*മാഹി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആഗസ്ത് 29 ന് കടകളടച്ച് കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷനു മുന്നിൽ ധർണ്ണാ സമരം*
മാഹിയിലെ വ്യാപാര സമുഹത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിക്ഷേധിച്ച് മാഹി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ആഗസ്ത് 29 ന് കടകളടച്ച് കാലത്ത് 10 മണിക്ക് മാഹി സിവിൽ സ്റ്റേഷനു മുന്നിൽ മൂന്നുമണിക്കൂർ ധർണ്ണാ സമരം നടത്തുമെന്ന് ചെയർമാൻ കെ.കെ.അനിൽകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മയ്യഴി നഗരസഭ വിവിധയിനം ഫീസുകളുടെ പേരിൽ വ്യാപാരികളിൽ നിന്നും ഭീമമായ തുകയാണ് പിരിച്ചെടുക്കുന്നത്. എന്നിട്ടും കഴിഞ്ഞ രണ്ടുവർഷമായി വ്യാപരികൾക്ക് മുൻസിപ്പൽ ലൈസൻസ് നൽകുന്നില്ല. ഇതു കാരണം കച്ചവടാവശ്യത്തിന് ലോൺ പോലും എടുക്കാനാവാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല വ്യാപാരികളുടെ ക്ഷേമത്തിനായി പുതുതായി ആരംഭിച്ച വെൽഫെയർ ബോർഡിലേക്കുള്ള അപേക്ഷകൾ പോലും നൽകാനാവുന്നില്ല. വ്യാപര സമൂഹത്തിൻ്റെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും മനസിലാക്കാൻ പോലും തയ്യാറാവാത്ത മയ്യഴി ഭരണകൂടത്തിൻ്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നടത്തുന്ന പ്രതിക്ഷേധ സമരത്തിന് തുടക്കം കുറിക്കുന്ന സൂചന സമരമായാണ് ധർണ്ണാ സമരം സംഘടിപ്പിച്ചതെന്ന് വ്യാപാരി നേതാക്കളായ ഷാജു കാനത്തിൽ, ഷാജി പിണക്കാട്ടിൽ, കെ.കെ. ശ്രീജിത്ത്, അഹമ്മദ് സെമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Post a Comment