◾ കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 49 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 25 പേര്‍ മലയാളികളെന്നാണ് സൂചന. 41 പേരുടെ മരണമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ 10 പേര്‍ മലയാളികളാണ്. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.
2024 | ജൂൺ 13 | വ്യാഴം |
1199 | ഇടവം 30 | പൂരം l 1445 l ദുൽഹജ്ജ് 06
➖➖➖➖➖➖➖➖
◾ കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), കാസര്‍കോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസര്‍കോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കൊല്ലം പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68) , കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
◾ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ സുരക്ഷാജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേര്‍ ചികിത്സയിലാണ്. പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
◾ കുവൈത്തില്‍ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മോദി എക്സില്‍ കുറിച്ചു. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിലെത്തിയ കേന്ദ്ര സഹമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എക്സില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രിയും വ്യക്തമാക്കി.
◾ കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
◾ കുവൈത്ത് ദുരന്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
◾ കുവൈത്തില്‍ ഉണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. 'ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിനിരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നുവെന്നും മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ മാറ്റിവെയ്ക്കണമെന്നും ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപെട്ടു.
◾ കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഇന്ന് നടക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റിവച്ചു. 14, 15 തീയതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് ലോക കേരളസഭ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
◾ നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 351 അംഗങ്ങള്‍ കേരള സഭയില്‍ പങ്കെടുക്കും. പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും സാധ്യമാക്കുക, നാടിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലോക കേരള സഭയ്ക്കുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
◾ ക്രിമിനലുകളെ പൊലീസില്‍ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലീസിന്റെ പ്രവര്‍ത്തനം പല തലത്തില്‍ വിലയിരുത്തുമെന്നും പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും എട്ടു വര്‍ഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ ബാര്‍ ഉടമകളുടെ കയ്യില്‍ നിന്നുള്ള പണപ്പിരിവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരത്തെ തന്നെ അറിവ് ലഭിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഏപ്രില്‍ മാസത്തിലാണ് ഒരു വിഭാഗം ബാറുടമകള്‍ പണപ്പിരിവിനെ കുറിച്ച് പരാതിയായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്. എക്സൈസ് വിജിലന്‍സിന് പരാതി കൈമാറിയ മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നിടൊന്നും ഈ വിഷയത്തില്‍ ചെയ്തില്ല. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൈമാറിയെങ്കിലും എക്സൈസ് വിജിലന്‍സ് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. അന്വേഷണം തുടങ്ങിയത് ശബ്ദരേഖ പുറത്ത് വന്ന ശേഷം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
◾ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് അല്ല കയറേണ്ടതെന്ന് എം.വി. ജയരാജന് മറുപടി നല്‍കി ഇടത് സൈബര്‍ പേജുകളിലൊന്നായ പോരാളി ഷാജി. അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണ് ഇടതുപക്ഷത്തിന്റ തോല്‍വിക്ക് കാരണമെന്നും തങ്ങളല്ല അതിന് കാരണമെന്നും 'പോരാളി ഷാജി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ജനാധിപത്യത്തില്‍ ജനങ്ങളാണ് വലുതെന്ന് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ദന്ത ഗോപുരങ്ങളില്‍ നിന്ന് താഴെയിറങ്ങി ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. അതിന് പറ്റില്ലെങ്കില്‍ ചോര കൊണ്ട് ചുവപ്പിച്ച ഈ ചെങ്കൊടി താഴെ വച്ച് വല്ലോ പണിയുമെടുത്ത് ജീവിക്കെന്നും കുറിപ്പില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം പോരാളി ഷാജി പോലുള്ള വിലയ്ക്ക് വാങ്ങപ്പെട്ട ഇടത് സൈബര്‍ പേജുകളാണെന്ന് എം.വി.ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു.
◾ സുപ്രീംകോടതി ഉത്തരവനുസരിച്ച് യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികള്‍ ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് കോടതി കുറ്റപ്പെടുത്തി. എന്നാല്‍ യാക്കോബായ ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കം സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
◾ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ വസതിയിലെത്തി ശാരദ ടീച്ചറെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും, ആദ്യമേ പുരപ്പുറം തൂക്കാന്‍ പറ്റുമോയെന്നും നിലവില്‍ പ്ലാനുകള്‍ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആദ്യം പഠിക്കും. ചെയ്യാന്‍ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും പറഞ്ഞ സുരേഷ്‌ഗോപി മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ടെന്നും എംപിയുടെ പ്രവര്‍ത്തനത്തിനും സിനിമയ്ക്കുമാണ് മുന്‍ഗണനയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
◾ എന്‍ഡിഎയില്‍ മന്ത്രിസ്ഥാനം ലഭിച്ച ജെഡിഎസ് എല്‍ഡിഎഫിലും തുടരുന്നതില്‍ സി പിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍. സിപിഎമ്മിന്റെ മതേതരത്വ നിലപാടിനെതിരെ പോലും ചോദ്യങ്ങളുയര്‍ത്തുന്നതാണ് ഇതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍എസ്പി പണ്ട് എല്‍ഡിഎഫ് വിട്ടതും വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ ജനതാദള്‍ എല്‍ഡിഎഫ് വിട്ടതുമായി അതേ സാഹചര്യമാണ് ഇന്ന് ആര്‍ജെഡിക്ക് ഉണ്ടായിരിക്കുന്നതെന്നും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ജെഡി തിരിച്ചു വരാന്‍ തയ്യാറാണെങ്കില്‍ യുഡിഎഫ് കൂടിയാലോചിച്ച് നിലപാട് സ്വീകരിക്കുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
◾ ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പക്ഷിപ്പനി ജാഗ്രത തുടരുന്നതിനാല്‍ പക്ഷികളെ വളര്‍ത്തുന്നവര്‍ കര്‍ശനമായ ജൈവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം. ചേര്‍ത്തല മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി പഞ്ചായത്ത് എന്നിവിടങ്ങളിലെ പക്ഷികളില്‍ പക്ഷിപ്പനി സംശയിക്കുന്നതിനാലും, മുഹമ്മ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാലുമാണ് പ്രത്യേത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ കാലവര്‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിയുടെ ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ച തോതില്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിലാകെ ഒഴുകിയെത്തിയിട്ടുള്ളൂ. നേരത്തെ ഏര്‍പ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാര്‍ നിലവിലുള്ളതിനാലാണ് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
◾ വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ ജയക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ കൊട്ടേഷന്‍ സംഘം. കുടുംബവഴക്കിനേതുടര്‍ന്ന് അടുത്ത ബന്ധു സജീഷാണ് ജയയെ തല്ലാന്‍ ആളെ കൂട്ടിയത്. സജീഷും ജയയെ തല്ലിയ മുന്നംഗസംഘവും ഒളിവിലാണ്. മര്‍ദനത്തിന് കൂട്ടുനിന്നതിന് സജീഷിന്റെ ഭാര്യയേയും സഹായിയേയും ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
◾ സാഹസിക ടൂറിസം മേഖലയില്‍ കേരളത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിലൂടെ നടക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇതിലൂടെ ദക്ഷിണേന്ത്യയിലെ വൈറ്റ് വാട്ടര്‍ കയാക്കിംഗിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത് സംസ്ഥാനത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.
◾ വയറിളക്ക രോഗങ്ങള്‍ക്കെതിരെ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാം. അതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങള്‍. ആരോഗ്യകാര്യത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ശ്രദ്ധ വേണം എന്നും മന്ത്രി പറഞ്ഞു.
◾ നടി സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നൃത്തപരിപാടി നടത്തുന്നതിന് വിസി വിലക്ക് ഏര്‍പ്പെടുത്തി. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
◾ ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവര്‍ തെരുവിലാണെന്നും ജാതി നോക്കി വോട്ട് ചെയ്യുന്നവര്‍ മിടുക്കരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമാണ്. രാജ്യസഭാ സീറ്റ് മുന്നണികള്‍ നല്‍കിയത് ന്യൂനപക്ഷങ്ങള്‍ക്കാണ്. സത്യം പറയുന്ന തന്നെ ജാതിവാദിയാക്കുന്നുവെന്നും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
◾ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മൊഴി മാറ്റി പറഞ്ഞ പരാതിക്കാരി പെണ്‍കുട്ടി സംസ്ഥാനം വിട്ടതായി സൂചന. അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ദില്ലിയില്‍ നിന്നാണ്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഇവിടെ നിന്ന് ദില്ലിയില്‍ എത്തിയ യുവതി വീഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വീഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം.
◾ വ്ലോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കും സാമൂഹിക സേവനം നല്‍കിയത്. സാമൂഹിക സേവനത്തിന്റെ രണ്ടാം ദിനമാണ് ഇന്നലെ. രാവിലെ 8 മുതല്‍ 2 വരെയാണ് സേവനം ചെയ്യേണ്ടത്. 15 ദിവസത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.
◾ തൃശ്ശൂര്‍ തെക്കുംകര മലാക്ക ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയില്‍ എത്തിയത്. ആനയുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.
◾ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതിയെ തുടര്‍ന്ന്, നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് ലീഗല്‍ മെട്രോളജി വകുപ്പ്. രണ്ട് ലക്ഷം രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് പിഴ ചുമത്തിയതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ.അബ്ദുള്‍ കാദര്‍ അറിയിച്ചു.
◾ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലകള്‍ സമാനതകളില്ലാത്ത കുതിപ്പ് നടത്തിയെന്ന ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ റിപ്പോര്‍ട്ട് അഭിമാനം നല്‍കുന്ന നേട്ടമാണെന്ന് മന്ത്രി പി രാജീവ്. ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവര്‍ധനവ് 46% മാത്രമാണെങ്കില്‍ കേരളത്തിലേത് 254% ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫോര്‍ഡബിള്‍ ടാലന്റ് ഇന്റക്‌സില്‍ ഏഷ്യയിലെ നാലാം സ്ഥാനവും കേരളത്തിനാണെന്ന് മന്ത്രി പറഞ്ഞു.
◾ ജലഗതാഗത വകുപ്പിന്റെ പ്രീമിയം എസി ബോട്ടുകള്‍ ഒരുങ്ങുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകളില്‍ 20 സീറ്റാണ് ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. കൂടുതല്‍ ഗ്രാമമേഖലകള്‍ ഉള്‍പ്പെടുന്ന റൂട്ടുകളിലാവും പുതിയ സര്‍വീസ്. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോര്‍ഡിന്റെയും സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഇവ നിര്‍മിക്കുന്നത്. സൗരോര്‍ജം ലഭ്യമല്ലാത്ത സമയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ബോട്ടിലുണ്ടാകും.
◾ മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തുടങ്ങിയവരും ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
◾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിക്ക് തിരിക്കും. ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യാനിരുന്ന ഇറ്റലിയിലെ റോമിലെ മഹാത്മ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇറ്റലിയില്‍ എത്തുന്നത്. കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് നിജ്ജര്‍ക്കായി ഖലിസ്ഥാന്‍വാദികള്‍ ചുമരെഴുതുകയും ചെയ്തു.
◾ തമിഴിസൈ സൗന്ദര്‍രാജനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി ശാസിച്ച സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി ഡിഎംകെ. അമിത്ഷായുടേത് തെറ്റായ നടപടി എന്ന് ഡിഎംകെ കുറ്റപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ വനിത നേതാവിനെ അപമാനിച്ചത് മര്യാദയാണോയെന്നും അമിത് ഷായുടേത് എന്ത് രാഷ്ട്രീയമെന്നും ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ വിമര്‍ശിച്ചു.
◾ ശൈശവ വിവാഹത്തെ പ്രതിരോധിക്കാന്‍ സ്റ്റൈപെന്‍ഡ് പദ്ധതിയുമായി അസം സര്‍ക്കാര്‍. പ്ലസ് വണ്‍ മുതല്‍ പിജി വരെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസ ധനസഹായം പ്രഖ്യാപിച്ചത്. 'മുഖ്യമന്ത്രി നിജുത് മൊയ്‌ന' എന്നു പേരിട്ട പദ്ധതി പ്രകാരം ഓരോ വിദ്യാര്‍ത്ഥിനിക്കും പരമാവധി 2500 രൂപ വരെയാണ് നല്‍കുന്നത്.
◾ ടി20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് യുഎസ്എക്കെതിരെ ഏഴു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎസ്എക്ക് 110 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നാല് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. യുഎസ് ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. രോഹിതിനേയും കോലിയേയും തുടക്കത്തില്‍ നഷ്ടപ്പെട്ട ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവ് - ശിവം ദുബെ സഖ്യമാണ് വിജയത്തിലെത്തിച്ചത്. അര്‍ധ സെഞ്ചുറി നേടിയ സൂര്യ 49 പന്തില്‍ നിന്ന് 50 റണ്‍സോടെ പുറത്താകാതെ നിന്നു. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.
◾ ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും ഉത്പാദന ചെലവിലെ വര്‍ദ്ധനയും രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമാക്കുന്നു. ചൂട് കത്തിക്കയറിയതോടെ പച്ചക്കറികളുടെയും പയര്‍ വര്‍ഗങ്ങളുടെയും വില മാനം മുട്ടെ ഉയരുന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം മത്സ്യം, മാംസം, പാലുത്പന്നങ്ങള്‍, അരി, ഉള്ളി എന്നിവയുടെ വിലയും നിയന്ത്രണമില്ലാതെ ഉയരുകയാണ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ഉത്പാദനത്തില്‍ 60 ശതമാനം വിഹിതമുള്ള സവാള, കിഴങ്ങ്, തക്കാളി തുടങ്ങിയവയുടെ വിലയില്‍ ജനുവരി മാസത്തിന് ശേഷം അന്‍പത് ശതമാനത്തിലധികം വര്‍ദ്ധനയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇതോടൊപ്പം ചൂട് കുത്തനെ കൂടിയതോടെ ചരക്ക് നീക്കം പ്രതിസന്ധിയിലായതും വില കൂടാന്‍ കാരണമായി. ഇഞ്ചി, വെളുത്തുള്ളി, ബീന്‍സ് എന്നിവയുടെ വിലയും കുത്തനെ കൂടി. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.8 ശതമാനത്തിന് അടുത്തേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മേയിലെ നാണയപ്പെരുപ്പം കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് 45 ഡിഗ്രിയ്ക്ക് മുകളിലെത്തിയതിനാല്‍ കനത്ത ഉത്പാദനത്തകര്‍ച്ചയാണ് നേരിട്ടത്. വിലക്കയറ്റം പിടിച്ചുനിറുത്താനായി പച്ചക്കറികള്‍, ധാന്യങ്ങള്‍, സവാള, അരി, ഗോതമ്പ് തുടങ്ങിയവയുടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണം ശക്തമാക്കിയേക്കും. വിപണിയില്‍ ഉത്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിനാകും സര്‍ക്കാര്‍ മുന്‍ഗണനയെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
◾ ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീന്‍ ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാര്‍ട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ ആഖ്യാനം. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപന പോസ്റ്റര്‍ പുറത്തിറക്കി. ജൂണ്‍ 28ന് തീയേറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. 'പിച്ചൈക്കാരന്‍' എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരെ കൂടാതെ സഞ്ജു ശിവറാം, അനീഷ് ഗോപാല്‍, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശര്‍മ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രന്‍, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ പ്രൈം വീഡിയോ 'മിര്‍സാപൂര്‍ സീസണ്‍ 3'ന്റെ ടീസര്‍ പുറത്തിറക്കി. ക്രൈം ത്രില്ലര്‍ സീരിസ് പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന പുതിയ സീസണിന്റെ ടീസര്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആരാധകര്‍ക്ക് ആവേശമായി പുറത്തിറങ്ങിയത്. മിര്‍സാപൂര്‍ സീസണ്‍ 3 ജൂലൈ 5 നായിരിക്കും ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗിന് എത്തുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടീസര്‍ വരാനിരിക്കുന്ന സീസണിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. രക്തരൂക്ഷിതമായ രംഗങ്ങള്‍ പുതിയ സീസണിലും പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. മുന്‍ സീസണിലെപ്പോലെ തന്നെ ആനിമല്‍ ചാനലിലെ കമന്ററിയുടെ അകമ്പടിയോടെയാണ് ടീസര്‍ വന്നിരിക്കുന്നത്. ഗുര്‍മീത് സിംഗ്, ആനന്ദ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഇതിനകം ജനപ്രിയമായ പരമ്പരയുടെ മൂന്നാംഭാഗമാണ് ഇക്കൊല്ലം എത്തുന്നത്. എക്സല്‍ എന്റര്‍ടെയ്മെന്റാണ് ഈ സീരിസ് നിര്‍മ്മിക്കുന്നത്. അലി ഫസല്‍, പങ്കജ് ത്രിപാഠി, ശ്വേതാ ത്രിപാഠി എന്നിവരുള്‍പ്പെടെയുള്ള താരനിരയുടെ സാന്നിധ്യമുണ്ട് 'മിര്‍സാപൂര്‍ 3' യില്‍.
◾ മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എക്സ്യുവി 700 എസ്യുവി മോഡല്‍ ലൈനപ്പിന് വരും ആഴ്ചകളില്‍ ഒരു പുതിയ ഓട്ടോമാറ്റിക് വേരിയന്റ് ലഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ച് സീറ്റ് കോണ്‍ഫിഗറേഷനും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ഉള്ള ഒരു പുതിയ എംഎക്സ് ഓട്ടോമാറ്റിക് വേരിയന്റ് കമ്പനി അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹീന്ദ്ര എക്സ്യുവി 700 എംഎക്സ് അഞ്ച് സീറ്റര്‍ നിലവില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനിലും 7-സീറ്റ് ലേഔട്ടിലും ലഭ്യമാണ്. പുതിയ എംഎക്സ് ഓട്ടോമാറ്റിക് വേരിയന്റിന് 14 ലക്ഷം രൂപ വിലയുള്ള മാനുവല്‍ പതിപ്പിനേക്കാള്‍ ഏകദേശം 1.80 ലക്ഷം രൂപ കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. അതേസമയം മഹീന്ദ്ര എക്സ്യുവി 700 ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ അതിന്റെ ആദ്യ മിഡ്-ലൈഫ് അപ്‌ഡേറ്റിന് വിധേയമാകും.
◾ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്‌നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. മരണത്തിനുമപ്പുറം നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹമെന്ന മഹാസാഗരത്തിന്റെ അലകളിളകുന്ന നോവല്‍. 'സ്വര്‍ഗവാതില്‍'. രണ്ടാം പതിപ്പ്. കെ പി സുധീര. മാതൃഭൂമി ബുക്സ്. വില 325 രൂപ.
◾ തുടര്‍ച്ചയായി മലിനവായുവും വിഷാംശങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. ശ്വാസകോശത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. ഇതിനായി പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങളും പാനീയങ്ങളും ശ്വാസകോശത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ശ്വസനം സുഗമമാക്കാനും സഹായിക്കും. അത്തരത്തില്‍ ശ്വാസകോശത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ആരോഗ്യമേകാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. ആന്റി ഓക്സിഡന്റ്- ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്ത് ശ്വസനം സുഗമമാക്കാന്‍ സഹായിക്കും. ഇതിനായി തുളസിയിലയിട്ട ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചിയും ശ്വാസകോശത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി ഇഞ്ചി ചായയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഞ്ഞളിലെ കുര്‍ക്കുമിന് ആന്റി ഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വെളുത്തുള്ളിയിലെ അലിസിന് ആന്റി- ഇന്‍ഫ്ളമേറ്ററി, ആന്റി- മൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇവയും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചീര കഴിക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് ശ്വാസകോശത്തിലെ ഇന്‍ഫ്ലമേഷന്‍ അഥവാ വീക്കം തടയാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കൃഷിക്കാരന്‍ കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. പിറ്റേദിവസം വെള്ളമെടുക്കാനെത്തിയ കൃഷിക്കാരനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു. അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല. എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്‍ഷകന്‍ കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക! തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ തന്റെ വാദത്തില്‍ നിന്നും പിന്മാറി. പൂര്‍ണ്ണമായും കിണര്‍ കൃഷിക്കാരന് നല്‍കി. അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും ഉണ്ട്. അര്‍ഹത അടിസ്ഥാനമാക്കിയവര്‍ക്ക് സ്വന്തമായ നീതിബോധമുണ്ടായിരിക്കും. ആനുകൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ മറ്റുള്ളവരുടെ കഴിവുകളെ വിലമതിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. യോഗ്യതയുള്ളവര്‍ക്ക് അര്‍ഹതയുള്ളത് ലഭിക്കും. അവര്‍ക്ക് ആരുടേയും ചൊല്‍പടിക്ക് നില്‍ക്കേണ്ടിവരില്ല. സ്വാധീനിക്കേണ്ടതിന്റെയോ കീഴടങ്ങേണ്ടതിന്റെയോ ആവശ്യമില്ല. നമുക്കും അര്‍ഹതയുള്ളവയെ അവഗണിക്കാതിരിക്കാന്‍ ശീലിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Post a Comment