാറിന് നല്‍കിയ പരാതി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ല എന്ന വാദം തെറ്റാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
◾ കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയില്‍ 46 കാരന്‍ ജീവനൊടുക്കി. പഴൂര്‍ വീട്ടില്‍ മധു മോഹനനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ ലോണ്‍ കുടിശികയാണ് മധുവിനുണ്ടായിരുന്നത്. ഇന്നലെ വീട്ടില്‍ ബാങ്ക് ജപ്തി നോട്ടിസ് പതിപ്പിച്ചിരുന്നു. ഡ്രൈവിംഗ് ജോലി ചെയ്യുന്ന മധു മോഹനന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.
◾ കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയുടെ മൃതദേഹം കണ്ടെത്തി. പാറകള്‍ക്കിടയില്‍ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്തു. തകര്‍ന്നുകിടക്കുന്ന ക്യാബിന്റെ ഉള്ളിലായിരുന്നു മൃതദേഹം. ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്.
◾ തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ(60)ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഇയാളുടെ വീട്ടില്‍ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശി രാജേഷ്, നേപ്പാള്‍ സ്വദേശി ഡേവിഡ് എന്നിവരെ പോലിസ് പിടികൂടി. പ്രതികളെ പിടികൂടാന്‍ പോയ പൊലീസിനെ പ്രതികള്‍ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
◾ തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റായ ഡോ നാഗരാജിനെഅറസ്റ്റ് ചെയ്തത്. നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിനാണ് സിറ്റി ആംഡ് റിസര്‍വിലെ എഎസ്ഐ ചന്‍ പാഷ അറസ്റ്റിലായത്. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും പണം ജയിലില്‍ എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ജുനൈദ് അഹമ്മദിന്റെ അമ്മ അനീസ് ഫാത്തിമ അറസ്റ്റിലായത്.
◾ കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
◾ ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അഞ്ച് കൊല്ലത്തില്‍ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് അറിയിച്ച മോദി കൃഷി, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ ബ്രസീലുമായി കരാര്‍ ഒപ്പിട്ടു. ബ്രസീലിലെ ഉന്നത പുരസ്‌കാരമായ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ നാഷണല്‍ ഓഡര്‍ ഓഫ് ദ സതേണ്‍ ക്രോസ് മോദിക്ക് ലുല സില്‍വ സമ്മാനിച്ചു.
◾ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണവുമായി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് രംഗത്ത്. 2025 ജൂലൈ 3 ന് ഇന്റര്‍നെറ്റ് നിയന്ത്രണ നിയമമായ ഐ ടി ആക്ടിന്റെ സെക്ഷന്‍ 69 എ പ്രകാരം ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് അക്കൗണ്ട് വെളിപ്പെടുത്തി. എന്നാല്‍, ഈ ആരോപണം നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും വ്യക്തമാക്കി.
◾ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി വ്യവസായമന്ത്രിയായ നന്ദ് ഗോപാല്‍ നന്ദി. ഉദ്യോഗസ്ഥര്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അവരുടെ പരിചയക്കാര്‍ക്കും സ്വന്തക്കാര്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകപക്ഷീയമാണെന്നും എല്ലാ നിയമങ്ങളും ലംഘിച്ച്, ഉദ്യോഗസ്ഥര്‍ സ്വന്തം തലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.
◾ ചെങ്കടലില്‍ ചൈനീസ് സൈനിക കപ്പല്‍ ജര്‍മ്മന്‍ നിരീക്ഷണ വിമാനത്തെ ലേസര്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജര്‍മനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെര്‍ലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി. യെമനിലെ ഹൂതി വിമതരുടെ ഭീഷണിയില്‍ നിന്ന് സിവിലിയന്‍ കപ്പലുകളെ സംരക്ഷിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തിലുള്ള ആസ്പൈഡ്സ് ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനത്തിന്റെ നിരീക്ഷണം.
◾ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ റഫാല്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി വിമാന നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്‍. കമ്പനി ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയറാണ് പാക് അവകാശവാദത്തിന് മറുപടിയുമായി രംഗത്തെത്തിയത്. ഓപ്പറേഷന്‍ സിന്ദൂരിനിടെ സാങ്കേതിക തകരാര്‍ മൂലം ഇന്ത്യയുടെ ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
◾ ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹസ്സന്‍ അല്‍താനിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് കരാറിന് അംഗീകാരം നല്‍കിയത്. ഏകദേശം 2,117 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍വേ പദ്ധതി, കുവൈത്ത് സിറ്റിയില്‍ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ ദമ്മാമിലൂടെ കടന്ന്, രണ്ട് സമുദ്ര പാലങ്ങള്‍ വഴി ബഹ്‌റൈനിലേക്കും ഖത്തറിലേക്കും ശാഖകളായി വ്യാപിക്കും. തുടര്‍ന്ന് ഖത്തറില്‍ നിന്ന് അബൂദാബി വഴി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കും, ഒടുവില്‍ ഒമാനിലെ മസ്‌കത്തിലും എത്തിച്ചേരും.
◾ ഗാസയില്‍ നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തില്‍ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൂചന നല്‍കി. യുദ്ധത്തില്‍ തകര്‍ന്ന ഗാസയെ മിഡില്‍ ഈസ്റ്റിന്റെ റിവിയേര ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഫെബ്രുവരിയില്‍ ഗാസ മുനമ്പ് ഏറ്റെടുക്കാനും ഏകദേശം 2 ദശലക്ഷം പലസ്തീനികളെ അയല്‍ അറബ് രാജ്യങ്ങളിലേക്ക് മാറ്റാനും ട്രംപ് ആവശ്യപ്പെട്ടിരുന്നു. വൈറ്റ് ഹൗസ് സന്ദര്‍ശനത്തിനെത്തിയ നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.
◾ യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പലിശനിരക്ക് കുറച്ചുനിര്‍ത്തണമെന്ന് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയാണ് മുഖ്യലക്ഷ്യമെന്നും സമ്പദ്സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കൂ എന്നാണ് പവലിന്റെ നിലപാട്. അതേസമയം ട്രംപ് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
◾ ലോകത്തെ ഏറ്റവും സമ്പന്ന കായിക മാമാങ്കങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മൂല്യത്തില്‍ വമ്പന്‍ വര്‍ധന. മുന്‍വര്‍ഷത്തേക്കാള്‍ 12.9% ഉയര്‍ന്ന് 18.5 ബില്യന്‍ ഡോളറാണ് (ഏകദേശം 1.59 ലക്ഷം കോടി രൂപ). ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന നേട്ടം ചെന്നൈയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. ആര്‍സിബിയുടെ ബ്രാന്‍ഡ് മൂല്യം 227 മില്യന്‍ ഡോളറില്‍ നിന്ന് 269 മില്യനായാണ് (ഏകദേശം 2,300 കോടി രൂപ) വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷം നാലാമതായിരുന്ന മുംബൈ ഇന്ത്യന്‍സ് ഇക്കുറി 242 മില്യന്‍ (2,080 കോടി രൂപ) മൂല്യവുമായി രണ്ടാമതായി. ഒന്നാം സ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മൂല്യം 235 മില്യന്‍ (2,020 കോടി രൂപ). കഴിഞ്ഞവര്‍ഷത്തെ 231 മില്യനേക്കാള്‍ മെച്ചപ്പെട്ടെങ്കിലും ഒന്നാംസ്ഥാനം നഷ്ടമായി; രണ്ടാംസ്ഥാനം കിട്ടിയതുമില്ല. ബ്രാന്‍ഡ് മൂല്യത്തില്‍ ഏറ്റവും വലിയവര്‍ധന നേടിയത് പഞ്ചാബ് കിങ്സാണ് (39.6%). രണ്ടാമത് ലക്നൗ സൂപ്പര്‍ ജയന്റ്സ്; 34%. മൂല്യത്തില്‍ നാലാമത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (227 മില്യന്‍ ഡോളര്‍), അഞ്ചാമത് സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് (154 മില്യന്‍ ഡോളര്‍).
◾ 'തുടരും' എന്ന ബ്ലോക് ബസ്റ്റര്‍ സിനിമയ്ക്കു ശേഷം അടുത്ത പ്രോജക്ട് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും മോഹന്‍ലാലിന്റെ അടുത്ത സിനിമ. 'ഇഷ്‌ക്' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് കഥതിരക്കഥസംഭാഷണം നിര്‍വഹിക്കുന്നത്. ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മാണം. സിനിമയില്‍ പൊലീസ് എസ്‌ഐയുടെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക. കോമഡി ത്രില്ലര്‍ ഗണത്തില്‍പെടുന്ന എന്റര്‍ടെയ്നറാകും ചിത്രം. സിനിമയുടെ മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ചിത്രീകരണം ഈ വര്‍ഷം തന്നെ ആരംഭിക്കും. 'ട്വല്‍ത്ത് മാനു'ശേഷം മോഹന്‍ലാല്‍ മുഴുനീള പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാകുമിത്. എല്‍365 എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. വിജയ് സൂപ്പര്‍ പൗര്‍ണമി, തല്ലുമാല, അര്‍ജന്റീന ഫാന്‍സ് എന്നീ സിനിമകളില്‍ അഭിനേതാവായി തിളങ്ങിയ താരമാണ് ഓസ്റ്റിന്‍ ഡാന്‍. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത 'അഞ്ചാംപാതിര' സിനിമയുടെ ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടര്‍ കൂടിയായിരുന്നു ഓസ്റ്റിന്‍.
◾ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ വന്‍ഹിറ്റായ ഐതിഹാസിക സീരിയലായ 'ക്യുംകി സാസ് ഭി കഭി ബഹു തി' 25 വര്‍ഷത്തിനു ശേഷം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നു. നടിയും-ബിജെപി നേതാവുമായ സ്മൃതി ഇറാനി, തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ തുളസി വിരാനിയായി തിരിച്ചെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 29 മുതല്‍ എല്ലാ രാത്രിയും 10:30ന് സ്റ്റാര്‍ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലും ഈ പരമ്പര പ്രക്ഷേപണം ചെയ്യും. സ്റ്റാര്‍ പ്ലസിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പുറത്തിറക്കിയ ഒരു മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രോമോയില്‍ പ്രേക്ഷകരെ ഒരു നൊസ്റ്റാള്‍ജിക് യാത്രയിലേക്ക് കൂട്ടികൊണ്ടുപോകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 2000 മുതല്‍ 2008 വരെ 1,800-ലധികം എപ്പിസോഡുകളോടെ പ്രക്ഷേപണം ചെയ്ത 'ക്യുംകി സാസ് ഭി കഭി ബഹു തി' ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പരമ്പരകളില്‍ ഒന്നാണ്. തുളസി വിരാനിയായി സ്മൃതി ഇറാനിയും, മിഹിര്‍ വിരാനിയായി അമര്‍ ഉപാധ്യായും ഇതില്‍ അഭിനയിച്ചു.
◾ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ മാറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു ബൈക്ക് മാറ്റര്‍ ഏറ പുറത്തിറക്കി. ഈ ബൈക്കില്‍ കമ്പനി നിരവധി മികച്ച സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് ആണെങ്കിലും ഗിയര്‍ സജ്ജീകരണമുണ്ട് എന്നതാണ് ഈ ബൈക്കിന്റെ പ്രധാന പ്രത്യേകത. ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹിയിലെ എക്സ്-ഷോറൂം വില 1.93 ലക്ഷം രൂപയാണ്. ബൈക്കിനൊപ്പം മൂന്ന് വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. മാറ്റര്‍ എറയുടെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ 'ഹൈപ്പര്‍ഷിഫ്റ്റ്' ട്രാന്‍സ്മിഷനാണ്. കമ്പനി സ്വന്തമായി രൂപകല്‍പ്പന ചെയ്ത നാല് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണിത്. ഈ സിസ്റ്റം മൂന്ന് റൈഡ് മോഡുകളുമായി ജോടിയാക്കിയിരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 172 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഐപി67 റേറ്റഡ് ബാറ്ററിയാണ് ബൈക്കിലുള്ളത്. മോട്ടോര്‍ ഘടിപ്പിച്ചാല്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബൈക്കിന് 2.8 സെക്കന്‍ഡ് മാത്രമേ എടുക്കൂ. കിലോമീറ്ററിന് വെറും 25 പൈസ ചെലവില്‍ ബൈക്ക് ഓടിക്കാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.
◾ വിഷയവൈവിദ്ധ്യവും ഭാഷയിലുള്ള കൈയൊതുക്കവും കഥ പറയാനുള്ള അടങ്ങാത്ത ആഗ്രഹവുമുണ്ട് ഷിനിലാലിന്റെ എഴുത്തിന്. തന്റെ ഭാവനാലോകത്തേക്ക് ധൈര്യത്തോടെ അയാള്‍ ജീവിതത്തെയും ചരിത്രത്തെയും കൊണ്ടുവരുന്നു. പഴയ കാലത്തെയും എഴുത്തിനെയും ഫിക്ഷനില്‍ കൊണ്ടുവന്ന് ഒട്ടും കാല്പനികമായല്ലാതെ തോന്നുംപടി മാറ്റിമറിക്കുന്നു. ഇക്കാലത്തെ ഏറ്റവും മികച്ച കഥകള്‍ ഈ സമാഹാരത്തിലുണ്ട്. 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര'. വി ഷിനിലാല്‍. ഡിസി ബുക്സ്. വില 161 രൂപ.
◾ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. നമ്മളില്‍ പലരും ബദാം രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ തൊലി കളഞ്ഞതിന് ശേഷമാകും കഴിക്കുന്നത്. എങ്കില്‍, അത് നിര്‍ത്തുക എന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ലവ്നീത് ബത്ര പറയുന്നത്. കാരണം ബദാമിന്റെ തൊലിയില്‍ പോളിഫെനോള്‍സ്, വിറ്റാമിന്‍ ഇ, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം മുതല്‍ ഹൃദയാരോഗ്യത്തിന് വരെ ഗുണം ചെയ്യും. ദിവസവും ബദാം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ബദാമില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ളടക്കവും ഉയര്‍ന്ന അളവിലുള്ള പ്രോട്ടീനും നാരുകളും ഉള്ളതിനാല്‍, ബദാം വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാം സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്. ബദാം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
➖➖➖➖➖➖➖➖
Post a Comment