മൂലക്കടവ് പാലത്തിന് സമീപത്തെ അപകടാവസ്ഥയിലായ തണൽ മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യവുമായി ഓട്ടോ തൊഴിലാളികൾ
പന്തക്കൽ: കോപ്പാലം - പാനൂർ റോഡിലെ മൂലക്കടവ് പാലത്തിന് സമീപത്തെ അപകടാവസ്ഥയിലായ പാതയോരത്തെ കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് നീക്കുകയോ ചെയ്യണമെന്ന് പ്രദേശത്തെ ഓട്ടോ തൊഴിലാളികളും, നാട്ടുകാരും ആവശ്യപ്പെട്ടു.മൂലക്കടവിൽ നിലവിൽ ബസ് സ്റ്റാൻഡ് ഇല്ലെങ്കിലും പുതിയ പാലവും, പഴയ പാലവും ചേർന്ന് നിൽക്കുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുവൻ ഇടമുള്ളതിനാൽ പുതുച്ചേരി സർക്കാറിൻ്റെ പി.ആർ.ടി.സി., സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന സർക്കാറിൻ്റെ മറ്റു രണ്ട് ബസുകൾ, മാഹി സഹകരണ സൊസൈറ്റി ബസുകൾ, മൂലക്കടവ് കവലയിലെ ഓട്ടോറിക്ഷകൾ എന്നിവയെല്ലാം പാർക്ക് ചെയ്യുന്നത് അപകടാവസ്ഥയിലായ ഈ തണൽ മരങ്ങളുടെ സമീപമാണ്. ഉണങ്ങി നിൽക്കുന്ന വലിയ ശിഖരങ്ങൾ കഴിഞ്ഞ ദിവസത്തെ മഴയിലും, കാറ്റിലും റോഡിൽ പൊട്ടിവീണിരുന്നു. അർധരാത്രിയായതിനാൽ അപകടം ഒഴിവായി.
പന്തക്കൽ ഐ.കെ.കെ.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, ജുമാ മസ്ജിദ്, മദ്രസ, പന്തക്കൽ പോലീസ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങൾ മൂലക്കടവ് കവലയിൽത്തന്നെ പ്രവർത്തിക്കുന്നതിനാൽ ഇവിടെ തിരക്കൊഴിയാറില്ല. അധികൃതർ മഴ ആരംഭിക്കുന്നതിന് മുൻപ് നടപടി സ്വീകരിക്കണമെന്നതാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം

Post a Comment