o സായാഹ്ന വാർത്തകൾ
Latest News


 

സായാഹ്ന വാർത്തകൾ

 



◾/ രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളെ തള്ളി എക്സാറ്റ് പോള്‍. മൂന്നാമൂഴത്തിന് നരേന്ദ്രമോദി സര്‍ക്കാരിനുള്ള പ്രതീക്ഷ നല്‍കുന്ന ജനവിധിയാണെങ്കിലും ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ല. നിലവില്‍ മൂന്നൂറിനടുത്ത് സീറ്റുകളില്‍ എന്‍ഡിഎ മുന്നണിയും 230 നടുത്ത് സീറ്റുകളില്‍ ഇന്ത്യാ മുന്നണിയും മുന്നിട്ടു നില്‍ക്കുകയാണ്. ഇരുപത് സീറ്റിനടുത്ത് മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.


◾/ ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി കോണ്‍ഗ്രസ്. നിലവില്‍ ഇന്ത്യാ സഖ്യം 230 സീറ്റിലോളം മുന്നേറുന്ന  സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.  ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി,  നവീന്‍ പട്നായിക്കിന്റെ ബിജെഡി, ജഗന്‍മോഹന്‍ റഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുമായി കോണ്‍ഗ്രസ് സംസാരിക്കും.  നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി.


◾/ എന്‍ഡിഎയെ ഞെട്ടിച്ച് ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതോടെ മൂന്നാം വട്ടവും ഭരണം ഉറപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ബിജെപി. ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിര്‍ത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണില്‍ സംസാരിച്ചു. എന്‍ഡിഎയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.


ആന്ധ്രാപ്രദേശിലെ 25 ല്‍ 21 ഉം ആസാമിലെ 14ല്‍ 9 ഉം ബീഹാറിലെ 40 ല്‍ 30 ഉം ചത്തീസ്ഗഡിലെ 11ല്‍ 10 ഉം ഡല്‍ഹിയിലെ 7ല്‍ 7 ഉം ഗുജറാത്തിലെ 26 ല്‍ 25 ഉം കര്‍ണാടകയിലെ 28 ല്‍ 19 ഉം മധ്യപ്രദേശിലെ 29 ല്‍ 29 ഉം ഒഡീഷയിലെ 21 ല്‍ 19 ഉം രാജസ്ഥാനിലെ 25ല്‍ 14 ഉം തെലുങ്കാനയിലെ 17ല്‍ 8ഉം ഉത്തരാഖണ്ഡിലെ 5 ല്‍ 5ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 36 ഉം പശ്ചിമബംഗാളിലെ 42ല്‍ 12ഉം സീറ്റുകളാണ് എന്‍ഡിഎക്ക് 300 നടുത്ത എത്താന്‍ സഹായമായത്.


◾/ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.


◾/ തിരുവനന്തപുരത്ത് യുഡിഎഫിന്റെ ശശിതരൂര്‍ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കിയത് ഏറെ വിയര്‍ത്താണ് .അവസാനം വരെ ലീഡ് പിടിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ 16,077 വോട്ടിന്റെ ലീഡാണ് ശശിതരൂരിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്,


◾/ കേരളം കണ്ട ഏറ്റവും വലിയ ഫോട്ടോഫിനിഷിനൊടുവില്‍ അസാനത്തെ റൗണ്ടിലാണ് ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് എല്‍ഡിഎഫിന്റെ  വി.ജോയിയെ 1708 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രി വി.മുരളീധരന്റെ മികച്ച പ്രകടനമാണ് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കെത്തിച്ചത്.


◾/ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്തിന്റെ പ്രേമലുവായ യുഡിഎഫിന്റെ എന്‍.കെ.പ്രേമചന്ദ്രന്‍ എല്‍ഡിഎഫിന്റെ എം.മുകേഷിനെ മലര്‍ത്തിയടിച്ചത്. എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടി മൂന്നാമതെത്തി.


◾ പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി എല്‍ഡിഎഫിന്റെ ടി.എം.തോമസ് ഐസകിനെ തോല്‍പിച്ചത് 66,064 വോട്ടുകള്‍ക്കാണ്. 2,34,098 പിടിച്ച എന്‍ഡിഎയുടെ അനില്‍ ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.


◾ മാവേലിക്കരയിലെ വാശിയേറിയ മത്സരത്തില്‍ ഒടുവില്‍ വിജയം യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷിനൊപ്പം. 9,323 വോട്ടിനാണ് എല്‍ഡിഎഫിന്റെ സി.എ.അരുണ്‍കുമാറിനെ സുരേഷ് തോല്‍പിച്ചത്. എന്‍ഡിഎയുടെ ബൈജു കലാശാലക്ക് 1,40,658 വോട്ട് കിട്ടി.


◾/ ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലെ എ.എം.ആരിഫില്‍ നിന്ന് തിരിച്ചു പിടിച്ച് യുഡിഎഫ്. 62650 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ ഈ മണ്ഡലം സ്വന്തമാക്കിയത്. എന്‍ഡിഎ യുടെ ശോഭ സുരേന്ദ്രന്‍ 2,95, 841 വോട്ടു നേടി കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയത്.


◾/ കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോമസ് ചാഴിക്കാടനെ വീഴ്ത്തി യുഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ്. 87,464 വോട്ടിനാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം. 1,63,605 വോട്ടു നേടിയ എന്‍ഡിഎ യുടെ തുഷാര്‍ വെള്ളാപ്പള്ളി മൂന്നാമതെത്തി.


◾/ ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ ജോയ്സ് ജോര്‍ജിനെ 1,33,727 വോട്ടിനെ തോല്‍പിച്ച യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന് വമ്പന്‍ വിജയം. മൂന്നാമതെത്തിയ സംഗീത വിശ്വനാഥന് 91,323 വോട്ടാണ് ലഭിച്ചത്.


◾/ എറണാകുളം മണ്ഡലത്തില്‍ 2,50,385 വോട്ടിന് എല്‍ഡിഎഫിന്റെ കെ.ജെ.ഷൈനെ തകര്‍ത്ത് യു.ഡി.എഫിന്റെ ഹൈബി ഈഡന്‍. 1,44,500 വോട്ടാണ് എന്‍ഡിഎയുടെ കെ.എസ്.രാധാകൃഷ്ണനെ ലഭിച്ചത്.


◾/ ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന്റെ ബെന്നി ബെഹനാന്‍ 63,769 വോട്ടിന് എല്‍ഡിഎഫിന്റെ സി.രവീന്ദ്രനാഥിനെ തോല്‍പിച്ചു. 1,06,245 വോട്ടു നേടി എന്‍ഡിഎ യുടെ കെ.എ.ഉണ്ണികൃഷ്ണന്‍ മൂന്നാമതെത്തി. ട്വന്റി20 യുടെ ചാര്‍ളി പോള്‍ 1,05,560 വോട്ടു നേടിയതാണ് ബെന്നി ബെഹനാന്റെ ലീഡ് കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍.


◾/ തൃശൂരെടുത്ത് സുരേഷ്ഗോപി. തൃശൂര്‍ മണ്ഡലത്തില്‍ 412338 വോട്ടു നേടിയ എന്‍ഡിഎയുടെ സുരേഷ്ഗോപിക്ക്  എല്‍ഡിഫിന്റെ വി.എസ്.സുനില്‍ കുമാറിനേക്കാള്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ കെ.മുരളീധരന് 3,28,124 വോട്ടാണ് ലഭിച്ചത്.


◾/ ആലത്തൂരിലെ കെ.രാധാകൃഷ്ണന്‍ കേരളത്തിലെ ഇടതുമുന്നണിയുടെ ഏക കനല്‍ത്തരി. യുഡിഎഫിന്റെ രമ്യാ ഹരിദാസിനെ 20,111 വോട്ടിനാണ് കെ.രാധാകൃഷ്ണന്‍ തോല്‍പിച്ചത്. 1,88,230 വോട്ടു നേടി എന്‍ഡിഎ യുടെ ടി.എന്‍.സരസു മൂന്നാമതെത്തി.


◾l/ യുഡിഎഫിന്റെ വി.കെ.ശ്രീകണ്ഠന് പാലക്കാട്ട് ഉജ്വല വിജയം. എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി എ.വിജയരാഘവനേയാണ് ശ്രീകണ്ഠന്‍ തോല്‍പിച്ചത്. 2,49,568 വോട്ടു നേടി എന്‍ഡിഎയുടെ സി.കൃഷ്ണകുമാര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.


◾/ പൊന്നാനിയില്‍ യുഡിഎഫിന്റെ എം.പി.അബ്ദുസമദ് സമദാനിക്ക് 2,35,090 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിന്റെ കെ.എസ് ഹംസയെയാണ് സമദാനി തോല്‍പിച്ചത്. എന്‍ഡിഎ യുടെ നിവേദിതക്ക് 1,24,295 വോട്ടു ലഭിച്ചു.


◾/ 3,00,118 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷമാണ് മലപ്പുറത്ത് യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീഷിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ വി.വസീഫ് രണ്ടാമതെത്തിയപ്പോള്‍ 85,361 വോട്ടു നേടിയ ഡോ.എം.അബ്ദുള്‍ സലാം മൂന്നാമതെത്തി.


◾/ കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എളമരം കരീമിനെ 145894 വോട്ടിന് യുഡിഎഫിന്റെ എം.കെ.രാഘവന്‍ തോല്‍പിച്ചു. മൂന്നാമതെത്തിയ എന്‍ഡിഎ യുടെ എം.രമേശിന് 1,78,713 വോട്ടാണ് ലഭിച്ചത്.


◾/ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി വയനാടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 3,64,422 വോട്ടിനാണ് എല്‍ഡിഎഫിന്റെ ആനിരാജയെ രാഹുല്‍ തോല്‍പിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന് 141045 വോട്ടാണ് ലഭിച്ചത്.


◾/ കേരളത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായ വടകരയില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായ കെ.കെ.ഷൈലജ ടീച്ചറെ ഷാഫി തോല്‍പിച്ചത് 1,14,940 വോട്ടിനാണ്. മൂന്നാമതെത്തിയ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ 1,09,724 വോട്ടു നേടി മൂന്നാമതെത്തി.


◾/ കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി.  ട്രെന്‍ഡ് എന്ന നിലയില്‍ 2019ലെ സമാന സാഹചര്യമാണ് കേരളത്തില്‍ കാണുന്നതെന്നും ശൈലജ ടീച്ചര്‍ പ്രതികരിച്ചു.


◾l/ കെ കെ ശൈലജ ടീച്ചര്‍ക്ക് സ്നേഹ കുറിപ്പുമായി കെ കെ രമ. ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്നാണ് യു ഡി എഫ് എം എല്‍ എ സ്നേഹത്തോടെ കുറിച്ചത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണ് വടകരയെന്നും അങ്ങനെയുള്ള വടകരയില്‍ നിന്ന് മടങ്ങുമ്പോള്‍ ചിരി മായാതെ വേണം ടീച്ചര്‍ മടങ്ങാനെന്നും രമ ചൂണ്ടികാട്ടി.


◾/ കെപിസിസി പ്രസിഡണ്ടും യുഡിഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന് കണ്ണൂര്‍ മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ എം.വി.ജയരാജനെ 1,08,411 വോട്ടിനാണ് സുധാകരന്‍ തോല്‍പിച്ചത്. എന്‍ഡിഎ യുടെ സി.രഖുനാഥ് 1,19,496 വോട്ടു നേടി മൂന്നാമതെത്തി.


◾/ കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണിയപ്പോള്‍ ഇടത് കോട്ടകളില്‍ വിള്ളല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരന്‍ ഭൂരിപക്ഷം നേടി.


◾/ കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഫിന്റെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എല്‍ഡിഎഫിന്റെ എം.വി.ബാലകൃഷ്ണനെ 93,869 വോട്ടിന് തോല്‍പിച്ചു.എന്‍ഡിഎ യുടെ എം.എല്‍.അശ്വനി 2,09,270 വോട്ടു നേടി.


◾/ രാജ്യത്തെ ഇന്ത്യാമുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായത് കേരളത്തിലേയും തമിഴ്നാട്ടിലേയും ഉത്തര്‍പ്രദേശിലേയും മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും മികച്ച പ്രകടനം. മഹാരാഷ്ട്രയിലെ 48ല്‍ 29 ഉം, തമിഴ്നാട്ടിലെ 39 ല്‍ 39 ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 43 ഉം രാജസ്ഥാനിലെ 25ല്‍ 10ഉം ഇന്ത്യാമുന്നണിക്കൊപ്പം നിന്നു. പശ്ചിമബംഗാളിലെ 42 ല്‍ 29 ഉം ടിഎംസി ക്കൊപ്പമാണ്. ബീഹാറിലെ 30 ല്‍ 9 ഉം ഹരിയാനയിലെ 10ല്‍ 5 ഉം ജാര്‍ഖണ്ഡിലെ  14 ല്‍ 5 ഉം കര്‍ണാടകയിലെ 28 ല്‍ 9 ഉം തെലുങ്കാനയിലെ 17ല്‍ 8ഉം ഇന്ത്യാ മുന്നണി നേടി.


◾/ ആന്ധ്രാപ്രദേശിലെ 25 ല്‍ 21 ഉം ആസാമിലെ 14ല്‍ 9 ഉം ബീഹാറിലെ 40 ല്‍ 30 ഉം ചത്തീസ്ഗഡിലെ 11ല്‍ 10 ഉം ഡല്‍ഹിയിലെ 7ല്‍ 7 ഉം ഗുജറാത്തിലെ 26 ല്‍ 25 ഉം കര്‍ണാടകയിലെ 28 ല്‍ 19 ഉം മധ്യപ്രദേശിലെ 29 ല്‍ 29 ഉം ഒഡീഷയിലെ 21 ല്‍ 19 ഉം രാജസ്ഥാനിലെ 25ല്‍ 14 ഉം തെലുങ്കാനയിലെ 17ല്‍ 8ഉം ഉത്തരാഖണ്ഡിലെ 5 ല്‍ 5ഉം ഉത്തര്‍പ്രദേശിലെ 80 ല്‍ 36 ഉം പശ്ചിമബംഗാളിലെ 42ല്‍ 12ഉം സീറ്റുകളാണ് എന്‍ഡിഎക്ക് 300 നടുത്ത എത്താന്‍ സഹായമായത്.


◾l/ ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടി വന്‍തിരിച്ചുവരവാണ് നടത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാന്‍ ചന്ദ്രബാബു നായിഡു തീരുമാനിച്ചു. ജൂണ്‍ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു. 175 സീറ്റുകളില്‍ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്.


◾/ ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റവുമായി ബിജെപി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലസൂചനകള്‍ അനുസരിച്ച് 147 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 72 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിജെഡി 59സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും സിപിഎം ഒരു സീറ്റിലും സ്വതന്ത്രര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.


◾l/ നോട്ടക്കുള്ള വോട്ടുകളില്‍ വന്‍കുറവ്.  ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാവുകയും എന്നാല്‍ സ്ഥാനാര്‍ത്ഥികളോടുള്ള അതൃപ്തി വ്യക്തമാക്കാനായി നോട്ടയ്ക്ക് വോട്ട് ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതാണ് വിവിധ മണ്ഡലങ്ങളിലെ വോട്ട് നിലകളിലെ ലീഡ് മാറ്റത്തോടൊപ്പം ശ്രദ്ധേയമാകുന്നത്.


◾/ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദി ഹിന്ദു, ദി സ്റ്റേറ്റ്മാന്‍, ഡെക്കാണ്‍ ഹെറാള്‍ഡ് , പേട്രിയറ്റ്, യുഎന്‍ഐ അടക്കമുളള മാധ്യമ സ്ഥാപനങ്ങളില്‍ ജോലിചെയ്ത അദ്ദേഹത്തിന് സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.


◾/ ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടക ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ തോല്‍വിയിലേക്ക്. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ മുന്നോട്ട് നീങ്ങുകയാണ്.


◾/ ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറിന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി. സൗദിക്കും ഇന്ത്യയ്ക്കുമിടയില്‍ ജൂണ്‍ എട്ട് മുതല്‍ സര്‍വീസ് ആരംഭിക്കുന്നതിനാണ് അനുമതി ലഭിച്ചത്.


◾/ ദക്ഷിണ കൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ അയയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയെന്ന് വിശദമാക്കി ഉത്തര കൊറിയ. ദക്ഷിണ കൊറിയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ നൂറ് കണക്കിന് മാലിന്യ ബലൂണുകള്‍ അയച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രതികരണം.


◾/ രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഓഹരി വിപണി. എന്‍എസ്ഇ  നിഫ്റ്റി  7.66% ഇടിഞ്ഞ് 21,481.80 ല്‍ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകര്‍ക്ക് നഷ്ടം വന്നതായാണ് റിപ്പോര്‍ട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.


◾/ സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറി. ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 53,500 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വര്‍ധിച്ചത്. 53,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6680 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് തിരിച്ചുകയറിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000ന് മുകളില്‍ നില്‍ക്കാന്‍ കാരണം. മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ഇന്നലെ മാറ്റമില്ലാതെ നിന്ന വെള്ളിവില ഇന്ന് ഒരു രൂപ വര്‍ധിച്ച് 98 രൂപയിലെത്തി. സോളാര്‍ പാനലുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് വെള്ളി ഉപയോഗം കൂടുന്നതാണ് വില വര്‍ധനയ്ക്ക് ഇടയാക്കുന്നത്.


◾/ 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. വാട്സ്ആപ്പ് പുറത്തുവിട്ട ഏപ്രില്‍ മാസത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021ലെ ഐടി ചട്ടം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത ഉറപ്പാക്കുന്നതിന്റേയും ഭാഗമായാണ് നടപടി. ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ 71,82,000 അക്കൗണ്ടുകളാണ് നിരോധിച്ചത്. ഇതില്‍ 13 ലക്ഷം അക്കൗണ്ടുകള്‍ ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തുവരുമെന്ന് മുന്‍കൂട്ടി കണ്ട് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. ഏപ്രില്‍ മാസത്തില്‍ അക്കൗണ്ട് സപ്പോര്‍ട്ട്, നിരോധന അപ്പീലുകള്‍, സുരക്ഷാ ആശങ്കകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ 10,554 റിപ്പോര്‍ട്ടുകളാണ് ഉപയോക്താക്കളില്‍ നിന്ന് വാട്സ്ആപ്പിന് ലഭിച്ചത്.


◾/ 'കറി ആന്റ് സയനൈഡ്' എന്ന ഡോകുമെന്ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഉള്ളൊഴുക്ക്'. പാര്‍വതി തിരുവോത്ത്, ഉര്‍വശി, പ്രശാന്ത് മുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ പറയുന്നത്. എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമിലുള്ള  ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം. 2018-ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ അതില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.


◾/ അമിത്ത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട്, മോക്ഷ, പുതുമുഖങ്ങളായ ആരതി നായര്‍, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. തിയറ്ററുകളില്‍ ഭയം വിതയ്ക്കുന്നതാകും സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.  കെ വി അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ് വര്‍മ്മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക്  യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. 4 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.. സത്യ പ്രകാശ്, ഹരി ശങ്കര്‍, കപില്‍ കപിലന്‍, സന മൊയ്തുട്ടി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടന്‍ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, ശിവ ദാമോദര്‍,വികാസ്, പൗളി വത്സന്‍, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.



Post a Comment

Previous Post Next Post