കുറിച്ചിയിൽ റെയിൽവെ അടിപ്പാതക്കായി കർമ്മസമിതി
ന്യൂമാഹി: റെയിൽ പാളം മുറിച്ച് കടക്കാൻ ഒരു അടിപ്പാതയോ ഒരു മേൽപാലമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത പുന്നോൽ കുറിച്ചിയിൽ പ്രദേശത്ത് റെയിൽവെ അടിപ്പാത യാഥാർഥ്യമാക്കാൻ ജനകീയ കൂട്ടായ്മ രംഗത്ത്. തലശ്ശേരിക്കും മാഹിക്കും ഇടയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക റെയിൽ റോഡിന് സമീപം റെയിൽ പാളം മുറിച്ചുകടക്കാൻ നാട്ടുകാർ നിർമ്മിച്ച കോവണികൾ ഈ അടുത്ത ദിവസമാണ് അധികൃതർ പൊളിച്ചുനീക്കിയത്. ഇതോടെ നാട്ടുകാർ യാത്ര ചെയ്യാനാവാതെ ദുരിതത്തിലായി. ദിവസേന നൂറു കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണ് തടസപ്പെട്ടത്.
ഇതോടെ റെയിൽ പാളത്തിനിരുവശത്തുമുള്ളവർ അര കിലോമീറ്ററിലേറെ ദൂരം നടന്ന് കുറിച്ചിയിൽ റെയിൽവെ ഗെയിറ്റ് വഴി പോകേണ്ട അവസ്ഥയിലായി.
ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ മാതൃക - പത്തലായി റോഡിൽ നിന്ന് റെയിൽ പാളം വരെ എത്തി നിൽക്കുന്ന റോഡിൻ്റെ തുടർച്ചയായി അടിപ്പാത നിർമ്മിക്കണമെന്നാണ് ആവശ്യം.
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ന്യൂമാഹി ഫാമിലി ഹെൽത്ത് സെൻ്ററിലേക്ക് പഞ്ചായത്തിൻ്റെ എല്ലാ ഭാഗത്തു നിന്നുമുള്ള രോഗികൾ എത്തിപ്പെടാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. പുന്നോൽ കുറിച്ചിയിലെ റെയിൽവെ ഗെയിറ്റ് കടന്ന് ഒരു കിലോമീറ്ററിലേറെ പൊട്ടിപ്പൊളിഞ്ഞ ഇടുങ്ങിയ റോഡ് വഴി യാത്ര ചെയ്ത് വേണം നിലവിൽ ആരോഗ്യ കേന്ദ്രത്തിലെത്താൻ. റെയിൽവെ പൊളിച്ചു നീക്കിയ വഴിയിൽ അതേ സ്ഥലത്ത് അടിപ്പാത നിർമ്മിച്ചാൽ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ പ്രയാസമില്ലാതെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരാൻ കഴിയും.
ശ്രീനാരായണ വിലാസം സ്കൂൾ, കുറിച്ചിയിൽ എൽ.പി.സ്കൂൾ, ചാലക്കര പോന്തയാട്ടെ പോളിടെക്നിക് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറ് കണക്കിനായ വിദ്യാർഥികൾക്കും ഒപ്പം നാട്ടുകാർക്കും അടിപ്പാത ഏറെ സൗകര്യപ്രദമാകും.
അടിപ്പാത യാഥാർഥ്യമാക്കുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ ഊർജിതമായി നടത്തുന്നതിനായി കഴിഞ്ഞ ദിവസം കുറിച്ചിയിൽ എൽ.പി. സ്കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ വെച്ച് കർമ്മസമിതി രൂപവത്കരിച്ചു. കുറിച്ചിയിൽ മാതൃക - പത്തലായി റോഡ് - റെയിൽവെ അടിപ്പാത നിർമ്മാണ കർമ്മസമിതി എന്ന പേരിലാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. നൂറോളം നാട്ടുകാർ പങ്കെടുത്ത യോഗത്തിൽ നിന്നും ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്ഥിരം സമിതി അധ്യക്ഷ എം.കെ. ലത ചെയർപേഴ്സൺ ആയും കെ.പി. പ്രമോദ് കൺവീനർ ആയും കെ.കെ.രാജീവൻ ട്രഷറർ ആയും 13 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചിട്ടുള്ളത്.
നാട്ടുകാരിൽ നിന്നും ഒപ്പ് ശേഖരണം നടത്തി പഞ്ചായത്ത് അധികൃതർ മുഖേന റെയിൽവെ അധികൃതർക്ക് ഭീമ ഹർജി സമർപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ തുടങ്ങി. ഒപ്പ് ശേഖരണം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിന ഉദ്ഘാടനം ചെയ്തു.

Post a Comment