കഥ പറയും ചിത്രങ്ങൾ - വിശ്വ പ്രസിദ്ധ ചിത്രകാരന് പ്രവാസലോകത്തിന്റെ സമർപ്പണം
വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമയ്ക്ക് ഒമാനിലെ പ്രവാസലോകം അർപ്പിക്കുന്ന "കഥ പറയും ചിത്രങ്ങൾ" (A Unique story of Colors and Canvases) എന്ന ദൃശ്യ ശ്രാവ്യ പരിപാടി ഓഗസ്ററ് 22 നു അൽ ഫലാജ് ഹോട്ടലിൽ പ്രത്യേകമായി അണിയിച്ചൊരുക്കുന്ന മൂന്നു വേദികളിൽ അരങ്ങേറും. വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയിരിക്കുന്ന പരിപാടിയുടെ ഹിന്ദി പതിപ്പ്, 'ബോൽത്തീ തസ്‌വീരേം' പിറ്റേന്ന്, ഓഗസ്റ്റ് 23 നാണു അതേ സ്റ്റേജിൽ എത്തുക. ഇതിനുള്ള പരിശീലനവും തയാറെടുപ്പുകളും പുരോഗമിക്കുകയാണ്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, 1848 ഏപ്രിൽ 29നു തിരുവനന്തപുരത്തിനടുത്ത് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ച രവി വർമ്മയുടെ ചിത്രങ്ങളും ജീവിതവുമാണ് പരിപാടിയുടെ ഇതിവൃത്തം. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് പാശ്ചാത്യശൈലീസങ്കേതങ്ങൾ ഉപയോഗിച്ച് ചിത്രകലയുടെ വളർച്ചയ്ക്കും സംസ്കാരത്തിനും സമാനതകളില്ലാത്ത ഒരു ശൈലി തന്റേതായ രീതിയിൽ തീർത്തെടുത്ത അദ്ഭുത പ്രതിഭയാണ് രാജാ രവി വർമ്മ.
രവിവർമ്മ ചിത്രങ്ങളിലെ മാസ്മരികമായ ഭാവങ്ങൾ, അതിലെ ദൃശ്യ ചാരുത, സൌന്ദര്യം, കഥാപാത്രങ്ങളുടെ വികാര വിചാരങ്ങൾ, പശ്ചാത്തലങ്ങളിലെ നൈസർഗികത എന്നിവയുടെ അന്ത:സത്ത കളയാതെ ചിത്രങ്ങളിലെ രൂപങ്ങൾ കഥാപാത്രങ്ങളായി അരങ്ങത്തു വന്നു പ്രേക്ഷകരുമായി സംവേദിക്കുന്നതാണ് ശൈലി. എണ്ണച്ചായങ്ങളാൽ അദ്ദേഹം രചിച്ച വർണ്ണ വിസ്മയത്തിന്റെ അദ്ഭുതപൂർവ്വമായ രൂപങ്ങൾ വെറും ചിത്രങ്ങളായി കണ്ടു കൊണ്ടിരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആസ്വാദകരിലേക്ക്, ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും രംഗാവിഷ്കാരത്തിന്റെയും സഹായത്താൽ, നാടകാവതരണ ശൈലിയോട് ഇടപഴകി നിൽക്കുന്ന രീതിയിൽ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കഥാപാത്രങ്ങളായി അരങ്ങത്തെത്തുമ്പോൾ, ചിത്രകാരന്റെ സംഘർഷം നിറഞ്ഞ ജീവിത യാത്രയുടെ പിന്നാമ്പുറ കഥകളും നിറഞ്ഞതാണ് 'കഥ പറയും ചിത്രങ്ങൾ' എന്ന, രണ്ടു മണിക്കൂർ നാൽപ്പത്തിയഞ്ച് മിനിറ്റ് ധൈർഘ്യമുള്ള ദൃശ്യ ശ്രാവ്യ വിരുന്ന്. രവി വർമ്മയുടെ ബാല്യം മുതൽ അവസാന നാളുകൾ വരെയുമുള്ള കുടുംബ ബന്ധങ്ങളും, സാമൂഹിക സാംസ്കാരിക ഇടപെടലുകളും ജീവിതത്തിൽ നേരിട്ട ദുർഘട സാഹചര്യങ്ങളും എല്ലാം പ്രതിപാദ്യ വിഷയങ്ങളാണ്.
ഇതിലെ 71 സീനുകളും ആസ്വാദകർക്ക് അറിവും ആവേശവും പകരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാജാ രവി വർമ്മയുടെ പ്രസിദ്ധമായ ഗാലക്സി ഓഫ് മ്യുസിഷ്യൻസ് എന്ന ചിത്രത്തിന്റെ ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടിയുടെ തിരശീല ഉയരുക. പ്രസിദ്ധമായ പല ചിത്രങ്ങളും ദൃശ്യാവതരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിരിയിരിക്കുന്നു. ഹംസ ദമയന്തി, ശകുന്തള, ദേ അച്ഛൻ വരുന്നു, തുടങ്ങിയവയാണ് അവയിൽ പ്രധാനം. വ്യത്യസ്തമായ മൂന്നു നൃത്തങ്ങളും, പ്രശസ്ത സിനിമ സംഗീത സംവിധായകനായ റോണി റാഫേൽ ചിട്ടപ്പെടുത്തിയ എട്ടോളം ഗാനങ്ങളും കഥ പറയാൻ സഹായിക്കുന്നു. കിളിമാനൂർ കൊട്ടാരത്തിലെ ഇപ്പോഴത്തെ തലമുറയിലെ തമ്പുരാനായ രാമ വർമ്മ തമ്പുരാൻ ആണ് ഈ പരിപാടിയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
ഭാവലയ ആർട്ട് ആന്റ് കൾച്ചർ ഫൌണ്ടേഷന്റെ ബാനറിൽ അരങ്ങേറുന്ന ഈ ദൃശ്യ ശ്രവ്യ വിരുന്ന് അരങ്ങത്ത് എത്തിക്കുന്നത് ഗ്ലോബൽ ഇവന്റ്സ് ആണ്. പരിപാടിയോടനുബന്ധിച്ച് സ്വദേശികൾക്കും വിദേശികൾക്കും വേണ്ടി രവി വർമ്മയുടെ ചിത്രങ്ങളെ ആസ്പദമാക്കി ഒരു ചിത്ര രചന മൽസരവും ഓഗസ്റ്റ് ആദ്യവാരം ഉണ്ടായിരിക്കും. വ്യത്യസ്ത രാജ്യങ്ങളിലെ ചിത്രകാരന്മാർക്കും കലാസനേഹികൾക്കും വേണ്ടി സംഘടിപ്പിക്കുന്ന മൽസരത്തിലെ വിജയികൾക്ക് ഓഗസ്റ്റ് 23നു അൽഫലാജിൽ നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
യൂറോപ്യൻ അക്കാദമിക് കലയും പൂർണ്ണമായും ഇന്ത്യൻ സംവേദനക്ഷമതയും ഐക്കണോഗ്രഫിയും തമ്മിലുള്ള സംയോജനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ കൃതികൾ എന്ന് കേമ്പ് സന്ദർശിച്ച ഭാവലയ ആര്ട്ട് ആൻഡ് കൾച്ചറൽ ഫൌണ്ടേഷൻ ചെയർമാൻ ഡോക്ടർ ജെ രത്നകുമാർ അഭിപ്രായപ്പെട്ടു.
മസ്കറ്റിലുള്ള നൂറ്റി ഇരുപതിൽപരം പ്രതിഭാധനരായ കലാകാരന്മാർക്കും നൂറോളം പിന്നണി പ്രവർത്തകർക്കുമൊപ്പം ഇൻഡ്യയിൽ നിന്നും സിനിമാ താരം മോക്ഷയും ഈ പരിപാടിയുടെ ഭാഗമാണ്.
കഥ പറയും ചിത്രങ്ങൾ എന്ന ദൃശ്യ ശ്രാവ്യ പരിപാടിയിലൂടെ, വിശ്വോത്തരചിത്രകാരനും ഭാരതീയനുമായ രാജാ രവി വർമ്മയെ പുതിയ തലമുറയ്ക്ക് കൂടുതൽ പരിചയപ്പെടുത്തുക എന്ന ദൌത്യമാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നത് എന്ന് ഇതിന്റെ രചയിതാവും സംവിധായകനും ഗാനരചയിതാവുമായ സുനിൽകുമാർ കൃഷ്ണൻ നായർ പറഞ്ഞു.
ഇംഗ്ലീഷ്, അറബിക് ഭാഷകളുടെ തർജമകളോടെ എത്തുന്ന ഈ പരിപാടി മസ്കറ്റിലെ കലാസനേഹികൾക്ക് വേറിട്ടതും പുതുമ നിറഞ്ഞതതും വ്യത്യസ്തതയുള്ളതുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment