എൻ.വി. സ്വാമിദാസന് നാടിൻ്റെ അന്ത്യാഞ്ജലി
ന്യൂമാഹി: പുന്നോൽ കുറിച്ചിയിലെ എൻ.വി. സ്വാമി ദാസൻ്റെ വേർപാടോടെ നഷ്ടമായത് ഊർജസ്വലനായ പൊതുപ്രവർത്തകനെ. സി.പി.എം പ്രവർത്തകനായ സ്വാമിദാസൻ എല്ലാ മേഖലകളിലും നിറഞ്ഞ സാനിധ്യമായിരുന്നു.
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കിയാണ് നാട്ടിൽ കൃഷിയിലും പൊതു പ്രവർത്തനങ്ങളിലും സാന്ത്വന പരിചരണ രംഗത്തും സജീവമായത്.
ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിൻ്റെ ഡയറക്ടർ എന്ന നിലയിലും കർഷക സംഘം ന്യൂമാഹി യൂണിറ്റ് ഭാരവാഹി, യങ്ങ് പയനീർ ക്ലബ്ബ് അംഗം എന്ന നിലയിലും ഏറെ സജീവമായിരുന്നു. മുൻകാല നാടക നടൻ കൂടിയായ സ്വാമി ദാസൻ പ്രാദേശികമായി നിർമ്മിച്ച ഒരു നാൾ സിനിമയിലെ മുസലിയാർ എന്ന കഥാപാത്രത്തെ ശ്രദ്ധേയമാക്കിയിരുന്നു.
2023 ഒക്ടോബർ 19 നായിരുന്നു സ്വാമിദാസൻ്റെ മകൻ നിതിൻ ദാസ് (24 - ഉണ്ണി) ദുബായിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. അതിൻ്റെ വേദനയും ദുഃഖവും നിലനിൽക്കുമ്പോഴാണ് കുടുംബത്തിന് താങ്ങാനാവാത്ത ഈ വേർപാട്.
കുറിച്ചിയിലെ നിട്ടൂർ വീട്ടിൽ വ്യാഴാഴ്ച ഉച്ചക്ക് നടന്ന സംസ്കാരച്ചടങ്ങിൽ വിവിധ പാർട്ടി നേതാക്കളടക്കം നൂറ് കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു.
റബ്കോ ചെയർമാൻ കാരായി രാജൻ, സി.പി.എം. നേതാക്കളായ സി.കെ.രമേശൻ, എം.സി. പവിത്രൻ, കാരായി ചന്ദ്രശേഖരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു. സി.പി.എമ്മിൻ്റെ വിവിധ ബ്രാഞ്ച് കമ്മിറ്റികൾ, വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ്, കേരള പ്രവാസി സംഘം തലശ്ശേരി ഏരിയാ കമ്മിറ്റി, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം, ഒരുനാൾ സിനിമാ കൂട്ടായ്മ, ഐ.ആർ.പി.സി ന്യൂമാഹി ലോക്കൽ ഗ്രൂപ്പ് തുടങ്ങി വിവിധ സംഘടനകൾക്ക് വേണ്ടി ഭാരവാഹികൾ പുഷ്പചക്രം അർപ്പിച്ചു.
Post a Comment