o വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം
Latest News


 

വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം

 *വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്: കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം* 



തിരുവനന്തപുരം: കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലുള്ള സൂ സഫാരി പാർക്ക് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ആരംഭിക്കാനുള്ള നടപടിക്രമങ്ങളായി. തളിപ്പറമ്പ് - ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാൻ്റേഷൻ കോർപറേഷന്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്ട പാർക്ക് സ്ഥാപിക്കുക. 256 ഏക്കർ ഭൂമി ഈ ആവശ്യത്തിന് വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


നിലവിലുള്ള പ്രകൃതി അതേ പോലെ നിലനിർത്തി സ്വഭാവികവനവൽക്കരണം നടത്തിയാണ് പാർക്കിൻ്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക.


നാടുകാണി ഡിവിഷനിലെ പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടു നൽകാനുള്ള നിരാക്ഷേപ പത്രമാണ് കൃഷി വകുപ്പ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും ഉണ്ടാവും. പ്ലാന്റേഷൻ കോർപറേഷനിലെ ജീവനക്കാരെ നിർദിഷ്ട പാർക്കിൽ നിയമിക്കാനും നടപടി സ്വീകരിക്കും.


യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ്, എം.വി. ഗോവിന്ദൻ എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post