◾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്നതിനെ തുടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചതായി ആരോപണം. വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍, വയനാട് സ്വദേശി നസീറ എന്നിവരാണ് മരിച്ച നാല് പേര്‍. എന്നാല്‍ ശ്വാസം കിട്ടാതെ രോഗികള്‍ മരിച്ചെന്ന ആരോപണം തള്ളിയ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ മൂന്ന് മരണം സംഭവിച്ചത് അപകടമുണ്ടാകുന്നതിന് മുന്‍പാണെന്ന് പറഞ്ഞു. മരിച്ച മൂന്ന് പേരില്‍ ഒരാള്‍ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന സ്ത്രീയാണ്. രണ്ടാമത്തെയാള്‍ ക്യാന്‍സര്‍ രോഗിയും മൂന്നാമത്തെയാള്‍ക്ക് കരള്‍ രോഗവും മറ്റ് പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. പിന്നെയൊരു മരണം ന്യൂമോണിയ ബാധിച്ച ഒരാളുടേതാണെന്നും അതും പുക ശ്വസിച്ചാണെന്ന് തോന്നുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
2025 | മെയ് 3 | ശനി
1200 | മേടം 20 | പുണർതം l 1446 l ദുൽഖഅദ് 05
➖➖➖➖➖➖➖➖
◾ കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലെ യുപിഎസ് റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക പടര്‍ന്നു. ഇന്നലെ രാത്രി 7.40നാണ് സംഭവം. ഇതോടെ മെഡിക്കല്‍ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നു രോഗികളെ അടിയന്തിരമായി പുറത്തേക്കു മാറ്റി. വെള്ളിമാടുകുന്നില്‍നിന്നും ബീച്ചില്‍നിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രണവിധേയമാക്കിയത്. അത്യാഹിതവിഭാഗത്തില്‍ ഉണ്ടായിരുന്നവര്‍ അടക്കം 30 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കും ബാക്കിയുള്ളവരെ മെഡിക്കല്‍ കോളജിലെ തന്നെ മറ്റു വാര്‍ഡുകളിലേക്കും മാറ്റി. അത്യാഹിതവിഭാഗം പൊലീസ് പൂര്‍ണമായും അടച്ചു. മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം ബീച്ച് ആശുപത്രിയിലേക്കു താല്‍ക്കാലികമായി മാറ്റി.
◾ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് മന്ത്രി വീണാ ജോര്‍ജ്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തുമെന്നും സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
◾ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ്. ഇ.ഡി നല്‍കിയ കുറ്റപത്രത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് ഡല്‍ഹി റൗസ് അവന്യു കോടതി ഇരുവര്‍ക്കും നോട്ടിസ് അയച്ചത്. മേയ് 8ന് കേസ് വീണ്ടും പരിഗണിക്കും.
◾ സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനു പാര്‍ട്ടി ഹൈക്കമാന്‍ഡ് കൈമാറി. റോജി എം.ജോണ്‍ എംഎല്‍എയുടെ പേരും ഉയര്‍ന്നെങ്കിലും ആന്റോ ആന്റണിയോ സണ്ണി ജോസഫ് എംഎല്‍എയോ പ്രസിഡന്റ് ആയേക്കുമെന്നാണ് വിവരം.
◾ വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും അപമാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിംഹഭാഗം മുതല്‍ മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‌ക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.
◾ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കാനുളള ഉറച്ച തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ളവര്‍ പ്രത്യാഘാതം നേരിടണമെന്നും അന്താരാഷ്ട്ര സഹകരണത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഭീകരരെ കയറ്റിവിടുന്ന പാകിസ്ഥാനെ ശിക്ഷിക്കണമെന്നും രാഷ്ട്രീയം കളിക്കേണ്ട സമയം അല്ല ഇതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ജമ്മുകശ്മീരിലെ രഹസ്യാന്വേഷണ വീഴ്ച അടക്കം പരിശോധിക്കണമെന്നാണ് പ്രവര്‍ത്തക സമിതി പ്രമേയം ആവശ്യപ്പെടുന്നത്.
◾ പാലിയേക്കരയിലെ ടോള്‍ പിരിവില്‍ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്ന് പോകണമെന്നും 100 മീറ്ററില്‍ കൂടുതല്‍ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി.
◾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് ജില്ലാ കളക്ടര്‍ വിആര്‍ വിനോദ്. ഉദ്യോഗസ്ഥര്‍മാരുടെ പരിശീലനം പൂര്‍ത്തിയായെന്നും പോളിംഗ് ബൂത്തുകളുടെ ക്രമീകരണം പൂര്‍ത്തിയായെന്നും കളകര്‍ പറഞ്ഞു.
◾ കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
◾ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് റിമാന്‍ഡിലായ കൊച്ചി കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ കൊച്ചി നഗരസഭ മേയര്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ നാലു മാസത്തിനിടെ കൊച്ചി കോര്‍പ്പറേഷനിലെ അഞ്ചാമത്തെ ഉദ്യോഗസ്ഥ അറസ്റ്റാണിത്.
◾ വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളില്‍ ഇരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
◾ വക്കം ഷാഹിന വധക്കേസില്‍ പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും, ജീവപര്യന്തം തടവും, പിഴയും ശിക്ഷ വിധിച്ച് കോടതി. വര്‍ക്കല വെട്ടൂര്‍ സ്വദേശി നസിമുദീനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വക്കം സ്വദേശി ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും, ഷാഹിനയുടെ മരുമകള്‍ ജസിയയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
◾ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നഴ്സിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയില്‍. മധുരൈയില്‍ നിന്നാണ് പ്രതി രാജേഷ് ഖന്ന പിടിയിലായത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. തന്നോട് പിണങ്ങി മധുരൈയില്‍ നിന്നുപോയ ചിത്രയെ തിരികെ വിളിക്കാനാണ് തിരുപ്പൂരില്‍ എത്തിയതെന്നും പക്ഷേ ഒപ്പം വരില്ലെന്ന് പറഞ്ഞു റോഡില്‍ വച്ച് ചിത്ര വഴക്കിട്ടതോടെ നിയന്ത്രണം വിട്ടെന്നുമാണ് മൊഴി.
◾ ബിഹാറില്‍ ഓര്‍ക്കസ്ട്ര നര്‍ത്തകിയെ ഭര്‍ത്താവിന്റ മുന്നിലിട്ട് ക്രൂര ബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭര്‍ത്താവിനൊപ്പം ശങ്കര്‍പൂര്‍ ദിയാരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നര്‍ത്തകിയെയാണ് മൂന്ന് പേര്‍ തോക്കിന്‍ മുനയില്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.
◾ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി, ഇന്ത്യന്‍ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകളുടെ ശ്രമം. ഈ ഹാക്കിംഗ് ശ്രമങ്ങള്‍ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ വേഗത്തില്‍ കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തു. 'അടുത്ത കാലത്ത് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളെ പരിഹസിക്കുന്ന സന്ദേശങ്ങള്‍ ഉപയോഗിച്ച് വെബ്സൈറ്റുകള്‍ വികൃതമാക്കാനായിരുന്നു ഹാക്കര്‍മാരുടെ ശ്രമം.
◾ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ. പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജന്‍സ് ഏജന്‍സി, ലഷ്‌ക്കര്‍ എന്നിവരുടെ പങ്കിന് എന്‍ഐഎ തെളിവ് ശേഖരിച്ചു. ലഷ്‌കര്‍ ഭീകരരെ നിയന്ത്രിച്ചത് മുതിര്‍ന്ന ഐഎസ്ഐ ഉദ്യോഗസ്ഥര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എന്‍ഐഎ 2500 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. 150 പേര്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്.
◾ അയോധ്യ-ഫൈസാബാദ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ രാംപഥില്‍ കടുത്ത നിയന്ത്രണങ്ങളുമായി അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. രാംപഥിന്റെ 14 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യത്തിന്റെയും മാംസത്തിന്റെയും വില്‍പ്പന നിരോധിച്ച് ഉത്തരവിറക്കി. പ്രദേശത്ത് മദ്യവും മാംസവും നിരോധിക്കുന്നതിനുള്ള പ്രമേയം വെള്ളിയാഴ്ചയാണ് അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ പാക്കിസ്ഥാനിലേക്കുള്ള നാടുകടത്തലിനെതിരെ ഒരു കുടുംബത്തിലെ 6 പേര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നുവെന്ന ആരോപിക്കപ്പെടുന്ന ഒരു കുടുംബത്തിലെ 6 അംഗങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പരിശോധന പൂര്‍ത്തിയാകും വരെ പാകിസ്ഥാനിലേക്ക് നാടുകടത്തുന്നത് പോലുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
◾ ഭീകരവാദ ഗ്രൂപ്പുകളുമായുള്ള പാകിസ്ഥാന്റെ മുന്‍കാല ബന്ധം അംഗീകരിച്ച് മുന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. രാജ്യത്തിന് ബുദ്ധിമുട്ടുള്ള ഒരു ചരിത്രമുണ്ടെങ്കിലും, അതിനുശേഷം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായി മുന്നോട്ട് പോയെന്ന് ബിലാവല്‍ ഭൂട്ടോ പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം. ഭീകര ഗ്രൂപ്പുകളുമായുള്ള രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് നടത്തിയ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
◾ അടുത്ത മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി സിസ്റ്റീന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകള്‍ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന് മെയ് 7ന് തുടക്കമാവും.
◾ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായതോടെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി പാക് അധീന കശ്മീരിലെ ഭരണകൂടം. ഇന്ത്യയുടെ ആക്രമണം ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം താമസിക്കുന്നവരോട് ചുരുങ്ങിയത് രണ്ടുമാസത്തേക്കെങ്കിലും ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചുവെക്കാന്‍ പാക് അധീന കശ്മീര്‍ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നിര്‍ദേശിച്ചു. സര്‍വകക്ഷിയോഗത്തിനു ശേഷമാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
◾ ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്താന്‍. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് പൗരന്മാരെ അവരുടെ ഭാഗത്തെ അതിര്‍ത്തി കടക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ അവരെ സ്വീകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം.
◾ അടുത്ത വര്‍ഷത്തേക്കുള്ള അമേരിക്കന്‍ ബജറ്റ് നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 163 ബില്യണ്‍ ഡോളറിന്റെ ചിലവ് നിര്‍ത്തലാക്കുമെന്ന് വ്യക്തമാക്കി. അമേരിക്കന്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, തൊഴില്‍ മേഖലകള്‍ക്ക് ഇത് ബാധകമാകും. അതേസമയം പ്രതിരോധ വകുപ്പിന്റെ ബജറ്റ് 13 ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഒരു ട്രില്യന്‍ ഡോളര്‍ ആക്കാനും പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.
◾ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 38 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 38 പന്തില്‍ 76 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 37 പന്തില്‍ 64 റണ്‍സെടുത്ത ജോസ് ബട്ലറുടേയും 23 പന്തില്‍ 48 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും മികവില്‍ 6 വിക്കറ്റില്‍ 224 റണ്‍സെടുത്തു. എന്നാല്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 41 പന്തില്‍ 74 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ മാത്രമാണ് ഹൈദരാബാദിനു വേണ്ടി മികച്ച കളി പുറത്തെടുത്തത്.
◾ ബാങ്കിതര ധനകാര്യ സ്ഥാപനമായ ജെ.എം.ജെ ഫിന്‍ടെക് ലിമിറ്റഡ് 2024-2025 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 0.66 കോടിരൂപയുടെ ലാഭം രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലിത് 0.46 കോടി രൂപയായിരുന്നു. 43.11 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ലാഭം ഇതോടെ 5.16 കോടി രൂപയായി. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 70 ശതമാനം വര്‍ധനയോടെ 6.10 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ മൊത്ത വരുമാനം 129 ശതമാനം വര്‍ധനയോടെ 17.14 കോടി രൂപയുമായി. ജെ.എം.ജെ കൈകാര്യം ചെയ്യുന്ന മൊത്തം വായ്പകള്‍, തൊട്ട് മുന്‍പാദമായ ഒക്ടോബര്‍-ഡിസംബറില്‍ നിന്ന് 29 ശതമാനം വളര്‍ച്ചയോടെ 42.56 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വായ്പകള്‍ 69 ശതമാനം വര്‍ധനയോടെ 42.56 കോടി രൂപയുമായി. മുന്‍ സാമ്പത്തിക വര്‍ഷമിത് 25.19 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ റെക്കോഡ് മുന്നേറ്റത്തിന്റെ പ്രതിഫലനമായി ഓഹരി വിപണിയിലും മികച്ച നേട്ടം കൈവരിച്ചതായി ജെ.എം.ജെ ഫിന്‍ടെക് മാനേജിംഗ് ഡയറക്ടര്‍ ജോജു മടത്തുംപടി ജോണി പറഞ്ഞു.
◾ കഞ്ചനതോപ്പില്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ജെ സി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം 'പിന്‍വാതില്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോര്‍ജ്, കന്നഡ താരം മിഹിറ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍ ഡ്രാമയാണ്. ഇരുവരും മലയാളത്തില്‍ ആദ്യമായാണ് അഭിനയിക്കുന്നത്. മലയാളത്തില്‍ നിന്നും ഒരുങ്ങുന്ന സോഷ്യല്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായിരിക്കും പിന്‍വാതിലെന്ന് അണിയറക്കാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ജെ സി ജോര്‍ജ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച 'കരിമ്പന'യുടെ ഷൂട്ടിംഗ് നടന്ന പാറശ്ശാലയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ദേശീയ പുരസ്‌കാര ജേതാക്കളായ ഛായഗ്രാഹകന്‍ മധു അമ്പാട്ട്, എഡിറ്റര്‍ ബി ലെനിന്‍, സൗണ്ട് എഞ്ചിനീയര്‍ കൃഷ്ണനുണ്ണി എന്നിവര്‍ ഈ പടത്തില്‍ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്. അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രന്‍, കെ.പി.എ.സി രാജേന്ദ്രന്‍, സിബി വള്ളൂരാന്‍, അനു ജോര്‍ജ്, ഷേര്‍ളി, അമല്‍ കൃഷ്ണന്‍, അതിശ്വ മോഹന്‍, പി എല്‍ ജോസ്, ഹരികുമാര്‍, ജാക്വലിന്‍, ബിനീഷ്, ബിനു കോശി, മാത്യു ലാല്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
◾ ശാലു റഹിം, ആഷ്‌ലി ഉഷ, രണ്‍ജി പണിക്കര്‍, നന്ദു, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം, ജെ പി, അനീസ് എബ്രഹാം, കിഷോര്‍, പീതാംബരന്‍, കുമാര്‍, വിനോദ് തോമസ്, മാധവ്, സാന്ദ്ര നായര്‍, ഗീത മാത്തന്‍, സിന്ദ്ര, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. ജിഡിഎസ്എന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന ഈ വലയം എന്ന ഫാമിലി ഡ്രാമ ചിത്രത്തില്‍ യുവ തലമുറയുടെ മൊബൈല്‍ അഡിക്ഷന്റെ കഥ പറയുന്നു. ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് കമലാനന്ദന്‍ നിര്‍വഹിക്കുന്നു. റ ഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, മഞ്ജരി, ലതിക, സംഗീത, ദുര്‍ഗ വിശ്വനാഥ്, വിനോദ് ഉദയാനപുരം എന്നിവരാണ് ഗായകര്‍.
◾ ടാറ്റാ മോട്ടോഴ്‌സിന്റെ 2025 ഏപ്രില്‍ മാസത്തെ മൊത്തം ആഭ്യന്തര വില്‍പ്പനയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ഏപ്രിലില്‍ ഇത് 76,399 യൂണിറ്റായിരുന്നു. ആഭ്യന്തര, അന്തര്‍ദേശീയ വിപണികള്‍ ഉള്‍പ്പെടെ കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തി. അതേസമയം ചില വാണിജ്യ വാഹന വിഭാഗങ്ങളില്‍ കമ്പനി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വാണിജ്യ വാഹന വിഭാത്തിലെ എച്ച്സിവി ട്രക്ക് വിഭാഗത്തില്‍, കമ്പനി 2025 ഏപ്രിലില്‍ 7,270 വാഹനങ്ങള്‍ വിറ്റു. അതേസമയം, 2024 ഏപ്രിലില്‍ ഇത് 7,875 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തില്‍ 8% ഇടിവ് ഉണ്ടായി. എസ്സിവി കാര്‍ഗോ, പിക്കപ്പ് വിഭാഗത്തില്‍, കമ്പനി 2025 ഏപ്രിലില്‍ 9,131 വാഹനങ്ങള്‍ വിറ്റു. അതേസമയം, 2024 ഏപ്രിലില്‍ ഇത് 11,823 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തില്‍ 23 ശതമാനം ഇടിവ് ഉണ്ടായി. സിവി ആഭ്യന്തര വിഭാഗത്തില്‍, കമ്പനി 2025 ഏപ്രിലില്‍ 25,764 വാഹനങ്ങള്‍ വിറ്റു. അതേസമയം, 2024 ഏപ്രിലില്‍ ഇത് 28,516 യൂണിറ്റായിരുന്നു. അതായത് ഈ വിഭാഗത്തില്‍ 10% ഇടിവ് ഉണ്ടായി. ഈ രീതിയില്‍, 2025 ഏപ്രിലില്‍ കമ്പനി മൊത്തം വാണിജ്യ വാഹന വിഭാഗത്തില്‍ 27,221 യൂണിറ്റുകള്‍ വിറ്റു. അതേസമയം 2024 ഏപ്രിലില്‍ ഇത് 29,538 യൂണിറ്റായിരുന്നു. അതായത് അതിന് 8% വളര്‍ച്ചാ ഇടിവ് സംഭവിച്ചു. കയറ്റുമതിയും ഇലക്ട്രിക് വാഹനങ്ങളും (ഇവി) ഉള്‍പ്പെടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 5 ശതമാനം ഇടിഞ്ഞ് 45,532 യൂണിറ്റായി.
◾ ജീവിതപാതയില്‍ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദര്‍ഭങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും കുട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആര്‍ദ്രമാക്കുമെന്നും തീര്‍ച്ചയാണ്. ഇതിലെ ഓരോ കഥയിലുടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാര്‍ക്ക് വളരെ വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭാവിയില്‍ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവര്‍ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും. 'ഉണ്ണികളേ ഇവര്‍ നമ്മുടെ വഴികാട്ടികള്‍'. സിപ്പി പള്ളിപ്പുറം. ഡിസി ബുക്സ്. വില 209 രൂപ.
◾ ജെന്‍ സി തലമുറയില്‍പെട്ട ഏതാണ്ട് 70 ശതമാനം ആളുകളും ഫോണിലൂടെ നേരിട്ടു സംസാരിക്കുന്നതിനെക്കാല്‍ ടെക്സ്റ്റ് അല്ലെങ്കില്‍ വോയ്സ് മസേജ് അയക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് ദി ബോറിന്റെ സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ 23 ശതമാനം ആളുകളും ഇന്‍കമിങ് കോള്‍ പൂര്‍ണമാകും അവഗണിക്കുന്നു. വിളിക്കുക എന്നത് മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാര്‍ഗമെന്ന് ചിന്തിക്കുന്ന പഴയ തലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം. ടെക്സ്റ്റുകള്‍, ഗ്രൂപ്പ് ചാറ്റുകള്‍, നേരിട്ടുള്ള സന്ദേശങ്ങള്‍, സോഷ്യല്‍ മീഡിയ എന്നിവ ആധിപത്യം പുലര്‍ത്തുന്ന ഒരു കാലഘട്ടത്തിലാണ് ജെന്‍ സി വളരുന്നത്. ഇതില്‍ ഫോണ്‍ കോള്‍ എന്നത് അവര്‍ക്ക് ആശയവിനിമയത്തിനുള്ള ഒരു മാര്‍ഗം മാത്രമാണ്. പറയാനുള്ള കാര്യങ്ങള്‍ ടൈപ്പ് ചെയ്യാനും, അവ എഡിറ്റ് ചെയ്യാനും, ടോണിനായി ഒന്നോ രണ്ടോ ഇമോജികള്‍ ഇടാനും തുടര്‍ന്ന് അയയ്ക്കാനുമുള്ള ഓപ്ഷന്‍ ഉള്ളപ്പോള്‍, ഗിയര്‍ മാറ്റി തത്സമയ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് അവരില്‍ സമ്മര്‍ദം ഉണ്ടാക്കാം. ഫോണിലൂടെ സംസാരിക്കുമ്പോള്‍ ആളുകളുടെ മുഖമോ ഭാവങ്ങളോ മനസിലാക്കാന്‍ പറ്റില്ല. കൂടാതെ ഫോണിന്റെ റിങ് പുതുതലമുറയിലെ മിക്കയാളുകളെയും അസ്വസ്ഥരാക്കുന്നു. ഇത് റിങ്സൈറ്റി (ഫോണിന്റെ റിങ് കേള്‍ക്കുമ്പോള്‍ ഉള്ള ഉത്കണ്ഠ) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നുവെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഫോണ്‍ കോളുകള്‍ അടിയന്തര സാഹചര്യങ്ങള്‍ പോലെയാണ് തോന്നുന്നതെന്ന് ജെന്‍ സി പറയുന്നു. ഇത് സമ്മര്‍ദം ഉണ്ടാക്കും. കൂടാതെ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന സാവകാശം ഉണ്ടാകില്ല. ഫോണിന്റെ നിരന്തര ബീപ്പുകള്‍, വൈബ്രേഷന്‍ എന്നിവ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും. അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്യുന്നത് ഫോണുമായി ബന്ധപ്പെട്ട ഉത്കണ്ഠ ഗണ്യമായി കുറയ്ക്കും. ഫോണ്‍ സൈലന്റില്‍ ആണെങ്കില്‍ ഫോണ്‍ ബെല്ലടിച്ചില്ലെങ്കിലും ഫോണ്‍ കോള്‍ വരുന്നവെന്ന് തോന്നല്‍ സമ്മര്‍ദം ഉണ്ടാക്കും. ഇതാണ് ഫാന്റം റിങ്ങിങ്. ഇത് പുതുതലമുറയില്‍ ഉയര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ ആസക്തിയുമായി മനഃശാസ്ത്രഞ്ജര്‍ ചേര്‍ത്തു വെയ്ക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
പാശ്ചാത്യ നാടുകളില്‍ സര്‍ക്കസ് അഭ്യാസങ്ങള്‍ കാണിക്കുന്ന പ്രസിദ്ധമായ ഒരു സര്‍ക്കസ് കുടുംബമാണ് വലേന്റ. അവര്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടാണ് കാണികള്‍ വീക്ഷിക്കാറുള്ളത്. അത്രയേറെ കാണികളെ ത്രസിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ വലേന്റകളുടെ സവിശേഷതയാണ്. ഒരിക്കല്‍ ഇവര്‍ ഷിക്കാഗോയില്‍ ഒരു അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. വലിച്ചു കെട്ടിയ ഒരു ഇരുമ്പ് കമ്പിക്ക് മുകളില്‍ ഒന്നിന് മീതെ ഒന്നൊന്നായി മനുഷ്യ പിരമിഡ് ഉണ്ടാക്കുന്നതിനിടയില്‍ ഏറ്റവും അടിയിലായി നിന്ന ആളുടെ കാല്‍ വഴുതുകയും മുകളില്‍ നിന്നിരുന്ന ആള്‍ക്കാരെല്ലാം കൂട്ടമായി താഴെ വീഴുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു. ഈ അപകടത്തെ തുടര്‍ന്ന് ഏതാനും ദിവസത്തേക്ക് സര്‍ക്കസ് അഭ്യാസങ്ങള്‍ നിര്‍ത്തി വെച്ചെങ്കിലും അധികം താമസിയാതെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ സര്‍ക്കസ് വേദിയിലേക്ക് തിരികെ വരികയാണുണ്ടായത്. ഇതിനെക്കുറിച്ച് ഒരു പത്ര പ്രവര്‍ത്തകന്‍ വലേന്റകളുടെ തലവനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: 'നമ്മുടെയൊക്കെ ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്. അല്ലാത്തതെല്ലാം കാത്തിരിപ്പ് മാത്രമാണ്.' ദു:ഖം തളം കെട്ടി നില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍ നിന്ന് അവര്‍ക്ക് തിരിച്ചു വന്നേ പറ്റൂ. കാരണം അതാണ് ജീവിതം. ജീവിതം ഒരു ഞാണിന്മേല്‍ കളിയാണ്. എത്ര ശ്രദ്ധിച്ച് ഓരോ ചുവടു വെച്ചാലും എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് നേരിടേണ്ടി വരും. അപ്പോഴൊക്കെ നാം തളര്‍ന്ന് വീണേക്കാം. എന്നാല്‍ ഒട്ടും വൈകാതെ, ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാതെ വീണിടത്തു നിന്ന് എഴുന്നേറ്റ് പൂര്‍വാധികം ആത്മവിശ്വാസത്തോടെ ജീവിതം തുടരേണ്ടതുണ്ട്. കാരണം അതാണ് ജീവിതം - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment