ന്യൂമാഹിയിലെ വികസന പദ്ധതികൾ വേഗത്തിലാക്കും
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പ്രവൃത്തികൾ വേഗത്തിലാക്കാൻ നിയമസഭാ സ്പീക്കറും സ്ഥലം എം.എൽ.എ. യുമായ അഡ്വ. എ.എൻ.ഷംസീർ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്ത് ഓഫീസിൽ ഇത് സംബന്ധിച്ച് ചേർന്ന അവലോകന യോഗത്തിലാണ് വിവിധ പദ്ധതികൾ ഉടനെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയത്.
ന്യൂമാഹി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കുനിയിൽ എൽ.പി. സ്കൂൾ പുതിയ കെട്ടിടം പണി ഉടനെ പൂർത്തിയാക്കി അടുത്ത അധ്യയന വർഷം തന്നെ പുതിയ കെട്ടിടത്തിൽ ക്ലാസ് തുടങ്ങും.
മൂന്നാം വാർഡിൽ കുറിച്ചിയിൽ കുറ്റിക്കുന്നുമ്മൽ കുടിവെള്ള പദ്ധതി പൂർത്തിയായി. വൈദ്യുതി കണക്ഷൻ ലഭിച്ചാൽ പദ്ധതിയുടെ ഉദ്ഘാടനം നടക്കും.
അഴീക്കൽ ഫിഷ് ലാൻ്റിങ്ങ് സെൻ്റർ റോഡ് നേരത്തെയുള്ള കരാറുകാരൻ പ്രവൃത്തി നടത്താത്തതിനാൽ ഒഴിവാക്കിയിരുന്നു. പുതിയ ടെണ്ടർ നടപടികൾ ഉടനെയുണ്ടാവും.
പെരിങ്ങാടി മങ്ങാട് ആരോഗ്യഉപകേന്ദ്രത്തിൻ്റെ പ്രവൃത്തി കരാറുകാരൻ നിർത്തി വെച്ചത് ഉടനെ തുടങ്ങാനും വേഗത്തിൽ പൂർത്തിയാക്കാനും നിർദ്ദേശം നൽകി.
ജൽ ജീവൻ പദ്ധതിയിൽ പഞ്ചായത്തിലാകെ കുടിവെള്ള വിതരണത്തിൻ്റെ പൈപ്പ് ലൈൻ വലിച്ച് കണക്ഷൻ നൽകുന്നതിൻ്റെ പ്രവൃത്തി 64 ശതമാനം പൂർത്തിയായി. മാർച്ച് അവസാനമാവുമ്പോഴേക്കും പ്രവൃത്തി പൂർത്തിയാക്കി റോഡുകൾ പൂർവ്വസ്ഥിതിയിലാക്കണമെന്ന് നിർദ്ദേശിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ.സെയ്തു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സെക്രട്ടറി കെ.എ. ലസിത, വിവിധ വകുപ്പുകളിലെ നിർവ്വഹണ ഉദ്യോഗസ്ഥർ, എൻജിനിയർമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Post a Comment