ന്യൂ മാഹി : ലഹരിക്കെതിരായ പോരാട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ രംഗത്തിറങ്ങണം - കെ.പി. മോഹനൻ എംഎൽഎ*
ഏടന്നൂർ : നമ്മുടെ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരിക്കെതിരായ പോരാട്ടത്തിൽ കുടുംബശ്രീ പ്രവർത്തകർ അണിനിരക്കണം എന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കെ.പി. മോഹനൻ ആഹ്വാനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൻ്റെ കുടുംബശ്രീ സർഗോത്സവമായ അരങ്ങ് 2025 കലാമേള ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ലഹരിക്കെതിരായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കെ.പി. മോഹനൻ എംഎൽഎ വിശദീകരിച്ചത്. ജനകീയാസൂത്രണ പ്രസ്ഥാനവും കുടുംബശ്രീയും കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാടിന്റെ ശുചിത്വം ഉറപ്പുവരുത്താൻ എല്ലാവരും സന്നദ്ധരാകണം എന്നും എംഎൽഎ പറഞ്ഞു. ഏടന്നൂർ ശ്രീനാരായണ മഠത്തിൽ വച്ച് നടന്ന അരങ്ങ് കലാമേളയുടെ ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. മഞ്ജുഷ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ. ലത, കെ.എസ്. ഷർമിള, മാണിക്കോത്ത് മഗേഷ്, മെമ്പർമാരായ കെ.പി. രഞ്ജിനി, കെ. വത്സല, ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു ബാബു, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാ മത്സരങ്ങൾ അരങ്ങേറി.

Post a Comment